2008, ഡിസംബർ 23, ചൊവ്വാഴ്ച

യുദ്ധമേഘങ്ങളോ വാനില്‍?

രാഷ്ട്രം എന്തിനും സന്നദ്ധമെന്ന് വിദേശകാര്യ മന്ത്രി. സേനാ നായകന്മാരുമായി നിരന്തരം മീറ്റിംഗുകള്‍ നടത്തുന്ന പ്രതിരോധമന്ത്രി.ലീവു വെട്ടിക്കുറച്ച് തിരിച്ചു വിളിപ്പിച്ചതിനാല്‍ തിരിച്ചു പോകുന്ന പട്ടാളക്കാര്‍. പോര്‍വിളിക്കു തയ്യാറെടുത്തു നില്‍ക്കുന്ന രാഷ്ടീയക്കാര്‍.വാര്‍ത്തകള്‍ക്കായി ചാനലുകള്‍ക്കു മുമ്പിലും ഇന്റര്‍നെറ്റിനു മുമ്പിലും ആര്‍ത്തിയോടെ കാത്തിരിക്കുന്ന ജനം. യുദ്ധമേഘങ്ങളോ വാനില്‍ എന്ന് സംശയിപ്പിക്കുവാന്‍ പറ്റിയ സാഹചര്യം.

ബോംബെ ആക്രമണം ഏല്പിച്ച ആഘാതത്തില്‍ നിന്നും നാം ഇനിയും മുക്തരായിട്ടില്ല. പെട്ടെന്നൊന്നും നമുക്കതിനു കഴിയുമെന്നും തോന്നുന്നില്ല. നിത്യേനയെന്നോണം യന്ത്രത്തോക്കുകളേന്തിയ കഥാപാത്രങ്ങളെ സിനിമകളില്‍ കണ്ടു കൈയടിക്കറുള്ള നാം ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നിരിക്കണം നിത്യജീവിതത്തില്‍ മരണവുമായിട്ടിങ്ങനെ ക്രൂരമായൊരു ബലാബലം. വിലപ്പെട്ട കുറേ മനുഷ്യ ജീവനുകളെ അതു നമ്മളില്‍ നിന്നും മുറിച്ചെടുത്തു. ആ മുറിവുകള്‍ ഒരു നെരിപ്പോടായി നമ്മുടെ മനസ്സിലെരിയുന്നുണ്ട്. ആ നെരിപ്പോടില്‍ എണ്ണപകര്‍ന്നു കൊണ്ട് ഒരു പാട് പേര്‍ നമുക്കു ചുറ്റും
അണിനിരന്ന് പടപ്പാട്ടുകള്‍ ആലപിക്കുന്നുണ്ട്. ഒരങ്കത്തിലേക്ക് കൂടി നമ്മളെ തള്ളിവിടുകയാണവരുടെ ലക്ഷ്യം.

അതിര്‍ത്തികളിലേക്ക് ബൂട്ടണിഞ്ഞ കാലുകള്‍ മാര്‍ച്ചു ചെയ്യുന്നു. വെടിക്കോപ്പുകള്‍ നിറച്ച വാഹന വ്യൂഹങ്ങള്‍ നീങ്ങുന്നു. എല്ലാ വിപണികളും തളരുമ്പോള്‍ ആയുധ വിപണികള്‍ ഉണര്‍ന്നു സജീവമാവുന്നു. അന്യ സംസ്ഥാനക്കാരെ മുഴുവന്‍ ബോംബെയില്‍ നിന്നും തുരത്തുവാന്‍ കച്ച കെട്ടിയിറങ്ങിയ ശിവസേനയുടെ വൃദ്ധനായ കടലാസുപുലി അലറുന്നു - ആക്രമണ്‍. ഭീഷണിയല്ല ആക്രമണമാണ് വേണ്ടതെന്നും ഉടന്‍ രാജ്യത്തുടനീളം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നും പുലി. ആദ്യം ഒപ്പം നില്‍ക്കാന്‍ വിസമ്മതിച്ച ബി.ജെ.പി. പിന്നെ കോണ്‍ഗ്രസിനോടു തോളോടു തോള്‍ ചേര്‍ന്നു. പക്ഷേ ഹേമന്ത് കര്‍ക്കരെയുടെ മരണത്തിലുള്ള ദുരൂഹത അന്വേഷിക്കണെമെന്ന് ആന്തുലെ പറഞ്ഞപ്പോള്‍ തനി നിറം പുറത്തു വന്നു. മാലെഗാവിലെ അലമാരിയില്‍ നിന്നും ബി.ജെ.പി. യുടെ അസ്ഥിപഞ്ജരങ്ങള്‍ പുറത്തു ചാടുമോ എന്ന പേടിയാവാമെന്ന് പൊതുജനത്തിനു തോന്നിപ്പിക്കുവാന്‍ കഴിഞ്ഞതു മിച്ചം. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഭുമിക കൂടി അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നിരിക്കെ, അധോലോകവും മുംബൈ പോലീസുമായുള്ള രഹസ്യബന്ധങ്ങള്‍ ജനങ്ങള്‍ക്കറിയാമെന്നിരിക്കെ, ഒരു പക്ഷെ ബി.ജെ.പി പ്രതികരിച്ചില്ലായിരുന്നുവെങ്കില്‍ ആന്തുലെ പ്രശ്നം ഇത്രമാത്രം ജനശ്രദ്ധ നേടുമായിരുന്നുവോ എന്ന് സംശയമാണ്.

