2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

ഉറക്കം കെടുത്തുന്ന എഴുത്തുകള്‍

ചിലര്‍ക്ക് സത്യത്തെ ഭയവും വെറുപ്പുമാണ്. എപ്പോഴും അതിനെ തമസ്കരിക്കുവാനോ മൂടിവയ്ക്കുവാനോ ആയിരിക്കും അവരുടെ ശ്രമങ്ങളെല്ലാം. ചരിത്രത്തിലുടനീളം ഇത്തരം ഗൂഢശ്രമങ്ങളുടെ കറുത്ത അടയാളങ്ങള്‍ കാണാം.

രാമായണം നമ്മുടെ ആദ്യകാല ക്ലാസ്സിക്ക് കൃതികളില്‍ ഒന്നാണ്. ആദ്യകവി വാത്മീകിയാല്‍ വിരചിതം എന്നു പരക്കെ വിശ്വസിക്കപ്പെടുന്നു. രാമായണത്തിലെ കഥാപാത്രങ്ങള്‍ക്കും, കഥകള്‍ക്കും, കഥാസന്ദര്‍ഭങ്ങള്‍ക്കും നിരവധി വ്യാഖ്യാനങ്ങളും പുനരാഖ്യാനങ്ങളുമുണ്ടായിട്ടുണ്ട്. ചെറുപ്പം മുതലേ ഹിന്ദു കുടുംബങ്ങളില്‍ നിത്യപാരായണത്തിനുപയോഗിക്കുന്ന ഒരു കൃതി എന്നതിനാല്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് രാമായണത്തിന്റെ വേരുകള്‍ ആഴത്തില്‍ ഇറങ്ങിച്ചെന്നിട്ടുണ്ട്. ഭാരതം വിട്ട് പുറം രാജ്യങ്ങളിലും രാമായണം ചെലുത്തിയ സ്വാധീനം നിസ്സാരമല്ല.


അങ്ങിനെ പല ദേശങ്ങളില്‍, പല കാലങ്ങളില്‍ വാമൊഴിയായും, വരമൊഴിയായും പടര്‍ന്ന രാമായണത്തിന് നിരവധി ഭാഷ്യങ്ങളുമുണ്ടായിട്ടുണ്ട് എന്നത് തികച്ചും സ്വാഭാവികം മാത്രം.  പ്രശസ്തനായ ഏ.കെ. രാമാനുജം എഴുതിയ ‘Three Hundred Ramayana’s: Five Examples and Three Thoughts on Translations” ( ‘300 രാമായണങ്ങള്‍ - അഞ്ച് ഉദാഹരണങ്ങളും വിവര്‍ത്തനങ്ങളെപ്പറ്റിയുള്ള മൂന്ന് ചിന്തകളും)” എന്ന ലേഖനത്തില്‍ ഇക്കാര്യം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഈ ലേഖനം കഴിഞ്ഞ ഇരുപതോളം വര്‍ഷങ്ങാളായി ദില്ലി യൂണിവേഴ്സിറ്റിയുടെ ബി.ഏ. പാഠ്യപദ്ധയില്‍ ഉള്‍പ്പെടുത്തി പഠിപ്പിച്ചു വരുന്നുണ്ട്.


അങ്ങിനെയിരിക്കെ ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ല എന്ന് ബി.ജെ.പി. എന്ന രാഷ്ട്രീയപ്പാര്‍ട്ടിക്ക് തോന്നാന്‍ തുടങ്ങുകയും, ബി.ജെ.പി തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി.യിലൂടെ പ്രസ്തുത ലേഖനം പാഠ്യപദ്ധതിയില്‍ നിന്നു തന്നെ നീക്കം ചെയ്യണമെന്നു കാണിച്ച് പ്രക്ഷോഭം അഴിച്ചു വിടുകയുമുണ്ടായി. പ്രശ്നം സുപ്രീം കോടതിയുടെ പരിഗണയ്ക്ക്
വരികയും കോടതി ഒരു 4 അംഗ കമ്മിറ്റിയെ വച്ച് പ്രശ്നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഏല്‍പ്പിക്കുകയുമുണ്ടായി. പ്രശ്നം പഠിച്ച 4 കമ്മിറ്റിക്കാരില്‍ മൂന്നു പേര്‍ക്കും ലേഖനത്തില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെ. സംഗതികള്‍ ഇങ്ങിനെയായിരിക്കെ ലേഖനം പാഠ്യപദ്ധതിയില്‍ നിന്നും നീക്കുവാന്‍ കമ്മിറ്റിയുടെ തീരുമാനത്തെ മറികടന്ന് യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൌണ്‍സില്‍ തീരുമാനിച്ചിരിക്കുന്നു എന്നതാണ് കൌതുകകരമായ വാര്‍ത്ത. http://www.tehelka.com/story_main50.asp?filename=Ws241011RAMAYANA_RUCKUS.asp


