2009, ഫെബ്രുവരി 28, ശനിയാഴ്‌ച

സ്ലംഡോഗിനെ തള്ളിപ്പറയുമ്പോള്‍

ബോംബെ ജീവിതം സമ്മാനിച്ച മറക്കാനാവാത്ത കാഴ്ചകളിലൊന്ന് യാചകരുടെ രാത്രി ഭക്ഷണമായിരുന്നു. ഗ്രാന്റ് റോഡ് സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഓവര്‍ ബ്രിഡ്ജിനു താഴെ, തെരുവു കച്ചവടക്കാര്‍ അന്നത്തെ വ്യാപാരം കഴിഞ്ഞ് സ്ഥലം വിട്ടിരുന്നു. പെട്ടിക്കടകള്‍ അടച്ചു. അവിടവിടെയായി പാന്‍ വില്‍ക്കുന്ന ഭയ്യാകള്‍ മാത്രം. അവസാനത്തെ ലോക്കല്‍ ട്രെയിന്‍ പിടിക്കാനായി ഇനിയുമുറങ്ങാത്ത റോഡിലൂടെ, ധൃതിയില്‍ സ്റ്റേഷനിലേക്കു നടക്കുന്ന യാത്രക്കാര്‍. ഓവര്‍ ബ്രിഡ്ജിനു താഴെയുള്ള മൂത്രപ്പുര ലക്ഷ്യമാക്കി നടക്കുമ്പോഴായിരുന്നു ഒരു ബഹളം നടക്കുന്നതു കണ്ടത്. വൃത്തിയില്ലാത്ത പാത്രങ്ങളും പിടിച്ച് നിരനിരയായി റോഡു വക്കില്‍ ഇരിക്കുന്ന യാചകര്‍. അവരില്‍ വൃദ്ധരും, സ്ത്രീകളും, കുട്ടികളും
ഉണ്ടായിരുന്നു. കണ്ണു പൊട്ടിയവര്‍, കാലു മുറിച്ചു മാറ്റപ്പെട്ടവര്‍, പൊള്ളലേറ്റ ബീഭത്സമായ മുഖമുള്ളവര്‍.

വിളമ്പുകാരായി ഒന്നു രണ്ടു പേരുണ്ട്. അവരിലൊരാള്‍ വലിയൊരലുമിനിയപ്പാത്രത്തില്‍ നിന്നും ചാറുപോലുള്ള ഏതോ ഒരു
ദ്രാവകം പാത്രത്തിലേക്കു പകരുന്നു. പിറകേ വരുന്നയാള്‍ കുറച്ച് ചോറ് ഓരോ പാത്രങ്ങളിലേക്കുമിടുന്നു. വെളിച്ചം കുറഞ്ഞ ഓവര്‍ ബ്രിഡ്ജിന്റെ നിഴല്‍ മാത്രമുള്ള തെരുവോരത്ത് അവരുടെ കണ്ണുകളിലെ ആര്‍ത്തിയുടെ തിളക്കം, പാത്രങ്ങളില്‍ വന്നു വീഴുന്ന വിരലുകളുടെ ദ്രൂത താളം എല്ലാം ഇപ്പോഴും മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നുണ്ട്.

നോക്കി നോക്കി നില്‍ക്കവേ ലൈനിന്റെ ഒരറ്റത്തു നിന്നും നല്ല വേഷം ധരിച്ച രണ്ടു മൂന്നു പേര്‍ ഓരോരുത്തരോടായി
എന്തൊക്കെയോ ചോദിക്കുന്നു. ദൈവമേ ഈ യാചകരുടെ ഉടമകളോ മുതലാളിമാരോ ആയിരിക്കാം ആ വരുന്നവര്‍. യാചന എന്നത് ഒരു വ്യവസായമാക്കിയവര്‍. അവരായിരിക്കാം ഈ നിസ്സഹായരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തത്, നാവുകള്‍
അരിഞ്ഞെടുത്തത്, കൈ കാലുകള്‍ മുറിച്ചു മാറ്റിയത്, മുഖം പൊള്ളിച്ച് വികൃതമാക്കിയത്... സ്റ്റേഷനിലേക്കിരച്ചു വരുന്ന ട്രെയിന്‍ പോലെ വല്ലാത്ത ഒരു ഭയം എന്നിലേക്ക് പാഞ്ഞു കയറി. പിന്നെ ഞാനവിടെ നിന്നില്ല. ലാസ്റ്റ് ലോക്കല്‍ പോകാതിരിക്കണേ എന്നു പ്രാര്‍ത്ഥിച്ച് സ്റ്റേഷനെ ലക്ഷ്യമാക്കി ഒരു ഓട്ടമായിരുന്നു.