ബോംബെ ആക്രമണത്തിനു പ്രതികാരം വീട്ടാന്‍ പാകിസ്ഥാന്‍ ആക്രമണം. ഇതാരുടെ പ്രത്യയശാസ്ത്രമാണ്? ബോംബെ
തെരുവുകളില്‍ ഇടക്കിടക്ക് അരങ്ങേറുന്ന അധോലോക യുദ്ധങ്ങളുടെ പ്രത്യയശാസ്ത്രവും ഇതും തമ്മിലുള്ള സാദൃശ്യം എത്ര പ്രകടം. ബാല്‍ ഠാക്കറെ പോലുള്ളൊരു നേതാവിന് ഇതിനപ്പുറം ചിന്തിക്കാനാവില്ലല്ലോ.

ഒരു യുദ്ധം. അത് രാജ്യങ്ങളുടെ മേള്‍ അടിച്ചേല്‍പ്പിക്കുന്ന ഭീമമായ കഷ്ട നഷ്ടങ്ങള്‍. രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയില്‍
അതേല്‍പ്പിക്കുന്ന താങ്ങാ‍നാകാത്ത ഭാരം. വികാരം കത്തി നില്‍ക്കുമ്പോള്‍ ഭൂരിപക്ഷ ജനത ഈ വിപത്തുകളെക്കുറിച്ച്
ബോധവാന്മാരാകണമെന്നില്ല. ഭരണകൂടങ്ങള്‍ ജനതകളുടെ മേല്‍ യുദ്ധങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. കുറേയേറെ മനുഷ്യ ജീവിതങ്ങളെക്കൂടി കുരുതി കൊടുക്കാമെന്നല്ലാതെ അതു കൊണ്ട് ഭീകരവാദത്തെ ഇല്ല്ലായ്മ ചെയ്യാനാവുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവൊ? ഇനി പാകിസ്ഥാനുമായി യുദ്ധം ചെയ്യുന്നു എന്നു തന്നെ വയ്ക്കുക, അതു കൊണ്ട് ബൊംബെ ആക്രമണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യുവാനും നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും കഴിയുമോ? വളരെയധികം ഹേമന്ത് കര്‍ക്കരെമാരെയും, സലാസ്‌ക്കര്‍മാരെയും, സന്ദീപ് ഉണ്ണിക്കൃഷ്ണന്മാരെയും നമ്മള്‍ നഷ്ടപ്പെടുത്തും. ഒരു പക്ഷേ യുദ്ധത്തില്‍ മരിക്കുന്നാവരുടെ പേരുകള്‍ പോലും അധികമാര്‍ക്കും ഓര്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇത്ര ഭടന്മാരെ കൊന്നു കളഞ്ഞുവെന്നോ തടവുകാരായി പിടിച്ചുവെന്നോ പാകിസ്ഥാനും, ഇന്ത്യയും വീമ്പു പറയും. രണ്ടു ഗവര്‍മ്മെന്റുകളും ‘വീരമൃത്യു’ വരിച്ച ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച്, സ്മാരകങ്ങള്‍ പണിത് സായൂജ്യമടയും.

യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുവാന്‍ ഭരണകൂടങ്ങളും,രാഷ്ടീയ കക്ഷികളും കാണിക്കുന്ന ഗിമ്മിക്കുകളാണ് ഈ യുദ്ധ
വികാരത്തെ ഊതി വീര്‍പ്പിക്കല്‍. മുഹമ്മദ് അജ്‌മല്‍ കസബ് എന്ന പാക് ഭീകരവാദി വീടു വിട്ടോടിപ്പോയ ഒരു പാവപ്പെട്ട
കുടുംബാംഗമാണെന്ന് മാധ്യമങ്ങള്‍. അങ്ങിനെയുള്ളവരെ ചൂണ്ടയിടാന്‍ മതത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ ബിന്‍ലാദന്മാരും മസൂദുമാരും കാത്തു നില്‍ക്കുന്നു. ഭീകരവാദ ഗ്രൂപ്പുകളിലും, കക്ഷിരാഷ്ട്രീയ വഴക്കുകളിലും, മത വൈരങ്ങളിലും പെട്ട് ബലിയാടുകളാകുന്നവര്‍ എപ്പോഴും ദരിദ്രര്‍ക്കിടയില്‍ നിന്നാണ് വരുന്നത് എന്നത് കസ്മികമാണോ? അപ്പോള്‍ ദാരിദ്ര്യമാകുന്നു, സാമൂഹികവും, സാമ്പത്തികവുമായ അസമത്വങ്ങളും, അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥകളുമാകുന്നു ഇത്തരം പ്രശ്നങ്ങളുടെ കേന്ദ്ര ബിന്ദു എന്ന് ആര്‍ക്കും അറിയാത്തതാണോ‍. ഇത്തരമൊരു അസന്തുലിതത്വം ഇല്ലാതാക്കാന്‍ നട്ടെല്ലുള്ള ഒരു രാഷ്ടീയമോ, നേതാവോ, മതമോ, ആത്മീയ ഗുരുവോ, ദൈവമോ നമുക്കിന്ന് ഇല്ല എന്നതല്ലെ നാം ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്ത്.

War does not determine who is right, only who is left.
– Bertrand Russell

2008, ഡിസംബർ 3, ബുധനാഴ്‌ച

ശ്വാനപര്‍വ്വം

ഹാവൂ..

അങ്ങനെ അതും കഴിഞ്ഞു.

സഖാവ് അച്ചുമ്മാവനും, സന്ദീപിന്റെ അച്ഛനും വിവാദങ്ങളവസാനിപ്പിച്ച് വാതിലടച്ചു.

ഇതു വരെ നായയുടെ വാലില്‍ത്തൂങ്ങി നടന്നവരും,പട്ടിയുടെ കഴുത്തില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ കെട്ടിത്തൂക്കി എഴുന്നള്ളിപ്പൂ
നടത്തിയവരും നിരാശരായി, ഇനിയും വല്ല എല്ലിന്‍ കഷണവും ബാക്കിയുണ്ടോ എന്നറിയാന്‍ മണത്തു മണത്ത് ഒന്നു കൂടി മോങ്ങി നോക്കുകയാണ്.

ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും കഴിയും മീഡിയകള്‍ക്ക് എന്നത് ഒരു പുതിയ കാര്യമല്ല. തങ്ങളുദ്ദേശിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച്, അതിനനുയോജ്യമായ രീതിയില്‍ ദൃശ്യങ്ങളെ മുറിച്ചു ചേര്‍ത്ത് വീണ്ടും വീണ്ടും സം‌പ്രേക്ഷണം ചെയ്ത്, ഒരു കള്ളം സത്യമായി വിശ്വസിപ്പിക്കുന്ന വിദ്യയില്‍ ചില ചാനലുകള്‍ ആറാടുന്നത് അടുത്ത കാലത്തായി കൂടിക്കൊണ്ടിരിക്കുന്നു. അതിനു പിറകേ വെള്ളം കലങ്ങുമ്പോള്‍ മീന്‍ പിടിക്കാന്‍ രാഷ്ട്രീയക്കാരിറങ്ങുന്നു.പ്രകടനങ്ങള്‍, കേട്ടാല്‍ അറയ്ക്കുന്ന മുദ്രാവാക്യങ്ങള്‍. എല്ലാം കൂടി ആകെ ബഹളമയം.

