2009, ജൂൺ 9, ചൊവ്വാഴ്ച

അഭയ - ലാവ്‌ലിന്‍ സമാനതകള്‍

കുറ്റകൃത്യങ്ങളിലും അഴിമതികളിലും ആരോപണ വിധേയരായവരെ സംരക്ഷിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ക്ക് കുറച്ചു നാളുകളായി നമ്മള്‍ സക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. അഭയക്കേസില്‍ നാമിതു കണ്ടു കഴിഞ്ഞു. ഒരു വശത്ത് സത്യം ജയിക്കണമെന്ന് ആഗ്രഹമുള്ളവരുടെ ചെറിയൊരു സംഘം. മറുവശത്താകട്ടെ പ്രതിചേര്‍ക്കപ്പെട്ടവരും അവരെ അമിതമായി പിന്താങ്ങുന്നവരുമടങ്ങിയ, തങ്ങളുടെ ഭാഗം മാത്രം ജയിക്കണമെന്ന പിടിവാശിയുള്ള, ബൃഹത്തായ ജനാവലി. ഇടക്കിടെ ചില ചീറ്റലുകളും പൊട്ടിത്തെറികളും നടത്തിക്കൊണ്ടിരിക്കുന്ന ആ കേസ് ഇപ്പോള്‍ നിശ്ശബ്ദമാണ്. എന്തെങ്കിലും കാര്യമായി നടക്കുന്നുണ്ടോ എന്ന് ഊഹിക്കാന്‍ പോലും പറ്റാത്ത തരത്തില്‍ മന്ദ ഗതിയിലാണ്. പ്രതികള്‍ക്കു ജാമ്യം കിട്ടിയതും, പതുക്കെപ്പതുക്കെ ജാമ്യവ്യവസ്തകള്‍ ഉദാരങ്ങളായതും പത്രമാധ്യമങ്ങളിലെ അപ്രധാന വാര്‍ത്തകളായിത്തീര്‍ന്നിരിക്കുന്നു.


സംഭവങ്ങളോട് വളരെയേറെ സമാനതകള്‍ പുലര്‍ത്തുന്ന ഒരു വിവാദമായി മാറിയിരിക്കുന്നു എസ്.എന്‍.സി. ലാവലിന്‍ അഴിമതിക്കേസിലെ പിണറായി വിജയന്റെ ഭൂമിക. ക്രിസ്തുമത പ്രചാരകരായ വൈദികരെ വിശ്വാസികള്‍ എങ്ങിനെ കാണുന്നു എന്നതു പോലെത്തന്നെയാണ് കമ്മ്യൂണിസ്റ്റ് ആശയ പ്രചാരകരായ നേതാ‍ക്കന്മാരെ അണികള്‍ കാണുന്നതും. അവരുടെ ജീവിതം സമൂഹത്തിനു മാതൃകയായിരിക്കണം, ഭീരുത്വമാര്‍ന്ന ഉള്‍വലിയലല്ല, ധീരതയോടെയുള്ള മുന്നേറ്റമായിരിക്കണം അവരുടെ പ്രവൃത്തികള്‍ എന്നൊക്കെ നാം ആത്മാര്‍ത്ഥമായി വിശ്വസിച്ചു‍. പക്ഷെ വിവാദങ്ങളെ ധീരതയോടെ നേരിടേണ്ടതിനു പകരം ആരോപിതനായ നേതാവ് അണിയറയിലേക്കു പിന്‍‌വലിയുന്നതും, പൊതുമേഖലയ്ക്കു വേണ്ടി നിരന്തരം വാദിക്കുന്ന നേതാക്കള്‍ അനുയായികളെ ഇളക്കി വിട്ട് പൊതുമുതല്‍ നശിപ്പിക്കുന്നതും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു തന്നെ അപമാനകരമായ കാഴ്ചയായി മാറിയിരിക്കുന്നു എന്നത് ഒരു ദു:ഖകരമായ സത്യം മാത്രം.

കുട്ടിക്കുരങ്ങന്മാരായ പാര്‍ട്ടി അണികളെ തെരുവിലേക്കിറക്കി വിട്ടും (ഇത് മുംബെയില്‍ ശിവസേനക്കാര്‍ നടത്തുന്ന ഗുണ്ടാ വിളയാട്ടങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു), തന്റെ അജ്ഞാനുവര്‍ത്തികളായ നേതാക്കന്മാരെ ജിഹ്വകളാക്കിയും, പാര്‍ട്ടിയിലെ ഭൂരിപക്ഷം കാട്ടി കേന്ദ്ര നേതൃത്വത്തെ വരുതിക്കു നിര്‍ത്തിയും നേതാവിന്റെ അശ്വമേധം അരങ്ങേറിക്കൊണ്ടിരിക്കുന്നു. പള്ളികള്‍ ചെയ്തതു പോലെ പാര്‍ട്ടി പത്രം ഇടയലേഖനങ്ങളിറക്കിക്കൊണ്ടിരിക്കുന്നു. ഒരു വശത്ത് അഴിമതിക്കെതിരേയുള്ള പോരാട്ടങ്ങളിലൂടെ ജനപ്രശംസ നേടാനായെങ്കിലും, മുഖ്യമന്ത്രിയായപ്പോള്‍ ബന്ധനസ്ഥനാകേണ്ടി വന്ന അച്ചുതാനന്ദനും ചുരുക്കം അനുയായികളുമടങ്ങുന്ന ചെറിയൊരു സംഘം. മറുവശത്ത്, മന്ത്രിമാരുടേയും, നേതാക്കളുടേയും, ബുദ്ധിജീവികളുടേയും, കോടീശ്വരന്മാരായ അഭ്യുദയകാംക്ഷികളുടേയും വലിയൊരു നിര.