അതിനു ശേഷം ഓരോ പ്രാവശ്യവും ഒരു യാചകനെ അഭിമുഖീകരിക്കുമ്പോള്‍ ഈ ചിത്രമാണ് മനസ്സിലേക്കാദ്യമായി
കയറി വരിക. പല സിനിമകളിലും ഇത്തരം സീനുകള്‍ കണ്ടിട്ടുണ്ടെങ്കിലും നേരില്‍ കണ്ടപ്പോഴുള്ള ഞെട്ടല്‍, മനം പിരട്ടല്‍
പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.

ഈ സീന്‍ വീണ്ടും മനസ്സിലേക്ക് കയറി വന്നത് ഈയിടയ്ക്ക് ‘സ്ലംഡോഗ് മില്ല്യണയര്‍’ എന്ന സിനിമ കണ്ടപ്പോഴായിരുന്നു.
പച്ചമനുഷ്യനെന്ന അസംസ്കൃത വസ്തുവിനെ ഭിക്ഷാടനത്തിനുള്ള ‘പ്രൊഡക്റ്റ്’ ആക്കി മാറ്റിയെടുക്കുന്ന പ്രക്രിയ. ചുവന്ന തെരുവില്‍ വില്‍പ്പനയ്ക്കു വയ്ക്കാനുള്ള ചരക്കാക്കി പിഞ്ചു പെണ്‍കുട്ടികളെ തട്ടിയെടുത്ത് പരുവപ്പെടുത്തുന്ന പ്രക്രിയ. കക്കൂസുപയോഗിക്കുന്നവന്റെ കൈയില്‍ നിന്നും പൈസ ഈടാക്കി ‘ബിസിനസ്സ് ’ നടത്തുന്ന പ്രക്രിയ. ആയുധമുപയോഗിക്കുവാന്‍ പഠിച്ചവന്റെ വികലമനസ്സില്‍ കുടികയറുന്ന ‘ദാദാ’ മനോഭാവം. ജീവിതത്തില്‍ നേടാന്‍ കഴിയാത്തതെല്ലാം തോക്കു ചൂണ്ടി കവര്‍ന്നെടുക്കുന്ന അധോലോകത്തിന്റെ വീരസാഹസികത.

തന്റെ സ്വപ്നലോകത്തെ ഹീറോയെ ഒരു നോക്കു കാണാനും, ഓട്ടൊഗ്രാഫ് വാങ്ങാനും മലം നിറഞ്ഞ കുഴിയിലൂടെ കുതിക്കുന്ന ചേരിയിലെ ബാലനെ ഈ സിനിമയില്‍ കണ്ട് നാം നെറ്റി ചുളിക്കുന്നുണ്ടാകും. സ്വന്തം പരിസരത്തെ, ജീവിതത്തെ, യാഥാര്‍ത്ഥ്യങ്ങളെ വിസ്മൃതിയിലേക്ക് ഞൊടിയിടയില്‍ തള്ളിയിട്ട് ഒരു സങ്കല്‍പ്പത്തിനു പിറകേ പോകുവാന്‍ പോപ്പുലര്‍ സിനിമകളുടെ അയാഥാര്‍ത്ഥ ലോകം നമ്മെ എത്രത്തോളം വശീകരിക്കുന്നു എന്നതിന് ഈ സീന്‍ തന്നെ ധാരാളം. അമിതാഭ് ബച്ചനെന്ന ഹീറോ സാധാരണക്കാര്‍ സഞ്ചരിക്കാത്ത ഹെലികോപ്റ്ററിലാണ് ചേരിയില്‍ വന്നിറങ്ങുന്നതെന്നു കൂടി ഇതിനോടൊപ്പം കൂട്ടി വായിച്ചാല്‍ നമുക്കിതു ബോധ്യപ്പെടും.

