2009, മാർച്ച് 9, തിങ്കളാഴ്‌ച

ലാലു റബറി പാഹിമാം


ലാലു പ്രസാദ് യാദവ് എന്ന ബീഹാറുകാരന് ഒട്ടേറെ സവിശേഷതകളുണ്ട്. ആരെയും കൂസാത്തവന്‍. വിഷ്ണു അവതാരമായ സാക്ഷാല്‍ ശ്രീകൃഷ്ണന്റെ യാദവ കുലത്തില്‍ പിറന്നവന്‍,പശുസംരക്ഷകന്‍, പോകുന്നിടത്തെല്ലാം നാല്‍ക്കാലികളേയും കൊണ്ടു പോകുന്നവന്‍,കുശാഗ്രബുദ്ധി, സരസന്‍, ജനസമ്മതനായ രാഷ്ടീയ നേതാവ്.

കണ്ണില്‍ക്കണ്ടവരെല്ലാം കയ്യിട്ടു വാരുന്നതിനാല്‍ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് ചൂളം കുത്തി പാഞ്ഞു പോയ്ക്കൊണ്ടിരുന്ന ഇന്ത്യന്‍ റെയില്‍‌വേ എന്ന സര്‍ക്കാര്‍ സ്ഥാപനത്തെ വന്‍ ലാഭത്തിലേക്കു തിരിച്ചു വിട്ട് എല്ലാവരേയും അത്ഭുതസ്തബ്ധരാക്കിയ മാജിക്കുകാരന്‍. ‘ലാലു മാജിക് ‘ എന്ന ഒരു പദവും ഇതു മൂലം സംജ്ഞാതമായി. റെയില്‍‌വേ വികസനം എന്ന
തന്ത്രം ഉപയോഗിച്ച് സ്വന്തം നാടായ ബീ‍ഹാറിനെ ‘റെയില്‍ഹാറാക്കി’ വോട്ടുബാങ്കുകള്‍ സുരക്ഷിതമാക്കി. മന്ത്രിയായിരിക്കേ കാലിത്തീറ്റ കുംഭകോണമെന്ന ചാണകക്കുണ്ടില്‍ വഴുതിവീണപ്പോഴും തുഴഞ്ഞ് തലയുയര്‍ത്തിത്തന്നെ നിന്നു. മന്ത്രിപദം തെറിച്ചപ്പോള്‍ അക്ഷരാഭ്യാസം പോലുമില്ലാത്ത ധര്‍മ്മപത്നിയെ മുഖ്യമന്ത്രിയാക്കി നാടുഭരിപ്പിച്ച് ചരിത്രം
സൃഷ്ടിച്ചു.

ലാലുവിന്റെ മുഖവും രൂപവുമുള്ള കളിപ്പാട്ടങ്ങളും (Lalu toys) ലാലു പിച്‌ക്കാരിയും (ഹോളി കളിക്കുമ്പോള്‍ വെള്ളം ചീറ്റിക്കാനുള്ള കുഴല്‍), ലാലു ഖായ്‌നി (പാന്‍ മസാല), ലാലു കാ ഖസാന (ചോക്ലേറ്റ് ) ലാലു പശു ആഹാര്‍ (കാലിത്തീറ്റ)തുടങ്ങിയ നിരവധി ഉത്പ്പന്നങ്ങള്‍ ഇന്ന് ബീഹാര്‍ മാര്‍ക്കറ്റിലുണ്ട് എന്നു മാത്രമല്ല ഇവയ്ക്ക് നല്ല ഡിമാന്റും ഉണ്ട്. ‘ലാലു ഇഷ്ടയില്‍ ഹെയര്‍കട്ട് ‍‘ (Lalu style hair cut) ബീഹാറിലെ സലൂണുകളില്‍ യുവജനങ്ങളുടേയൂം
പോലീസുകാരുടേയും ഹരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ലാലു ഫലിതങ്ങള്‍ (Lalu joks) തുടങ്ങി ലാലുവിന്റെ അപദാനങ്ങള്‍ പാടുന്ന കാസറ്റുകള്‍ വരെ കമ്പോളത്തില്‍ സുലഭം. ഇന്ത്യയിലെ ഏത് സൂപ്പര്‍ താരത്തേയും കടത്തി വെട്ടാനുള്ള വക ലാലുവിന്റെ കൈയിലുണ്ടെന്നു സാരം.

