2008, ഫെബ്രുവരി 26, ചൊവ്വാഴ്ച

ശബരിമലയും പെണ്ണുങ്ങളും

‘വിവേകം‘ എന്ന ബ്ലോഗറുടെ ‘ശ്രീനാരായണ ഗുരു ഒന്നാം പ്രതി’ എന്ന പോസ്റ്റിനിട്ട പ്രതികരണമാണിത്. ചെറിയ മിനിക്കുപണികളോടെ ഇവിടെ എടുത്തെഴുതുന്നു ....

പെണ്ണു പെറുന്നതും, തീണ്ടാരിയാകുന്നതും സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയയാണ്. ആ പെണ്ണുണ്ടായിരുന്നതു കൊണ്ടു കൂടിയാണ് അയ്യപ്പസ്വാമിക്ക് അമ്പലം പണിയാനും ആരാധന നടത്താ‍നും ആണുങ്ങളുണ്ടായത്.

പിന്നെ പണ്ടത്തെപ്പോലെ തറ്റുടുത്തും തുണിവച്ചും തടഞ്ഞു നിര്‍ത്തുമ്പോള്‍ ആര്‍ത്തവരക്തം താഴെവീണു അശുദ്ധമാകുമെന്ന പേടി വേണ്ട ... വിസ്‌പ്പറും, കോട്ടക്കും, ആള്‍വേയ്സും പോലെ എന്തെല്ലാം സന്നാഹങ്ങളാ ഇന്ന്. ഇതൊന്നുമില്ലാതിരുന്ന പുരാ‍തന കാലത്ത് എഴുതി വച്ചിരുന്ന ചട്ടങ്ങളാണിതൊക്കെ. അന്നതിന് മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ പ്രസക്തിയുണ്ടായിരുന്നിരിക്കാം. ഇന്നതില്‍ കടിച്ചു തൂങ്ങുന്നത് വിവരമില്ലായ്മയാണ്. എന്നു വച്ച് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ അമ്പലങ്ങളില്‍ പോകാതിരിക്കുന്നതുപോലെ ആ സമയത്ത് വേണമെങ്കില്‍ സ്ത്രീകള്‍ക്കു പോകാതിരിക്കുകയുമാവാം.

ഇപ്പോള്‍ കാലം മാറി, കഥ മാറി. മാറ്റുവിന്‍ ചട്ടങ്ങളേ എന്നു പാടാന്‍ പണ്ടൊരു കവിയുണ്ടായിരുന്നു നമുക്ക്... ഇന്നു പെണ്ണുങ്ങള്‍ക്ക് അയ്യപ്പനെ കാണണമെന്നു പറയുമ്പോള്‍ നമ്മുടെ മനസ്സ് പണ്ടത്തേക്കളും ഇടുങ്ങിയതാണെന്നു വരുന്നത് എത്ര ലജ്ജാകരം.

ശബരിമലയില്‍ പെണ്ണുങ്ങള്‍ കയറിയാല്‍ ഒന്നും സംഭവിക്കുകയില്ല ... എല്ലാ പെണ്ണുങ്ങളും കെട്ടും നിറച്ച് ശബരിമലയിലേക്ക് ഒരു മാര്‍ച്ച് നടത്തുകയാണ് വേണ്ടത്. ദൈവകോപം എന്നു പറഞ്ഞ് ആണുങ്ങളും, പെണ്ണുങ്ങള്‍ തന്നെയും പേടിപ്പിക്കാന്‍ നോക്കും. അതില്‍ പതറേണ്ടതില്ല. ധൈര്യമുള്ള സ്ത്രീകള്‍ ധാരാളം ഉണ്ട്. പദം പദം ഉറച്ചു നാം ..... മുന്നോട്ടു പോവുക

വിപ്ലവകരമായ മറ്റൊരു ക്ഷേത്രപ്രവേശനത്തിന് കേരളം സാക്ഷിയാകട്ടെ ...

2008, ഫെബ്രുവരി 19, ചൊവ്വാഴ്ച

പൊന്നമ്പലമേടും കന്യാമറിയവും.

