2009, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ഹിരോഷിമാ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്


ആഗസ്റ്റ് 6, 1945 - 2009

ഹിരോഷിമയില്‍ അമേരിക്ക ആറ്റം ബോംബിട്ടതിന്റെ അറുപത്തിനാലാം വാര്‍ഷികം.
വെറും ഒരൊറ്റ നിമിഷം കൊണ്ട് നിരപരാധികളായ എത്ര മനുഷ്യാത്മക്കളെയാണ് അതിദാരുണമാം വിധം ഈ ഭൂമുഖത്തു നിന്നും അന്ന് തുടച്ചു നീക്കപ്പെട്ടത് എന്ന് ഭയപ്പാടോടെയല്ലാതെ ഒരാള്‍ക്കും ഓര്‍ക്കുക സാധ്യമല്ല. അവര്‍ക്കും കൂടി ജീവിക്കാന്‍ അവകാശപ്പെട്ടതായിരുന്നു ഈ ഭൂമി. അന്നു സംഭവിച്ച അണുപ്രസരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ജന്മവൈകല്യങ്ങളും രോഗങ്ങളുമായി ഇന്നും ഹിരോഷിമയിലെയും നാഗസാക്കിയിലെയും ജനതയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം.

അന്ന് അമേരിക്കയുടെ കൈവശം മാത്രമേ അണുബോംബുണ്ടായിരുന്നുള്ളു. ഇന്ന് പതിന്മടങ്ങ് മാരകശേഷിയുള്ള അണുവായുധ സഞ്ചയങ്ങളുടെ ഉടമകളാണ് ലോകത്തിലെ പല രാജ്യങ്ങളും എന്നതാണ് വസ്തുത. ആഗോള
ആണവ നിരായുധീകരണം എന്നത് ഇന്നും വളരെ സങ്കീര്‍ണ്ണമായ വിഷയമാണ്. ആണവ രഹസ്യങ്ങള്‍ കാശിനായും വിശ്വാസത്തിനായും ശാസ്ത്രജ്ഞരാല്‍പ്പോലും ചോര്‍ത്തിക്കൊടുക്കപ്പെടുന്ന ഈ കാലത്ത്, ആണവായുധങ്ങള്‍ അല് ‍ഖായദയുടേതടക്കം ആരുടെയൊക്കെ കൈകളിലേക്കെത്തിപ്പെടുകയില്ല എന്നാരു കണ്ടു. അങ്ങനെ സംഭവിച്ചാല്‍, ഒരു ഓര്‍മ്മ പോലും ബാക്കി വെക്കാനാകാതെ ശൂന്യമാക്കപ്പെട്ടേക്കാം ലോകം.

എങ്കിലും ശുഭാപ്തി വിശ്വാസമാണല്ലോ ജീവിതത്തെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത്. ആയുധങ്ങളെല്ലാം എന്നെന്നേയ്ക്കുമായി നമുക്കു കുഴിച്ചുമൂടാനാകും എന്നു തന്നെ ആശിക്കാം.

ഇനിയൊരു ഹിരോഷിമയോ നാഗസാക്കിയോ ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ.

2009, ജൂൺ 24, ബുധനാഴ്‌ച

ലാവ്‌ലിന്‍ - അഭയ പുതിയ വഴിത്തിരിവുകള്‍


1. ലാവ്‌ലിന്‍ കേസ്

ലാവ്‌ലിന്‍ കേസില്‍ മുന്‍ മന്ത്രി കാര്‍ത്തികേയനെതിരെ അന്വേഷണം വേണമെന്ന കോടതിയുടെ വിധി വന്നതോടെ അന്വേഷണം ശരിയായ ദിശയിലേക്കു നീങ്ങുന്നു എന്നു തന്നെ വേണം അനുമാനിക്കാന്‍. കരാര്‍ തുടങ്ങി വച്ച കാര്‍ത്തികേയനെ മാറ്റിനിറുത്തി പിണറായി വിജയനെ ബലിയാടാക്കുകയായിരുന്നു എന്ന വാദത്തിന് ഇതോടെ അടിത്തറയില്ലാതാകും.

ഇതായിരുന്നു ആദ്യം മുതല്‍ വേണ്ടിയിരുന്നത്. വൈകിയാണെങ്കിലും നടത്താന്‍ പോകുന്ന ഈ അന്വേഷണം സത്യത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്നതിന് സഹായകമാകും. ഒപ്പം “ഞങ്ങള്‍ക്കിതില്‍ പങ്കൊന്നുമില്ലേ“ എന്ന മട്ടില്‍ ഒന്നുമറിയാത്തവരെപ്പോലെ മാറി നിന്നു രാഷ്ട്രീയ മുതലെടുപ്പു നടത്തി വന്നിരുന്ന കോണ്‍ഗ്രസ്സിനിത് ഓര്‍ക്കാപ്പുറത്തു കിട്ടിയ അടിയുമാകും.

2. അഭയ കേസ്

അതേപോലെ തന്നെ അഭയ കേസിനെ സുപ്രധാന വഴിത്തിരിവിലെത്തിച്ച “നാര്‍ക്കോ അനാലിസിസ്” ടേപ്പുകളില്‍പ്പോലും കൃത്രിമം നടന്നു എന്നത് ഈ രാജ്യത്ത് പണവും സ്വാധീനവും ഉപയോഗിച്ച് പ്രതികളാക്കപ്പെട്ടവര്‍ക്ക് ഏതറ്റവും വരെ പോകാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. നിഗൂഢമായ ഈ കൃത്യവും വെളിച്ചത്തു കൊണ്ടു വരുവാനും അതിനു പിറകില്‍ മറഞ്ഞിരിക്കുന്ന മനുഷ്യാധമരെ കണ്ടു പിടിക്കുവാനും ഉത്തരവിട്ട കോടതിയുടെ പ്രവര്‍ത്തി ശ്ലാഘനീയം തന്നെ.

ഏറെത്താമസിയാതെ ഈ രണ്ടു കേസ്സുകളും തെളിയുമെന്നു തന്നെയുള്ള പ്രത്യാശക്ക് ഈ സംഭവങ്ങള്‍ വക നല്‍കുന്നു. എന്നിരുന്നാലും ഈ കേസ്സുകള്‍ വിജയിച്ചാല്‍ “ഐസ്ക്രീം പാര്‍ലര്‍ പീഢനം” പോലെ ശവപ്പെട്ടികളില്‍ ജീവനോടെ അടക്കം ചെയ്യപ്പെട്ട ഒരു പാടു കേസുകളുടെ പ്രേതങ്ങള്‍ പുറത്തേക്കിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഭരണ പ്രതിപക്ഷ വേദികളലങ്കരിച്ചു രസിക്കുന്ന കുറേയേറെ നേതാക്കളുടെ ചാണക്യ തന്ത്രങ്ങളെക്കൂടി കടന്നിട്ടു വേണം ഇവയ്ക്ക് ലക്ഷ്യത്തിലെത്താന്‍ എന്നത് ആശങ്കക്കിട നല്‍കുന്നുമുണ്ട്.

സത്യമേവ ജയതേ - എന്ന് മാത്രമേ സാധാരണക്കാരായ നമുക്ക് ഇപ്പോള്‍ പ്രാര്‍ത്ഥിക്കാനാകൂ.

കാര്‍ത്തികേയനെതിരെ അന്വേഷണം വേണം - കോടതി : മാതൃഭൂമിയില്‍ വന്ന വാര്‍ത്ത

അഭയ കേസ്: ഡോ.മലിനിക്ക് എതിരെ നടപടിക്ക് ഹര്‍ജി






2009, ജൂൺ 9, ചൊവ്വാഴ്ച

അഭയ - ലാവ്‌ലിന്‍ സമാനതകള്‍

കുറ്റകൃത്യങ്ങളിലും അഴിമതികളിലും ആരോപണ വിധേയരായവരെ സംരക്ഷിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ക്ക് കുറച്ചു നാളുകളായി നമ്മള്‍ സക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. അഭയക്കേസില്‍ നാമിതു കണ്ടു കഴിഞ്ഞു. ഒരു വശത്ത് സത്യം ജയിക്കണമെന്ന് ആഗ്രഹമുള്ളവരുടെ ചെറിയൊരു സംഘം. മറുവശത്താകട്ടെ പ്രതിചേര്‍ക്കപ്പെട്ടവരും അവരെ അമിതമായി പിന്താങ്ങുന്നവരുമടങ്ങിയ, തങ്ങളുടെ ഭാഗം മാത്രം ജയിക്കണമെന്ന പിടിവാശിയുള്ള, ബൃഹത്തായ ജനാവലി. ഇടക്കിടെ ചില ചീറ്റലുകളും പൊട്ടിത്തെറികളും നടത്തിക്കൊണ്ടിരിക്കുന്ന ആ കേസ് ഇപ്പോള്‍ നിശ്ശബ്ദമാണ്. എന്തെങ്കിലും കാര്യമായി നടക്കുന്നുണ്ടോ എന്ന് ഊഹിക്കാന്‍ പോലും പറ്റാത്ത തരത്തില്‍ മന്ദ ഗതിയിലാണ്. പ്രതികള്‍ക്കു ജാമ്യം കിട്ടിയതും, പതുക്കെപ്പതുക്കെ ജാമ്യവ്യവസ്തകള്‍ ഉദാരങ്ങളായതും പത്രമാധ്യമങ്ങളിലെ അപ്രധാന വാര്‍ത്തകളായിത്തീര്‍ന്നിരിക്കുന്നു.


സംഭവങ്ങളോട് വളരെയേറെ സമാനതകള്‍ പുലര്‍ത്തുന്ന ഒരു വിവാദമായി മാറിയിരിക്കുന്നു എസ്.എന്‍.സി. ലാവലിന്‍ അഴിമതിക്കേസിലെ പിണറായി വിജയന്റെ ഭൂമിക. ക്രിസ്തുമത പ്രചാരകരായ വൈദികരെ വിശ്വാസികള്‍ എങ്ങിനെ കാണുന്നു എന്നതു പോലെത്തന്നെയാണ് കമ്മ്യൂണിസ്റ്റ് ആശയ പ്രചാരകരായ നേതാ‍ക്കന്മാരെ അണികള്‍ കാണുന്നതും. അവരുടെ ജീവിതം സമൂഹത്തിനു മാതൃകയായിരിക്കണം, ഭീരുത്വമാര്‍ന്ന ഉള്‍വലിയലല്ല, ധീരതയോടെയുള്ള മുന്നേറ്റമായിരിക്കണം അവരുടെ പ്രവൃത്തികള്‍ എന്നൊക്കെ നാം ആത്മാര്‍ത്ഥമായി വിശ്വസിച്ചു‍. പക്ഷെ വിവാദങ്ങളെ ധീരതയോടെ നേരിടേണ്ടതിനു പകരം ആരോപിതനായ നേതാവ് അണിയറയിലേക്കു പിന്‍‌വലിയുന്നതും, പൊതുമേഖലയ്ക്കു വേണ്ടി നിരന്തരം വാദിക്കുന്ന നേതാക്കള്‍ അനുയായികളെ ഇളക്കി വിട്ട് പൊതുമുതല്‍ നശിപ്പിക്കുന്നതും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു തന്നെ അപമാനകരമായ കാഴ്ചയായി മാറിയിരിക്കുന്നു എന്നത് ഒരു ദു:ഖകരമായ സത്യം മാത്രം.

