2008, ജൂൺ 27, വെള്ളിയാഴ്‌ച

കന്യാസ്ത്രീ വിവാദവും അനുബന്ധ പ്രശ്നങ്ങളും.

ജസ്റ്റീസ് ശ്രീദേവിയുടെ നിര്‍ദ്ദേശങ്ങളുയര്‍ത്തിയ പൊടിപടലങ്ങളടങ്ങും മുമ്പെ 37 കാരിയായ ഒരു കന്യാസ്ത്രീയും, ഡ്രൈവറും മൊബയില്‍ ക്യാമറ എന്ന വില്ലനും രംഗപ്രവേശം ചെയ്തത് ആകസ്മികമാകാം. സഭയുടെ അധികാരദണ്ഡ് അതി ദ്രുതം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വിലക്കപ്പെട്ട കനി തിന്ന് പാപം ചെയ്തവളെ നിഷ്ക്കരുണം പിടിച്ചു പുറത്താക്കി തങ്ങളുടെ കൈകള്‍ കഴുകി ശുദ്ധമാക്കി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. അതു കൊണ്ടു മാത്രം കാര്യം തീര്‍ന്നുവെന്നു കരുതാമോ? 18 വയസ്സുമുതല്‍ (അച്ചന്മാര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചാല്‍ തന്നെ) 37 വയസ്സു വരെ സഭ ഒരു പാവം സ്ത്രീയില്‍ അടിച്ചമര്‍ത്താ‍ന്‍ ശ്രമിച്ച വികാരങ്ങളെല്ലാം ഒരു ദിവസം ദൈവം തന്നെ പുറത്തു ചാടിച്ചതല്ലെന്നു പറയാനാവുമോ?

മനുഷ്യനേയും മറ്റു ജീവജാലങ്ങളെയും ആണായും പെണ്ണായും ദൈവം സൃഷ്ടിച്ചു വിട്ടത് ഭൂമിയില്‍ ജീവന്റെ കണ്ണികള്‍ വിട്ടുപോകാതെ നില നിര്‍ത്തുക എന്ന കര്‍മ്മം നിറവേറ്റാനായിട്ടു തന്നെയാണെന്നതില്‍ തര്‍ക്കമുണ്ടോ? ദൈവം അര്‍പ്പിച്ച കര്‍മ്മം നിറവേറ്റാതിരിക്കാന്‍ ഒരു മനുഷ്യ ജന്മത്തെ അനുവദിക്കാതിരിക്കുന്നതില്‍പ്പരം ദൈവ നിഷേധം വേറെ എന്താണുള്ളത്? അതല്ല ദൈവത്തിനു വേണ്ടി പണിയെടുക്കാന്‍ ആള്‍ക്കാരെ വേണമെന്ന് ദൈവത്തിനാവശ്യമുണ്ടെങ്കില്‍ അങ്ങനെയൊരു കര്‍മ്മത്തിന് പറ്റിയ മനുഷ്യരെ - തീരെ ആവശ്യമില്ലാത്തതും, വിനാശകാരികളുമായ നികൃഷ്ടവികാരവിചാരങ്ങളെ മുഴുവന്‍ നീക്കം ചെയ്ത് ‘വെറും പ്ലെയിന്‍‘ കന്യാസ്ത്രീയായോ, അച്ചനായോ അതല്ല മറ്റു വല്ല സന്യാസിയുമായോ കുറെ പേരെ - ദൈവത്തിനു സൃഷ്ടിച്ചു വിടാമെന്നത് നിഷ്പ്രയാസമായ കാര്യമല്ലെ?