രാമായണം എന്ന സീരിയല്‍ പുറത്തു വന്നതിനു ശേഷമായിരുന്നു ബി.ജെ.പി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടം ഉറപ്പിച്ചതെന്നത് ചരിത്രമാണ്. (രാമാനന്ദ് സാഗറിന്റെ ടി.വി.സീരിയലും അതിനു ശേഷം അദ്വാനി നടത്തിയ രഥയാത്രയും ഈ ഇടം ഉറപ്പിക്കലിന്റെ മുന്നോടിയായിരുന്നു എന്ന കാര്യം ഓര്‍മ്മപ്പെടുത്തുകയാണിവിടെ). തങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിനുതകിയ രാമായണത്തില്‍ നിന്നും ഭിന്നമായി വേറൊരു രാമായണമോ? അതു പാടില്ല എന്നതാണ് ബി.ജെ.പി. ഭാഷ്യത്തിന്റെ രത്നച്ചുരുക്കം.


രാമായണത്തിലെ പല ഭാഗങ്ങളും പല ആളുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന പ്രബലമായ വാദങ്ങള്‍ നിലനില്‍ക്കെ, രാമായണത്തിനു തന്നെ മുന്നൂറില്‍പ്പരം ഭാഷ്യങ്ങള്‍ നിലവിലുണ്ട് എന്ന സത്യം എന്തു കൊണ്ട് ഹൈന്ദവ മതത്തിന്റെ അനുയായികള്‍ക്ക് അനഭിമതമാകണം. ഇവിടെയും സത്യം നിലനില്‍ക്കണം എന്നതിനേക്കാള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമാകുന്നത് ഏതാണോ, സത്യമല്ലെങ്കില്‍പ്പോലും അത് സത്യമാണെന്ന് അംഗീകരിക്കപ്പെടണം എന്ന ബാലിശമായ വാദഗതിയാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നു കാണാം. രാമാനുജത്തിന്റെ ലേഖനം താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
http://www.sacw.net/IMG/pdf/AKRamanujan_ThreeHundredRamayanas.pdf


ഈയടുത്ത് കേരളത്തില്‍ ഉണ്ടായ സമാനമായ ഒരു സംഭവം ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. പത്താം ക്ലാസ്സിലെ സാമൂഹ്യപാഠ പുസ്തകത്തിലെ ചരിത്ര സത്യങ്ങളില്‍ ക്രൈസ്തവ സഭയ്ക്ക് മ്ലേച്ഛമെന്നു തോന്നിയ ഭാഗങ്ങള്‍ മുറിച്ചു മാറ്റുവാന്‍ നടത്തിയ ശ്രമങ്ങള്‍. യൂറോപ്പിലെ നവോത്ഥാന കാലഘട്ടത്തെത്തുടര്‍ന്നു സമൂഹത്തിലുണ്ടായ വന്‍ മാറ്റങ്ങളെക്കുറിച്ചുള്ള പാഠത്തില്‍ ക്രിസ്തുമത അധികാരികളുടേയും, പ്രഭുക്കന്മാരുടേയും ദുര്‍ഭരണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഉണ്ടെന്നതാണ് സഭയ്ക്ക്  തലവേദനയുണ്ടാക്കുന്നത്.  ഏറ്റവും  രസകരമായ കാര്യം വളരെക്കാലങ്ങളായി പ്രസ്തുത പാഠപുസ്തകത്തില്‍ പറയുന്ന ഭാഗങ്ങള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പഠിച്ചു കൊണ്ടിരുന്നവയാണെന്നും ഇപ്പോഴാണ് അതുണ്ടാക്കുന്ന പ്രതിഛായാ നഷ്ടത്തെപ്പറ്റിയും സഭയ്ക്ക് ബോധം വന്നതും എന്നതാണ്.  കുട്ടികള്‍ യഥാര്‍ത്ഥത്തിലുള്ള ചരിത്രം പഠിക്കുന്നത് സഭയെ വല്ലാതെ സംഭ്രമിപ്പിക്കുന്നുണ്ട് എന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. ഇതിനെക്കുറിച്ചു പഠിക്കുവാന്‍ നിയോഗിക്കപ്പെട്ട ബാബു പോള്‍ കമ്മിറ്റി സഭയുടെ ദുരാഗ്രഹങ്ങള്‍ക്കു മുന്നില്‍ മെഴുകുതിരി പോലെ ഉരുകി സഭയോടു ചേര്‍ന്നത് ചരിത്രബോധം എന്നത് ചിന്തിക്കുവാനുള്ള മനുഷ്യന്റെ കഴിവിനെ വന്ധീകരിച്ചു കൊണ്ടുള്ളതാണ് എന്ന് അടിവരയിട്ടു സ്ഥാപിച്ചു.