മത, രാഷ്ട്രീയ , മീഡിയ കൂട്ടുകെട്ടിന്റേതായ ഒരു സിന്റിക്കേറ്റ് നേരറിയാനുള്ള ജനങ്ങളുടെ അവകാശങ്ങള്‍ക്കു നേരേ കടന്നു കയറിക്കൊണ്ടിരിക്കുന്നു എന്ന സത്യം നാം കണ്ടില്ലെന്നു നടിച്ചു കൂടാ. മുംബൈ ഭീകരാക്രമണത്തിനു ശേഷം കൂടുതല്‍ ശക്തി പ്രാപിച്ച ചാനലുകള്‍ തങ്ങള്‍ക്കു കൈ വന്ന ജനപിന്തുണ ദുരുപയോഗം ചെയ്യുന്ന പ്രവര്‍ത്തികളില്‍‍ നിന്നും പിന്തിരിഞ്ഞ് ക്രെഡിബിലിറ്റി യുള്ള പ്രശ്നങ്ങള്‍ മാ‍ന്യമാ‍യ രീ‍തിയില്‍ അവതരിപ്പിക്കുവാന്‍ ചങ്കൂറ്റം കാ‍ണിക്കുകയാണ് വേണ്ടത്.

മുഖ്യമന്ത്രിയും, ഉണ്ണിക്കൃഷ്ണനും ഉയര്‍ത്തിയ വിവാദം അവസാനിച്ചെങ്കിലും, ശ്വാനന്മാര്‍ ഇനിയും കാത്തിരിപ്പുണ്ട്. ചാനലുകളിലേക്കു കണ്ണുകള്‍ നട്ട്, എല്ലിന്‍ കഷണങ്ങള്‍ക്കായി വിശന്ന് വലഞ്ഞ് ...

2008, ഡിസംബർ 1, തിങ്കളാഴ്‌ച

മതമാണോ ചന്ദ്രാ എല്ലാ യാതനകള്‍ക്കും കാരണം?

പനാജി: മനുഷ്യന്‍ ഇന്ന്‌ അനുഭവിക്കുന്ന എല്ലാ യാതനകള്‍ക്കും മൂലകാരണം മതമാണെന്ന്‌ പ്രശസ്‌ത സംവിധായകന്‍ ടി.വി. ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മതവും മതാചാരങ്ങളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ്‌ നാം നേരിട്ടുകൊണ്ടിരിക്കുന്നത്‌. ഇപ്പോള്‍ മുംബൈയിലും നാം അത്‌ അനുഭവിച്ചു.

രാജ്യാന്തര ചലച്ചിത്രമേളയില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ വിലാപങ്ങള്‍ക്കപ്പുറം പ്രദര്‍ശിപ്പിച്ച ശേഷം വാര്‍ത്താ
സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമിയില്‍ കണ്ട വാര്‍ത്ത
http://www.mathrubhumi.com/php/newsFrm.php?news_id=1267665&n_type=HO&category_id=10&Farc=&previous=Y

ടി.വി. ചന്ദ്രന് വ്യക്തമായ കാഴ്ചപ്പാടുകളും രാഷ്ടീയവുമുള്ള ആളാണെന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ സാക്ഷി.സ്വാഭാവികമായും നമ്മള്‍ ചോദിച്ചു പോകുന്നു, മതമാണോ എല്ലാ യാതനകള്‍ക്കും കാരണം?. ശരിയാണ്, എല്ലാ യാതനകള്‍ക്കും കാരണം മതമാവണമെന്നില്ല. പക്ഷേ മതം മനുഷ്യനു നല്‍കുന്ന യാതനകള്‍ അളവറ്റതാണെന്ന് ഒന്നു പരിശോധിച്ചാല്‍ ആര്‍ക്കും വ്യക്തമാകാവുന്നതേയുള്ളൂ. ഇത് മത വിശ്വാസികള്‍ അംഗീകരിക്കുകയില്ലെന്നറിയാം. അവരുടെ കണ്ണടകള്‍ അവരെ അതിനനുവദിക്കുകയില്ല.

