2012, മേയ് 22, ചൊവ്വാഴ്ച

ലാല്‍‌സലാം, മോഹന്‍ലാല്‍


ഞാന്‍ മോഹന്‍ലാലിന്റെ ആരാധകനല്ല. ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവുകളോട് മതിപ്പു തോന്നിയ അവസരങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ നടനില്‍ നിന്നും മനുഷ്യനിലേക്കിറങ്ങി വന്ന് അദ്ദേഹം പലപ്പോഴും പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയെക്കുറിച്ചുള്ള മതിപ്പ് കുറക്കുവാനേ ഉതകിയിട്ടുള്ളു. ഇതില്‍ നിന്നെല്ലാം വിഭിന്നമായി ഇക്കഴിഞ്ഞ ദിവസം തന്റെ ബ്ലോഗില്‍ ‘ഓര്‍മ്മയില്‍ രണ്ട് അമ്മമാര്‍‘ എന്ന തലക്കെട്ടില്‍ അദ്ദേഹമെഴുതിയ ലേഖനത്തിലൂടെ രോഗ ശയ്യയിലായ സ്വന്തം അമ്മയേയും, കാപാലികരാല്‍ കശാപ്പു ചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ അമ്മയേയും ഒരുമിച്ച് സ്മരിക്കുക വഴി ഇതാ അദ്ദേഹം നല്ലൊരു കാര്യം ചെയ്തിരിക്കുന്നു എന്ന തോന്നലുളവാക്കുന്നു. 
http://www.thecompleteactor.com/articles2/

ഇത് തന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഒരു അവസരമായി ഉപയോഗിക്കുകയാണെന്നോ, സ്വന്തം അമ്മ ശയ്യാവലംബിയായതു കൊണ്ട്‍, മാധ്യമശ്രദ്ധ നേടിയ മറ്റൊരമ്മയുടെ സങ്കടത്തെ കൂട്ടു പിടിച്ചതാണെന്നോ ഒക്കെ ആളുകള്‍ക്കു പറയാമെങ്കിലും, തന്റെ അവസരോചിതമായ ഈ പ്രതികരണം വഴി ടി.പി. ചന്ദ്രശേഖരന്റെ കൊലക്കെതിരെയുള്ള പ്രതികരണങ്ങള്‍ക്ക് വലിയൊരു കരുത്തു നല്‍കുവാന്‍ മോഹന്‍ലാലിനു കഴിഞ്ഞിരിക്കുന്നു.  പ്രത്യേകിച്ചും വിവാദ ദാഹികളായ മാധ്യമപ്പട അതിനു വന്‍ പ്രാധാന്യം നല്‍കി ഫ്ലാഷ് ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍.


 ചന്ദ്രശേഖരന്റെ അമ്മയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനു ശേഷം ഒരു പടി കൂടി മുന്നോട്ടു കടന്ന് “കൊല്ലുന്നവരും കൊല്ലിക്കുന്നവരുമുള്ള ഈ കേരളത്തില്‍ ജീവിക്കുവാന്‍ മടി തോന്നുന്നു, മടുപ്പു തോന്നുന്നു പേടി തോന്നുന്നു” എന്നെഴുതുമ്പോള്‍ മോഹന്‍ലാല്‍ കേരള ജനതയുടെ മുഴുവന്‍ നെഞ്ചിടിപ്പുകളും തന്റെ വരികളില്‍ പകര്‍ത്തി വയ്ക്കുന്നു.  തീര്‍ച്ചയായും കേരളത്തില്‍ ജീവിക്കുവാന്‍ മടിയും പേടിയും തോന്നുകയാണ്. വീണു കിട്ടിയ അവസരം മുതലാക്കാന്‍ ഉമ്മന്‍‌ചാണ്ടിയുടെ ‘ചെന്നായ ബുദ്ധി’ യിലൂടെ വന്ന ആഹ്വാനം കേട്ട് അധികം പേരൊന്നും പ്രതികരിക്കാതിരുന്നതിനു കാരണവും ഈ മടുപ്പല്ലാതെ മറ്റൊന്നുമാവാന്‍ കാര്യമില്ല. യാതൊരു പ്രതികരണങ്ങള്‍ക്കും ഫലമുണ്ടാക്കാനാവില്ല എന്ന തിരിച്ചറിവിലേക്ക് മുഖം തിരിക്കുന്ന അവസ്ഥയിലാണ് നാമിന്ന്. (അഴീക്കോട് മാഷിനെപ്പോലെ മുഖം നോക്കാതെ പ്രതികരിക്കാന്‍ കെല്‍പ്പുള്ളവര്‍ ഇന്നില്ലാതായിരിക്കുന്നു).  ഇവിടെ ജീവിതം വെട്ടേറ്റ മുഖം പോലെത്തന്നെ ബീഭത്സമാണ്. “ആത്മഹത്യയ്ക്കും കൊലക്കും ഇടയിലൂടാ‍ര്‍ത്തനാദം പോലെ പായുന്നു ജീവിതം“  എന്ന ചുള്ളിക്കാടിന്റെ വരികള്‍ക്ക്  പൂര്‍വ്വാധികം പ്രസക്തി കൈവരികയാണിപ്പോള്‍. 



