2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച

ഓസ്കാര്‍ വിജയികള്‍

ഇന്ത്യയുടെ ഓസ്കാര്‍ സ്വപ്നങ്ങള്‍ അങ്ങിനെ “സ്ലംഡോഗ് മില്ല്യണയര്‍” എന്ന ബ്രിട്ടീഷ് ചിത്രത്തിലൂടെ പൂവണിഞ്ഞു. രണ്ട് ഓസ്കാറുകള്‍ നേടി ഏ.ആര്‍.റഹ്‌മാന്‍ നേടിയത് അഭിമാനകരമായ നേട്ടം. ഏതൊരു സംഗീത സംവിധായകന്റേയും ജീവിതാഭിലാഷമായിരിക്കും ഈ ഒരനര്‍ഘ മുഹൂര്‍ത്തത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുക എന്നത്.

ശബ്ദ മിശ്രണത്തിനുള്ള ഓസ്കാര്‍ നേടിയ റസൂല്‍ പൂക്കുട്ടിയെ നമ്മള്‍ അറിയുന്നതു തന്നെ സ്ലം ഡോഗിലൂടെയാണ്.റസൂലിനും
ഒപ്പം മലയാളികളായ നമ്മള്‍ക്കും അഭിമാനിക്കാം.

നോമിനേറ്റ് ചെയ്യപ്പെട്ട പത്തു കാറ്റഗറികളില്‍ എട്ടും സ്വന്തമാക്കാനായത് “സ്ലംഡോഗിന്റെ” നേട്ടം തന്നെയാണ്.

സ്‌ലംഡോഗ്‌ മില്യണയറിന്‌ ലഭിച്ച അവാര്‍ഡുകള്‍:

1.മികച്ച ചിത്രം
2.സംവിധായകന്‍-ഡാനി ബോയല്‍
3.അവലംബിത തിരക്കഥ-സൈമണ്‍ ബോഫോയി
4.ഛായാഗ്രഹണം-ആന്റണി ഡോഡ്‌ മാന്റലെ
5.സംഗീതം-എ.ആര്‍ റഹ്മാന്‍
6.ഗാനം-ജയ്‌ ഹോ
7.ശബ്‌ദമിശ്രണം-റസൂല്‍ പൂക്കുട്ടി
8.ചിത്രസംയോജനം-ക്രിസ്‌ ഡിക്കന്‍സ്‌

http://www.oscar.com/oscarnight/winners/


ഇതോടൊപ്പം മികച്ച ഡോക്യുമെന്ററിക്കുള്ള ‘പിങ്ക് സ്മൈലി’ എന്ന ചിത്രത്തിന്റെ പശ്ചാത്തലവും ഇന്ത്യയായിരുന്നു എന്നത് ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡില്‍ ഈന്ത്യയെ കൂടുതല്‍ ശ്രദ്ധേയയാക്കി. ചിത്രത്തിന്റെ സംവിധായകന്‍ മെഗന്‍ മൈലന്‍ എന്ന അമേരിക്കക്കാരനാണ്.

1957ല്‍ നിര്‍മ്മിച്ച മെഹ്ബൂബ് ഖാന്റെ ‘മദര്‍ ഇന്ത്യ’യായിരുന്നു ഓസ്കാറിന്റെ വാതില്‍ തുറന്ന് അകത്തു കടക്കാനായ ആദ്യ
ചിത്രം. അതിനു ശേഷം, മീരാ നായരുടെ ‘സലാം ബോംബെ’ (1988). കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ലഭിച്ച ‘ക്യാമറ ഡീ ഓര്‍‘ അവാര്‍ഡിന്റെ പിന്തുണ വളരെ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ‘സലാം ബോബെയ്ക്ക് ‘ ഓസ്കാറിനോട് സലാം പറയേണ്ടി വന്നു.

അമീര്‍ ഖാന്റെ ‘ലഗാന്‍’ (2001) കടമ്പകള്‍ കടന്ന് നാമനിര്‍ദ്ദേശം നേടിയെങ്കിലും അവാര്‍ഡുകള്‍ ഒന്നും നേടാനാവാതെ മടങ്ങിയ കാഴ്ച നമ്മള്‍ നിരാശയോടെ നോക്കി നിന്നു. ആദ്യമായി ഇന്ത്യയ്ക്ക് ഓസ്കാര്‍ നേടുവാനായത് റിച്ചാര്‍ഡ്
ആറ്റണ്‍ബറോയുടെ ‘ഗാന്ധി’ ചിത്രത്തില്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച ഭാനു അത്തയ്യക്കായിരുന്നു. ഗാന്ധി ചിത്രം ഒരു
ഇന്തോ-ബ്രിട്ടീഷ് സംയുക്ത സംരംഭമായിരുന്നു. സലാം ബോംബെയും മറ്റൊരു ഇന്തോ-ബ്രിട്ടീഷ് സംഭവം
തന്നെയായിരുന്നു.