സ്ലംഡോഗിനെ തള്ളിപ്പറഞ്ഞ പ്രമുഖരില്‍ അമിതാഭ് ബച്ചന്‍ ശ്രദ്ധേയനായതും ഈ ഹീറോ ഇമേജ് മൂലമാണ്. പിന്നീട് തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്നു മലക്കം മറിഞ്ഞെങ്കിലും,മലത്തില്‍ കുളിച്ച ബാലന്‍ തന്റെ ഓട്ടോഗ്രാഫ്
വാങ്ങാനാണെത്തിയതെന്നത് സൂപ്പര്‍ സ്റ്റാറിനെ ചൊടിപ്പിച്ചിരിക്കാം. ബച്ചനായാലും, സ്ലംഡോഗിനെ വിമര്‍ശിച്ചവരില്‍പ്പെടുന്ന നമ്മുടെ ‘ബോളിവുഡ്’സംവിധായകന്‍ പ്രിയദര്‍ശനായാലും സ്വപ്നങ്ങള്‍ വിറ്റ് സ്വന്തം മടിശ്ശീല നിറയ്ക്കുക എന്നതിനപ്പുറം സാമൂഹികമായി എത്രത്തോളം പ്രതിബദ്ധരാണ്‍ തങ്ങളെന്നതിന് അവരുടെ സിനിമകള്‍ തന്നെ തെളിവ്.

അമിതാഭിന്റെ ‘കൂലി’ കാണുന്നവര്‍ക്ക് കൂലിത്തൊഴിലാളിയുടെ ദു:ഖം മനസ്സില്‍ ഒരു പോറല്‍ പോലുമേറ്റുവാങ്ങാനാവാതെ രണ്ടര മണിക്കൂര്‍ ‘രസിച്ച് ‘ സമയം കൊല്ലാന്‍ കഴിയുന്നതും, സ്ലം ഡോഗ് കാണുന്നാവന്റെ മനസ്സിലേക്ക് ചേരിയുടെ ദു:ഖവും, ഭയാനകതയും, അറപ്പും ഒരു തേങ്ങലായി കടന്നു വരുന്നതും ഈ രണ്ടു സിനിമകളും മനുഷ്യനെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്. ഒരാള്‍ നമ്മുടെ കാശുവാങ്ങി നമ്മുടെ ജീവിത നിലവാരത്തെപ്പറ്റി ബോധവാന്മാരാക്കുവാന്‍ ശ്രമിക്കുന്നു. മറ്റേ കൂട്ടര്‍ നമ്മുടെ ചിലവില്‍ നമ്മളെ ‘എന്റര്‍ടെയിന്‍’ ചെയ്ത് നമ്മുടെ
പരിസരങ്ങളെപ്പറ്റിയുള്ള ചിന്തകളില്‍ നിന്നകറ്റി സുഖിപ്പിച്ചു കിടത്തുന്നു. ആദിവാസിക്കു കള്ളു വാങ്ങിക്കൊടുത്ത് അവന്റെ
കൂലിയില്‍ നിന്നും അതിന്റെ വില പിടിച്ചെടുക്കുന്ന മുതലാളിയും,(ഈ കാര്യം അടുത്തിടെ ഒരു ബ്ലോഗില്‍ വായിച്ചത്. ബ്ലോഗിന്റെ പേര് ഓര്‍മ്മയില്‍ വരാത്തതില്‍ ഖേദിക്കുന്നു) ഇത്തരം സിനിമാ മുതലാളികളും തമ്മില്‍ എന്താണു വ്യത്യാസം?