സന്തോഷ് മാധവനെപ്പൊലെയുള്ള വ്യാജന്മാരായ ഒരു പറ്റം ദൈവദല്ലാള്‍മാരുടെ ഉദയത്തിന് ഇത്തരം സൃഷ്ടികള്‍ വിഘാതമാവുക വഴി ഈ പ്രക്രിയ സമൂഹത്തിനൊന്നടങ്കം സ്വീകാര്യവും ആശ്വാസകരവുമാവും. ദൈവത്തിനതാവില്ലെങ്കിലും, ഭാവിയില്‍ ശാസ്ത്രജ്ഞന്മാരുടെ ലാബുകളിലൂടെ അങ്ങനെയുള്ള സൃഷ്ടികളുടെ ആവിര്‍ഭാവവും സംഭവിച്ചേക്കാം. പൂജാരിയുടെ മിഴിയും മനസ്സും ദൈവസന്നിധിയിങ്കലല്ല ഭക്തകളുടെ മാംസ ചൈതന്യ്യമുണര്‍ത്തുന്ന സംഘര്‍ഷങ്ങളിലാണ് എന്ന അവസ്ഥ ഇതു കൊണ്ട് മാറിക്കിട്ടും. ഭാവി തലമുറ ഇത്തരത്തിലൊരു മാറ്റത്തിനു ചിന്തിച്ചാല്‍ നിര്‍ബന്ധപൂര്‍വ്വമോ, ക്രമാനുഗതമായ മസ്തിഷ്കപ്രക്ഷാളണ തന്ത്രങ്ങള്‍ വഴിയൊ ഉപായത്തില്‍ കന്യകമാരെ ദൈവശുശ്രൂഷക്കായി നേര്‍ച്ചക്കോഴികാളാക്കുന്ന വിദ്യ പ്രയോഗിക്കുവാന്‍ സഭകള്‍ക്കും നിര്‍ബ്ബന്ധിതരാവേണ്ടി വരില്ല. വിദേശ രാജ്യങ്ങളില്‍ ദൈവശുശ്രൂഷകര്‍ക്കായുള്ള ക്ഷാമവും ഈ വിധത്തില്‍ പരിഹരിക്കാനാവും.

ഇനി സഭയില്‍ നിന്നും പുറത്താക്കപ്പെട്ട പാവം സ്ത്രീയുടെ അവസ്ഥയിലേക്കു തിരിച്ചു വന്നാലോ. മൊബയിലുകളിലൂടെയും വെബ് സൈറ്റുകളീലൂടെയും മറ്റു മീഡിയാകളിലൂടെയും ബ്രോഡ്‌കാസ്റ്റ് ചെയ്യപ്പെട്ട അവരുടെ കുറച്ചു സ്വകാര്യ നിമിഷങ്ങള്‍ കണ്ട് തലക്കു മത്തു പിടിച്ച ഒരു പുരുഷവൃന്ദം അവരെ സ്വൈര്യമായി ജീവിക്കുവാന്‍ വിടുമോ? ഒരു സ്ത്രീയുടെ സ്വകാര്യത ഏറ്റവും ക്രൂരമായി അധിക്ഷേപിക്കപ്പെട്ടു എന്ന് ഒരു ബ്ലോഗര്‍ എഴുതിയതിനോട് യോജിക്കാതെ വയ്യ. അതേ സമയം എപ്പോഴായിരുന്നു സ്ത്രീക്ക് സ്വന്തമായി ഒരു സ്വകാര്യതയുണ്ടായിരുന്നത് എന്ന ചോദ്യവും ഉണ്ട്? നടക്കുന്നതിനിടെ ഒന്നു കുനിഞ്ഞാള്‍, സാരിയുടെ തല തോളില്‍ നിന്നൊന്നറിയാതെ ഊര്‍ന്നു പോയാല്‍, ബസ്സില്‍ കയറുന്നതിനിടെ കാലുകളിത്തിരി അനാവൃതമായാല്‍ എവിടെയെല്ലാം ആരുടെയെല്ലാം മോബയില്‍ ക്യാമറകള്‍ കണ്ണുചിമ്മി സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ഒപ്പീടുക്കുന്നില്ലെന്ന് എങ്ങനെ പറയാനാവും? ഇക്കാരണത്താല്‍ തന്നെ സാരിക്കു പകരം ചുരിദാര്‍ ധരിക്കുവാന്‍ഭാര്യയെ നിര്‍ബ്ബന്ധിക്കുന്ന ചില സുഹൃത്തുക്കളെ എനിക്കറിയാം. രക്ഷാകവചമാകേണ്ട വസ്ത്രങ്ങള്‍ തന്നെ സ്ത്രീകളുടെ അരക്ഷിതാവസ്ഥക്കു കാരണമകുന്നുവെന്നു പറയുമ്പോഴെല്ലാം സ്ത്രീകള്‍ വാളോങ്ങി വരുന്നത് നമ്മള്‍ നിത്യേനെ കാണുന്നതാണ്. അവരിപ്പോഴും മാനസികമായും, ശാരീരികമായും തലമുറകളായി തുടര്‍ന്നു വരുന്ന പുരുഷാധിപത്യത്തിന്റെ ബന്ധുര ബന്ധനത്തില്‍ത്തന്നെയാണ്. ഒരു മധുരനിമിഷത്തിന്റെ ആലസ്യത്തിനിടയില്‍ അവളുടെ നഗ്നത കവര്‍ന്നെടുക്കപ്പെടുന്നത് ഒരു പക്ഷേ ഏറ്റവും വിശ്വസ്ഥനായ ഭര്‍ത്താവിന്റേയോ, അകമഴിഞ്ഞു സ്നേഹിക്കുന്ന കാമുകന്റേയോ മോബയില്‍/ഡിജിറ്റല്‍ ക്യാമറകളാകാം.