കുട്ടിക്കുരങ്ങന്മാരായ പാര്‍ട്ടി അണികളെ തെരുവിലേക്കിറക്കി വിട്ടും (ഇത് മുംബെയില്‍ ശിവസേനക്കാര്‍ നടത്തുന്ന ഗുണ്ടാ വിളയാട്ടങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു), തന്റെ അജ്ഞാനുവര്‍ത്തികളായ നേതാക്കന്മാരെ ജിഹ്വകളാക്കിയും, പാര്‍ട്ടിയിലെ ഭൂരിപക്ഷം കാട്ടി കേന്ദ്ര നേതൃത്വത്തെ വരുതിക്കു നിര്‍ത്തിയും നേതാവിന്റെ അശ്വമേധം അരങ്ങേറിക്കൊണ്ടിരിക്കുന്നു. പള്ളികള്‍ ചെയ്തതു പോലെ പാര്‍ട്ടി പത്രം ഇടയലേഖനങ്ങളിറക്കിക്കൊണ്ടിരിക്കുന്നു. ഒരു വശത്ത് അഴിമതിക്കെതിരേയുള്ള പോരാട്ടങ്ങളിലൂടെ ജനപ്രശംസ നേടാനായെങ്കിലും, മുഖ്യമന്ത്രിയായപ്പോള്‍ ബന്ധനസ്ഥനാകേണ്ടി വന്ന അച്ചുതാനന്ദനും ചുരുക്കം അനുയായികളുമടങ്ങുന്ന ചെറിയൊരു സംഘം. മറുവശത്ത്, മന്ത്രിമാരുടേയും, നേതാക്കളുടേയും, ബുദ്ധിജീവികളുടേയും, കോടീശ്വരന്മാരായ അഭ്യുദയകാംക്ഷികളുടേയും വലിയൊരു നിര.

കുരിശ്ശിലേറ്റപ്പെട്ടവന്‍ എന്ന പ്രതിഛായ നേതാവിനു വേണ്ടി മന:പൂര്‍വ്വം ഉണ്ടാക്കിയെടുക്കുവാന്‍ കിണഞ്ഞു ശ്രമിക്കുന്ന പരിചാരകവൃന്ദം. അനുയായികളില്‍ നിന്നു പരിചാരകര്‍ എന്ന നിലയിലേക്ക് തരം താണ സഖാക്കള്‍ക്ക് മറ്റെന്താണ് ചെയ്യാനാവുക? സത്യം എന്തായിരുന്നാലും, നേതാവിന്റെ ഇമേജ് നഷ്ടപ്പെടാതെയിരിക്കണം. SALUTE THE LEGEND .

ഭയക്കേസില്‍ സഭയുടെ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞ പാര്‍ട്ടി ഇപ്പോള്‍ അതേ നയങ്ങള്‍ തന്നെ നേതാവിനു വേണ്ടി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ തന്റേതായ ഒരു അജണ്ട നടപ്പിലാക്കാന്‍ നേതാവ് പാര്‍ട്ടി സംവിധാനത്തെ വിദഗ്‌ധമായി ദുരുപയോഗം ചെയ്യുന്നു. "രാഷ്ടീയമായും, നിയമപരമായുമുള്ള നേരിടല്‍” ഇപ്പോള്‍ മാന്യതയുടെ എല്ലാ സീമകളേയും ലംഘിച്ചു കൊണ്ടിരിക്കുന്നു. ഇതെല്ലാം ജനകീയ അടിത്തറയുണ്ടെന്നു പറയുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു വന്നു ഭവിച്ചു കൊണ്ടിരിക്കുന്ന ഗുരുതരമായ രോഗാവസ്ഥയുടെ ബാഹ്യലക്ഷണങ്ങളാണ്. ഈ അപചയം തിരിച്ചറിയാനോ, തിരുത്താനോ ഔദ്യോഗിക പക്ഷത്തിനു കഴിയുന്നില്ലെന്നു മാത്രമല്ല, തങ്ങളുടെ നിലപാടാണു ശരി എന്ന് സമര്‍ത്ഥിക്കുവാന്‍ ഏതറ്റം വരെ പോകാനും തങ്ങള്‍ തയ്യാറാണെന്ന് അവര്‍ അനുദിനം തെളിയിച്ചു കൊണ്ടുമിരിക്കുന്നു

രസ്പരം പോരാടിക്കൊണ്ടിരുന്ന മതസ്ഥാപനങ്ങളും, തൊഴിലാളി പ്രസ്ഥാനങ്ങളും പൊടുന്നനെ ഒരേ സ്വരത്തില്‍, ഒരേ രാഗത്തില്‍, ഒരേ താളത്തില്‍ പാടാന്‍ തുടങ്ങുന്ന ആസുരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നു എന്നത് തികച്ചും ഭീതിജനകമാണ്. ഈ അപചയം തിരിച്ചറിയാനോ, തിരുത്താനോ ഔദ്യോഗിക പക്ഷത്തിനു കഴിയുന്നില്ലെന്നു മാത്രമല്ല, തങ്ങളുടെ നിലപാടാണു ശരി എന്ന് സമര്‍ത്ഥിക്കുവാന്‍ ഏതറ്റം വരെ പോകാനും തങ്ങള്‍ തയ്യാറാണെന്ന് അവര്‍ അനുദിനം തെളിയിച്ചു കൊണ്ടുമിരിക്കുന്നു. അതുകൊണ്ടു തന്നെ മറുപക്ഷത്തിന്റെ എല്ലാ കുതന്ത്രങ്ങളും പാളുന്നതു കാണുമ്പോഴുള്ള അച്യുതാനന്ദന്റെ ചിരിക്ക് വളരെയേറെ മാനങ്ങളുണ്ട്. അഴീക്കോടിനെപ്പോലുള്ളവര്‍ക്ക് അത് വഞ്ചകന്റെ ചിരിയാകുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അപചയം സാംസ്കാരിക മേഖലയിലേക്കു കൂടി പടര്‍ന്നു പിടിച്ചിരിക്കുന്നു എന്നതിന്റെ പ്രകടമായ തെളിവാണ്. എന്തു ത്യാഗം സഹിച്ചും മുഖ്യനെ പുകച്ചു പുറത്തു ചാടിക്കണം എന്നതു മാത്രമാണ് ലക്ഷ്യം. മറ്റു മന്ത്രിമാരെയൊക്കെ രാജിവെപ്പിച്ചാണെങ്കില്‍പ്പോലും.

പാണ്ഡവരുടെ എണ്ണം എന്നത്തേയും പോലെ ശുഷ്കം, കൌരവരോ കളം നിറച്ചും. ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കയണ് സത്യത്തിനും നീതിക്കും വേണ്ടി പോരാടാനിറങ്ങിത്തിരിച്ചവര്‍. ഒരു പക്ഷേ അവരുടെ ഹൃദയമിടിപ്പുകളെ രണാശ്വങ്ങളുടെ കുളമ്പടികള്‍ ചവിട്ടിയമര്‍ത്തിയേക്കാം. അക്ഷൌഹിണികളുടെ പെരുങ്കാലുകള്‍ക്കു കീഴെ ഒരു കവിള്‍ രക്തമായി അവരുടെ ആത്മവീര്യം പുറത്തേക്കു വീണ് തണുത്തുപോയേക്കാം. അല്ലെങ്കില്‍ മറ്റൊരഭയ കേസ്സു പോലെ ഇഴഞ്ഞു നീങ്ങുന്ന അന്വേഷണമായി ഇതും മാറിയേക്കാം. അങ്ങിനെയൊന്നും സംഭവിക്കാതെയിരിക്കട്ടെ എന്ന് നമുക്കാശിക്കാം.

2009, ഏപ്രിൽ 26, ഞായറാഴ്‌ച

പുലികളിറങ്ങിയ പിലിഭിത്ത്


പിലിഭിത്തിലെ പുലി വരുണ്‍ ഗാന്ധി പരോളിലിറങ്ങി കറങ്ങി നടക്കുകയാണ്. ജയിലില്‍ കിടന്ന നേതാവ് എന്ന പദവി ചുളുവില്‍ അടിച്ചെടുക്കാനായി എന്നത് ഇളമുറക്കാരന്‍ ഗാന്ധിക്ക് ഒരു നേട്ടമായി കരുതാം.

പിലിഭിത്തില്‍ ആദ്യമിറങ്ങിയ പുലി ഒരു പെണ്‍ പുലിയായിരുന്നു. മോഡല്‍, പത്രപ്രവര്‍ത്തക, മൃഗസംരക്ഷക എന്നതിനേക്കാള്‍ ഇന്ദിരാ ഗാന്ധിയുടെ താന്തോന്നിയായ മകന്‍ സഞ്ജയ് ഗാന്ധിയുടെ വിധവ എന്ന പരിവേഷവുമുണ്ടായിരുന്നു അവര്‍ക്കപ്പോള്‍. പക്ഷെ അതിനേക്കാളേറെ മൈലേജ് അവര്‍ക്കു നേടിക്കൊടുത്തത് പ്രധാനമന്ത്രിയായ അമ്മായിയമ്മയാല്‍ പുറത്താക്കി പടിയടക്കപ്പെട്ട മരുമകള്‍ എന്ന സഹതാപത്തിന്റെ കുപ്രസിദ്ധിയായിരുന്നു. സുവര്‍ണ്ണക്ഷേത്രത്തിലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനു ശേഷം, സിക്കുകാരുടെ കൈ കൊണ്ട് ഇന്ദിര ഗാന്ധി കൊല്ലപ്പെടുകയും സിക്കുകാരൊന്നടങ്കം കോണ്‍ഗ്രസ്സ് അനുയായികളുടെ പീഢനങ്ങള്‍ക്കിരയാവുകയും ചെയ്തപ്പോള്‍, സിക്കുകാരിയായ മനേകയ്ക്ക്, സിക്കു മതക്കാര്‍ക്ക് വളരെയധികം സ്വാധീനമുള്ള പിലിഭിത്ത് ശരിക്കും ഒരു രാഷ്ട്രീയ സംരക്ഷണ മേഖല തന്നെയാവുകയായിരുന്നു. അങ്ങിനെയാണല്ലൊ അഞ്ചു വട്ടം മനേകയ്ക്ക് പിലിഭിത്തില്‍ നിന്നും വിജയശ്രീലാളിതയായി പാര്‍ലിമെന്റിലെത്താനായത്.