ഉപ്പു തിന്നുന്നവര്‍ വെള്ളം കുടിക്കും എന്നതിന്റെ ഗുണപാഠം ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് മനസ്സിലാവുമോ എന്തോ. പക്ഷേ ചില നേതാക്കള്‍ വെള്ളം കുടിക്കുന്നതു കാണുമ്പോള്‍ ജനങ്ങള്‍ക്കു മനസ്സിനുള്ളില്‍ സംതൃപ്തി തോന്നുന്നുണ്ട്. കൊലപാതക രാഷ്ട്രീയം ഒരു പാര്‍ട്ടിയുടെ മാത്രം കുത്തകയല്ല എന്ന കാര്യം ജനങ്ങള്‍ മറന്നു പോകാന്‍ പാടില്ല. സി.പി.എമ്മിനോടൊപ്പം തന്നെ കോണ്‍ഗ്രസ്സും,  ബി.ജെ.പി.യും, ലീഗും, മറ്റനവധി തീവ്രവാദ രാഷ്ട്രീയ / മത സംഘടനകളും കേരളത്തില്‍ ഇന്നു നില നില്‍ക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും കാരണക്കാരാണ്.  അധികാരത്തിലിരിക്കുന്നവരും പുറത്തു നില്‍ക്കുന്നവരുമടങ്ങിയ അവിശുദ്ധ മത രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ സമൂഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നവ തന്നെയാണ്. ഈ അന്തരീക്ഷം പാടേ മാറേണ്ടതുണ്ട്. പാര്‍ട്ടി നേതാക്കളും, മതനേതാക്കളും, സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരും ഇതിനു നേതൃത്വം നല്‍കുകയും ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ ആളുകളെ പ്രേരിപ്പിക്കേണ്ടതുമുണ്ട്. ഇവര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഇത് നിഷ്പ്രയാസം സാധിക്കാനാവുന്നതാണ്. 


ഇത്തരം കാര്യങ്ങള്‍ പ്രശസ്തരായവര്‍ പറയുമ്പോള്‍ അതെത്ര ചെറിയതായാല്‍പ്പോലും വലിയ മാധ്യമശ്രദ്ധ ലഭിക്കാറുണ്ട്.  പ്രശസ്തരായ പലരും മൌനം ഭജിക്കുമ്പോള്‍, വളരെ പ്രയത്നമില്ലാത്ത ലളിതമായ ഒരു ബ്ലോഗ് പോസ്റ്റു കൊണ്ട് മോഹന്‍ലാലിന് വലിയൊരു കാര്യം സാധിക്കാനായി എന്നിടത്താണ് അദ്ദേഹത്തിന്റെ ബ്ലോഗ് പോസ്റ്റിന്റെ പ്രസക്തി. 

(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)

2012, ജനുവരി 24, ചൊവ്വാഴ്ച

സുകുമാര്‍ അഴീക്കോട്


സാംസ്കാരിക കേരളത്തിന്റെ നഭസ്സില്‍ എന്നും മുഴക്കത്തോടെ നിന്ന ഉജ്ജ്വലമായ ശബ്ദം.
എതിരാളികളുടെയെല്ലാം ശബ്ദമടപ്പിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന ആ ശബ്ദവും അനിവാര്യമായ നിശ്ശബ്ദതയിലേക്ക്. 
ആശുപത്രിക്കിടക്കയില്‍ രോഗത്തോടു പൊരുതുമ്പോഴും സ്വതസിദ്ധമായ തന്റേടം കാത്തു സൂക്ഷിച്ചു. അദ്ദേഹത്തിന്റെ ചില നിലപാടുകളോട് വിയോജിപ്പുകള്‍ ഉണ്ടായിരിക്കാമെങ്കിലും ചെറുപ്പക്കാര്‍ക്കു പോലുമില്ലാത്ത ചുറുചുറുക്കോടെ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ കേരളീയ സമൂഹത്തെ എപ്പോഴും ഉറക്കത്തില്‍ നിന്നുമുണര്‍ത്തുവാനുതകിയിരുന്നു. 
തന്നോടു വിഘടിച്ചു നിന്നവരെയെല്ലാം അനുനയിപ്പിച്ച് എല്ലാവരോടും വിട ചൊല്ലി ആ ശബ്ദം പ്രപഞ്ചത്തിന്റെ ശബ്ദത്തിലേക്ക് തിരികെപ്പോകുമ്പോള്‍, ശിരസ്സു നമിച്ച് - 
ആദരാഞ്ജലികള്‍