മുംബായ് നഗരം ശാന്തമായിട്ടില്ല. ഭീതിയും, വേദനയും, വെറുപ്പും എല്ലാറ്റിനുപരി നിസ്സാഹായാവസ്ഥയും മുംബായ് വാസികളെ മാത്രമല്ല ഇന്ത്യക്കാരായ എല്ലാവരെയും വേട്ടയാടുന്നു. വിരലിലെണ്ണാവുന്ന, മത ഭ്രാന്തരായ ആയുധ ധാരികളെ കീഴ്പ്പെടുത്താന്‍ ഒരു മഹാരാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നത് അത്യന്തം നിരാശാജനകമായ, സ്തോഭകരമായ, വസ്തുതയാണ്. എന്തു കൊണ്ടിതു സംഭവിക്കുന്നു എന്ന് രോഷാകുലരായി ഒന്നു ചിന്തിക്കുക പോലും ചെയ്യാത്ത ഒരാളും ഉണ്ടാകില്ല. പക്ഷെ ചോദിച്ചതു കൊണ്ടു മാത്രമായില്ല, ചോദ്യത്തിന്റെ ദിശ അത് ഉത്ഭവിച്ചിടത്തേക്കു തന്നെ തിരിച്ചു വച്ച് ആവര്‍ത്തിക്കേണ്ടതുണ്ട്. പുറം ലോകത്തോടല്ല, നപുംസക സമാനമായ രാഷ്ടീയ നിസ്സംഗത്വത്തോടല്ല, സ്വയം, സ്വന്തം ആത്മാവിലേക്കു തോക്കുകള്‍ ചൂണ്ടി നമ്മള്‍ ഈ ചോദ്യത്തിന്റെ കാഞ്ചിയില്‍ വിരലമര്‍ത്തേണ്ടതുണ്ട്. ആത്മാവിലെ നമ്മള്‍ സ്നേഹിക്കുന്ന തുടലുകളിലൂടെ വെടിയുണ്ടകള്‍ ചീറിപ്പായേണ്ടതുണ്ട്.

ബോംബെയില്‍ നടത്തിയ ആക്രമണങ്ങളിലൂടെ, മതം തലക്കു പിടിച്ചാല്‍ മനുഷ്യന് എത്ര മാത്രം ക്രൂരനാകാമെന്നും ഏതറ്റം വരെ പോകാം എന്നും നമുക്ക് കാണിച്ചു തന്നു ഭീകരരെന്നു വിളിക്കുന്ന വിരലിലെണ്ണാവുന്നവര്‍. അവരുടെ മെഷീന്‍ ഗണ്ണിനു മതമുണ്ടായിരുന്നില്ല. മുസ്ലീമെന്നൊ, ക്രിസ്ത്യാനിയെന്നൊ, ഹിന്ദുവെന്നൊ, യഹൂദനെന്നൊ വേര്‍ തിരിവുകളില്ലാത ജനാധിപത്യപരമായിത്തന്നെ സത്യസന്ധതയോടെ അതു പെരുമാറി തന്റെ കഴിവു തെളിയിച്ചു. തീരാദു:ഖത്തിന്റെ ഗണ്‍പോയിന്റിലൂടെ ജീവിതം ജീവിച്ചു തീര്‍ക്കേണ്ടത് ഇനി രക്ത ബന്ധങ്ങള്‍ നഷ്ടപ്പെട്ടവര്‍. മതമുള്ളവര്‍ കാട്ടിക്കൂട്ടിയ ചെയ്തികളുടെയെല്ലാം ഭാരം പേറാന്‍ തല കുനിക്കേണ്ടി വന്നത് നമ്മുടെ ഗവര്‍മ്മെന്റിന്, എന്നു പറഞ്ഞാല്‍ നിരവധി നികുതികളിലൂടെ നമ്മളെ പിഴിഞ്ഞ് നമ്മളുടെ ചിലവില്‍ നിലനില്‍ക്കുന്ന ഒരു സ്ഥാപനത്തിന്. അപ്പോള്‍ ചോരുന്നത് നമ്മുടെ മടിശീല തന്നെ.