“ചരിത്രപഠനം ചരിത്രത്തെ ആക്ഷേപിക്കലല്ല; ചരിത്രത്തെ വികലമാക്കുന്ന പ്രവൃത്തിയുമല്ല. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കില്‍  അതുമാത്രം കണ്ടെത്തുന്നതും പൊതുജനസമക്ഷം അവതരിപ്പിക്കുന്നതും ചരിത്രപഠനമല്ല. ചരിത്രപഠനം എന്നതു ചരിത്രത്തിൽനിന്നു പാഠം പഠിക്കുകയാണ്‌. അതിനു സത്യസന്ധമായ സമഗ്രവീക്ഷണം കൂടിയേ തീരൂ.“ - സഭയെ ആക്ഷേപിക്കാന്‍ ചരിത്ര ദുര്‍വ്യാഖ്യാനം - എന്ന തന്റെ ലേഖനത്തില്‍   ബിഷപ് മാര്‍ ജോസഫ് കല്ലാര്‍‌റങ്ങാട്ട് ചരിത്രമെന്താണെന്ന് എഴുതിവിടുന്നത് കേട്ടാല്‍ നാം മൂക്കത്തു വിരല്‍ വച്ചുപോകും.  http://mym.smcnews.com/2011/05/blog-post_19.html  ചരിത്രം നടന്ന കാര്യങ്ങളുടെ സത്യസന്ധമായ രേഖപ്പെടുത്തലുകളാണെന്നിരിക്കെ കഴിഞ്ഞതെന്തായിരുന്നുവോ അതാണ് ചരിത്രം. അതില്‍ മുറിച്ചു മാറ്റലുകളോ, വെള്ള പൂശലുകളോ നടത്തിയാല്‍ ചരിത്രമാകില്ല.  ചരിത്രത്തെ അംഗീകരിക്കാനുള്ള ആര്‍ജ്ജവം പോലുമില്ലാത്തവര്‍ ചരിത്രത്തില്‍ നിന്നും എന്താണ് പഠിക്കുക.


പിറകോട്ടു നോക്കിയാല്‍ ഇനിയും കാണാം ഇത്തരം സംഭവങ്ങള്‍. റോഹിന്റണ്‍ മിസ്തിരിയുടെ “സച് എ ലോംഗ് ജേണി” (such a long journey - by Rohinton Mistry) എന്ന പുസ്തകം മുംബെ യൂണിവേഴ്സിറ്റിയുടെ രണ്ടാം വര്‍ഷ ബി.എ. സിലബസ്സില്‍ നിന്നും 20 വര്‍ഷത്തെ പഠിപ്പിക്കലിനു ശേഷം ഇതേ പോലെ തന്നെ പിന്‍‌വലിക്കപ്പെടാനിടയായത്  കഴിഞ്ഞ സെപ്തംബറില്‍. ഇതിനു പിന്നിലാകട്ടെ ശിവസേനയുടെ വിദ്യാര്‍ത്ഥി സംഘടന (ഭാരതീയ വിദ്യാര്‍ത്ഥി സേന) യായിരുന്നു. കാരണം ശിവസേനയെ പ്രസ്തുത പുസ്തകത്തില്‍ മോശമായി ചിത്രീകരിച്ചിട്ടുണ്ടത്രെ. ഇവിടേയും തങ്ങള്‍ക്കിഷ്ടമല്ലാത്തത് ചരിത്രമായാലും കഥയായാലും സഹിഷ്ണുതയോടെ പ്രതികരിക്കാനുള്ള കഴിവ് ഇത്തരം സംഘടനകള്‍ക്കു നഷ്ടമായി എന്നതാണ്.
http://www.indianexpress.com/news/after-20-years-such-a-long-journey-hits-sen/691700/
(Reading of excerpts from Rohinton Mistry’s book - 18 Oct 2010 Mumbai) http://www.sacw.net/article1626.html