എന്തായാലും ഈ സിനിമ അതില്‍ പങ്കെടുത്തവരായ തെരുവുകുട്ടികളുടെ ജീവിതത്തിലും ഒരു വന്‍ മാറ്റത്തിനു
കളമൊരുക്കി എന്ന വസ്തുത വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഫ്ലാറ്റ് വാഗ്ദാനവും ഈ സിനിമ കൊണ്ടു മാത്രം ഉണ്ടായ നേട്ടമാണ്. ഇതിനു മുന്‍പ് തെരുവു കുട്ടികളെ ഉപയോഗിച്ച് നിര്‍മ്മിച്ച ‘സലാം ബോംബെ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളും അവയിലഭിനയിച്ച കുട്ടികളുടെ ഭാവിക്കായി ട്രസ്റ്റുകള്‍ രൂപീകരിക്കുകയും‍ അവരുടെ ജീവിത നിലവാരം മെച്ചപ്പെട്ടതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം ഒരു കാര്യം ‘സ്ലംഡൊഗിന്റെ’ നിര്‍മ്മാതാക്കളും ചെയ്തിരുന്നുവെന്നും പക്ഷേ അതു പരസ്യപ്പെടുത്തുവാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഈയിടെ ഉയര്‍ന്നു വന്ന ഒരു വിവാദത്തിനു മറുപടിയായി സംവിധായകന്‍ ഡാനി ബോയല്‍ വെളിപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യന്‍ ദാരിദ്ര്യം വിറ്റു കാശാക്കുന്നു എന്ന് ഇത്തരം സിനിമകളെ തള്ളിപ്പറയുന്നവര്‍ തങ്ങള്‍ തല്ലിക്കൂട്ടുന്ന സിനിമകളിലൂടെ കൊയ്തു കൂട്ടുന്ന വരുമാനം അനാവശ്യമായ ആര്‍ഭാടങ്ങള്‍ക്കും, ആഡംബരജീവിതത്തിനും വിനിയോഗിച്ച് നിയമപരമായ ടാക്സ് പോലും കൊടുക്കാതെ മാന്യത ചമഞ്ഞ് നടക്കുകയും ചേരികള്‍ ഉള്ള രാജ്യത്തല്ല തങ്ങള്‍ ജീവിക്കുന്നത് എന്ന് മറ്റു രാജ്യക്കാര്‍ക്കിടയില്‍ തോന്നലാണുണ്ടാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നത് എത്ര പരിഹാസ്യമായ പ്രവര്‍ത്തിയാണെന്നോര്‍ക്കുക. ഓരോ സ്റ്റാര്‍ വിജാരിച്ചാലും ഗുണകരമായ വന്‍ മാറ്റങ്ങള്‍ ഇത്തരം
ചേരിനിവാസികളുടെ ജീവിതസാഹചര്യങ്ങളിലുണ്ടാക്കുവാന്‍ കഴിയും. പക്ഷെ അതിന് മറ്റുള്ളവരുടെ ദു:ഖത്തില്‍ പങ്കു ചേരാനുള്ള ഒരു മനസ്സു വേണം. അല്ലാതെ രാജ്യസഭാ ലോകസഭാ സീറ്റുകളുടെ അധികാരശക്തിയിലേക്കു തിരിച്ചു വച്ച കണ്ണുകള്‍ മാത്രം പോര.

ഒരു കാര്യം വളരെ വ്യക്തം. സമ്പന്നരുടെ ലോകം, ദരിദ്രരുടെ ലോകത്തെ, മറ്റു മാലോകരുടെ കണ്ണില്‍ നിന്നും മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന കാപട്യത്തിന്റെ മലീമസമായ ശബ്ദമാണ് സ്ലംഡോഗിനെതിരെയും, ഇതിനു മുന്‍പ് സത്യജിത് റേ തുടങ്ങിയ സംവിധായകര്‍ക്കു നേരെയും ഇടക്കിടെ ഉയരുന്ന കുരയായി മുഴങ്ങിക്കൊണ്ടിരിക്കുന്നത്.

2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച

ഓസ്കാര്‍ വിജയികള്‍

ഇന്ത്യയുടെ ഓസ്കാര്‍ സ്വപ്നങ്ങള്‍ അങ്ങിനെ “സ്ലംഡോഗ് മില്ല്യണയര്‍” എന്ന ബ്രിട്ടീഷ് ചിത്രത്തിലൂടെ പൂവണിഞ്ഞു. രണ്ട് ഓസ്കാറുകള്‍ നേടി ഏ.ആര്‍.റഹ്‌മാന്‍ നേടിയത് അഭിമാനകരമായ നേട്ടം. ഏതൊരു സംഗീത സംവിധായകന്റേയും ജീവിതാഭിലാഷമായിരിക്കും ഈ ഒരനര്‍ഘ മുഹൂര്‍ത്തത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുക എന്നത്.

