2013, മാർച്ച് 18, തിങ്കളാഴ്‌ച

കൂമന്‍ കാവും വിഷപ്പാമ്പുകളും


കൂമന്‍ കാവ് വിവാദവും, ഓ.വി. വിജയന്റെ പ്രതിമ തകര്‍ക്കലും എല്ലാം ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന കൃതിയെ ഒന്നു കൂടി വായിക്കുവാന്‍ നിമിത്തമാക്കി.

ഓ.വി. വിജയന്റെ മാസ്റ്റര്‍ പീസായി എല്ലാവരും വിലയിരുത്തിയിട്ടുള്ള ഖസാക്കിന്റെ ഇതിഹാസം തുടങ്ങുന്നതിങ്ങനെയാണ്.

കൂമന്‍ കാവില്‍ ബസ്സു ചെന്നു നിന്നപ്പോള്‍ ആ സ്ഥലം രവിയ്ക്കപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ച് ഏറുമാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം.“


നോവലിന്റെ അവസാന ഭാഗത്ത് രവി തിരിച്ചു പോകാനുള്ള യാത്ര തുടങ്ങുമ്പോള്‍ കൂമന്‍ കാവിലെത്തുന്ന രംഗം വര്‍ണ്ണിക്കുന്നതിങ്ങനേയും.

കൂമന്‍ കാവിലെത്തിയപ്പോഴും ആ വെളുത്ത മഴ നിന്നു പെയ്തു. കൂമന്‍കാവങ്ങാ‍ടിയുടെ ഏറുമാടങ്ങളത്രയും കൊടുങ്കാറ്റില്‍ നിലം പൊത്തിയിരുന്നു. അപ്പുറത്ത് ബസ്സുകാര്‍ ഉപയോഗിച്ചിരുന്ന ഒരു മണ്‍പുര ഇടിഞ്ഞുവീണിരുന്നു“.

‘കാവ്‘ എന്ന വാക്കിന് മരക്കൂട്ടം, വൃക്ഷലതാദികള്‍ ഇട തൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന സ്ഥലം, തോപ്പ്, ഉദ്യാനം എന്നെല്ലാം അര്‍ത്ഥങ്ങളുണ്ട്. കൂടാതെ കേരളത്തിലെ പ്രാചീനദവതകളായ കാളി, വേട്ടക്കരന്‍, അയ്യപ്പന്‍, നാഗത്താന്മാര്‍ മുതാലയവരെ കുടിവച്ച സ്ഥലങ്ങള്‍ക്കു പൊതുവേ കാവ് എന്നു പറയുന്നു എന്നും വിവരിക്കുന്നു ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി.  കാവെന്ന പേരില്‍ അവസാനിക്കുന്ന സ്ഥലനാമങ്ങള്‍ കേരളീയര്‍ക്ക് സുപരിചിതമാണ്  മുളങ്കുന്നത്തു കാവ്, വട്ടിയൂര്‍ക്കാവ് എന്നിവ ഉദാഹരണങ്ങള്‍. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ് കാവുകള്‍.

കൂമന്‍ കാവാകട്ടെ,  ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ ഒരു സാങ്കല്പിക സ്ഥലം മാത്രമാണെന്നും,  ഇതിനു ദൈവങ്ങളെ കുടിയിരുത്തിയ കാവുമായി യാതൊരു ബന്ധവുമില്ലെന്നു നോവല്‍ വായിച്ചവര്‍ക്കൊക്കെ മനസ്സിലാകുമെന്ന കാര്യം ഒരു പാട് പേര്‍ ഇതിനകം ചൂണ്ടിക്കാണിച്ചു കഴിഞ്ഞു.  ഈ സ്ഥലത്തിന്റെ ഒരു പ്രതീകാത്മക രൂപം ഇപ്പോള്‍ കോട്ടക്കല്‍ രാജാ ഹൈസ്കൂളില്‍ പുന:സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന കാര്യം എല്ലാവരുടേയും ശ്രദ്ധയിലേക്കു വന്നത് അതൊരു വിവാദമായപ്പോഴാണ്. 