മുകളില്‍ പറയുന്ന മൂന്നു സംഭവങ്ങളും കാണിക്കുന്നത് തങ്ങള്‍ക്ക് അനഭിമതമെന്നു തോന്നുന്നത് സമൂഹത്തിന്റെ മസ്തിഷ്കത്തില്‍ നിന്നും മായ്ച്ചു കളഞ്ഞ് അഭിമതമായതു ഏകപക്ഷീയമായി കുത്തി നിറക്കാനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമാണ്. ഇത്തരം നീക്കങ്ങള്‍ക്കു പിറകില്‍ വര്‍ത്തിക്കുന്ന ശക്തികള്‍ ഭൂരിപക്ഷ ഇന്ത്യന്‍ ജനതയുടെ സ്വരമല്ലാതിരിക്കുമ്പോഴും, അവരെടുക്കുന്ന തീരുമാനങ്ങള്‍ ഭൂരിപക്ഷത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ അവര്‍ക്കു കഴിയുന്നു എന്ന കാഴ്ച വളരെയധികം ഭീതിതമാണ്. ഇത്തരം അടിപ്പെടലുകള്‍  വിജ്ഞാനത്തെ വികലമാക്കുകയാണ് ചെയ്യുന്നത്.


മതാതിഷ്ഠിത രാഷ്ട്രങ്ങളില്‍ തങ്ങളുടേതില്‍ നിന്നും ഭിന്നമായ ചിന്തകള്‍ക്കു വിലങ്ങിട്ടിരിക്കുന്നതു പോലെ, ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്നഭിമാനിക്കുന്ന  ഭാരതത്തില്‍ സ്വതന്ത്ര ചിന്തകളുടെ ജിഹ്വകള്‍ക്ക് അടിക്കടി വിലങ്ങു വീണു കൊണ്ടിരിക്കുന്നു. എഴുത്തുകാര്‍ എന്തെഴുതണമെന്നും, വിദ്യാര്‍ത്ഥികള്‍ എന്തു പഠിക്കണമെന്നും മനുഷ്യരെ പരസ്പരം ലേബലുകളിട്ട് മാറ്റി നിര്‍ത്തുന്ന മാതാധിപന്മാരും, ഗുണ്ടാ രാഷ്ട്രീയക്കാരും തീരുമാനിക്കുന്ന ആസുരകാലത്തിലേക്ക് അതിവേഗം തള്ളിമാറ്റപ്പെട്ടു കൊണ്ടിരിക്കുകയാണു നാം.


അറിവ് വെളിച്ചമാണ്. അറിവാണ് നമ്മുടെ നിലനില്‍പ്പിന്റെ ആധാരം. അത് കലര്‍പ്പില്ലാത്തതാവണം. ആ അറിവില്‍ അന്ധകാരത്തിന്റെ വിഷം കലര്‍ത്തുന്നവര്‍ വലിയൊരു സാമൂഹ്യദ്രോഹമാണ് ചെയ്യുന്നത്.   തമസ്സോ മാ ജ്യോതിര്‍ഗമയ ... ഇരുളില്‍ നിന്നും വെളിച്ചത്തിലേക്കു നയിച്ചാലും എന്ന പ്രാര്‍ത്ഥനയാണ് ഭാരതീയ പാരമ്പര്യം.  പക്ഷെ  വെളിച്ചത്തെ ഇരുളാക്കുന്ന കാര്യത്തില്‍ തങ്ങളുടേതു മാത്രമാണ് തദ്ദേശീയ മതം എന്നഹങ്കരിക്കുന്ന ബി.ജെ.പി. - ശിവസേനാ കക്ഷികളും, വിദേശമണ്ണില്‍ നിന്നും ഇറക്കുമതിചെയ്യപ്പെട്ട മതത്തിന്റെ വക്താക്കളെന്ന് ആക്ഷേപിക്കപ്പെടുന്ന ക്രിസ്തുമത വിശ്വാസികളും തമ്മിള്‍ യാതൊരു വ്യത്യാസവുമില്ല.