ഒരേയൊരു മകന്‍ വളര്‍ന്നു വലുതായപ്പോള്‍, തന്നെ പുറത്താക്കിയ ഭര്‍ത്തൃഗൃഹത്തോട് പ്രതികാരം വീട്ടുക എന്ന കടമ മനേകയ്ക്ക് ഉണ്ടാവുക സ്വാഭാവികം. അതു കൊണ്ടു തന്നെയാണ് ഇറ്റാലിക്കാരിയും ക്രിസ്ത്യാനിയുമായ ചേട്ടത്തിയുടെ മക്കളെപ്പോലെ സ്വന്തം മകനേയും ഒരു രാഷ്ട്രീയ പുലിയാക്കി മാറ്റുവാന്‍ കാത്തു സൂക്ഷിച്ചു വച്ചതും ഒടുവില്‍ മകനു മത്സരിക്കാന്‍ വേണ്ടി അവര്‍ ഇതു വരെ തന്നെ സംരക്ഷിച്ച പിലിഭിത്ത് ഒഴിഞ്ഞു കൊടുത്തതും.(ഇവരുടെ കുടുംബവഴക്കുകളിലൂടെയാവുമോ വരും നാളുകളില്‍ ഇന്ത്യയുടെ ഭാവി ഉരുത്തിരിയാനിരിക്കുന്നത് !) വരുണ്‍ ഗാന്ധി മൂലം
പിലിഭിത്തിനും, പിലിഭിത്തു മൂലം വരുണ്‍ ഗാന്ധിക്കും വാര്‍ത്തകളില്‍ മൈലേജു കിട്ടി. വരുണിന്റെ വരവോടെയായാണല്ലോ ഇതിനു മുമ്പെങ്ങുമില്ലാത്ത വിധം പിലിഭിത്തിനോടൊരു ‘മൊഹബത്ത് ‘ രാഷ്ട്രീയക്കാര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും തോന്നിത്തുടങ്ങിയത്. അതിനു കാരണക്കാരനെന്ന നിലയിലെങ്കിലും വരുണ്‍ ഗാന്ധിക്കൊരു പുലിപ്പട്ടം കൊടുക്കാം. ഒരു എലി പോലുമായിരുന്നില്ലെങ്കിലും പിലിഭിത്തിലെത്തിയാല്‍ ആള്‍ പുലിയായി മാറുമെന്ന് തെളിയിക്കാന്‍ വരുണ്‍ ഗാന്ധിക്ക് വര്‍ഗ്ഗീയത കലര്‍ത്തിയ ഒരു പ്രസംഗത്തിന്റെ സമയമേ ആവശ്യമായി വന്നുള്ളു.

എത്രയോ പേര്‍ ഇതിനു മുമ്പും വര്‍ഗ്ഗീയത കലര്‍ന്ന പ്രസംഗങ്ങള്‍ നടത്തിയിട്ട് വലുതായൊന്നും ആരും ഗൌനിക്കാതെ പോയപ്പോള്‍ ഇത്രയധികം മാധ്യമ ശ്രദ്ധ നേടാനായത് വരുണന് ‘ഗാന്ധി’ എന്നൊരു പുലിവാല്‍ മുതുകിനു പിറകില്‍ ഉണ്ടായിരുന്നതിനാലാകാം. ഗാന്ധി എന്നു കേട്ടാല്‍ മഹാത്മാ ഗാന്ധിയെന്നും അഹിംസയെന്നും, ഹിന്ദു-മുസ്ലിം ഭായി ഭായിയെന്നുമൊക്കെയാണ് ഇന്ത്യന്‍ ചരിത്രമറിയാവുന്ന ആരുടേയും മനസ്സില്‍ ആദ്യമായി കടന്നു വരിക. അതിനു ശേഷം മാത്രമേ പരാന്ന (parasite) ഗാന്ധിമാരായ നെഹ്രു കുടുംബപരമ്പരയിലെ പുലികള്‍ക്ക് സ്ഥാനമുള്ളു. നെഹ്രു-ഗാന്ധിയന്മാ‍രുടെ ഈ ഇത്തിള്‍ക്കണ്ണി പാരമ്പര്യമാണ് അവര്‍ക്ക് ജനങ്ങള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ഒരു സര്‍വ്വസമ്മതത്വം നേടിക്കൊടുക്കുന്നത്. അഹിംസയെപ്പറ്റി പറയേണ്ട ഗാന്ധി ഹിന്ദുക്കള്‍ക്കെതിരേ നീളുന്ന കൈകള്‍ വെട്ടുകയെന്ന ഹിംസയെപ്പറ്റി പറയുകയോ? എന്തായാലും വരുണ്‍ ഒരു പുലി തന്നെയെന്ന് മന:പൂര്‍വ്വമായും അല്ലാതെയും ആളുകള്‍ പറയാന്‍
തുടങ്ങി.


പയ്യനെ ന്യായീകരിക്കാന്‍ ബാല്‍ ഠാക്കറെയെപ്പോലുള്ള പല്ലും വാലും പോയ പുലിവൃദ്ധര്‍ കൂടി രംഗത്തു വന്നപ്പോള്‍ നിധി കിട്ടിയ അവസ്ഥയിലായി വരുണ്‍. മുസ്ലീങ്ങളെല്ലാം പാകിസ്ഥാനിലേക്കു പോയതിനു ശേഷം ഹിന്ദുക്കള്‍ മാത്രം വാഴുന്ന ഒരു ഇന്ത്യയെ എന്നും സ്വപ്നം കാണാറുള്ള ഠാക്കറെയ്ക്ക് വരുണിന്റെ പുലി വേഷം നന്നെ പിടിച്ചു. ഠാക്കറേ അനുകൂലികള്‍ കൂടി ഇന്നു പറയാന്‍ മടിക്കുന്ന ഇക്കാര്യം ആരെങ്കിലുമൊരാള്‍ തുറന്നു പറഞ്ഞതില്‍ ഠാക്കറെക്കുണ്ടായ ആനന്ദം പറഞ്ഞറിയിക്കാനാവാത്തതായതില്‍ അത്ഭുതമില്ല. കൂടാതെ ഹിന്ദുക്കള്‍ക്കെതിരെ ഉയര്‍ത്തുന്ന കൈകളൊക്കെയും വെട്ടണം എന്നു കൂടി പയ്യന്‍ ആക്രോശിച്ചപ്പോള്‍ ഠാക്കറെക്ക് തന്റെ നാവിനെ അടക്കിപ്പിടിക്കാനായില്ല.

വരുണിന്റെ പുലിപ്പല്ലുകള്‍ കണ്ട് ആദ്യം അമ്പരന്നു പോയെങ്കിലും, ബീ.ജെ.പി. യിലെ തലമുതിര്‍ന്ന പുലികളെല്ലാം പതുക്കെ ചുവടുറപ്പിച്ച്, താളം ചവിട്ടി പുലിക്കളിയില്‍ പങ്കു ചേര്‍ന്നു. വരുണിനെ എടുത്ത് വാനോളം ഉയര്‍ത്തി. തുടക്കത്തിലേ വരുണിനെ തള്ളിപ്പറഞ്ഞ ചെറു പുലികളുടെ അമറലെല്ലാം മെല്ലെ അടങ്ങി. വരുണിന്റെ പ്രസംഗം വിവാദമായത് തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനുള്ള തന്ത്രങ്ങളില്‍ ഒരു പരിധി വരെ അവര്‍ വിജയിച്ചുവെന്നു വേണം കരുതാന്‍‍. അതിനായി വരുണ്‍ അറസ്റ്റു വരിച്ചതു പോലും അവര്‍ക്ക് അതിരറ്റ സന്തോഷം നല്‍കി. മേമ്പോടിയായിട്ടാണെങ്കിലും ജയിലില്‍ കിടന്ന മറ്റൊരു ഗാന്ധിയെ (പുലിയെ) പ്രതിപക്ഷത്തിനും കിട്ടിയല്ലോ.

അങ്ങിനെ ഈ ബഹളമെല്ലാം തകൃതിയായി നടന്നപ്പോള്‍ മരങ്ങള്‍ക്കു മറവില്‍ ഇലയനങ്ങാതെ ഒരു കാലൊച്ച പോലും കേള്‍പ്പിക്കാതെ വേറൊരാള്‍ പതുങ്ങി നിന്നിരുന്നത് നാമേവരും കണ്ടു. ബഹന്‍‌ജി എന്ന മായാവതി. ജയിലില്‍ കയറി തിരിച്ചുവരാന്‍ കാത്തു നിന്ന വരുണിനെ അപ്രതീക്ഷിതമായൊരു നീക്കത്തിലൂടെ ജ്യാമ്യത്തിലിറങ്ങാനാവാത്ത വിധം ജയിലിലടക്കാനായി അവര്‍ക്ക്. ഇപ്പോള്‍ വളരെയേറെ ഉപാധികളോടെ പരോളിലിറങ്ങും വരെ 20 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു പയ്യന്‍സിന്. ബഹന്‍‌ജി “ടാഡ”യിലൂടെ വരുണനു നല്‍കിയ താഢനം കണ്ട് കേന്ദ്രത്തിലെ കോണ്‍ഗ്രസ്സുപുലികള്‍ ആസ്വദിക്കുകയാണ്. തങ്ങള്‍ക്കിതിലൊന്നും കാര്യമില്ല എന്നു പറഞ്ഞ് അവര്‍ അങ്കം കാണാനും താളിയൊടിക്കുവാനുമായി കാത്തിരിക്കുകയാണ്. ബഹന്‍‌ജി കളിക്കട്ടെ. നിശ്ശബ്ദമായൊരു വാലിളക്കത്തിലൂടെ പിലിഭിത്തിലിറങ്ങിയ എല്ലാ പുലികളേക്കാളും വലിയ പുലി താന്‍ തന്നെയാണെന്ന് ‘ബഹന്‍‌ജി ‘ എന്നറിയപ്പെടുന്ന മായാവതി ഇതോടെ തെളിയിച്ചിരിക്കയാണല്ലോ.

വാല്‍ക്കഷ്ണം:
പിലിഭിത്തിനെപ്പറ്റി പലതുമറിഞ്ഞ കൂട്ടത്തില്‍, ഉത്തര്‍പ്രദേശിന്റെ വടക്കേ അറ്റത്ത്, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള ഈ ജില്ല ഒരു പുലി സംരക്ഷണ മേഖല കൂടിയാണ് എന്ന് അധികമാര്‍ക്കെങ്കിലും അറിയാമോ എന്ന് ചെറിയൊരു സന്ദേഹം ഇല്ലാതില്ല. പിലിഭിത്തിലെ നിബിഡ വനങ്ങളില്‍ വംശനാശം സംഭവിക്കാതിരിക്കാന്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ പുലികള്‍ സ്വൈരവിഹാരം നടത്തുന്നു. പുലികളുടെ നില മെച്ചപ്പെട്ടുവെങ്കിലും ജനങ്ങളുടെ നില ഇപ്പോഴും പരിതാപകരമാണ്. ഇന്ത്യയിലെ പിന്നോക്ക ജില്ലകളിലൊന്നായി പിലിഭിത്ത് ഇന്നും തുടരുന്നു.


(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്.)