എന്നുമില്ലാത്ത വിധം മത വികലതകളും, രാഷ്ട്രീയ മുതലെടുപ്പുകാരും, ഗുണ്ടാ മാഫിയ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടു കെട്ട് ഇന്ന് ലോകത്ത് ഉയര്‍ന്നു വരുന്നുണ്ട്. അതിനു കിട്ടുന്ന ‘വിപണി’ ജനജീവിതത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നതിനു പകരം ‘എന്റെ മതത്തില്‍പ്പെട്ടവര്‍ മാത്രം മതി ഈ ഭൂമുഖത്ത് ‘ എന്ന സങ്കുചിതത്വത്തിലേക്ക് നാം കുതിക്കാന്‍ തുടങ്ങിയിട്ട് ഏറെയായി നാളുകള്‍. എല്ലാ മതങ്ങളും തങ്ങളുടെ അനുയായികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ ഹീനമാര്‍ഗ്ഗങ്ങള്‍ തേടുന്നിടത്താണ് എല്ലാം തുടങ്ങുന്നത്. വിശ്വസിപ്പിച്ച്, മനസ്സു മാറ്റി മതത്തില്‍ ചേര്‍ക്കപ്പെടുന്നവന് തനിക്ക് അനുചിതമായത് തിരഞ്ഞെടുക്കുവാനുള്ള അവസരങ്ങളോ, മാര്‍ഗ്ഗങ്ങളോ ലഭിക്കുന്നില്ല. ജന്മനാ ഒരു മതത്തില്‍ പെട്ടുപോകുന്നവന് ചിന്തിക്കാന്‍ പോലും അവസരം കിട്ടുന്നില്ല. ജന്മങ്ങളുടെ ബന്ധനങ്ങള്‍ അവനെ അത്രമാത്രം അടിമയാക്കുന്നു. ഒരു ത്വക്കു പോലെ അതവന്റെ മേല്‍ ഒട്ടിപ്പോകുന്നു. ബന്ധനത്തെ സ്നേഹിക്കുന്ന, മനസ്സാ വരിക്കുന്ന അവസ്ഥ. ബന്ധനങ്ങള്‍ തിരിച്ചറിഞ്ഞ് പുറത്തു പോകാന്‍ വെമ്പുന്നവരെക്കൂടി വരിഞ്ഞു മുറുക്കി നിര്‍ത്തുവാന്‍ ഇത്തരം ശക്തികള്‍ക്കു കഴിയുന്നു.പുരോഗമനം എന്നത് ആശയറ്റ ഒരു രോദനമായി തളര്‍ന്നിരിക്കുന്നു. അധിനിവേശത്തിന്റെ ഭീതിദമായ വിവിധ മുഖങ്ങള്‍ തന്നെയാണിവയെല്ലാം. ആത്മാവുകളെ കീഴ്പ്പെടുത്തുന്ന ഇത്തരം ശക്തികള്‍ ശരീരത്തിലേക്കു കൂടി കടക്കുമ്പോള്‍
അര്‍ബുദം പോലെ ചികിത്സകളില്ലാത്ത മാറാവ്യാധികളായി വളര്‍ന്നു സമൂഹ ശരീരത്തെ ഗ്രസിക്കുന്നു. അതിന്റെ പരിണിത ഫലങ്ങള്‍ മുംബെയായും,മാറാടായും, ഗുജറാത്തായും, ഒറീസ്സയായും, മാലെഗാവായും നമ്മുടെ മുന്നില്‍ കുരുതിയണിഞ്ഞു നില്‍ക്കുന്നു. മാലെഗാവ് സ്ഫോടനങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നത് അഴുകിക്കൊണ്ടിരിക്കുന്ന ഇത്തരം അര്‍ബുദങ്ങളുടെ സാന്നിധ്യമാണ്. അതിനു പടര്‍ന്നു കയറാന്‍ അധികം സമയം വേണ്ട.

ടി.വി. ചന്ദ്രന്‍ മാത്രമല്ല ഒട്ടനവധി പേര്‍ മതം അഴിച്ചു വിടുന്ന അക്രമങ്ങളെക്കുറിച്ചു പറഞ്ഞിട്ടും എഴുതിയിട്ടും ഉണ്ട്. എന്നിട്ടും നാമ്പു നീട്ടിത്തുടങ്ങിയ മാറ്റങ്ങളെയെല്ലാം വാട്ടിക്കളയാന്‍ നമുക്കായിട്ടുണ്ട്. നാളെ വേറൊരു മതത്തിന്റെ പേരില്‍ കുറച്ചു പേര്‍ ഇവിടെ വന്ന് ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാല്‍ ആരേറ്റെടുക്കും ഉത്തരവാദിത്വം? ഏറ്റവും ആധുനിക ഉപകരണങ്ങളുമായി ഇപ്പോള്‍ വന്നവര്‍ അടുത്ത തവണ ആണവായുധങ്ങളുമായായിരിക്കും വരിക. അതിനുള്ള എല്ലാ സാധ്യതകളും ഇന്നു നില നില്‍ക്കുന്നു എന്നത് നമ്മള്‍മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ ഇതു പോലൊരു കുറിപ്പെഴുതാനോ അതു വായിക്കാനോ ആരും ബാക്കിയുണ്ടായെന്നു വരില്ല. അങ്ങിനെയുണ്ടാവാതിരിക്കാന്‍ നമ്മള്‍ നമ്മളെത്തന്നെ പരുവപ്പെടുത്തേണ്ടതുണ്ട്. മതമെന്ന അടിമത്വത്തില്‍ നിന്നും നാം തന്നെ നമ്മളെ മുക്തരാക്കേണ്ടതുണ്ട്. (മലര്‍ന്നു തുപ്പിയാല്‍ മാറത്ത് എന്ന് ഇതെഴുതിക്കഴിയുമ്പോള്‍ തോന്നുന്നുണ്ട്)