തങ്ങളുടെ സ്കൂളിലെ  പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന എഴുത്തുകാരന്റെ ഓര്‍മ്മ നില നിര്‍ത്താനുള്ള ഒരു സ്മാരകമായാണ്  ‘കൂമന്‍ കാവെന്ന’ സ്മൃതി വനമൊരുക്കാനും അതില്‍ വിജയന്റെ പ്രതിമ സ്ഥാപിക്കുവാനുമുള്ള തീരുമാനമുണ്ടായത്. ഏതൊരു സ്ഥാപനത്തിനും,  ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പ്രത്യേകിച്ചും,  അഭിമാനിക്കാവുന്നതാണ് ലോകനിലവാരത്തിലുള്ള ഒരെഴുത്തുകാരനുമായുള്ള  ഇത്തരമൊരു പൂര്‍വ്വ ബന്ധം. വിദ്യാര്‍ത്ഥികളും, പി.ടി.ഏ. യും ചേര്‍ന്നു നടത്തിയത് വളരെ ശ്ലാഘനീയമായ ഉദ്യമം എന്നതിനു രണ്ടു പക്ഷമുണ്ടാകില്ല. എന്നിരുന്നിട്ടും, സ്കൂളിനും, ദേശത്തിനും, രാജ്യത്തിനുമെല്ലാം മാതൃകയാകേണ്ടിയിരുന്ന ഈ ശ്രമം എങ്ങിനെ വിവാദങ്ങളുടെ കാറ്റിലകപ്പെട്ടു എന്നറിയുമ്പോഴാണ് നാം സാക്ഷര കേരളത്തിലാണോ അതോ അതിപുരാതനമായ ഏതോ അപരിഷ്കൃത ദ്വീപിലാണോ ജീവിക്കുന്നത് എന്ന സംശയം ബലപ്പെടുന്നത്.

വിവാദങ്ങള്‍ എന്നും ചുഴലിക്കാറ്റു പോലെ വിജയനെ പിന്തുടര്‍ന്നിരുന്നു എന്നു കാണാവുന്നതാണ്. എല്ലാ വിവാദങ്ങളേയും ഋഷിതുല്യമായ ശാന്തതയോടെ നേരിടാനുള്ള കെല്‍പ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. മരിച്ചു കിടക്കുമ്പോഴും വിവാദം കൂടെയുണ്ടായിരുന്നു. ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യത്തില്‍ ഒരു കൊടുങ്കാറ്റു തന്നെ സൃഷ്ടിച്ചത് ചരിത്രം. ഇകഴ്ത്തിയും പുകഴ്ത്തിയും ഒട്ടനവധി പേര്‍.  ഇതിഹാസം മോഷണമാണെന്നു വരെയുള്ള ചന്ദ്രഹാസങ്ങളുയര്‍ന്നു. അര്‍ഹതപ്പെട്ടെ ‘ജ്ഞാനപീഠ’ പുരസ്കാരം ലഭിക്കാതെ പോയപ്പോഴും വിവാദങ്ങളുണ്ടായി. നിരോധിക്കപ്പെട്ട മുസ്ലീം സംഘടനായായ സിമിയുടെ സമ്മേളനത്തില്‍ പങ്കെടുത്തതു വലിയൊരു വിവാദമായി കത്തിപ്പടര്‍ന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്മാരകത്തിനെതിരേ ഉയര്‍ന്നു വന്നിരിക്കുന്നത് മുസ്ലീങ്ങളുമായി ബന്ധപ്പെട്ട ഒരു തര്‍ക്കമാണെന്നത് വിചിത്രമായി തോന്നാം.