2009, മാർച്ച് 24, ചൊവ്വാഴ്ച

പോപ്പിന്റെ കോണ്ടം തിയറി


"ഗര്‍ഭച്ഛിദ്രം അനുവതിക്കരുത് അതൊരു കുറ്റകൃത്യമാണ്. ജനിക്കാനും ജീവിക്കാനുമുള്ള അവകാശം കുട്ടികള്‍ക്കുണ്ട് " എന്നെല്ലാം മാറി മാറി വരുന്ന മാര്‍പ്പാപ്പാ തിരുമേനിമാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിമ്പോള്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന കുറേപേര്‍ക്കെങ്കിലും ചെറുതായൊരു മാനസാന്തരം വന്നു കാണും. പക്ഷെ ഇപ്പോഴത്തെ മാര്‍പ്പാപ്പ പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍ ഈയിടെ നടത്തിയ തന്റെ ആഫ്രിക്കന്‍ പര്യടനത്തിനിടയില്‍ “ഗര്‍ഭനിരോധന ഉറകള്‍ എയ്‌ഡ്‌സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുകയല്ല വഷളാക്കുകയാണ് “ എന്ന് ജനങ്ങളോടു പറയുമ്പോള്‍ അതിനു തലയാട്ടുവാന്‍ പോപ്പിന്റെ മുന്നില്‍ മുട്ടു കുത്തി എരിഞ്ഞു തീരുന്ന മെഴുകു തിരികള്‍ക്കു പോലും കഴിയുമെന്ന് തോന്നുന്നില്ല.

എയ്‌ഡ്‌സ് ഏറ്റവുമധികം ഗ്രസിച്ചിരിക്കുന്ന രാജ്യമാണ് ആഫ്രിക്ക. ഉദ്ദേശം 22 ദശലക്ഷം എച്ച്. ഐ.വീ. ബാധിതരുണ്ട് ആഫ്രിക്കയില്‍ എന്നാണ് കണക്കുകള്‍.
http://www.avert.org/worldstats.htm ലോകത്തിലെ മൊത്തം എയ്‌ഡ്‌സ് രോഗികളുടെ മുക്കാല്‍ ഭാഗവും ആഫ്രിക്കയിലാണെന്ന് പഠനങ്ങള്‍ പറയുന്നു. അതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. ക്യാന്‍സറിനെന്നതു പോലെ എയ്‌ഡ്‌സിനും മരുന്നു കണ്ടു പിടിക്കുവാന്‍ ഇതു വരെ ലോകത്തിനായിട്ടില്ല.പ്രാര്‍ത്ഥനകള്‍ കൊണ്ട് എയ്‌ഡ്‌സ് ഇല്ലാതാക്കാന്‍ ഒരു പുരോഹിതനും കഴിഞ്ഞിട്ടുമില്ല.

പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പിഴയായി നല്‍കാന്‍ വര്‍ഷം തോറും കൂടുതല്‍ തുകകള്‍ നീക്കി വയ്ക്കുന്ന സഭകള്‍ ഏതെങ്കിലും മാറാവ്യാധികള്‍ക്കു മരുന്നു കണ്ടു പിടിക്കാനുള്ള റിസര്‍ച്ചിനായോ ശാസ്ത്രജ്ഞന്മാരെ പ്രോത്സാഹിപ്പിക്കാനായോ കാശു മാറ്റി വയ്ക്കുന്നതായി കേട്ടിട്ടില്ല. (ഇതല്ലല്ലോ സഭയുടെ ജോലി എന്നവര്‍ പറയുമായിരിക്കും)

അപ്പോള്‍ മനുഷ്യന്റെ മുന്നില്‍ ആകെയുള്ളത് രോഗത്തിനെതിരെ കൈക്കൊള്ളാനാവുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങളാണ്. ക്യാന്‍സറിനെ അപേക്ഷിച്ച് എയ്‌ഡ്‌സിന്റെ കാര്യത്തില്‍ നമുക്ക് ഒരു പിടി അധിക സാധ്യതകളുണ്ട്. അതില്‍ പ്രധാനം ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗം വ്യാപകമാക്കുക എന്നതാണ്. രതിജന്യരോഗങ്ങള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്കു പടരുന്നത് തടയുവാന്‍ ഉറകള്‍ വളരെ ഫലപ്രദമായാണു കണ്ടു വരുന്നത്.

ഒരുറയെങ്കിലും എപ്പോഴും പോക്കറ്റില്‍ കരുതിയിരിക്കണമെന്ന് പാശ്ചാത്യര്‍ പറയുമ്പോള്‍ ലോകത്തുള്ള നല്ലൊരു വിഭാഗം ജനങ്ങളുടെ ലൈംഗിക അഭിരുചികളുടെ വൈവിധ്യത്തെയോര്‍ത്ത് ഏക പത്നീവ്രതക്കാരായ നാം അമ്പരക്കുന്നുണ്ടാവാം. ലൈംഗിക വേഴ്ചകളിലൂടെയോ (ഇത് അവിഹിതമാകണമെന്നില്ല്ല) , രക്ത സ്വീകരണത്തിലൂടെയോ അല്ലാതെ ഈ അസുഖം പകരാനുള്ള സാധ്യതകള്‍ തുലോം വിരളമാണെന്നിരിക്കേ, സുരക്ഷിതമായ രതി എന്നതിന്റെ പ്രാധാന്യം വളരെ വളരെ ഏറുന്നുണ്ട്. ലോകത്താകമാനമുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ഈ ഒരു മാര്‍ഗ്ഗത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് നടന്നു വരുന്നത്.


കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയായിരിക്കെ, ലോകത്തിലെ വലിയൊരു മതത്തിന്റെ ചുക്കാന്‍ പിടിക്കുന്നയാള്‍, ദൈവത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ആള്‍ എന്നെല്ലാം വാഴ്ത്തപ്പെടുന്ന പോപ്പിന്റെ നിരുത്തരവാദപരമായ ഈ അഭിപ്രായ പ്രകടനം മറ്റൊരു മാരകമായ രോഗാ‍ണു പോലെയാണ് ലോക ജനതയുടെ മസ്തിഷ്കത്തിലേക്കു പാഞ്ഞു കയറിയത്. “എന്തു കോപ്പാണ് ഈ പോപ്പ് പറയുന്നത്” എന്ന് സാധാരണക്കാരന്‍ ഒരു നിമിഷം ചിന്തിച്ചു പോയെങ്കില്‍ അതു സ്വാഭാവികം.


“സ്വയം നിയന്ത്രണം“ എന്ന ഉദ്ധാരണശേഷി നഷ്ടപ്പെട്ട പല്ലവി ഉപയോഗിച്ച് സഭകള്‍ പണ്ടു മുതല്‍ക്കേ പൊതു ജനങ്ങളെ ബോധവല്‍ക്കൃതരാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപ്പാടെ പാളിപ്പോകുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ലോകം മുഴുവന്‍. എത്ര ളോഹകള്‍ കൊണ്ടു മറച്ചാലും, പ്രലോഭനങ്ങള്‍ക്കു നേരെ എത്ര വലിയ കുരിശുകള്‍ കാട്ടി തടുത്താലും പുരോഹിത വര്‍ഗ്ഗങ്ങള്‍ക്കു പോലും പിടിച്ചു നില്‍ക്കാന്‍ പറ്റാതെ വരുന്ന ഈ കാലത്ത് ഈ സ്വയം നിയന്ത്രണമെന്നത് സാധാരണ മനുഷ്യര്‍ക്ക് പറ്റിയ പണിയാകുന്നതെങ്ങിനെ? നീതി തേടിയലയുന്ന അഭയമാരുടെ
പ്രേതങ്ങള്‍ ഇപ്പോഴും അരമനകളുടെ അടിത്തൂണുകളിളക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു.

“ഇരുണ്ട ഭൂഖണ്ഡം“ - ആഫ്രിക്ക എന്നു പറയുമ്പോള്‍ അതാണിപ്പോഴും നമ്മുടെ മനസ്സിലേക്കോടിയെത്തുന്നത്. കറുത്ത വര്‍ഗ്ഗക്കാര്‍ എന്ന് ലോകം നിന്ദാസൂചകമായി വിളിക്കുന്ന നിസ്സഹായരായ മനുഷ്യരുടെ നാട്. അടിമകളുടെ നാട്. ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന ദരിദ്രരുടെ നാട്. പട്ടിണിയും അസമത്വങ്ങളും രോഗങ്ങളും താണ്ഡവമാടുന്ന നാട്. രാഷ്ട്രീയമായ അനിശ്ചിതത്വങ്ങളാല്‍ അനുദിനം പൊട്ടിത്തെറിച്ചു കൊണ്ടിരിക്കുന്ന നാട്. ദരിദ്രനായ മനുഷ്യന് ഒരു മുഖം സങ്കല്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സിലേക്കോടിയെത്തുന്നത്, ആഫ്രിക്കക്കാരന്റെ ദൈന്യം നിറഞ്ഞ മുഖമായിരിക്കും. യൂനിസെഫിന്റെ പരസ്യങ്ങളില്‍ കാണുന്ന ദരിദ്രരായ കുട്ടികള്‍, തങ്ങളുടെ കറുത്ത മുഖത്തു തുറിച്ചു നില്‍ക്കുന്ന വെളുത്ത മിഴികളിലൂടെ ചോദിക്കുന്നത് മറ്റൊന്നല്ല - ആര്‍ വീ ദ ചില്‍ഡ്രന്‍ ഓഫ് എ ലെസ്സര്‍ ഗോഡ്? അധസ്ഥിതനായ ഒരു ദൈവത്തിന്റെ മക്കളാണോ ഞങ്ങള്‍? അവര്‍ക്കുള്ള ഉത്തരമാണൊ ഈ ഉദ്ഘോഷണങ്ങളിലൂടെ പുറത്തു വരുന്നത് ?.

എന്തു വില കൊടുത്തും സ്വന്തം അനുയായികളുടെ നിര വലുതാക്കുക എന്ന മിഷണറിയുടെ സ്വാര്‍ത്ഥത മാത്രമാണ് ഗര്‍ഭഛിദ്രത്തിനെതിരായും ഇപ്പോള്‍ കോണ്ടത്തിനെതിരായും അബദ്ധങ്ങള്‍ പറയുവാന്‍ പോപ്പിനെ പ്രേരിപ്പിക്കുന്നത്. ഇതു കേട്ട് പിശാചിനെയെന്ന പോലെ കോണ്ടത്തെ വലിച്ചു ദൂരെയെറിയുന്ന ഭക്തര്‍‍, രോഗബാധിതരായ ഒരു തലമുറയെയായിരിക്കില്ലേ പോപ്പിന്റെ അനുയായികളാകാന്‍ പടച്ചു വിടുന്നത് എന്ന കാര്യം പോപ്പിനറിയുമോ? സാധാരണക്കാരന്‍ ഏതു സാഹചര്യത്തിന്റെ നീരാളിക്കൈകളിലായാലും കോപ്പുലേഷനിലൂടെ (copulation) പോപ്പുലേഷന്‍ (population) വര്‍ദ്ധന എന്ന ലക്ഷ്യം മാത്രമേ അവനുണ്ടാകാന്‍ പാടുള്ളു എന്നതാണോ പോപ്പിന്റെ മനുഷ്യ നന്മക്കായുള്ള അജണ്ട.