ഓസ്കാര്‍ ജേതാക്കള്‍ക്ക് തങ്ങളുടെ കഴിവിനു കിട്ടിയ അംഗീകാരത്തില്‍ അഭിമാനിക്കാമെങ്കിലും, ഒരു ബ്രിട്ടീഷ്
സംവിധായകന്‍ നിര്‍മ്മിച്ച ബ്രിട്ടീഷ് ചിത്രത്തിലൂടെ മാത്രമാണ് ഇന്ത്യക്കാര്‍ക്ക് ഓസ്കാര്‍ നേടാനായത് എന്നത് ലോകത്ത്
ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഘ്യാതി നേടിയ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാനാവുമോ ? കലാമുല്യത്തേക്കാളുപരി കച്ചവട താല്പര്യങ്ങളും, വിവിധ ലോബികളുടെ സ്വാധീനവുമാണ് ഓസ്കാറിനു വേണ്ടിയുള്ള
ഇന്ത്യന്‍ സിനിമകളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുള്ളത് എന്നത് ഒരു സത്യം മാത്രമാണ്. കലാപരമായി മികച്ചു
നില്‍ക്കുന്ന ചിത്രങ്ങളെ തള്ളിപ്പറയുക ഇന്ത്യന്‍ സിനിമാ കുത്തകകളുടെ സ്ഥിരം ഏര്‍പ്പാടാണെന്ന് ആര്‍ക്കാണറിയാത്തത്. സത്യജിത് റേയ്ക്കെതിരേയും, സലാം ബോംബെയ്ക്കെതിരെയും, ഇപ്പോള്‍ സ്ലം ഡോഗിനെതിരെയും വിവാദങ്ങളുണ്ടാക്കാന്‍ ഇത്തരക്കരില്‍ നിന്നും ശ്രമങ്ങളുണ്ടായി എന്നതും ശ്രദ്ധേയമാണ്.

ഏതായാലും ‘സ്ലംഡോഗ് മില്ല്യണയറിന്റെ‘ വിജയം ഇത്തരക്കാരുടെ കണ്ണു തുറപ്പിക്കും എന്നു നമുക്കു പ്രതീക്ഷിക്കാം.

ഇതു വരെ ഓസ്കാര്‍ നാമ നിര്‍ദ്ദേശത്തിനായി സമര്‍പ്പിക്കപ്പെട്ടെ ചിത്രങ്ങളുടെ ലിസ്റ്റ് വിക്കിയിലുണ്ട്.

http://en.wikipedia.org/wiki/List_of_India's_official_entries_to_the_Oscars

7 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

ഒരു ബ്രിട്ടീഷ്
സംവിധായകന്‍ നിര്‍മ്മിച്ച ബ്രിട്ടീഷ് ചിത്രത്തിലൂടെ മാത്രമാണ് ഇന്ത്യക്കാര്‍ക്ക് ഓസ്കാര്‍ നേടാനായത് എന്നത് ലോകത്ത്
ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഘ്യാതി നേടിയ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാനാവുമോ

നട്ടപിരാന്തന്‍ പറഞ്ഞു...

Dear Mohanetta,

Its a first step. It will give a boost to Indian film industry to make more and more achievements.

Good post.

അജ്ഞാതന്‍ പറഞ്ഞു...

സിനിമയുടെ കഥയെയും,മറ്റുമൊഴിച്ചു നിർത്തിയാൽ,റഹ്മാനും,റസൂലും അംഗീകരിക്കപ്പെട്ടു എന്നത്‌ ഈ സിനിമയുടെ നേ
ട്ടം തന്നെയാണ്‌....ഒരോസ്കാറും ഇല്ലെങ്കിലും,ഇന്ത്യൻ സംഗീത ലോകത്ത്‌ റഹ്മാൻ അനശ്വരൻ തന്നെ ആയി നിന്നേനെ....പക്ഷെ,ഇതു കൊണ്ട്‌ ലോക സമൂഹം,പ്രത്യേകിച്ചും ഹോളിവുഡ്‌ റഹ്മാന്റെ ടാലെന്റിനെ തിരിച്ചറിയുകയും,ഉപയോഗപ്പെ
ടുത്തുകയും ചെയ്യും...അതാണ്‌ ഇന്ത്യൻ സംഗീത്തിന്‌ ഭാവിയിൽ ഏറെ പ്രയോജനപ്പെടുക...
നല്ല പോസ്റ്റ്‌...

pattepadamramji പറഞ്ഞു...

അല്‍പം അഭിമാനിക്കാന്‍ വകനല്‍കുന്നുണ്ട്‌

അനില്‍ വേങ്കോട്‌ പറഞ്ഞു...