ശ്രീരാമഭക്തനായ ഹനുമാനെ സ്തുതിക്കുന്ന ‘ഹനുമാന്‍ ചാലീസ‘ യുടെ ചുവടു പിടിച്ച് ‘ലാലു ചാലീസ‘ എന്ന പേരില്‍ ലാലു പ്രസാദ് യാദവിനെ സ്തുതിക്കുന്ന ഗീതം പോലും ബീഹാറില്‍ പ്രചാരത്തിലായിട്ടുണ്ട്. സാധാരണയായി ദൈവങ്ങളുടെ പേരിലാണ് ‘ചാലീസകള്‍’പ്രചരിക്കാറ്. ചുരുക്കത്തില്‍ ഒരു സൂപ്പര്‍ ദൈവത്തിന്റെ സൃഷ്ടിക്കാവശ്യമായ എല്ലാ
അസംസ്കൃത വസ്തുക്കളും തയ്യാര്‍. ഇനി വേണ്ടതൊരമ്പലമാണ്. അതും തുടങ്ങിക്കഴിഞ്ഞു എന്നാ‍ണ് ബീഹാറില്‍ നിന്നും വരുന്ന ലേറ്റസ്റ്റ് റിപ്പോര്‍ട്ടുകള്‍.

http://www.ptinews.com/pti%5Cptisite.nsf/0/56D0DFB3561B657A6525757000635F67?OpenDocument

ലാലുവിനും ഭാര്യ റബറീദേവിക്കുമായുള്ള അമ്പലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബീഹാറിലെ, ആലമ്പൂര്‍ എന്ന ഗ്രാമത്തിലാണ് നടക്കുന്നത്. ഈ പച്ച മനുഷ്യരെ കൃഷ്ണന്റേയും രാധയുടേയും അവതാരമായി കരുതുന്ന മുഖിയാദേവി എന്ന സ്ത്രീയുടെ കുടുംബമാണ് ഈ സംരംഭത്തിനു പിന്നില്‍ എന്നും, 54 ലക്ഷം രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി
ചിലവാക്കേണ്ടതായി വരുംഎന്നും അറിയുന്നു. പണം ഒരു പ്രശ്നമാകില്ല എന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുമ്പോള്‍ ഇന്നത്തെ കാലത്ത് അതൊരു വിഷയം പോലുമാകുന്നില്ല.

മുഖിയാദേവി അമ്പലത്തിനാവശ്യമായ സ്ഥലം ദാനമായി നല്‍കിക്കഴിഞ്ഞു. പൂര്‍ത്തിയായ അമ്പലത്തിനുള്ളില്‍ ലാലുവിന്റെയും, ഭാര്യയുടേയും പൂര്‍ണ്ണാകായ മാര്‍ബിള്‍ പ്രതിമകള്‍ പ്രതിഷ്ഠിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. അതിനുശേഷം അമ്പലവുമായി ബന്ധപ്പെട്ട നിത്യ പൂജകളും, ഉത്സവങ്ങളും അരങ്ങേറുമോ എന്ന് വ്യക്തമല്ല. അമ്പലം
നിലവില്‍ വന്നാല്‍ പൂജകളും കാണിക്ക വഞ്ചികളും കൂടാതെ തരമില്ലല്ലോ.