പോപ്പിനെന്തിനാ കോണ്ടം എന്നു നമുക്കു മനസ്സിലാക്കാം, പക്ഷെ ഒരു മരുന്നിനും ഇതു വരെ വഴങ്ങാ‍ത്ത മഹാമാരിയ്ക്കു മുന്നില്‍ നിസ്സഹായരായി പകച്ചു നില്‍ക്കുന്ന ഭൂരിപക്ഷം വരുന്ന സാദാ ജനത്തിന് സ്വന്തം കാശു കൊടുത്താല്‍ ലഭിക്കുന്ന ചെറിയൊരു പ്രതിരോധ കവചം പോലും നിഷേധിക്കുന്നതിലൂടെ എന്തു സല്‍ക്കര്‍മ്മമാണ് പോപ്പ് ചെയ്യുന്നത്?

അവലംബം:

Kevin Osborne, HIV adviser at the International Planned
Parenthood Federation, said: “All the evidence is that
preaching sexual abstinence and fidelity will not solve the
problems. We need to work with the reality of where
people are, especially in countries he is visiting such as
Angola, which is hard-hit by the epidemic.
“The Pope’s message will alienate everybody. It is scary.
It spreads stigma and creates a fertile breeding ground for
the spread of HIV.”

http://www.timesonline.co.uk/tol/comment/faith/article5927964.ece
ചിത്രങ്ങള്‍ക്ക് ഇന്റെര്‍നെറ്റിനോട് കടപ്പാട്

2009, മാർച്ച് 17, ചൊവ്വാഴ്ച

ചാപ്ലിന്‍ എന്ന ക്രിസ്ത്യാനി


ഇന്നലെ വരെ ഞാനും എന്റെ സുഹൃത്തുക്കളും ചാപ്‌ളിന്‍ സിനിമകള്‍ കണ്ട് കുടു കുടാ ചിരിച്ചിരുന്നു. എനിക്കൊപ്പം എന്റെ കുടുംബാംഗങ്ങളും ചാപ്‌ളിന്റെ വേഷങ്ങള്‍ കണ്ട് ചിരിച്ചു മണ്ണു കപ്പി.

‘സിറ്റിലൈറ്റ് ‘ കണ്ടപ്പോള്‍ അറിയാതെ കണ്ണു തുടച്ചു. ‘മോഡേണ്‍ ടൈംസ് ’ മനുഷ്യനു മേല്‍ ആധിപത്യം സ്ഥാപിക്കുന്ന യന്ത്രങ്ങളുടേയും, അധികാരത്തിന്റെയും കഥ പറഞ്ഞപ്പോള്‍ ഞങ്ങളുടെ മുഖങ്ങളും നിസ്സഹായാവസ്ഥകളും ഞങ്ങളതില്‍ ദര്‍ശിച്ചു.

റിയാലിറ്റി ഷോകളില്‍ നിന്നും, സീരിയലുകളില്‍ നിന്നും, ഓക്കാനം വരുത്തുന്ന മിമിക്സ് ഷോകളില്‍ നിന്നും ശ്രദ്ധയകറ്റാനും നിലവാരമുള്ള ഹാസ്യം എന്തെന്നു മനസ്സിലാക്കുവാന്‍ പ്രാപ്തരാക്കുന്നതിനുമായി കുട്ടികളെ ചാപ്ലിന്റെ സിനിമകള്‍ കാണിച്ചു. അവര്‍ക്കും ഇഷ്ടമായി ചാപ്ലിനെ.

‘ഗ്രേറ്റ് ഡിക്റ്റേറ്റര്‍‘ എന്ന ചിത്രത്തിന്റെ അവസാനം വരുന്ന ഡയലോഗ് കേട്ടപ്പോള്‍ ഞങ്ങളുടെ ഉള്ളിലെ മനുഷ്യ സ്നേഹികള്‍ ഉണര്‍ന്നു. ഇതു തന്നെയാണല്ലോ ഞങ്ങളും ഉദ്ദേശിച്ചിരുന്നത് എന്ന് തിരിച്ചറിഞ്ഞു. ആ സിനിമയിലെ ഡയലോഗില്‍ നിന്നും ഒരു ഭാഗം ഇങ്ങിനെ -

Soldiers! Don't give yourselves to brutes - men who despise you and enslave you - who regiment your lives - tell you what to do - what to think and what to feel! Who drill you - diet you - treat you like cattle, use you as cannon fodder. Don't give yourselves to these unnatural men - machine men with machine minds and machine hearts!

You are not machines! You are not cattle! You are men! You have the love of humanity in your hearts. You don't hate, only the unloved hate - the unloved and the unnatural!

ചുരുക്കത്തില്‍ ചാപ്ലിന്‍ ഞങ്ങള്‍ സ്നേഹിക്കുന്ന, ആരാധിക്കുന്ന വളരെ വലിയൊരാളായിരുന്നു ഇന്നലെ വരെ. ഇന്നലെയോടെ എല്ലാം തകിടം മറിഞ്ഞു. ഇന്നലെയാണ് ആ വലിയ സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞത്, ഞങ്ങളുടെ ചാപ്ലിന്‍ ഇന്ത്യാക്കാ‍രനല്ല. ജനിച്ചു വളര്‍ന്ന ഇംഗ്ലണ്ടിലെ പള്ളിയില്‍ വച്ച് മാമ്മൊദീസ മുങ്ങിയവനാണ്. അങ്ങിനെ ക്രിസ്ത്യാനിയായ ചാപ്ലിനാണ് മരിച്ചു കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം 57 അടി ഉയരമുള്ള ഒരു പ്രതിമയായി ഞങ്ങളുടെ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്താന്‍ വേണ്ടി ഉടുപ്പിയിലെ ബെയിന്ദൂര്‍ ബീച്ചില്‍ സോമശേഖര ക്ഷേത്രത്തിനടുത്തായി ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പോകുന്നത്. ഇത്ര വലിയ പ്രതിമ നിര്‍മ്മിക്കുക വഴി ഗിന്നസ് ബുക്കില്‍ കയറുക, സിനിമയുടെ ആവശ്യം കഴിഞ്ഞാല്‍ ചാപ്ലിന്‍ പ്രതിമ വിനോദ സഞ്ചാരികള്‍ക്കായി അതേ സ്ഥലത്തു തന്നെ നിലനിര്‍ത്തുക തുടങ്ങിയ ദുരുദ്ദേശങ്ങളും സംവിധായകന് ഉണ്ടായിരുന്നതായി അറിയുന്നു.

ലോകമെമ്പാടുമുള്ള സകല ഹിന്ദുക്കളുടേയും കാര്യങ്ങള്‍ തീരുമാനിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ചില ഹൈന്ദവ സംഘടനകള്‍ ചൂണ്ടിക്കാണിച്ചില്ലായിരുന്നുവെങ്കില്‍, ഈ ഉദ്യമത്തെ എതിര്‍ത്തില്ലായിരുന്നുവെങ്കില്‍ ഞങ്ങളിക്കാര്യം അറിയുകയോ ചാപ്ലിനെപ്പോലുള്ള ഒരാള്‍ ഒരു ക്രിസ്ത്യാനിയായിരുന്നു എന്ന് സങ്കല്പിക്കുക പോലുമോ ചെയ്യില്ലായിരുന്നു. ഇതു വരെ ഇന്ത്യക്കാരനെന്നോ വിദേശിയെന്നൊ ചിന്തിക്കാതെയായിരുന്നു ഞങ്ങള്‍ ഓരോ അഭിനേതാവിനേയും വീക്ഷിച്ചിരുന്നതെന്ന തിരിച്ചറിവും ഈ ഒരൊറ്റ സംഭവം കൊണ്ട് നേടി.

ഏതായാലും ഈ സംഘടനകള്‍ വളരെ നല്ല കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ബാറില്‍ പോകുന്ന പെണ്ണുങ്ങളെ ആക്രമിക്കുക, വാലന്റിന്‍ ഡേ ആഘോഷിക്കുന്നവരെ പിടിച്ച് കെട്ടിച്ചു വിടുക തുടങ്ങിയവ എടുത്തു പറയാവുന്നവയില്‍ ചിലതു മാത്രം. (ചില തലതിരിഞ്ഞ പെണ്ണുങ്ങള്‍ തങ്ങളുടെ ‘പിങ്ക് അടിവസ്ത്രങ്ങള്‍‍’ ഞങ്ങളുടെ ഹീറോ മുത്തലിക്കിന് അയച്ചു കൊടുത്തു പ്രതിഷേധിച്ചു എന്നതൊക്കെ വിവരക്കേടായേ കണക്കാക്കാന്‍ കഴിയൂ) എല്ലാവരുടേയും കൂട്ടായ പ്രതിഷേധങ്ങള്‍ മൂലം ഹേമന്ത് ഹെഗ്‌ഡെ എന്ന സംവിധായകന്‍ ചാപ്ലിന്‍ പ്രതിമയ്ക്കായി വേറെ സ്ഥലങ്ങള്‍ അന്വേഷിക്കുന്നു എന്നത് വളരെ ആശ്വാസകരമാണ്.


http://timesofindia.indiatimes.com/BJP-activists-attack-Christian-Chaplin-statue/rssarticleshow/4265487.cms

ഏതായാലും ചാപ്ലിനു പകരം എന്തു കൊണ്ട് സാമി വിവേകാനന്ദന്റെ പ്രതിമ ഉണ്ടാക്കി ഷൂട്ടു ചെയ്തു കൂടാ എന്ന് ഞങ്ങളുടെ നേതാക്കളില്‍ ചിലര്‍ ചോദിച്ചതില്‍ എത്ര മാത്രം ന്യായമുണ്ടെന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാം. ലോകം ആദരിക്കുന്ന മഹാനാണ് അദ്ദേഹം. ഈ സിനിമാക്കാര്‍ക്ക് എന്തറിയാം. ഒന്നുമില്ലേലും വിവേകാനന്ദന്‍ ഒരു ഹിന്ദുവായിരുന്നല്ലോ. എത്ര വലുതാണേലും വിവേകാനന്ദ പ്രതിമ മൂലം അമ്പലത്തിനു ബുദ്ധിമുട്ടുണ്ടാവാന്‍ വഴിയില്ല. അതു മൂലം അദ്ദേഹത്തിന്റെ വലിപ്പം ലോകം മനസ്സിലാക്കട്ടെ. വിദേശിയായ ചാപ്ലിനെപ്പറ്റി അറിയാമെങ്കിലും “കേരളം ഒരു ഭ്രാന്താലയമാണെന്ന് പറഞ്ഞ“ വിവേകാനന്ദനെപ്പറ്റി ഏറെയൊന്നും അറിയില്ല എന്ന അപമാന ഭാരത്താല്‍നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയതില്‍ ചിലത് താഴെ -


“We want to lead mankind to the place where there is neither the Vedas, nor the Bible, nor the Koran; yet this has to be done by harmonizing the Vedas, the Bible, and the Koran.

Mankind ought to be taught that religions are but the varied expressions of THE RELIGION, which is Oneness, so that each may choose the path that suits him best.

I am proud to belong to a religion which has taught the world both tolerance and universal acceptance. We believe not only in universal toleration, but we accept all religions as true.

