2011, ജനുവരി 25, ചൊവ്വാഴ്ച

ഭീംസെന്‍ ജോഷി | BHIMSEN JOSHI

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അതുല്ല്യനായ മറ്റൊരുപാസകന്‍ കൂടി അന്തിമമായ മോക്ഷത്തിലേക്കലിഞ്ഞു ചേര്‍ന്നിരിക്കുന്നു.

സാവലേ സുന്ദര് രൂപ് മനോഹര്
രാഹോ നിരന്തര് ഹൃദയീ മാഝേ ..

ഭീംസെന്‍ ജോഷി പാടുമ്പോള്‍, നമ്മള്‍ പാട്ടു കേള്‍ക്കുകയല്ല, പാട്ടായി മാറുകയാണ് ചെയ്യുന്നത്.

പ്രൌഡഗംഭീരമാര്‍ന്ന ശബ്ദസൌകുമാര്യം കൊണ്ടും, തനിക്കു മാത്രം സ്വന്തമായ സവിശേഷതയാര്‍ന്ന ആലാപന ശൈലി കൊണ്ടും കേള്‍വിക്കാരനെ പാ‍ട്ടിന്റെ മാസ്മരികതയിലേക്കാവാഹിക്കുവാന്‍ അദ്ദേഹത്തിനുള്ള കഴിവ് അപാരമായിരുന്നു.

‘വന്ദേമാതരം‘ പല കണ്ഠങ്ങളിലൂടെയും പല രൂപ ഭാവ താളക്കൊഴുപ്പുകളോടെ നമ്മുടെ മുന്നിലെത്തിയിട്ടുണ്ടെങ്കിലും, ഭീംസെന്‍ ജോഷി പാടുമ്പോള്‍ അതിലൊളിച്ചിരിക്കുന്ന അമേയമായ ഒരു ശക്തി പുറത്തു വരുന്നതു പോലെ, അതിന്റെ ലയത്തില്‍ സ്വയം വിസ്മൃതരായി നമ്മുടെ ഇന്ദ്രിയങ്ങളും അദ്ദേഹത്തിനൊപ്പം “വ..ന്ദേ .....മാതരം” എന്ന ഉച്ചസ്ഥായിയിലേക്ക് ഉണരുന്നതു പോലെ.

ജന്മനാ തന്നെ സിരകളില്‍ ഉണ്ടായിരുന്ന സിംഗീതത്തിന്റെ കമ്പനം കൊണ്ടാകണം വെറും പതിനൊന്നാം വയസ്സില്‍ സംഗീതപഠനത്തിനായി ഗുരുവിനേയും തേടി വീടു വിട്ടിറങ്ങുവാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചത്. പത്തൊമ്പതാമത്തെ വയസ്സില്‍ അരങ്ങേറ്റം, ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ ആദ്യത്തെ ആല്‍ബം, ജീവിതം തന്നെ സംഗീതമാക്കിയ അദ്ദേഹത്തെ തേടിയെത്തിയ ഉപഹാരങ്ങളും, അംഗീകാരങ്ങളും നിരവധി.

“ജയ ദുര്‍ഗ്ഗേ, ദുര്‍ഗതി പരിഹാരിണീ ...
സാംബ വിതാരിണീ മാത ഭവാനി” എന്ന ദ്രുത ഗതിയിലുള്ള ഭജനയും, വളരെ സാവകാശത്തില്‍ മാത്രം പാടാറുള്ള “പിയാ തോ മാനത്ത് നാഹീ...” എന്ന തുമ്രിയും ഭീംസെന്‍ ജോഷിയുടെ അനുഗ്രഹീത ശബ്ദത്തിലൂടെ പാടിക്കേള്‍ക്കുമ്പോള്‍ നമ്മള്‍ ഏതോ പുതിയ ലോകങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവമുണ്ടാകുന്നു.

