2008, ജൂലൈ 20, ഞായറാഴ്‌ച

പ്രതിഷേധിക്കുന്നു.

പുസ്തകം കത്തിക്കലിലൂടെ അരങ്ങേറിയ മതരാഷ്ട്രീയത്തിന്റെ ഭീകരത ഇതാ
ഇപ്പോള്‍‍ ഒരു ഗുരുനാഥന്റെ പൈശാചികമായ കൊലപാതകത്തിലെത്തി നില്‍ക്കുന്നു എന്നത് ഒരു നടുക്കത്തോടെയല്ലാതെ നമുക്ക് കാണുവാന്‍ വയ്യ.

ഈ ഭീകര സത്വത്തിനെ അഴിച്ചു വിട്ട എല്ലാ മതനേതാക്കള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും ഈ സാധുവായ അധ്യാപകന്റെ രക്തത്തില്‍ പങ്കുണ്ട്. ഇതാണോ നിങ്ങളുടെ മതങ്ങള്‍ മനുഷ്യനെ നന്നാക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ?

ഒരു കുടുംബത്തിന്റെ എല്ലാമായ ഒരു പാവം മനുഷ്യനെയാണ് നിങ്ങള്‍ ക്രൂരമായി ചവിട്ടിക്കൊന്നത്. ആ കുടുംബത്തിന്റെ കണ്ണീരിനോട് നിങ്ങളെന്താണ് പറയുക?

ജയിംസ് അഗസ്റ്റിനെന്ന ആ സാധു അധ്യാപകന്റെ ചേതനയറ്റ ശരീരം പള്ളിപ്പറമ്പിലെത്തുമ്പോള്‍ പുരോഹിതന്മാരെ നിങ്ങളാരെയാണ് പഴി പറയുക?

മരിച്ചത് ചവിട്ടുകിട്ടിയിട്ടല്ല എന്നും, ഹൃദയാഘാതം മൂലമായിരുന്നെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരും പരസ്പരം പഴിചാരി മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നവരുമായ നേതാക്കള്‍ നമ്മുടെ നാടിന്റെ ശാപമാണ്.

കിരാതത്തം നിറഞ്ഞ ഇത്തരം പ്രവര്‍ത്തികള്‍ ഒരു സംഘടനയ്ക്കും ഭൂഷണമല്ല. അക്രമ സമരത്തിനു പ്രേരിപ്പിച്ചവരുള്‍പ്പെടെ ഈ ഹീനകൃത്യത്തിനു പിറകിലുള്ള എല്ലാവര്‍ക്കും തക്കതായ ശിക്ഷ തന്നെ കിട്ടണം.

ദൈവത്തിനു നിരക്കാത്ത ഈ നീചപ്രവര്‍ത്തിയില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.