2011, ജൂൺ 11, ശനിയാഴ്‌ച

എം.എഫ്. ഹുസൈനിന്റെ മരണം ഉണര്‍ത്തുന്ന ചില ചിന്തകള്‍ | M.F. Hussain

ഇന്ത്യക്കാരനായ വിശ്വവിഖ്യാത ചിത്രകാരന്‍ എം.എഫ്.ഹുസ്സൈന്‍ ലണ്ടനില്‍ വച്ചു മരണപ്പെട്ടു. ആഗ്രഹമുണ്ടായിട്ടും ഇന്ത്യയില്‍ തന്റെ അന്ത്യ കാലങ്ങള്‍ ചിലവിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ദൈവങ്ങളെയും, മനുഷ്യരേയും നഗ്നരാക്കി ചിത്രീകരിക്കുന്ന കര്യത്തില്‍ അദ്ദേഹം പക്ഷപാതം കാണിച്ചു എന്നതാണ് കാര്യം. പ്രത്യേകിച്ചും ഹൈന്ദവ ദൈവങ്ങളുടെ നഗ്നത അദ്ദേഹത്തിന്റെ ബ്രഷിനിരയായപ്പോള്‍, ഒരു കോലാഹലമുണ്ടാക്കാന്‍ അവസരം പാര്‍ത്തു കാത്തു നിന്നവര്‍ മൈതാനം കയ്യടക്കുന്ന കാഴ്ചയാണു നാം കണ്ടത്. കോടതിക്ക് ഹുസൈന്‍ വരച്ച ചിത്രങ്ങളില്‍ വിവാദപരമായൊന്നും കാണാന്‍ കഴിയാതിരുന്നിട്ടും, ‘ഞങ്ങളിവിടെങ്ങുമില്ല കേട്ടോ‘ എന്ന മട്ടില്‍ നിന്ന ഭരണാധികാരികളുടെ നിസ്സംഗത ഉറഞ്ഞു മഞ്ഞായിത്തീര്‍ന്നപ്പോള്‍ പിറന്ന നാട്ടില്‍ നിന്നും പലായനം ചെയ്യുക തന്നെ ഒരു ചിത്രകാരന്റെ വിധി.

വരയില്‍ പിക്കാസോയുടെ ശൈലി പിന്തുടര്‍ന്ന ഹുസൈന്‍, ഇന്ത്യന്‍ ചിത്രകലയെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുന്നതിന് വഹിച്ച പങ്ക് എക്കാലത്തും സ്മരിക്കുക തന്നെ ചെയ്യും. ഹൈന്ദവ ദൈവങ്ങളെത്തന്നെ വിവസ്ത്രരാക്കാന്‍ ഹുസൈന്‍ എന്തിനു ശ്രമിച്ചു എന്ന ചോദ്യം വളരെ പ്രസക്തമാണ്. ക്ഷുഭിത യൌവ്വനത്തിന്റെ കവിയെന്നറിയപ്പെടുന്ന നമ്മുടെ ബാലചന്ദ്രന്‍ ചുള്ളിക്കാടിനു വരെ ഇക്കാര്യത്തില്‍ സംഘപരിവാരങ്ങളുടെ ശബ്ദമണുണ്ടായിരുന്നത്. അതിനൊരുത്തരമേ നമുക്കു ചിന്തിക്കുവാന്‍ കഴിയൂ. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പുരാതന കാലം മുതല്‍ ഹൈന്ദവ സമൂഹം പുലര്‍ത്തിപ്പോന്നിരുന്ന വിശാലമായ കാഴ്ച്ചപ്പാടായിരുന്നിരിക്കണം എം.എഫ്. ഹുസൈനിന്റെ ഭാവനയ്ക്ക് ഇത്ര മേള്‍ സ്വതന്ത്രമായി വിഹരിക്കുവാനവസാരം കൊടുത്തത്. ഇതിനൊരപവാദമുണ്ടായത് സംഘപരിവാരങ്ങളുടെ  വേരുകളും ശിഖരങ്ങളും ഹൈന്ദവ സമൂഹത്തിനുമേള്‍ പടരുവാനും പന്തലിക്കുവാനും തുടങ്ങിയപ്പോളാണ്. നിര്‍ഭാഗ്യവശാല്‍ ഹുസൈനിന്റെ കാലവും ഈ ഘട്ടത്തിലായിപ്പോയെന്നു മാത്രം. ഹൈന്ദവ മേഖല വിട്ട് മറ്റു മതങ്ങളുടെ ദൈവനഗ്നതകളിലേക്കായിരുന്നു ഒരു പക്ഷേ  ഹുസൈനിന്റെ ബ്രഷുകള്‍ ചലിച്ചിരുന്നതെങ്കിലോ?  ബ്രഷുകളോ, ചായങ്ങളോ ഇല്ലാത്ത ഒരു ലോകത്തേക്ക് അദ്ദേഹം എന്നേ യാത്രയായേനെ.