പ്രതിമകള്‍ എപ്പോഴും ചരിത്രത്തെ ഓര്‍മ്മപ്പെടുത്തുകയും വര്‍ത്തമാനത്തെ പഴമയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. മരിച്ചു പോയ മഹാരഥന്മാരില്‍ തുടങ്ങി പ്രതിമാ വിവാദത്തിലകപ്പെട്ട ജീവിച്ചിരിക്കുന്ന മായാവതിക്കു വരെയുണ്ട് ഇന്ത്യാ‍ മഹാരാജ്യത്ത് പ്രതിമകള്‍.  

പ്രതിമകളോട് വിരോധമുള്ളവര്‍ക്ക് അത് സ്ഥാപിക്കാതിരിക്കാം. സ്ഥാപിക്കണമെന്നുള്ളവര്‍ക്ക് അതുമാവാം. അതിനാണല്ലോ ജനാധിപത്യം എന്നു പറയുന്നത്.  ഒരു വിഭാഗം ജനങ്ങളുടെ മത വിശ്വാസത്തില്‍ പ്രതിമകള്‍ക്കു സ്ഥാനമില്ല എന്നതിനാല്‍ അവര്‍ക്കു പ്രാമുഖ്യമുള്ള സ്ഥലങ്ങളില്‍ ഒരാളെക്കൊണ്ടും പ്രതിമകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല എന്ന മര്‍ക്കടമുഷ്ടി ന്യായീകരിക്കാനാവാത്തതാണ്.   മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പ്രതിമ മലപ്പുറത്തു സ്ഥാപിക്കുന്ന കാര്യത്തില്‍ പോലും ചിലര്‍ പ്രതിമ പോലെ നിന്നതിനു പിറകില്‍ ഇത്തരം ഇടുങ്ങിയ ചിന്താഗതിയായിരുന്നെന്ന കാര്യം സുവിദിതമാണല്ലോ. 

ഓ.വി.വിജയന്റെ പ്രതിമ മാറ്റിയാല്‍ മാത്രമേ സ്മൃതിവനത്തിന് അംഗീകാരം നല്‍കൂ എന്ന നിലപാടുമായി  മുനിസിപ്പാലിറ്റി രംഗത്തെത്തി എന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. വിഗ്രഹാരാധനയ്ക്കുള്ള സ്ഥലമാണ് കാവുകള്‍ എന്നോ മറ്റോ ഉള്ള മിഥ്യാ ധാരണ കൊണ്ടാവം കൂമന്‍ കാവ് എന്ന പേരിനോടുമുണ്ടായിരുന്നത്രെ വിരോധം. സംഗതി പുറത്തറിഞ്ഞ് വിവാദമായപ്പോള്‍ ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടാവുകയും മുനിസിപ്പാലിറ്റി വാക്കുകള്‍ മാറ്റുകയും ചെയ്തതാണത്രെ. പ്രതിമ സ്ഥാപിക്കുവാന്‍ മുനിസിപ്പാലിറ്റിയുടെ സമ്മതം മുന്‍ കൂട്ടി വാങ്ങിയിരുന്നില്ല എന്ന സാങ്കേതിക കാരണത്തിലേക്ക് ശാഠ്യങ്ങള്‍ ലോപിച്ചു.   