ടീ.വി. ചാ‍നലുകളുടെയും, ഇന്റര്‍നെറ്റിന്റേയും വരവോടെ സ്ത്രീ ശരീരത്തിന്റെ അശ്ലീലമായ ക്ലോസപ്പുകളും, രതിവൈകൃതങ്ങളുടെ വന്യാവിഷ്‌ക്കരണങ്ങളും ബെഡ് റൂമുകളുടെ സ്വകാര്യതയില്‍ ആസ്യദിക്കുവാന്‍ തക്ക സൌകര്യങ്ങള്‍ ഇന്നുള്ളപ്പോള്‍ സ്ത്രീ കേവലം ഒരുലൈംഗിക ഉപകരണം മാത്രമാണെന്ന ബോധം ഇളം തലമുറയിലൂടെ ഭീതിദമായി പടരുകയാണ്.ഇന്റര്‍നെറ്റില്‍ കയറി ‘മലയാളി’ യെന്നൊ ഇന്നത്തെ ഫാഷന്‍ വാക്കായ ‘മല്ലു’ വെന്നോഎഴുതി ‘ഇമേജ് സെര്‍ച്ച്’ ചെയ്തു നോക്കൂ. കിട്ടുന്നതില്‍ 80 ശതമാനവും മലയാളി(?)യുടെ സ്ത്രൈണ നഗ്നതയോ ലൈംഗിക ചിത്രീകരണങ്ങളോ മാത്രമായിരിക്കും. യുവതലമുറയുടെ ഹരമായി മാറുന്ന‘യൂ ട്യൂബ്’‘ സൈറ്റില്‍ മലയാള കവിത എന്നെഴുതി തിരക്കിയപ്പോള്‍ വന്നത് കവിത എന്ന ഏതൊ നടിയുടെ നീലച്ചിത്രമായിരുന്നു.

പീഡന കഥകളുടേയും, അക്രമണോത്സുകതയുടേയും നിരന്തരാവര്‍ത്തനങ്ങളും‍, ഷണ്ഡത്വം ബാധിച്ച, ഉപജാപക സംഘങ്ങളായി അധപതിച്ച രാഷ്ട്രീയ സംഘടനകളും, എല്ലാം കണ്ടിട്ടും പ്രതികരിക്കാതെ നീങ്ങുന്ന സമൂഹവും ഈ അപചയത്തിന്റെ ഉത്തമ ദൃഷടാന്തങ്ങളാണ്.