പല വട്ടം ചര്‍ച്ച ചെയ്തതാണെനിലും ഇനിയൊരിക്കലും ‘നിര്‍മ്മാല്യം’ പോലൊരു സിനിമയെടുക്കുവാന്‍ എം.ടി. യും, ‘ഭഗവത് ഗീതയും കുറേ മുലകളും’ എഴുതാന്‍ ബഷീറിനോളം പോന്ന ഒരെഴുത്തുകാരനും ചിന്തിക്കുന്നതിനു പോലും സാധിക്കാത്ത വിധം കാര്യങ്ങള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.   ഹുസൈനിന്റെ വിധിക്കു സമാനമാണ് സല്‍മാന്‍ റുഷ്ദിയുടേയും, തസ്ലീമ നസ്രീനിന്റേയും അവരുടെ പാതകള്‍ പിന്തുടരുന്നവരുടെയും അവസ്ഥകള്‍. അവരെല്ലാവരും നാളെ തങ്ങളുടെ പിറന്ന മണ്ണില്‍ നിന്നകന്ന് ഈ ഭൂമിയോടു വിട പറയേണ്ടി വരും.


(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)


2011, ജനുവരി 25, ചൊവ്വാഴ്ച

ഭീംസെന്‍ ജോഷി | BHIMSEN JOSHI

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അതുല്ല്യനായ മറ്റൊരുപാസകന്‍ കൂടി അന്തിമമായ മോക്ഷത്തിലേക്കലിഞ്ഞു ചേര്‍ന്നിരിക്കുന്നു.

സാവലേ സുന്ദര് രൂപ് മനോഹര്
രാഹോ നിരന്തര് ഹൃദയീ മാഝേ ..

ഭീംസെന്‍ ജോഷി പാടുമ്പോള്‍, നമ്മള്‍ പാട്ടു കേള്‍ക്കുകയല്ല, പാട്ടായി മാറുകയാണ് ചെയ്യുന്നത്.

പ്രൌഡഗംഭീരമാര്‍ന്ന ശബ്ദസൌകുമാര്യം കൊണ്ടും, തനിക്കു മാത്രം സ്വന്തമായ സവിശേഷതയാര്‍ന്ന ആലാപന ശൈലി കൊണ്ടും കേള്‍വിക്കാരനെ പാ‍ട്ടിന്റെ മാസ്മരികതയിലേക്കാവാഹിക്കുവാന്‍ അദ്ദേഹത്തിനുള്ള കഴിവ് അപാരമായിരുന്നു.

‘വന്ദേമാതരം‘ പല കണ്ഠങ്ങളിലൂടെയും പല രൂപ ഭാവ താളക്കൊഴുപ്പുകളോടെ നമ്മുടെ മുന്നിലെത്തിയിട്ടുണ്ടെങ്കിലും, ഭീംസെന്‍ ജോഷി പാടുമ്പോള്‍ അതിലൊളിച്ചിരിക്കുന്ന അമേയമായ ഒരു ശക്തി പുറത്തു വരുന്നതു പോലെ, അതിന്റെ ലയത്തില്‍ സ്വയം വിസ്മൃതരായി നമ്മുടെ ഇന്ദ്രിയങ്ങളും അദ്ദേഹത്തിനൊപ്പം “വ..ന്ദേ .....മാതരം” എന്ന ഉച്ചസ്ഥായിയിലേക്ക് ഉണരുന്നതു പോലെ.

ജന്മനാ തന്നെ സിരകളില്‍ ഉണ്ടായിരുന്ന സിംഗീതത്തിന്റെ കമ്പനം കൊണ്ടാകണം വെറും പതിനൊന്നാം വയസ്സില്‍ സംഗീതപഠനത്തിനായി ഗുരുവിനേയും തേടി വീടു വിട്ടിറങ്ങുവാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചത്. പത്തൊമ്പതാമത്തെ വയസ്സില്‍ അരങ്ങേറ്റം, ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ ആദ്യത്തെ ആല്‍ബം, ജീവിതം തന്നെ സംഗീതമാക്കിയ അദ്ദേഹത്തെ തേടിയെത്തിയ ഉപഹാരങ്ങളും, അംഗീകാരങ്ങളും നിരവധി.