അദ്ദേഹത്തിന്റെ ഓരോ ആലാപനവും ഓരോ പുതിയ അനുഭൂതിയാണ് സമ്മാനിക്കുന്നത്. മിസ്റ്റിക് കവിയായ കബീര്‍ദാസിന്റെ കൃതികള്‍ ഭീംസെന്‍ ജോഷിയുടെ ആലാപനത്തില്‍ നീരാടിയുണരുന്ന അനുഭവം അനിര്‍വചനീയം തന്നെ.

“യേ തന്‍ മുണ്ടനാബെ മുണ്ടനാ... ആഖിര്‍ മട്ടീ മേ മില്‍ ജാനാ ..”
“ബീത് ഗയേ ദിന്‍ ഭജന് ബിനാ ....”

എന്നു തുടങ്ങിയ പാട്ടുകള്‍ എത്ര കേട്ടാലും മതി വരാതെ കേള്‍വിയെ മോഹിപ്പിച്ചു നിറുത്തുന്നു. കബീര്‍ കൃതികളുടെ അന്തര്‍ധാരയായ ആത്മീയതയും തത്വചിന്തയും അവയര്‍ഹിക്കുന്ന ഗരിമയോടെ പ്രകാശിപ്പിക്കുവാന്‍
ഭീസെന്‍ ജോഷിയുടെ കരുത്തുറ്റ ശബ്ദത്തിനല്ലാതെ മറ്റാര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടാകുമോ എന്ന് സംശയിക്കത്തക്കവിധം ഇഴചേര്‍ന്നു കിടക്കുന്നു സാഹിത്യവും ശബ്ദവും.

“ബാജേ മുരളിയാ ബാ..ജേ...” എന്നു തുടങ്ങുന്ന മനോഹരമായ ഗാനം അദ്ദേഹം ലതാ മങ്കേഷ്ക്കറോടൊത്താണ് പാടിയിരിക്കുന്നത്. ആദ്യത്തെ നാലു വരികളും, ആവര്‍ത്തനങ്ങളും കഴിഞ്ഞിട്ടാണ് “അധര ധരേ മോഹന് മുരളീ പര്, ഓഠ് പേ മായാ .. ബിരാ...ജേ....” എന്ന വരികള്‍ ജോഷിയുടെ ശബ്ദത്തിലേക്കു കൂടു മാറുന്നത്. പിന്നെ അനുപമമായ, രണ്ടു ശബ്ദങ്ങളും ചേര്‍ന്നൊരുക്കുന്നത് പറഞ്ഞറിയിക്കാനാവത്ത ഒരു സംഗീതാനുഭൂതിയുടെ ഉജ്ജ്വല മുഹൂര്‍ത്തങ്ങളാണ്.

ജോഷിയെപ്പറ്റി എഴുതിയാല്‍ മതി വരില്ല. തന്റെ അനശ്വരമായ ശബ്ദം മാനവ രാശിക്കായി സമര്‍പ്പിച്ചിട്ട് ഒരു രാഗം പാടിത്തീര്‍ന്നതു പോലെ കാലത്തിലേക്കു മറഞ്ഞ ആ മഹാ പ്രതിഭയുടെ ഓര്‍മ്മയ്ക്കു മുന്നില്‍ സാഷ്ടാംഗ പ്രണാമം.

(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)

2011, ജനുവരി 15, ശനിയാഴ്‌ച

ശബരിമല എന്ന ദുരന്തമല

ഭക്തിവ്യവസായത്തിന്റെ കുതിപ്പില്‍ ദു:ഖകരമായ ഒരേടു കൂടി എഴുതിച്ചേര്‍ത്തിരിക്കുന്നു ഇന്നലെ രാത്രി ശബരിമല വണ്ടിപ്പെരിയാറിലുണ്ടായ ദുരന്തം.

മകരജ്യോതി നന്നായി കാ‍ണുവാനായി വണ്ടിപ്പെരിയാറിലെ ‘പുല്‍മേട്’ എന്ന സ്ഥലത്ത് തടിച്ചു കൂടിയിരുന്ന ഭക്തരാണ് തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടമായവരിലധികവും എന്ന് അറിയുന്നു. കേടു വന്ന ഒരു ജീപ്പ് തള്ളിമാറ്റുന്നതിനിടയില്‍ അതു മറിയുകയും മകരജ്യോതി കണ്ട് മടങ്ങുകയായിരുന്ന ഭക്തന്മാര്‍ അതിനടിയില്‍പ്പെടുകയുമാണുണ്ടായിരുന്നത് എന്നും, റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറില്‍പ്പരം ഭക്തന്മാരുടെ ജീവന്‍ അപകടത്തിലാവുകയും ചെയ്തു.