ഈ അവസരത്തില്‍ സഭയില്‍ നിന്നും പുറത്താക്കപ്പെട്ട പച്ചയായ സ്ത്രീയോട് ഒരു വേട്ടമൃഗത്തോടെന്ന പോലെ പെരുമാറാതെ മാനുഷികമായ അനുകമ്പയും സ്നേഹവും സഹിഷ്ണുതയും പ്രകടിപ്പിക്കുവാന്‍ പൊതുജനം ബാദ്ധ്യസ്തരാണ്. നമ്മുടെ നാട്ടില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനായി ഘോരഘോരം പ്രസംഗിച്ചു നടക്കുന്നവര്‍ ഈയവസരത്തിലെങ്കിലും മുന്നോട്ടു വരുമെന്ന് പ്രത്യാശിക്കാമോ?

2008, ജൂൺ 12, വ്യാഴാഴ്‌ച

കന്യാസ്ത്രീ വിവാദങ്ങൾ ....

ഒരു ഉൾവിളി. സക്ഷാൽ ദൈവത്തിൽ നിന്ന്. കർത്താവിന്റെ മണവാട്ടിയാവാനാണ് നിന്നെ ഭൂമിയിലേക്കു പറഞ്ഞു വിട്ടത്. നിന്റെ ജീവിതം എനിക്കുള്ളതാണ്. നീയൊരുങ്ങി വരിക. ..

മേരിക്കുട്ടിക്കൊന്നും പറയാനുണ്ടായിരുന്നില്ല. എരിയുന്ന മെഴുകു തിരികളിലൂടെ വരുന്നത് ദൈവത്തിന്റെ കണ്ണിലെ പ്രകാശമാണ്, സ്നേഹമാണ്. അൾത്താരയിൽ ദൈവത്തിന്റെ ചുണ്ടുകൾ.. മേഘപാളികളിലൂടെ കർത്താവിന്റെ കരങ്ങൾ നീണ്ടു നീണ്ടു വരുന്നു ... ആ വിരൽത്തുമ്പുകൾ സ്പർശിക്കുന്നത് നേരെ ആത്മാവിന്റെ അത്യഗാധതയിലാണ്... ഒരു കോരിത്തരിപ്പ്, കുളിര്. നെറ്റിയിൽ വിയർപ്പു തുള്ളികൾ പൊടിയുന്നുണ്ട്. ചുറ്റും കൂടിയിരിക്കുന്നവരുടെ പ്രർത്ഥനകൾ ഒരു കോറസ്സായി ശ്രവണപുടങ്ങളിൽ മുഴങ്ങുന്നുണ്ട്. .. . അടുത്തു നിന്നും കേൾക്കുന്നത് അപ്പന്റെ ദുർബലമായ ശബ്ദമാണൊ? അമ്മയുടെ ശബ്ദത്തിന് എന്താണിത്ര വിറയൽ ? പക്ഷെ ചുറ്റും കൂടി നിൽക്കുന്ന മറ്റുള്ളവരുടെ ശബ്ദങ്ങൾ അവയെ അമർത്തിക്കളയുന്നുണ്ട്. പ്രത്യേകിച്ചും സൈമണച്ചന്റെ മുഴങ്ങുന്ന ശബ്ദം. ദൈവത്തിന്റെ ശബ്ദമാണച്ചനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്രയ്ക്ക് വശീകരണ ശക്തിയുണ്ടതിന്.

ദൈവത്തിന്റെ പിറകിൽ തലകുനിച്ചു നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരന്റെ കണ്ണുകളിൽ നിന്നും പൊഴിയുന്നത് കണ്ണുനീരാണോ ? ജോയിച്ചാ ക്ഷമിച്ച് മാപ്പു തരണേ. കോളേജിന്റെ വെളിച്ചം കുറഞ്ഞ ഇടനാഴികളിലും, ഇടവഴിയിലെ വിജനതയിലും വച്ച് അറിയാൻ കഴിഞ്ഞ ആ മുഖത്തിന്റെ ആസ്വാദ്യകരമായ സാമീപ്യം ഈ നിമിഷത്തിലെന്തിനാണ് മനസ്സിലേക്കു തിക്കിത്തിരക്കി കടന്നു വരുന്നത്? ഈശോയെ... ശരീരം തളരുകയാണോ? ഇത് പരീക്ഷണമാണോ?