പൊന്നമ്പലമേട്

ശബരിമലയിലെ പൊന്നമ്പലമേടില്‍ വിദേശികളടക്കം സന്ദര്‍ശനം നടത്തി, പൂജ നടത്തി എന്നതാണല്ലോ പുതിയ വിവാദം. അരിക്കും, പാലിനും പഞ്ഞമാണെങ്കിലും വിവാദങ്ങള്‍ക്ക് കേരളത്തില്‍ യാതൊരു വിധ കുറവും സംഭവിക്കുന്നില്ല എന്നത് എത്ര ആശ്വാസകരം. വിശപ്പും ദാഹവും മറന്ന് വിവാദങ്ങള്‍ക്കു പിറകേ പാഞ്ഞുകൊണ്ടിരിക്കുവാന്‍ നമ്മള്‍ക്കുള്ള കഴിവ് അപാരം തന്നെ.

മകരജ്യോതിയെ ചുറ്റിപ്പറ്റി കാലങ്ങളായി നിലനില്‍ക്കുന്ന സംശയങ്ങള്‍ ഇന്നും വ്യക്തമായ ഉത്തരമില്ലാതെ നില നില്‍ക്കുന്നുണ്ട്. ഓരോ മണ്ഡല കാലത്തും അതൊന്നു പുകയും, പിന്നെ കുറേയേറെപ്പേര്‍ ചേര്‍ന്ന് അതിനെ തല്ലിക്കെടുത്തുകയോ, പുകയുയര്‍ത്തിയവര്‍ തന്നെ തീയില്‍ വെള്ളമൊഴിച്ച് പിന്‍‌മടങ്ങുകയോ ചെയ്യുന്ന കാഴ്ചയില്‍ എല്ലാവരും മൌനികളാകും. അതങ്ങനെ തന്നെ ഇനിയും എത്ര കാലം വേണമെങ്കിലും നില നില്‍ക്കുമായിരിക്കും. എന്തു തന്നെയായാലും പൊന്നമ്പലമേട്ടില്‍ എന്തു നടക്കുന്നു എന്ന് അറിയാനുള്ള അധികാരം ജനങ്ങള്‍ക്കും അതറിയിക്കാനുള്ള ബാധ്യത ഭരിക്കുന്നവര്‍ക്കുമുണ്ട്.

കന്യാമറിയം

കന്യാമറിയത്തെ കാണാന്‍ ആകാശത്തേക്കു നോക്കിയവരുടെ കാഴ്ച സൂര്യതാപമേറ്റ് തകരാറിലായെന്നും പലരും ആശുപത്രിയില്‍ ചികിത്സക്കായെത്തിയെന്നും പത്രവാര്‍ത്ത. എരുമേലിക്കടുത്ത് മഞ്ഞളരുവി എന്ന സ്ഥലത്താണ് സംഭവം. കന്യാമറിയത്തിന്റെ ഫോട്ടോയില്‍ നിന്നും രക്തം ഒലിച്ചിറങ്ങി എന്ന പ്രചരണവും ജനങ്ങള്‍ വിശ്വസിച്ചുവെന്നും വാര്‍ത്തയിലുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നു എന്ന് കരുതുന്ന കേരളജനതയില്‍ കുറേപ്പേരെയെങ്കിലും വിശ്വാസത്തിന്റെ പേരില്‍ ഏതവസരത്തിലും പറ്റിക്കാന്‍ എത്ര എളുപ്പം കഴിയുന്നു എന്നത് ലജ്ജാവഹമാണ്. പാലുകുടിക്കുന്ന ഗണപതികള്‍ക്കും, കരയുന്ന വിഗ്രഹങ്ങള്‍ക്കും ഇനി ഊഴമനുസ്സരിച്ച് തങ്ങളുടെ പ്രകടനങ്ങള്‍ പുറത്തെടുക്കാം. അന്ധവിശ്വാസങ്ങളെപ്പറ്റിപ്പറയുമ്പോള്‍ ജാതിഭേതം നോക്കാതെ വാളെടുക്കുന്ന വിശ്വാസത്തിന്റെ കാവല്‍പ്പോരാളികള്‍ എന്തു പറയുന്നുവോ ആവോ? അന്ധവിശ്വാസം ആളുകളെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ അന്ധരാക്കുന്ന കാഴ്ചക്കു സാക്ഷ്യം വഹിക്കുമ്പോള്‍ അവരിലെന്തങ്കിലും മാറ്റമുണ്ടാകുമെന്നു കരുതാമോ?