ലാലു അമ്പലം യാഥാര്‍ത്ഥ്യമായാല്‍ വരും കാലങ്ങളില്‍ ‘രാമ രാമ പാഹിമാം, സീതാ രാമ പാഹിമാം’ എന്നതിനോടൊപ്പം ‘ലാലു ലാലു പാഹിമാം, റബറി ലാലു പാഹിമാം’ എന്നു കൂടി ലാലു ഭക്തരായ ബീഹാര്‍ ജനതയുടെ ഒരു വിഭാഗമെങ്കിലും തങ്ങളുടെ നാമജപങ്ങളില്‍ഉള്‍പ്പെടുത്തും എന്നതിനു തര്‍ക്കമില്ല.കുറെയേറേ വര്‍ഷങ്ങള്‍ക്കു ശേഷം രാമ-സീത, കൃഷ്ണ-രാധ, ശിവ-പാര്‍വ്വതി കള്‍ക്കൊപ്പം ലാലു-റബറി ദൈവങ്ങള്‍ക്കും ആരാധനാലയങ്ങളും, സ്തുതി സ്തോത്രങ്ങളും, നിരവധി ശിഷ്യന്മാരാല്‍ രചിക്കപ്പെട്ട വ്യത്യസ്തങ്ങളായ വീരചരിതങ്ങളും ഉണ്ടായിക്കൂടെന്നില്ല.

അല്ലെങ്കിലും, ഇങ്ങിനെയൊക്കെത്തന്നെയല്ലേ ദൈവങ്ങള്‍ ഉണ്ടാകുന്നത്?

7 അഭിപ്രായങ്ങൾ:

Melethil പറഞ്ഞു...

I liked that last para!!

അപ്പൂട്ടൻ പറഞ്ഞു...

ഇതില്‍ വലിയ കാര്യമൊന്നുമില്ല മാഷേ.

ബ്രാന്‍ഡുകളല്ലെ (ഭ്രാന്തുകളല്ലേ എന്നും വായിക്കാം) ഇന്ന് നമ്മെ നയിക്കുന്നത്.
എന്തിനു, വ്യക്താധിഷ്ഠിതമല്ലാത്ത സിപിഎം വരെ ഇന്ന് വ്യക്തികളുടെ പിന്നിലല്ലേ. പിണറായിക്ക് ഓശാന പാടാന്‍ പല രാജന്മാരും അണിനിരക്കുന്നില്ലെ, അവസാനം അങ്ങേരു അന്പും വില്ലും പിടിച്ചു കിരീടമിട്ടല്ലേ സ്റ്റേജില്‍ വന്നത്.

അപ്പോള്‍ പിന്നെ ഒരാള്‍ തുടങ്ങിയ പാര്‍ട്ടിയില്‍ അയാളുടെ ആരാധകര്‍ തന്നെ ഒരു അന്പലം പണിയുന്നതില്‍ പ്രത്യേകിച്ച് അദ്ഭുതപ്പെടാനില്ല.
(രാഷ്ട്രീയം പറഞ്ഞതില്‍ ക്ഷമിക്കൂ.... എനിക്കിതില്‍ അദ്ഭുതം തോന്നിയില്ല എന്ന് പറയാന്‍ മാത്രമേ ആഗ്രഹിച്ചുള്ളു)

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഉം, ശരിയാണ്.
എന്തൊക്കെയായാലും ലാലും ഒരു വിജയമാണെന്ന് വിലയിരുത്തേണ്ടി വരും, ഒറ്റവാക്കില്‍.

കെ.കെ.എസ് പറഞ്ഞു...

അല്ലെങ്കിലും, ഇങ്ങിനെയൊക്കെത്തന്നെയല്ലേ ദൈവങ്ങള്‍ ഉണ്ടാകുന്നത്? ആചോദ്യം വളരെ ഇഷ്ട പെട്ടു..

പട്ടേപ്പാടം റാംജി പറഞ്ഞു...

ദൈവങ്ങള്‍ വരുന്ന വഴിയേ..........

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

മേലത്തില്‍,
അപ്പൂട്ടന്‍,
അനില്‍,
കെ.കെ.എസ്.,
രാംജി - അഭിപ്രായങ്ങള്‍ക്കും വായനയ്ക്കും നന്ദി.

VEERU പറഞ്ഞു...

valare vaiki aanu dost ithellam vayichathu...nannaayi haasya rupene vishakalanam cheythirikkunnu ee samakaleena saamoohya raashtreeyathe..