I am proud to belong to a nation which has sheltered the persecuted and the refugees of all religions and all nations of the earth.“


മേല്‍പ്പറഞ്ഞതൊക്കെ സ്വാമി വിവേകാനന്ദന്‍ പറഞ്ഞ കാര്യങ്ങളായാണ് കിടക്കുന്നത്. ഇനി നെറ്റില്‍ കാണുന്നതൊക്കെ ശരിയാകണമെന്നുണ്ടോ? ഹിന്ദു സംഘടനകള്‍ വിവേകാനന്ദനെ അറിഞ്ഞിടത്തോളം അറിവ് ഞങ്ങള്‍ക്കില്ലല്ലോ. ചിരിക്കാന്‍ തരത്തില്‍ വിവേകാനന്ദന്‍ എന്തെങ്കിലും പറഞ്ഞതായോ കാണിച്ചതായോ അറിയാന്‍ കഴിഞ്ഞിട്ടില്ല.

പക്ഷേ എന്തൊക്കെത്തന്നെയായാലും ഇന്നലെ മുതല്‍ ഇന്ത്യക്കാരനല്ലാത്ത ചാപ്ലിന്‍ എന്ന ക്രിസ്ത്യാനിയുടെ സിനിമകള്‍ കണ്ട് ഹിന്ദുക്കളായ ഞങ്ങള്‍ ചിരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്.



ഇ-പത്രത്തില്‍ വന്ന വാര്‍ത്ത

2009, മാർച്ച് 9, തിങ്കളാഴ്‌ച

ലാലു റബറി പാഹിമാം


ലാലു പ്രസാദ് യാദവ് എന്ന ബീഹാറുകാരന് ഒട്ടേറെ സവിശേഷതകളുണ്ട്. ആരെയും കൂസാത്തവന്‍. വിഷ്ണു അവതാരമായ സാക്ഷാല്‍ ശ്രീകൃഷ്ണന്റെ യാദവ കുലത്തില്‍ പിറന്നവന്‍,പശുസംരക്ഷകന്‍, പോകുന്നിടത്തെല്ലാം നാല്‍ക്കാലികളേയും കൊണ്ടു പോകുന്നവന്‍,കുശാഗ്രബുദ്ധി, സരസന്‍, ജനസമ്മതനായ രാഷ്ടീയ നേതാവ്.

കണ്ണില്‍ക്കണ്ടവരെല്ലാം കയ്യിട്ടു വാരുന്നതിനാല്‍ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് ചൂളം കുത്തി പാഞ്ഞു പോയ്ക്കൊണ്ടിരുന്ന ഇന്ത്യന്‍ റെയില്‍‌വേ എന്ന സര്‍ക്കാര്‍ സ്ഥാപനത്തെ വന്‍ ലാഭത്തിലേക്കു തിരിച്ചു വിട്ട് എല്ലാവരേയും അത്ഭുതസ്തബ്ധരാക്കിയ മാജിക്കുകാരന്‍. ‘ലാലു മാജിക് ‘ എന്ന ഒരു പദവും ഇതു മൂലം സംജ്ഞാതമായി. റെയില്‍‌വേ വികസനം എന്ന
തന്ത്രം ഉപയോഗിച്ച് സ്വന്തം നാടായ ബീ‍ഹാറിനെ ‘റെയില്‍ഹാറാക്കി’ വോട്ടുബാങ്കുകള്‍ സുരക്ഷിതമാക്കി. മന്ത്രിയായിരിക്കേ കാലിത്തീറ്റ കുംഭകോണമെന്ന ചാണകക്കുണ്ടില്‍ വഴുതിവീണപ്പോഴും തുഴഞ്ഞ് തലയുയര്‍ത്തിത്തന്നെ നിന്നു. മന്ത്രിപദം തെറിച്ചപ്പോള്‍ അക്ഷരാഭ്യാസം പോലുമില്ലാത്ത ധര്‍മ്മപത്നിയെ മുഖ്യമന്ത്രിയാക്കി നാടുഭരിപ്പിച്ച് ചരിത്രം
സൃഷ്ടിച്ചു.

ലാലുവിന്റെ മുഖവും രൂപവുമുള്ള കളിപ്പാട്ടങ്ങളും (Lalu toys) ലാലു പിച്‌ക്കാരിയും (ഹോളി കളിക്കുമ്പോള്‍ വെള്ളം ചീറ്റിക്കാനുള്ള കുഴല്‍), ലാലു ഖായ്‌നി (പാന്‍ മസാല), ലാലു കാ ഖസാന (ചോക്ലേറ്റ് ) ലാലു പശു ആഹാര്‍ (കാലിത്തീറ്റ)തുടങ്ങിയ നിരവധി ഉത്പ്പന്നങ്ങള്‍ ഇന്ന് ബീഹാര്‍ മാര്‍ക്കറ്റിലുണ്ട് എന്നു മാത്രമല്ല ഇവയ്ക്ക് നല്ല ഡിമാന്റും ഉണ്ട്. ‘ലാലു ഇഷ്ടയില്‍ ഹെയര്‍കട്ട് ‍‘ (Lalu style hair cut) ബീഹാറിലെ സലൂണുകളില്‍ യുവജനങ്ങളുടേയൂം
പോലീസുകാരുടേയും ഹരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ലാലു ഫലിതങ്ങള്‍ (Lalu joks) തുടങ്ങി ലാലുവിന്റെ അപദാനങ്ങള്‍ പാടുന്ന കാസറ്റുകള്‍ വരെ കമ്പോളത്തില്‍ സുലഭം. ഇന്ത്യയിലെ ഏത് സൂപ്പര്‍ താരത്തേയും കടത്തി വെട്ടാനുള്ള വക ലാലുവിന്റെ കൈയിലുണ്ടെന്നു സാരം.

ശ്രീരാമഭക്തനായ ഹനുമാനെ സ്തുതിക്കുന്ന ‘ഹനുമാന്‍ ചാലീസ‘ യുടെ ചുവടു പിടിച്ച് ‘ലാലു ചാലീസ‘ എന്ന പേരില്‍ ലാലു പ്രസാദ് യാദവിനെ സ്തുതിക്കുന്ന ഗീതം പോലും ബീഹാറില്‍ പ്രചാരത്തിലായിട്ടുണ്ട്. സാധാരണയായി ദൈവങ്ങളുടെ പേരിലാണ് ‘ചാലീസകള്‍’പ്രചരിക്കാറ്. ചുരുക്കത്തില്‍ ഒരു സൂപ്പര്‍ ദൈവത്തിന്റെ സൃഷ്ടിക്കാവശ്യമായ എല്ലാ
അസംസ്കൃത വസ്തുക്കളും തയ്യാര്‍. ഇനി വേണ്ടതൊരമ്പലമാണ്. അതും തുടങ്ങിക്കഴിഞ്ഞു എന്നാ‍ണ് ബീഹാറില്‍ നിന്നും വരുന്ന ലേറ്റസ്റ്റ് റിപ്പോര്‍ട്ടുകള്‍.

http://www.ptinews.com/pti%5Cptisite.nsf/0/56D0DFB3561B657A6525757000635F67?OpenDocument

ലാലുവിനും ഭാര്യ റബറീദേവിക്കുമായുള്ള അമ്പലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബീഹാറിലെ, ആലമ്പൂര്‍ എന്ന ഗ്രാമത്തിലാണ് നടക്കുന്നത്. ഈ പച്ച മനുഷ്യരെ കൃഷ്ണന്റേയും രാധയുടേയും അവതാരമായി കരുതുന്ന മുഖിയാദേവി എന്ന സ്ത്രീയുടെ കുടുംബമാണ് ഈ സംരംഭത്തിനു പിന്നില്‍ എന്നും, 54 ലക്ഷം രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി
ചിലവാക്കേണ്ടതായി വരുംഎന്നും അറിയുന്നു. പണം ഒരു പ്രശ്നമാകില്ല എന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുമ്പോള്‍ ഇന്നത്തെ കാലത്ത് അതൊരു വിഷയം പോലുമാകുന്നില്ല.

മുഖിയാദേവി അമ്പലത്തിനാവശ്യമായ സ്ഥലം ദാനമായി നല്‍കിക്കഴിഞ്ഞു. പൂര്‍ത്തിയായ അമ്പലത്തിനുള്ളില്‍ ലാലുവിന്റെയും, ഭാര്യയുടേയും പൂര്‍ണ്ണാകായ മാര്‍ബിള്‍ പ്രതിമകള്‍ പ്രതിഷ്ഠിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. അതിനുശേഷം അമ്പലവുമായി ബന്ധപ്പെട്ട നിത്യ പൂജകളും, ഉത്സവങ്ങളും അരങ്ങേറുമോ എന്ന് വ്യക്തമല്ല. അമ്പലം
നിലവില്‍ വന്നാല്‍ പൂജകളും കാണിക്ക വഞ്ചികളും കൂടാതെ തരമില്ലല്ലോ.



ലാലു അമ്പലം യാഥാര്‍ത്ഥ്യമായാല്‍ വരും കാലങ്ങളില്‍ ‘രാമ രാമ പാഹിമാം, സീതാ രാമ പാഹിമാം’ എന്നതിനോടൊപ്പം ‘ലാലു ലാലു പാഹിമാം, റബറി ലാലു പാഹിമാം’ എന്നു കൂടി ലാലു ഭക്തരായ ബീഹാര്‍ ജനതയുടെ ഒരു വിഭാഗമെങ്കിലും തങ്ങളുടെ നാമജപങ്ങളില്‍ഉള്‍പ്പെടുത്തും എന്നതിനു തര്‍ക്കമില്ല.കുറെയേറേ വര്‍ഷങ്ങള്‍ക്കു ശേഷം രാമ-സീത, കൃഷ്ണ-രാധ, ശിവ-പാര്‍വ്വതി കള്‍ക്കൊപ്പം ലാലു-റബറി ദൈവങ്ങള്‍ക്കും ആരാധനാലയങ്ങളും, സ്തുതി സ്തോത്രങ്ങളും, നിരവധി ശിഷ്യന്മാരാല്‍ രചിക്കപ്പെട്ട വ്യത്യസ്തങ്ങളായ വീരചരിതങ്ങളും ഉണ്ടായിക്കൂടെന്നില്ല.

അല്ലെങ്കിലും, ഇങ്ങിനെയൊക്കെത്തന്നെയല്ലേ ദൈവങ്ങള്‍ ഉണ്ടാകുന്നത്?