അബ്ദുസമദ് സമദാനി തുടങ്ങിയ പ്രമുഖരുടെ ഇടപെടല്‍ ഉണ്ടായിട്ടു പോലും പ്രതിമ വികൃതമാക്കപ്പെട്ടു. ഇപ്പോള്‍ പ്രതിമ പുനര്‍ നിര്‍മ്മിക്കുവാനും സ്മൃതി വനം സംരക്ഷിക്കുവാനുമായി ഒരു പ്രത്യേക കമ്മറ്റിയെ തിരഞ്ഞെടുത്തതായാണ് ഒടുവില്‍ വായിച്ച വാര്‍ത്തകള്‍. പുതുതായുണ്ടാക്കുന്ന പ്രതിമയും തകര്‍ക്കപ്പെടുകയില്ല എന്നാരെങ്കിലും ഉറപ്പു കൊടുത്തിണ്ടോ ആവോ? ഏതായാലും മനുഷ്യരെപ്പോലെത്തന്നെ പ്രതിമകളും ‘നോട്ടപ്പുള്ളി’കളുടെ ലിസ്റ്റില്‍ അകപ്പെട്ടു കഴിഞ്ഞു. തങ്ങള്‍ക്കിഷ്ടപ്പെടാത്തതൊന്നും ഈ ഭൂമുഖത്തു നില നില്‍ക്കാന്‍ പാടില്ലെന്നു കുറേപ്പേരെങ്കിലും വിശ്വസിക്കുന്നു എന്നു സാരം.

“അന്നു രാത്രി കൊടുങ്കാറ്റു വീശി. ഇളവില്ലാതെ രണ്ടു ദിവസം തുടര്‍ന്നു വീശി. പനകള്‍ കട പുഴങ്ങി. പുളിങ്കൊമ്പുകള്‍ പൊട്ടി, മഴ ചൊരിഞ്ഞു”.  

കാറ്റിന്റെ സാന്നിദ്ധ്യം ഖസാക്കിന്റെ ഇതിഹാസത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നുണ്ട്. കൂമന്‍ കാവെന്നെ സ്മൃതിവനത്തിലേക്കു വീശിയ അസുഖകരമായ കാറ്റിന്റെ ഉറവിടം എവിടെ നിന്നായിരുന്നാലും അതു നമ്മുടെ നാടിനു യോജിച്ചതല്ല‍. നാം ജീവിക്കുന്ന ഈ ലോകത്ത് മനുഷ്യര്‍ ഒരു പാട് മതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.  ലോക ജനതയെ ആകമാനം ഒരൊറ്റ മതത്തിന്റെ ചിറകിന്‍ കീഴിന്‍ കൊണ്ടു വരാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ എത്രകാലം നടത്തിയിട്ടും ഒരു മതത്തിനും ഇതു വരെ അതിനു കഴിഞ്ഞിട്ടില്ല എന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്.  മഹത്തായൊരു ആശയമാണെങ്കിലും അതേപോലെത്തന്നെ ദുഷ്കരമാണ് മതരഹിതമായൊരു സമൂഹത്തിലേക്കുള്ള പരിവര്‍ത്തനവും.

അതിനാല്‍ എല്ലാ മതങ്ങള്‍ക്കും മറ്റു മതങ്ങളിലുള്ളവരുമായും, മതരഹിതരുമായും സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നതിനുള്ള സാഹചര്യം നിലനിര്‍ത്തേണ്ട ബാധ്യതയുണ്ട്.  സ്വന്തം മത വിശ്വാസങ്ങള്‍ ഹനിക്കപ്പെടും എന്ന മിധ്യാ ധാരണയില്‍ ഒരു രാജ്യത്തിന്റെ സംസ്കാരത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള വിശ്വാസങ്ങളോട് മുഖം തിരിക്കുമ്പോള്‍ സമൂഹത്തില്‍ നില നില്‍ക്കുന്ന സന്തുലിതാവസ്ഥയ്ക്ക് മുറിവേല്‍ക്കുകയാണ്. ഈ മുറിപ്പാടുകള്‍ അടുത്ത കാലത്തായി കൂടിക്കൂടി വരുന്നു എന്നതിന് ഒരു പാട് തെളിവുകള്‍ നമുക്കു മുന്നിലേക്ക് ദിവസേനെ കടന്നു വരുന്നുണ്ട്.