കുരിശ്ശിലേറ്റപ്പെട്ടവന്‍ എന്ന പ്രതിഛായ നേതാവിനു വേണ്ടി മന:പൂര്‍വ്വം ഉണ്ടാക്കിയെടുക്കുവാന്‍ കിണഞ്ഞു ശ്രമിക്കുന്ന പരിചാരകവൃന്ദം. അനുയായികളില്‍ നിന്നു പരിചാരകര്‍ എന്ന നിലയിലേക്ക് തരം താണ സഖാക്കള്‍ക്ക് മറ്റെന്താണ് ചെയ്യാനാവുക? സത്യം എന്തായിരുന്നാലും, നേതാവിന്റെ ഇമേജ് നഷ്ടപ്പെടാതെയിരിക്കണം. SALUTE THE LEGEND .

ഭയക്കേസില്‍ സഭയുടെ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞ പാര്‍ട്ടി ഇപ്പോള്‍ അതേ നയങ്ങള്‍ തന്നെ നേതാവിനു വേണ്ടി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ തന്റേതായ ഒരു അജണ്ട നടപ്പിലാക്കാന്‍ നേതാവ് പാര്‍ട്ടി സംവിധാനത്തെ വിദഗ്‌ധമായി ദുരുപയോഗം ചെയ്യുന്നു. "രാഷ്ടീയമായും, നിയമപരമായുമുള്ള നേരിടല്‍” ഇപ്പോള്‍ മാന്യതയുടെ എല്ലാ സീമകളേയും ലംഘിച്ചു കൊണ്ടിരിക്കുന്നു. ഇതെല്ലാം ജനകീയ അടിത്തറയുണ്ടെന്നു പറയുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു വന്നു ഭവിച്ചു കൊണ്ടിരിക്കുന്ന ഗുരുതരമായ രോഗാവസ്ഥയുടെ ബാഹ്യലക്ഷണങ്ങളാണ്. ഈ അപചയം തിരിച്ചറിയാനോ, തിരുത്താനോ ഔദ്യോഗിക പക്ഷത്തിനു കഴിയുന്നില്ലെന്നു മാത്രമല്ല, തങ്ങളുടെ നിലപാടാണു ശരി എന്ന് സമര്‍ത്ഥിക്കുവാന്‍ ഏതറ്റം വരെ പോകാനും തങ്ങള്‍ തയ്യാറാണെന്ന് അവര്‍ അനുദിനം തെളിയിച്ചു കൊണ്ടുമിരിക്കുന്നു

രസ്പരം പോരാടിക്കൊണ്ടിരുന്ന മതസ്ഥാപനങ്ങളും, തൊഴിലാളി പ്രസ്ഥാനങ്ങളും പൊടുന്നനെ ഒരേ സ്വരത്തില്‍, ഒരേ രാഗത്തില്‍, ഒരേ താളത്തില്‍ പാടാന്‍ തുടങ്ങുന്ന ആസുരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നു എന്നത് തികച്ചും ഭീതിജനകമാണ്. ഈ അപചയം തിരിച്ചറിയാനോ, തിരുത്താനോ ഔദ്യോഗിക പക്ഷത്തിനു കഴിയുന്നില്ലെന്നു മാത്രമല്ല, തങ്ങളുടെ നിലപാടാണു ശരി എന്ന് സമര്‍ത്ഥിക്കുവാന്‍ ഏതറ്റം വരെ പോകാനും തങ്ങള്‍ തയ്യാറാണെന്ന് അവര്‍ അനുദിനം തെളിയിച്ചു കൊണ്ടുമിരിക്കുന്നു. അതുകൊണ്ടു തന്നെ മറുപക്ഷത്തിന്റെ എല്ലാ കുതന്ത്രങ്ങളും പാളുന്നതു കാണുമ്പോഴുള്ള അച്യുതാനന്ദന്റെ ചിരിക്ക് വളരെയേറെ മാനങ്ങളുണ്ട്. അഴീക്കോടിനെപ്പോലുള്ളവര്‍ക്ക് അത് വഞ്ചകന്റെ ചിരിയാകുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അപചയം സാംസ്കാരിക മേഖലയിലേക്കു കൂടി പടര്‍ന്നു പിടിച്ചിരിക്കുന്നു എന്നതിന്റെ പ്രകടമായ തെളിവാണ്. എന്തു ത്യാഗം സഹിച്ചും മുഖ്യനെ പുകച്ചു പുറത്തു ചാടിക്കണം എന്നതു മാത്രമാണ് ലക്ഷ്യം. മറ്റു മന്ത്രിമാരെയൊക്കെ രാജിവെപ്പിച്ചാണെങ്കില്‍പ്പോലും.