ശബരിമലയില്‍ ഇതിനു മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതൊന്നും സര്‍ക്കാരിനേയോ, ദേവസ്വം ബോര്‍ഡിനേയോ, ഭക്തന്മാരേയോ ബാധിക്കുന്നില്ല.

ഭക്തി ഒരു തരം ലഹരി തന്നെയാണ്. ഈ ലഹരിയിലാണ് ആളുകള്‍ ഉറഞ്ഞു തുള്ളുന്നതും, കൂട്ടത്തോടെ ശരണം വിളിക്കുകയോ, പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നതും. ഭക്തി കയറുന്ന സമയത്ത് സ്ഥലകാലങ്ങളെപ്പറ്റി മറക്കുന്നവരാണധികവും. ആ സമയത്ത് അപകടത്തേക്കാളേറെ അവരെ നയിക്കുന്നത് എത്രമാത്രം പുണ്യം നേടിയെടുക്കാനാകും എന്ന ചിന്തയാണ്. പുണ്യം നേടി സ്വന്തം വീടുകളില്‍ കാത്തിരിക്കുന്നവരുടെ അടുത്തെത്താനാവാതെ പാവം ഭക്തര്‍ ദയനീയമായി ചവിട്ടിയരക്കപ്പെടുകയോ, കൊക്കകളിലേക്ക് വീണ് ജീവന്‍ വെടിയുകയോ ചെയ്യുന്നു എന്നത് ഈ വ്യവസായത്തെ തീരെ ബാധിക്കുന്നില്ല എന്നു കാണാം.  

മകരജ്യോതിയുടെ വിശ്വാസ്യതയെപ്പറ്റി നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടും, വ്യക്തവും കൃത്യവുമായ ഒരു മറുപടി തരാന്‍ ഗവര്‍മ്മെന്റിനോ മറ്റു ബന്ധപ്പെട്ട ആളുകള്‍ക്കോ കഴിഞ്ഞിട്ടില്ല എന്ന കാര്യം ബാക്കി നില്‍ക്കുന്നു.  

ബിവറേജ് കോര്‍പ്പറേഷന്റെ വരുമാനത്തില്‍ നിന്നെന്ന പോലെ ശബരിമലയിലെ വരുമാനത്തില്‍ നിന്നും പങ്കു പറ്റുന്ന ഗവര്‍മ്മെന്റിനും ശബരി മലയില്‍ നടക്കുന്ന സംഭവങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കാതെ ഇതു വരെ നില നിന്നു പോന്ന ദുരൂഹത അതേ പടി നിലനിര്‍ത്തുവാനാണ് ആഗ്രഹം. അതേ സമയം, കൊല്ലം തോറും വര്‍ദ്ധിച്ചു വരുന്ന ഭക്തജന പ്രവാഹത്തിന് വേണ്ടത്ര സൌകര്യങ്ങളൊരുക്കുക എന്ന സാമാന്യ മര്യാദ പോലും കാണിക്കാത്ത ഗവര്‍മ്മെന്റു നയങ്ങളും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനു കാരണമാകുന്നു.

ദുരന്തങ്ങളുയര്‍ത്തിയ കോലാഹലങ്ങള്‍ കെട്ടടങ്ങുമ്പോള്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ലാവണങ്ങളിലേക്ക് തിരിച്ചു പോകും. ഈ രക്തത്തില്‍ ഞങ്ങള്‍ക്കു പങ്കില്ല എന്ന മട്ടില്‍ നിസ്സംഗരായിരിക്കുന്ന ദൈവങ്ങളെപ്പോലെ ഗവര്‍മ്മെന്റുകളും നിശ്ശബ്ദരാകും.