ഏതായാലും അധികനേരം പരീക്ഷണങ്ങളിലൂടെ കടന്നു പോകേണ്ടി വന്നില്ല മേരിക്കുട്ടിക്ക്. ഒരു ബോധക്ഷയമായി വന്ന് കർത്താവവളെ തുണച്ചു. ...

----------

മുകളിലഴുതിയത് വെറും ഭാവനയിൽ നിന്ന്. ജസ്റ്റിസ് ശ്രീദേവി കുടത്തിൽ നിന്നും പുറത്തുവിട്ടതും, പിണറായിയടക്കം എല്ലാവരും കൈ വിട്ടതുമായ ഒരു ഭൂതത്തിനോട് കടപ്പാട്.


പ്രാരാബ്ധങ്ങളിൽ നിന്നും പട്ടിണിയിൽ നിന്നും രക്ഷ നേടാൻ കന്യാസ്ത്രീകളാകാൻ സന്നദ്ധകളായവരുടെ കഥകൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ. പൊൻ‌കുന്നം വർക്കിയുടെ കഥകളിലൂടെ കടന്നു പോകുമ്പോൾ ഒരു വിസ്മയത്തോടു കൂടിയല്ലാതെ ഈ പാവങ്ങളെ നോക്കിക്കാണാനാവില്ല.

പിന്നെ ‘ഉൾവിളി’ ‘ദൈവവിളി’ എന്നതൊക്കെ ഒരു ‘ബ്രെയിൻ വാഷിങ്ങ്’ എന്നതിനപ്പുറം ഒന്നുമല്ല എന്ന് എല്ലാവർക്കും അറിയാം. വെറും ഒരു ‘റിക്രൂട്ടിങ്ങ് ‘ സ്റ്റണ്ട്. ലോകത്താകമാനം ഡിമാ‍ന്റുള്ള ഒരു തസ്തികയാണ് കന്യാസ്ത്രീകളുടേത്. ശമ്പളം കൊടുക്കേണ്ട. ഓജസ്സറ്റു പോകാതിരിക്കാൻ ‘സ്പിരിച്വലിസം‘ മാത്രം പകർന്നു കൊടുത്താൽ മതി. സത്യത്തിൽ ജസ്റ്റിസ് ശ്രീദേവി പറഞ്ഞ പതിനെട്ട് എന്ന പ്രായം തീരെ കുറവാണ് . ചുരുങ്ങിയത് അത് ഇരുപത്തൊന്ന് എങ്കിലും ആക്കണമായിരുന്നു. അപ്പോഴേക്കുമല്ലെ ശരിക്കും പക്വത വന്നുവെന്ന് പറയാൻ പറ്റൂ. പതിനെട്ടിനും ഇരുപത്തൊന്നിനുമിടയിൽ കുറേ പേർക്കെങ്കിലും കല്യാണം കഴിച്ച് സാധാരണ ജീവിതത്തിലേക്കു് രക്ഷപ്പെടാം.

ആരൊക്കെ എങ്ങിനെയൊക്കെ ശ്രമിച്ചാലും ലോകത്തുള്ള എല്ലാവരേയും ഒരു മതത്തിൽ കീഴിൽ കൊണ്ടുവരാ‍മെന്നുള്ളത് വെറും വ്യാമോഹം മാത്രമാണ്. ഒരുപാട് നീരാളിക്കൈകളുള്ള മത സ്ഥാപനങ്ങളുടെ നിലനിൽ‌പ്പിനു വേണ്ടി ജീവിതം ബലി കൊടുക്കേണ്ടി വരുന്ന പാവങ്ങളാണ് വൈദികരും, കന്യാസ്ത്രീകളും. നമുക്കവരുടെ വിധിയിൽ സഹതപിക്കുക.