“ജയ ദുര്‍ഗ്ഗേ, ദുര്‍ഗതി പരിഹാരിണീ ...
സാംബ വിതാരിണീ മാത ഭവാനി” എന്ന ദ്രുത ഗതിയിലുള്ള ഭജനയും, വളരെ സാവകാശത്തില്‍ മാത്രം പാടാറുള്ള “പിയാ തോ മാനത്ത് നാഹീ...” എന്ന തുമ്രിയും ഭീംസെന്‍ ജോഷിയുടെ അനുഗ്രഹീത ശബ്ദത്തിലൂടെ പാടിക്കേള്‍ക്കുമ്പോള്‍ നമ്മള്‍ ഏതോ പുതിയ ലോകങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവമുണ്ടാകുന്നു.

അദ്ദേഹത്തിന്റെ ഓരോ ആലാപനവും ഓരോ പുതിയ അനുഭൂതിയാണ് സമ്മാനിക്കുന്നത്. മിസ്റ്റിക് കവിയായ കബീര്‍ദാസിന്റെ കൃതികള്‍ ഭീംസെന്‍ ജോഷിയുടെ ആലാപനത്തില്‍ നീരാടിയുണരുന്ന അനുഭവം അനിര്‍വചനീയം തന്നെ.

“യേ തന്‍ മുണ്ടനാബെ മുണ്ടനാ... ആഖിര്‍ മട്ടീ മേ മില്‍ ജാനാ ..”
“ബീത് ഗയേ ദിന്‍ ഭജന് ബിനാ ....”

എന്നു തുടങ്ങിയ പാട്ടുകള്‍ എത്ര കേട്ടാലും മതി വരാതെ കേള്‍വിയെ മോഹിപ്പിച്ചു നിറുത്തുന്നു. കബീര്‍ കൃതികളുടെ അന്തര്‍ധാരയായ ആത്മീയതയും തത്വചിന്തയും അവയര്‍ഹിക്കുന്ന ഗരിമയോടെ പ്രകാശിപ്പിക്കുവാന്‍
ഭീസെന്‍ ജോഷിയുടെ കരുത്തുറ്റ ശബ്ദത്തിനല്ലാതെ മറ്റാര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടാകുമോ എന്ന് സംശയിക്കത്തക്കവിധം ഇഴചേര്‍ന്നു കിടക്കുന്നു സാഹിത്യവും ശബ്ദവും.

“ബാജേ മുരളിയാ ബാ..ജേ...” എന്നു തുടങ്ങുന്ന മനോഹരമായ ഗാനം അദ്ദേഹം ലതാ മങ്കേഷ്ക്കറോടൊത്താണ് പാടിയിരിക്കുന്നത്. ആദ്യത്തെ നാലു വരികളും, ആവര്‍ത്തനങ്ങളും കഴിഞ്ഞിട്ടാണ് “അധര ധരേ മോഹന് മുരളീ പര്, ഓഠ് പേ മായാ .. ബിരാ...ജേ....” എന്ന വരികള്‍ ജോഷിയുടെ ശബ്ദത്തിലേക്കു കൂടു മാറുന്നത്. പിന്നെ അനുപമമായ, രണ്ടു ശബ്ദങ്ങളും ചേര്‍ന്നൊരുക്കുന്നത് പറഞ്ഞറിയിക്കാനാവത്ത ഒരു സംഗീതാനുഭൂതിയുടെ ഉജ്ജ്വല മുഹൂര്‍ത്തങ്ങളാണ്.

ജോഷിയെപ്പറ്റി എഴുതിയാല്‍ മതി വരില്ല. തന്റെ അനശ്വരമായ ശബ്ദം മാനവ രാശിക്കായി സമര്‍പ്പിച്ചിട്ട് ഒരു രാഗം പാടിത്തീര്‍ന്നതു പോലെ കാലത്തിലേക്കു മറഞ്ഞ ആ മഹാ പ്രതിഭയുടെ ഓര്‍മ്മയ്ക്കു മുന്നില്‍ സാഷ്ടാംഗ പ്രണാമം.

(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)

2011, ജനുവരി 15, ശനിയാഴ്‌ച

ശബരിമല എന്ന ദുരന്തമല

ഭക്തിവ്യവസായത്തിന്റെ കുതിപ്പില്‍ ദു:ഖകരമായ ഒരേടു കൂടി എഴുതിച്ചേര്‍ത്തിരിക്കുന്നു ഇന്നലെ രാത്രി ശബരിമല വണ്ടിപ്പെരിയാറിലുണ്ടായ ദുരന്തം.