ഏതൊരു മതവും മനുഷ്യന്റെ കണ്ണു തുറപ്പിക്കുന്നതിനു പകരം കണ്ണു മൂടിക്കെട്ടാന്‍ തുടങ്ങുമ്പോഴാണ് അബദ്ധങ്ങളിലേക്കു വഴുതുവാന്‍ തുടങ്ങുന്നത്. മതവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ അധികാരകേന്ദ്രങ്ങളുടെ ചതുപ്പിലൂടെ ഇത്തരം ഒരു പാട് വഴുക്കുന്ന പാതകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട് . ഇതിലൂടെയൊക്കെ അന്ധരായി നീങ്ങുന്നവര്‍ക്ക് തങ്ങള്‍ സ്ഥലകാല ബോധവും, ചിന്താശക്തിയും നഷ്ടപ്പെട്ട അതി വൈകാരികതയുടെ ചതുപ്പുകളിലൂടെയാണ് നീങ്ങുന്നതെന്ന ബോധം ഉണ്ടായിരിക്കില്ല. ഇത്തരം ചതുപ്പുകളില്‍ നിന്നും സ്വന്തം അനുയായികളെ നേര്‍വഴിക്കു നടത്തേണ്ട ഉത്തരവാദിത്വം ഓരോ മതത്തിന്റെയും തലപ്പത്തിരിക്കുന്നവര്‍ക്കുണ്ടാകേണ്ടതുണ്ട്. അതിനവര്‍ തുനിയുന്നില്ലെന്നു മാത്രമല്ല അണികള്‍ക്കായി കൂടുതല്‍ ദുസ്സഹമായ പാതകള്‍ ഒരുക്കുന്ന മത്സരങ്ങളിലാണ് നേതാക്കള്‍. ഇത്തരം ബുദ്ധിശുന്യതകള്‍ തത്തുല്യമായ ചതുപ്പുകളേയും, വഴുക്കുന്ന പാതകളേയും മറ്റു മതങ്ങളിലും വളര്‍ത്തും എന്നതിന് ഉദാഹരണങ്ങള്‍ തേടി ദൂരെ പോകേണ്ടതില്ല.    

ബി.ജെ.പി എന്ന ജാതിപാര്‍ട്ടിയുടെ (പേരില്‍ ജാതിയില്ലെങ്കിലും പോരില്‍ ഉണ്ടെന്നത് ഏവര്‍ക്കുമറിയാം) ഉദയവും, സ്വാതന്ത്ര്യത്തിനു ശേഷം വളരെയൊന്നും പച്ച പിടിക്കാതിരുന്ന ആര്‍.എസ്.എസ്സിന്റെ ഉയിര്‍ത്തെഴുന്നേല്ക്കലും, ശ്രീരാമ സേന, ബജരംഗ് ദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ മുള പൊട്ടലും, ശിവസേന പോലുള്ള പ്രാദേശിക പാര്‍ട്ടികളുടെ ഊര്‍ജ്ജ സംഭരണവുമെല്ലാം ഇത്തരം കിടമത്സരങ്ങളുടേയും വൈരങ്ങളുടെയും വിത്തുകളില്‍ നിന്നായിരുന്നു എന്നതല്ലെ സത്യം?

മതമേതായാലും ‘മനുഷ്യന്‍’ നന്നായാല്‍ മതി എന്നതിനു പകരം മനുഷ്യനെങ്ങനെയായാലും  ‘മതം’ നന്നായാല്‍ മതി എന്ന പുതിയ സൂക്തത്തിന്റെ ലഹരിയിലാണെല്ലാവരും‍. എല്ലാ മതങ്ങള്‍ക്കും, മതരഹിതര്‍ക്കും തുല്ല്യതയോടെ നിലനില്‍ക്കുവാന്‍ ഇന്ത്യയിലെ ജനാധിപത്യ സംവിധാനം നല്‍കിയിട്ടുള്ള സ്വാതന്ത്ര്യം ഇങ്ങിനെ ദുരുപയോഗപ്പെടുത്തുന്നവരെല്ലാം‍, ഇന്ത്യയുടെ മതേതരത്വത്തിലൂന്നിയ സവിശേഷ സ്വത്വത്തെത്തന്നെ കീറി മുറിക്കുകയാണ് ചെയ്യുന്നത്.  