ബ്രിട്ടിഷുകാരൻ നിർമ്മിച്ചതുകൊണ്ട് സിനിമ സിനിമയല്ലാതാകുന്നില്ല. പക്ഷേ നാം നമ്മുടെ സിനിമയെ കുറിച്ചു ഗൌരവകരമായി ചിന്തിക്കേണ്ടതുതന്നെയാണു. ഏത് പൂക്കുട്ടിക്കും തന്റെ പേരു ന്യൂമറോളജിപ്രകാരം ക്രമപ്പെടുത്തിയിട്ടെ നമ്മുടെ സിനിമയിൽ പ്രവേശിക്കാനാവൂ. സ്വന്തം പേരും ഇൻഷ്യലും ഉപയോഗിക്കൻ പോലും കഴിയാത്ത തരത്തിൽ അന്ധവിശ്വാസങ്ങളിലും വിവരക്കേടിലും ആണു നമ്മുടെ സിനിമ. അവിടെ മലയാളിക്കു അഭിമാനിക്കാൻ വകയുള്ള ഒന്നും ഇല്ല. തമിഴിൽ ഞാൻ സിനിമ കണ്ടു തുടങ്ങിയിരിക്കുന്നു.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

പിരാന്തന്‍ പറഞ്ഞതിനോട് യോജിപ്പ് . ഓസ്കാറാണേലും, നാഷണല്‍ അവാര്‍ഡാണേലും, ഏഷ്യാനെറ്റ് ലെക്സ് ആണേലും പുരസ്കാരങ്ങള്‍ കൊണ്ടു വരുന്ന പണവും, പ്രശസ്തിയും പ്രത്യേകിച്ചും സീരിയസ്സ് സിനിമയുടെ വിജയത്തിനു വേണ്ട അത്യാവശ്യ ഘടകങ്ങളില്‍പ്പെടുന്നു. തീര്‍ച്ചയായും അതൊരു ബൂസ്റ്റ് തന്നെയാണ് (ബൂസ്റ്റ് ഈസ് മൈ എനര്‍ജി)

വേറിട്ട ശബ്ദം - വേറിട്ടൊരു കാര്യം പറഞ്ഞു. “ഒരോസ്കാറും ഇല്ലെങ്കിലും,ഇന്ത്യൻ സംഗീത ലോകത്ത്‌ റഹ് മാൻ അനശ്വരൻ തന്നെ ആയി നിന്നേനെ“ എന്ന കാര്യം. ഇതു വളരെ സത്യം.സ്ലം ഡോഗിലേതിനേക്കാള്‍ മികച്ച ‍ സംഗീതം റഹ്‌മാന്‍ ഇതിനു മുമ്പ് ചെയ്തിട്ടുണ്ട്. അതൊക്കെത്തന്നെ മതി റഹ്‌മാനെ അനശ്വരനാക്കാന്‍.

രാംജി - തീര്‍ച്ചയായും. നമ്മളഭിമാനിക്കുന്നു, ഇവരുടെ കഴിവുകളില്‍. അവ പുറം ലോകത്തേക്കെത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പരിമിതമാണെന്നേയുള്ളും.

അനിലേ - സിനിമ ഒരു കല തന്നെയാണ്. ആരു ചെയ്താലും സിനിമ തന്നെ. ഗാന്ധിജിയെപ്പറ്റി സിനിമയെടുക്കാന്‍ ആറ്റന്‍ബറൊ വരും വരെ നമുക്കു കാത്തിരിക്കേണ്ടി വന്നതു പോലെയെന്നേ ഉദ്ദേശിച്ചുള്ളു. അന്ധവിശ്വാസങ്ങള്‍ മറ്റെല്ലാ രംഗങ്ങളേയും പോലെ സിനിമയേയും ചുറ്റിപ്പറ്റി നില്‍ക്കുന്നു. പക്ഷേ തമിഴ് സിനിമയ്ക്കില്ലാത്ത ചിലതെല്ലാം നമുക്കുണ്ട് - അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, ജോണ്‍ എബ്രഹാം, ഷാജി, ടി.വി.ചന്ദ്രന്‍ തുടങ്ങി മലയാള സിനിമയെ അന്തരാഷ്ട്ര തലത്തിലേക്കുയര്‍ത്തിയ കുറച്ചു പേര്‍.

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും വളരെ വളരെ നന്ദി.

അനില്‍@ബ്ലോഗ് പറഞ്ഞു...

"ഒരു ബ്രിട്ടീഷ്
സംവിധായകന്‍ നിര്‍മ്മിച്ച ബ്രിട്ടീഷ് ചിത്രത്തിലൂടെ
"

അതാണ് അതിന്റെ രാഷ്ട്രീയം എന്നാണ് എന്റ്റെ അഭിപ്രായം. ഇത് ഇന്ത്യക്കാരനുവേണ്ടിയാണെന്ന് വിശ്വസിക്കാന്‍ ബുദ്ധുമുട്ടുണ്ട്. സിനിമയോട് വലിയ ബന്ധങ്ങളില്ലാത്തതിനാല്‍ കൂടുതല്‍ പറയാന്‍ അര്‍ഹതയില്ല.
:)