മകരജ്യോതി നന്നായി കാ‍ണുവാനായി വണ്ടിപ്പെരിയാറിലെ ‘പുല്‍മേട്’ എന്ന സ്ഥലത്ത് തടിച്ചു കൂടിയിരുന്ന ഭക്തരാണ് തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടമായവരിലധികവും എന്ന് അറിയുന്നു. കേടു വന്ന ഒരു ജീപ്പ് തള്ളിമാറ്റുന്നതിനിടയില്‍ അതു മറിയുകയും മകരജ്യോതി കണ്ട് മടങ്ങുകയായിരുന്ന ഭക്തന്മാര്‍ അതിനടിയില്‍പ്പെടുകയുമാണുണ്ടായിരുന്നത് എന്നും, റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറില്‍പ്പരം ഭക്തന്മാരുടെ ജീവന്‍ അപകടത്തിലാവുകയും ചെയ്തു.

ശബരിമലയില്‍ ഇതിനു മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതൊന്നും സര്‍ക്കാരിനേയോ, ദേവസ്വം ബോര്‍ഡിനേയോ, ഭക്തന്മാരേയോ ബാധിക്കുന്നില്ല.

ഭക്തി ഒരു തരം ലഹരി തന്നെയാണ്. ഈ ലഹരിയിലാണ് ആളുകള്‍ ഉറഞ്ഞു തുള്ളുന്നതും, കൂട്ടത്തോടെ ശരണം വിളിക്കുകയോ, പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നതും. ഭക്തി കയറുന്ന സമയത്ത് സ്ഥലകാലങ്ങളെപ്പറ്റി മറക്കുന്നവരാണധികവും. ആ സമയത്ത് അപകടത്തേക്കാളേറെ അവരെ നയിക്കുന്നത് എത്രമാത്രം പുണ്യം നേടിയെടുക്കാനാകും എന്ന ചിന്തയാണ്. പുണ്യം നേടി സ്വന്തം വീടുകളില്‍ കാത്തിരിക്കുന്നവരുടെ അടുത്തെത്താനാവാതെ പാവം ഭക്തര്‍ ദയനീയമായി ചവിട്ടിയരക്കപ്പെടുകയോ, കൊക്കകളിലേക്ക് വീണ് ജീവന്‍ വെടിയുകയോ ചെയ്യുന്നു എന്നത് ഈ വ്യവസായത്തെ തീരെ ബാധിക്കുന്നില്ല എന്നു കാണാം.  

മകരജ്യോതിയുടെ വിശ്വാസ്യതയെപ്പറ്റി നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടും, വ്യക്തവും കൃത്യവുമായ ഒരു മറുപടി തരാന്‍ ഗവര്‍മ്മെന്റിനോ മറ്റു ബന്ധപ്പെട്ട ആളുകള്‍ക്കോ കഴിഞ്ഞിട്ടില്ല എന്ന കാര്യം ബാക്കി നില്‍ക്കുന്നു.  

ബിവറേജ് കോര്‍പ്പറേഷന്റെ വരുമാനത്തില്‍ നിന്നെന്ന പോലെ ശബരിമലയിലെ വരുമാനത്തില്‍ നിന്നും പങ്കു പറ്റുന്ന ഗവര്‍മ്മെന്റിനും ശബരി മലയില്‍ നടക്കുന്ന സംഭവങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കാതെ ഇതു വരെ നില നിന്നു പോന്ന ദുരൂഹത അതേ പടി നിലനിര്‍ത്തുവാനാണ് ആഗ്രഹം. അതേ സമയം, കൊല്ലം തോറും വര്‍ദ്ധിച്ചു വരുന്ന ഭക്തജന പ്രവാഹത്തിന് വേണ്ടത്ര സൌകര്യങ്ങളൊരുക്കുക എന്ന സാമാന്യ മര്യാദ പോലും കാണിക്കാത്ത ഗവര്‍മ്മെന്റു നയങ്ങളും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനു കാരണമാകുന്നു.

ദുരന്തങ്ങളുയര്‍ത്തിയ കോലാഹലങ്ങള്‍ കെട്ടടങ്ങുമ്പോള്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ലാവണങ്ങളിലേക്ക് തിരിച്ചു പോകും. ഈ രക്തത്തില്‍ ഞങ്ങള്‍ക്കു പങ്കില്ല എന്ന മട്ടില്‍ നിസ്സംഗരായിരിക്കുന്ന ദൈവങ്ങളെപ്പോലെ ഗവര്‍മ്മെന്റുകളും നിശ്ശബ്ദരാകും.