2009, ഫെബ്രുവരി 28, ശനിയാഴ്‌ച

സ്ലംഡോഗിനെ തള്ളിപ്പറയുമ്പോള്‍

ബോംബെ ജീവിതം സമ്മാനിച്ച മറക്കാനാവാത്ത കാഴ്ചകളിലൊന്ന് യാചകരുടെ രാത്രി ഭക്ഷണമായിരുന്നു. ഗ്രാന്റ് റോഡ് സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഓവര്‍ ബ്രിഡ്ജിനു താഴെ, തെരുവു കച്ചവടക്കാര്‍ അന്നത്തെ വ്യാപാരം കഴിഞ്ഞ് സ്ഥലം വിട്ടിരുന്നു. പെട്ടിക്കടകള്‍ അടച്ചു. അവിടവിടെയായി പാന്‍ വില്‍ക്കുന്ന ഭയ്യാകള്‍ മാത്രം. അവസാനത്തെ ലോക്കല്‍ ട്രെയിന്‍ പിടിക്കാനായി ഇനിയുമുറങ്ങാത്ത റോഡിലൂടെ, ധൃതിയില്‍ സ്റ്റേഷനിലേക്കു നടക്കുന്ന യാത്രക്കാര്‍. ഓവര്‍ ബ്രിഡ്ജിനു താഴെയുള്ള മൂത്രപ്പുര ലക്ഷ്യമാക്കി നടക്കുമ്പോഴായിരുന്നു ഒരു ബഹളം നടക്കുന്നതു കണ്ടത്. വൃത്തിയില്ലാത്ത പാത്രങ്ങളും പിടിച്ച് നിരനിരയായി റോഡു വക്കില്‍ ഇരിക്കുന്ന യാചകര്‍. അവരില്‍ വൃദ്ധരും, സ്ത്രീകളും, കുട്ടികളും
ഉണ്ടായിരുന്നു. കണ്ണു പൊട്ടിയവര്‍, കാലു മുറിച്ചു മാറ്റപ്പെട്ടവര്‍, പൊള്ളലേറ്റ ബീഭത്സമായ മുഖമുള്ളവര്‍.

വിളമ്പുകാരായി ഒന്നു രണ്ടു പേരുണ്ട്. അവരിലൊരാള്‍ വലിയൊരലുമിനിയപ്പാത്രത്തില്‍ നിന്നും ചാറുപോലുള്ള ഏതോ ഒരു
ദ്രാവകം പാത്രത്തിലേക്കു പകരുന്നു. പിറകേ വരുന്നയാള്‍ കുറച്ച് ചോറ് ഓരോ പാത്രങ്ങളിലേക്കുമിടുന്നു. വെളിച്ചം കുറഞ്ഞ ഓവര്‍ ബ്രിഡ്ജിന്റെ നിഴല്‍ മാത്രമുള്ള തെരുവോരത്ത് അവരുടെ കണ്ണുകളിലെ ആര്‍ത്തിയുടെ തിളക്കം, പാത്രങ്ങളില്‍ വന്നു വീഴുന്ന വിരലുകളുടെ ദ്രൂത താളം എല്ലാം ഇപ്പോഴും മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നുണ്ട്.

നോക്കി നോക്കി നില്‍ക്കവേ ലൈനിന്റെ ഒരറ്റത്തു നിന്നും നല്ല വേഷം ധരിച്ച രണ്ടു മൂന്നു പേര്‍ ഓരോരുത്തരോടായി
എന്തൊക്കെയോ ചോദിക്കുന്നു. ദൈവമേ ഈ യാചകരുടെ ഉടമകളോ മുതലാളിമാരോ ആയിരിക്കാം ആ വരുന്നവര്‍. യാചന എന്നത് ഒരു വ്യവസായമാക്കിയവര്‍. അവരായിരിക്കാം ഈ നിസ്സഹായരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തത്, നാവുകള്‍
അരിഞ്ഞെടുത്തത്, കൈ കാലുകള്‍ മുറിച്ചു മാറ്റിയത്, മുഖം പൊള്ളിച്ച് വികൃതമാക്കിയത്... സ്റ്റേഷനിലേക്കിരച്ചു വരുന്ന ട്രെയിന്‍ പോലെ വല്ലാത്ത ഒരു ഭയം എന്നിലേക്ക് പാഞ്ഞു കയറി. പിന്നെ ഞാനവിടെ നിന്നില്ല. ലാസ്റ്റ് ലോക്കല്‍ പോകാതിരിക്കണേ എന്നു പ്രാര്‍ത്ഥിച്ച് സ്റ്റേഷനെ ലക്ഷ്യമാക്കി ഒരു ഓട്ടമായിരുന്നു.

അതിനു ശേഷം ഓരോ പ്രാവശ്യവും ഒരു യാചകനെ അഭിമുഖീകരിക്കുമ്പോള്‍ ഈ ചിത്രമാണ് മനസ്സിലേക്കാദ്യമായി
കയറി വരിക. പല സിനിമകളിലും ഇത്തരം സീനുകള്‍ കണ്ടിട്ടുണ്ടെങ്കിലും നേരില്‍ കണ്ടപ്പോഴുള്ള ഞെട്ടല്‍, മനം പിരട്ടല്‍
പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.

ഈ സീന്‍ വീണ്ടും മനസ്സിലേക്ക് കയറി വന്നത് ഈയിടയ്ക്ക് ‘സ്ലംഡോഗ് മില്ല്യണയര്‍’ എന്ന സിനിമ കണ്ടപ്പോഴായിരുന്നു.
പച്ചമനുഷ്യനെന്ന അസംസ്കൃത വസ്തുവിനെ ഭിക്ഷാടനത്തിനുള്ള ‘പ്രൊഡക്റ്റ്’ ആക്കി മാറ്റിയെടുക്കുന്ന പ്രക്രിയ. ചുവന്ന തെരുവില്‍ വില്‍പ്പനയ്ക്കു വയ്ക്കാനുള്ള ചരക്കാക്കി പിഞ്ചു പെണ്‍കുട്ടികളെ തട്ടിയെടുത്ത് പരുവപ്പെടുത്തുന്ന പ്രക്രിയ. കക്കൂസുപയോഗിക്കുന്നവന്റെ കൈയില്‍ നിന്നും പൈസ ഈടാക്കി ‘ബിസിനസ്സ് ’ നടത്തുന്ന പ്രക്രിയ. ആയുധമുപയോഗിക്കുവാന്‍ പഠിച്ചവന്റെ വികലമനസ്സില്‍ കുടികയറുന്ന ‘ദാദാ’ മനോഭാവം. ജീവിതത്തില്‍ നേടാന്‍ കഴിയാത്തതെല്ലാം തോക്കു ചൂണ്ടി കവര്‍ന്നെടുക്കുന്ന അധോലോകത്തിന്റെ വീരസാഹസികത.

തന്റെ സ്വപ്നലോകത്തെ ഹീറോയെ ഒരു നോക്കു കാണാനും, ഓട്ടൊഗ്രാഫ് വാങ്ങാനും മലം നിറഞ്ഞ കുഴിയിലൂടെ കുതിക്കുന്ന ചേരിയിലെ ബാലനെ ഈ സിനിമയില്‍ കണ്ട് നാം നെറ്റി ചുളിക്കുന്നുണ്ടാകും. സ്വന്തം പരിസരത്തെ, ജീവിതത്തെ, യാഥാര്‍ത്ഥ്യങ്ങളെ വിസ്മൃതിയിലേക്ക് ഞൊടിയിടയില്‍ തള്ളിയിട്ട് ഒരു സങ്കല്‍പ്പത്തിനു പിറകേ പോകുവാന്‍ പോപ്പുലര്‍ സിനിമകളുടെ അയാഥാര്‍ത്ഥ ലോകം നമ്മെ എത്രത്തോളം വശീകരിക്കുന്നു എന്നതിന് ഈ സീന്‍ തന്നെ ധാരാളം. അമിതാഭ് ബച്ചനെന്ന ഹീറോ സാധാരണക്കാര്‍ സഞ്ചരിക്കാത്ത ഹെലികോപ്റ്ററിലാണ് ചേരിയില്‍ വന്നിറങ്ങുന്നതെന്നു കൂടി ഇതിനോടൊപ്പം കൂട്ടി വായിച്ചാല്‍ നമുക്കിതു ബോധ്യപ്പെടും.

സ്ലംഡോഗിനെ തള്ളിപ്പറഞ്ഞ പ്രമുഖരില്‍ അമിതാഭ് ബച്ചന്‍ ശ്രദ്ധേയനായതും ഈ ഹീറോ ഇമേജ് മൂലമാണ്. പിന്നീട് തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്നു മലക്കം മറിഞ്ഞെങ്കിലും,മലത്തില്‍ കുളിച്ച ബാലന്‍ തന്റെ ഓട്ടോഗ്രാഫ്
വാങ്ങാനാണെത്തിയതെന്നത് സൂപ്പര്‍ സ്റ്റാറിനെ ചൊടിപ്പിച്ചിരിക്കാം. ബച്ചനായാലും, സ്ലംഡോഗിനെ വിമര്‍ശിച്ചവരില്‍പ്പെടുന്ന നമ്മുടെ ‘ബോളിവുഡ്’സംവിധായകന്‍ പ്രിയദര്‍ശനായാലും സ്വപ്നങ്ങള്‍ വിറ്റ് സ്വന്തം മടിശ്ശീല നിറയ്ക്കുക എന്നതിനപ്പുറം സാമൂഹികമായി എത്രത്തോളം പ്രതിബദ്ധരാണ്‍ തങ്ങളെന്നതിന് അവരുടെ സിനിമകള്‍ തന്നെ തെളിവ്.

അമിതാഭിന്റെ ‘കൂലി’ കാണുന്നവര്‍ക്ക് കൂലിത്തൊഴിലാളിയുടെ ദു:ഖം മനസ്സില്‍ ഒരു പോറല്‍ പോലുമേറ്റുവാങ്ങാനാവാതെ രണ്ടര മണിക്കൂര്‍ ‘രസിച്ച് ‘ സമയം കൊല്ലാന്‍ കഴിയുന്നതും, സ്ലം ഡോഗ് കാണുന്നാവന്റെ മനസ്സിലേക്ക് ചേരിയുടെ ദു:ഖവും, ഭയാനകതയും, അറപ്പും ഒരു തേങ്ങലായി കടന്നു വരുന്നതും ഈ രണ്ടു സിനിമകളും മനുഷ്യനെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്. ഒരാള്‍ നമ്മുടെ കാശുവാങ്ങി നമ്മുടെ ജീവിത നിലവാരത്തെപ്പറ്റി ബോധവാന്മാരാക്കുവാന്‍ ശ്രമിക്കുന്നു. മറ്റേ കൂട്ടര്‍ നമ്മുടെ ചിലവില്‍ നമ്മളെ ‘എന്റര്‍ടെയിന്‍’ ചെയ്ത് നമ്മുടെ
പരിസരങ്ങളെപ്പറ്റിയുള്ള ചിന്തകളില്‍ നിന്നകറ്റി സുഖിപ്പിച്ചു കിടത്തുന്നു. ആദിവാസിക്കു കള്ളു വാങ്ങിക്കൊടുത്ത് അവന്റെ
കൂലിയില്‍ നിന്നും അതിന്റെ വില പിടിച്ചെടുക്കുന്ന മുതലാളിയും,(ഈ കാര്യം അടുത്തിടെ ഒരു ബ്ലോഗില്‍ വായിച്ചത്. ബ്ലോഗിന്റെ പേര് ഓര്‍മ്മയില്‍ വരാത്തതില്‍ ഖേദിക്കുന്നു) ഇത്തരം സിനിമാ മുതലാളികളും തമ്മില്‍ എന്താണു വ്യത്യാസം?