പാണ്ഡവരുടെ എണ്ണം എന്നത്തേയും പോലെ ശുഷ്കം, കൌരവരോ കളം നിറച്ചും. ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കയണ് സത്യത്തിനും നീതിക്കും വേണ്ടി പോരാടാനിറങ്ങിത്തിരിച്ചവര്‍. ഒരു പക്ഷേ അവരുടെ ഹൃദയമിടിപ്പുകളെ രണാശ്വങ്ങളുടെ കുളമ്പടികള്‍ ചവിട്ടിയമര്‍ത്തിയേക്കാം. അക്ഷൌഹിണികളുടെ പെരുങ്കാലുകള്‍ക്കു കീഴെ ഒരു കവിള്‍ രക്തമായി അവരുടെ ആത്മവീര്യം പുറത്തേക്കു വീണ് തണുത്തുപോയേക്കാം. അല്ലെങ്കില്‍ മറ്റൊരഭയ കേസ്സു പോലെ ഇഴഞ്ഞു നീങ്ങുന്ന അന്വേഷണമായി ഇതും മാറിയേക്കാം. അങ്ങിനെയൊന്നും സംഭവിക്കാതെയിരിക്കട്ടെ എന്ന് നമുക്കാശിക്കാം.

8 അഭിപ്രായങ്ങൾ:

Baiju Elikkattoor പറഞ്ഞു...

balanced observations :)

വീ കെ പറഞ്ഞു...

ശരിയാണ് പറഞ്ഞതത്രയും...
ഇതിന് പാർട്ടി നല്ല വില കൊടുക്കേണ്ടി വരും

ബാജി ഓടംവേലി പറഞ്ഞു...

:)

നട്ടപിരാന്തന്‍ പറഞ്ഞു...

മോഹനേട്ടന്റെ മറ്റോരു ചാട്ടുളി പ്രയോഗം...


നാട്ടില്‍ പോയപ്പോളറിഞ്ഞതാണ്, ഭൂരിപക്ഷം സഖാക്കളിലും അവര്‍ പുലര്‍ത്തുന്ന, വേദനിപ്പിക്കുന്ന ഒരു നിസംഗത.

മാത്രമല്ല അവര്‍ ആഗ്രഹിക്കുന്നു...വി.എസ് x പിണറായിക്ക് ശേഷം അതൊരു തെക്കന്‍ x വടക്കന്‍ യുദ്ധമാവാതിരിക്കാന്‍

പടയണി പറഞ്ഞു...

sathyam parauvan sathyamundayathi abhinanthanam,

അജ്ഞാതന്‍ പറഞ്ഞു...

Exactly right. Even in blog world how the Pinaryi faction treats and comment about people. They attack with third rated blogs and vulgar comments. Example the koolie blogging by Marichan

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

ബൈജു, വീ.കെ, ബാജി, നട്ട......,പടയണി, അജ്ഞാത

എല്ലാവര്‍ക്കും നന്ദി, വായന്യ്ക്കും, കമന്റുകള്‍ക്കും.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

സാജു (നട്ടപിരാന്തന്‍)വിന്റെ നിരീക്ഷണം വളരെ ഗൌരവമര്‍ഹിക്കുന്നു.കേരളത്തിലെ
കമ്മ്യൂണിസ്റ്റ് സഖാക്കള്‍ക്ക് ഇന്നുള്ള നിസ്സംഗതയ്ക്കു കാരണം, പാര്‍ട്ടിയുടെ ലക്ഷ്യം തെറ്റിയുള്ള പോക്കാണ് എന്നതില്‍ സംശയമില്ല. അടൂര്‍ ഗോപാലകൃഷ്ണന്റെ മുഖാമുഖം എന്ന സിനിമയിലെ സഖാവിന്റെ അതേ അവസ്ഥ. അന്ന് ആ സിനിമയെടുത്തതിന്റെ പേരില്‍ അടൂര്‍ സഖാക്കളുടെ തെറി കേട്ടതിന് കയ്യും കണക്കുമില്ല. ഇന്ന് ആ അവസ്ഥ സാധാരണക്കാരായ അണികളില്‍ സംജാതമായിരിക്കുന്നു.