ഓ.വി. വിജയനെപ്പോലെയുള്ള ഒരെഴുത്തുകാരന്റെ മഹത്വം മനസ്സിലാക്കാന്‍ കഴിയാത്തവരും, കൂമന്‍ കാവെന്ന സ്മൃതിമവനത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ വിറളി പിടിക്കുന്നവരും ഇന്ത്യന്‍ മതേതരത്വത്തിന്റെ സത്തയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ്.  എഴുത്തുകാരന്റെ കൈകളില്‍ വിലങ്ങുകളണിയിക്കാന്‍ തത്രപ്പെടുന്നവരും, വിരലുകളറുക്കാന്‍ വാളോങ്ങി നില്‍ക്കുന്നവരും, പ്രതിമകളെ വികൃതപ്പെടുത്തുന്നവരും സമാധാനത്തിന്റെ ആരാച്ചാര്‍മാരാണ്.

ഖസാക്കിന്റെ ഇതിഹാസം അവസാനിക്കുന്നിടത്ത് രവിക്കു സര്‍പ്പദംശമേല്‍ക്കുന്ന ഒരു രംഗമുണ്ട്. പാമ്പിന്റെ വരവ് വിജയന്‍ വര്‍ണ്ണിക്കുന്നതിങ്ങനെ -

“നീലനിറത്തിലുള്ള മുഖമുയര്‍ത്തി അവന്‍ മേല്പോട്ടു നോക്കി. ഇണര്‍പ്പു പൊട്ടിയ കറുത്ത നാക്കു പുറത്തേയ്ക്കു വെട്ടിച്ചു. പാമ്പിന്റെ പത്തി വിടരുന്നതു രവിയും കൌതുകത്തോടെ നോക്കി. വാത്സല്യത്തോടെ. കാല്പടത്തില്‍ പല്ലുകള്‍ അമര്‍ന്നു. പല്ലു മുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയാണ്. കാല്പടത്തില്‍ വീണ്ടും വീണ്ടും അവ പതിഞ്ഞു.“

ഖസാ‍ക്കിലെ ഗന്ധങ്ങളറിഞ്ഞ തന്റെ മൂക്കിന്റെ നേര്‍ക്ക്, ജീവിതങ്ങളുടെ പൊരുളുകളെ സുക്ഷമതയോടെ ദര്‍ശിക്കാനുപകരിച്ച കണ്ണുടയുടെ നേര്‍ക്ക്, വാക്കുകളുടെ തീരാമഴ പൊഴിച്ച ചുണ്ടുകളുടെ നേര്‍ക്ക് - കോട്ടക്കല്‍ രാജാ ഹൈസ്കൂളിലെ അഭിശപ്തമായ ഒരു രാത്രിയിലെ കൂരിരുട്ടിലൂടെ നീണ്ടു വന്ന മതഭ്രാന്തന്മാരുടെ കരങ്ങളില്‍ അവര്‍ തകര്‍ത്ത ചുണ്ടുകളുരസ്സി ഒരു പക്ഷേ വിജയനെന്ന മനുഷ്യസ്നേഹി പറയുമായിരിക്കും  - “വികൃതിയാണ്, സാരമില്ല“.

വിജയനങ്ങനെയാണ്. ദ്രോഹിച്ചവരെയെല്ലാം സ്നേഹിച്ചിട്ടേയുള്ളു. പക്ഷേ ഇത്തരം ദ്രോഹങ്ങള്‍ മലയാളക്കരയ്ക്കു താങ്ങാനാവുമോ അല്ലെങ്കില്‍ താങ്ങേണ്ടതുണ്ടോ എന്നതാണ് കാതലായ പ്രശ്നം.


(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)