എന്തായാലും ഈ സിനിമ അതില്‍ പങ്കെടുത്തവരായ തെരുവുകുട്ടികളുടെ ജീവിതത്തിലും ഒരു വന്‍ മാറ്റത്തിനു
കളമൊരുക്കി എന്ന വസ്തുത വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഫ്ലാറ്റ് വാഗ്ദാനവും ഈ സിനിമ കൊണ്ടു മാത്രം ഉണ്ടായ നേട്ടമാണ്. ഇതിനു മുന്‍പ് തെരുവു കുട്ടികളെ ഉപയോഗിച്ച് നിര്‍മ്മിച്ച ‘സലാം ബോംബെ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളും അവയിലഭിനയിച്ച കുട്ടികളുടെ ഭാവിക്കായി ട്രസ്റ്റുകള്‍ രൂപീകരിക്കുകയും‍ അവരുടെ ജീവിത നിലവാരം മെച്ചപ്പെട്ടതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം ഒരു കാര്യം ‘സ്ലംഡൊഗിന്റെ’ നിര്‍മ്മാതാക്കളും ചെയ്തിരുന്നുവെന്നും പക്ഷേ അതു പരസ്യപ്പെടുത്തുവാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഈയിടെ ഉയര്‍ന്നു വന്ന ഒരു വിവാദത്തിനു മറുപടിയായി സംവിധായകന്‍ ഡാനി ബോയല്‍ വെളിപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യന്‍ ദാരിദ്ര്യം വിറ്റു കാശാക്കുന്നു എന്ന് ഇത്തരം സിനിമകളെ തള്ളിപ്പറയുന്നവര്‍ തങ്ങള്‍ തല്ലിക്കൂട്ടുന്ന സിനിമകളിലൂടെ കൊയ്തു കൂട്ടുന്ന വരുമാനം അനാവശ്യമായ ആര്‍ഭാടങ്ങള്‍ക്കും, ആഡംബരജീവിതത്തിനും വിനിയോഗിച്ച് നിയമപരമായ ടാക്സ് പോലും കൊടുക്കാതെ മാന്യത ചമഞ്ഞ് നടക്കുകയും ചേരികള്‍ ഉള്ള രാജ്യത്തല്ല തങ്ങള്‍ ജീവിക്കുന്നത് എന്ന് മറ്റു രാജ്യക്കാര്‍ക്കിടയില്‍ തോന്നലാണുണ്ടാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നത് എത്ര പരിഹാസ്യമായ പ്രവര്‍ത്തിയാണെന്നോര്‍ക്കുക. ഓരോ സ്റ്റാര്‍ വിജാരിച്ചാലും ഗുണകരമായ വന്‍ മാറ്റങ്ങള്‍ ഇത്തരം
ചേരിനിവാസികളുടെ ജീവിതസാഹചര്യങ്ങളിലുണ്ടാക്കുവാന്‍ കഴിയും. പക്ഷെ അതിന് മറ്റുള്ളവരുടെ ദു:ഖത്തില്‍ പങ്കു ചേരാനുള്ള ഒരു മനസ്സു വേണം. അല്ലാതെ രാജ്യസഭാ ലോകസഭാ സീറ്റുകളുടെ അധികാരശക്തിയിലേക്കു തിരിച്ചു വച്ച കണ്ണുകള്‍ മാത്രം പോര.

ഒരു കാര്യം വളരെ വ്യക്തം. സമ്പന്നരുടെ ലോകം, ദരിദ്രരുടെ ലോകത്തെ, മറ്റു മാലോകരുടെ കണ്ണില്‍ നിന്നും മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന കാപട്യത്തിന്റെ മലീമസമായ ശബ്ദമാണ് സ്ലംഡോഗിനെതിരെയും, ഇതിനു മുന്‍പ് സത്യജിത് റേ തുടങ്ങിയ സംവിധായകര്‍ക്കു നേരെയും ഇടക്കിടെ ഉയരുന്ന കുരയായി മുഴങ്ങിക്കൊണ്ടിരിക്കുന്നത്.

2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച

ഓസ്കാര്‍ വിജയികള്‍

ഇന്ത്യയുടെ ഓസ്കാര്‍ സ്വപ്നങ്ങള്‍ അങ്ങിനെ “സ്ലംഡോഗ് മില്ല്യണയര്‍” എന്ന ബ്രിട്ടീഷ് ചിത്രത്തിലൂടെ പൂവണിഞ്ഞു. രണ്ട് ഓസ്കാറുകള്‍ നേടി ഏ.ആര്‍.റഹ്‌മാന്‍ നേടിയത് അഭിമാനകരമായ നേട്ടം. ഏതൊരു സംഗീത സംവിധായകന്റേയും ജീവിതാഭിലാഷമായിരിക്കും ഈ ഒരനര്‍ഘ മുഹൂര്‍ത്തത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുക എന്നത്.

ശബ്ദ മിശ്രണത്തിനുള്ള ഓസ്കാര്‍ നേടിയ റസൂല്‍ പൂക്കുട്ടിയെ നമ്മള്‍ അറിയുന്നതു തന്നെ സ്ലം ഡോഗിലൂടെയാണ്.റസൂലിനും
ഒപ്പം മലയാളികളായ നമ്മള്‍ക്കും അഭിമാനിക്കാം.

നോമിനേറ്റ് ചെയ്യപ്പെട്ട പത്തു കാറ്റഗറികളില്‍ എട്ടും സ്വന്തമാക്കാനായത് “സ്ലംഡോഗിന്റെ” നേട്ടം തന്നെയാണ്.

സ്‌ലംഡോഗ്‌ മില്യണയറിന്‌ ലഭിച്ച അവാര്‍ഡുകള്‍:

1.മികച്ച ചിത്രം
2.സംവിധായകന്‍-ഡാനി ബോയല്‍
3.അവലംബിത തിരക്കഥ-സൈമണ്‍ ബോഫോയി
4.ഛായാഗ്രഹണം-ആന്റണി ഡോഡ്‌ മാന്റലെ
5.സംഗീതം-എ.ആര്‍ റഹ്മാന്‍
6.ഗാനം-ജയ്‌ ഹോ
7.ശബ്‌ദമിശ്രണം-റസൂല്‍ പൂക്കുട്ടി
8.ചിത്രസംയോജനം-ക്രിസ്‌ ഡിക്കന്‍സ്‌

http://www.oscar.com/oscarnight/winners/


ഇതോടൊപ്പം മികച്ച ഡോക്യുമെന്ററിക്കുള്ള ‘പിങ്ക് സ്മൈലി’ എന്ന ചിത്രത്തിന്റെ പശ്ചാത്തലവും ഇന്ത്യയായിരുന്നു എന്നത് ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡില്‍ ഈന്ത്യയെ കൂടുതല്‍ ശ്രദ്ധേയയാക്കി. ചിത്രത്തിന്റെ സംവിധായകന്‍ മെഗന്‍ മൈലന്‍ എന്ന അമേരിക്കക്കാരനാണ്.

1957ല്‍ നിര്‍മ്മിച്ച മെഹ്ബൂബ് ഖാന്റെ ‘മദര്‍ ഇന്ത്യ’യായിരുന്നു ഓസ്കാറിന്റെ വാതില്‍ തുറന്ന് അകത്തു കടക്കാനായ ആദ്യ
ചിത്രം. അതിനു ശേഷം, മീരാ നായരുടെ ‘സലാം ബോംബെ’ (1988). കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ലഭിച്ച ‘ക്യാമറ ഡീ ഓര്‍‘ അവാര്‍ഡിന്റെ പിന്തുണ വളരെ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ‘സലാം ബോബെയ്ക്ക് ‘ ഓസ്കാറിനോട് സലാം പറയേണ്ടി വന്നു.

അമീര്‍ ഖാന്റെ ‘ലഗാന്‍’ (2001) കടമ്പകള്‍ കടന്ന് നാമനിര്‍ദ്ദേശം നേടിയെങ്കിലും അവാര്‍ഡുകള്‍ ഒന്നും നേടാനാവാതെ മടങ്ങിയ കാഴ്ച നമ്മള്‍ നിരാശയോടെ നോക്കി നിന്നു. ആദ്യമായി ഇന്ത്യയ്ക്ക് ഓസ്കാര്‍ നേടുവാനായത് റിച്ചാര്‍ഡ്
ആറ്റണ്‍ബറോയുടെ ‘ഗാന്ധി’ ചിത്രത്തില്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച ഭാനു അത്തയ്യക്കായിരുന്നു. ഗാന്ധി ചിത്രം ഒരു
ഇന്തോ-ബ്രിട്ടീഷ് സംയുക്ത സംരംഭമായിരുന്നു. സലാം ബോംബെയും മറ്റൊരു ഇന്തോ-ബ്രിട്ടീഷ് സംഭവം
തന്നെയായിരുന്നു.

ഓസ്കാര്‍ ജേതാക്കള്‍ക്ക് തങ്ങളുടെ കഴിവിനു കിട്ടിയ അംഗീകാരത്തില്‍ അഭിമാനിക്കാമെങ്കിലും, ഒരു ബ്രിട്ടീഷ്
സംവിധായകന്‍ നിര്‍മ്മിച്ച ബ്രിട്ടീഷ് ചിത്രത്തിലൂടെ മാത്രമാണ് ഇന്ത്യക്കാര്‍ക്ക് ഓസ്കാര്‍ നേടാനായത് എന്നത് ലോകത്ത്
ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഘ്യാതി നേടിയ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാനാവുമോ ? കലാമുല്യത്തേക്കാളുപരി കച്ചവട താല്പര്യങ്ങളും, വിവിധ ലോബികളുടെ സ്വാധീനവുമാണ് ഓസ്കാറിനു വേണ്ടിയുള്ള
ഇന്ത്യന്‍ സിനിമകളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുള്ളത് എന്നത് ഒരു സത്യം മാത്രമാണ്. കലാപരമായി മികച്ചു
നില്‍ക്കുന്ന ചിത്രങ്ങളെ തള്ളിപ്പറയുക ഇന്ത്യന്‍ സിനിമാ കുത്തകകളുടെ സ്ഥിരം ഏര്‍പ്പാടാണെന്ന് ആര്‍ക്കാണറിയാത്തത്. സത്യജിത് റേയ്ക്കെതിരേയും, സലാം ബോംബെയ്ക്കെതിരെയും, ഇപ്പോള്‍ സ്ലം ഡോഗിനെതിരെയും വിവാദങ്ങളുണ്ടാക്കാന്‍ ഇത്തരക്കരില്‍ നിന്നും ശ്രമങ്ങളുണ്ടായി എന്നതും ശ്രദ്ധേയമാണ്.

ഏതായാലും ‘സ്ലംഡോഗ് മില്ല്യണയറിന്റെ‘ വിജയം ഇത്തരക്കാരുടെ കണ്ണു തുറപ്പിക്കും എന്നു നമുക്കു പ്രതീക്ഷിക്കാം.

ഇതു വരെ ഓസ്കാര്‍ നാമ നിര്‍ദ്ദേശത്തിനായി സമര്‍പ്പിക്കപ്പെട്ടെ ചിത്രങ്ങളുടെ ലിസ്റ്റ് വിക്കിയിലുണ്ട്.

http://en.wikipedia.org/wiki/List_of_India's_official_entries_to_the_Oscars