ശബ്ദ മിശ്രണത്തിനുള്ള ഓസ്കാര്‍ നേടിയ റസൂല്‍ പൂക്കുട്ടിയെ നമ്മള്‍ അറിയുന്നതു തന്നെ സ്ലം ഡോഗിലൂടെയാണ്.റസൂലിനും
ഒപ്പം മലയാളികളായ നമ്മള്‍ക്കും അഭിമാനിക്കാം.

നോമിനേറ്റ് ചെയ്യപ്പെട്ട പത്തു കാറ്റഗറികളില്‍ എട്ടും സ്വന്തമാക്കാനായത് “സ്ലംഡോഗിന്റെ” നേട്ടം തന്നെയാണ്.

സ്‌ലംഡോഗ്‌ മില്യണയറിന്‌ ലഭിച്ച അവാര്‍ഡുകള്‍:

1.മികച്ച ചിത്രം
2.സംവിധായകന്‍-ഡാനി ബോയല്‍
3.അവലംബിത തിരക്കഥ-സൈമണ്‍ ബോഫോയി
4.ഛായാഗ്രഹണം-ആന്റണി ഡോഡ്‌ മാന്റലെ
5.സംഗീതം-എ.ആര്‍ റഹ്മാന്‍
6.ഗാനം-ജയ്‌ ഹോ
7.ശബ്‌ദമിശ്രണം-റസൂല്‍ പൂക്കുട്ടി
8.ചിത്രസംയോജനം-ക്രിസ്‌ ഡിക്കന്‍സ്‌

http://www.oscar.com/oscarnight/winners/


ഇതോടൊപ്പം മികച്ച ഡോക്യുമെന്ററിക്കുള്ള ‘പിങ്ക് സ്മൈലി’ എന്ന ചിത്രത്തിന്റെ പശ്ചാത്തലവും ഇന്ത്യയായിരുന്നു എന്നത് ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡില്‍ ഈന്ത്യയെ കൂടുതല്‍ ശ്രദ്ധേയയാക്കി. ചിത്രത്തിന്റെ സംവിധായകന്‍ മെഗന്‍ മൈലന്‍ എന്ന അമേരിക്കക്കാരനാണ്.

1957ല്‍ നിര്‍മ്മിച്ച മെഹ്ബൂബ് ഖാന്റെ ‘മദര്‍ ഇന്ത്യ’യായിരുന്നു ഓസ്കാറിന്റെ വാതില്‍ തുറന്ന് അകത്തു കടക്കാനായ ആദ്യ
ചിത്രം. അതിനു ശേഷം, മീരാ നായരുടെ ‘സലാം ബോംബെ’ (1988). കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ലഭിച്ച ‘ക്യാമറ ഡീ ഓര്‍‘ അവാര്‍ഡിന്റെ പിന്തുണ വളരെ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ‘സലാം ബോബെയ്ക്ക് ‘ ഓസ്കാറിനോട് സലാം പറയേണ്ടി വന്നു.

അമീര്‍ ഖാന്റെ ‘ലഗാന്‍’ (2001) കടമ്പകള്‍ കടന്ന് നാമനിര്‍ദ്ദേശം നേടിയെങ്കിലും അവാര്‍ഡുകള്‍ ഒന്നും നേടാനാവാതെ മടങ്ങിയ കാഴ്ച നമ്മള്‍ നിരാശയോടെ നോക്കി നിന്നു. ആദ്യമായി ഇന്ത്യയ്ക്ക് ഓസ്കാര്‍ നേടുവാനായത് റിച്ചാര്‍ഡ്
ആറ്റണ്‍ബറോയുടെ ‘ഗാന്ധി’ ചിത്രത്തില്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച ഭാനു അത്തയ്യക്കായിരുന്നു. ഗാന്ധി ചിത്രം ഒരു
ഇന്തോ-ബ്രിട്ടീഷ് സംയുക്ത സംരംഭമായിരുന്നു. സലാം ബോംബെയും മറ്റൊരു ഇന്തോ-ബ്രിട്ടീഷ് സംഭവം
തന്നെയായിരുന്നു.

ഓസ്കാര്‍ ജേതാക്കള്‍ക്ക് തങ്ങളുടെ കഴിവിനു കിട്ടിയ അംഗീകാരത്തില്‍ അഭിമാനിക്കാമെങ്കിലും, ഒരു ബ്രിട്ടീഷ്
സംവിധായകന്‍ നിര്‍മ്മിച്ച ബ്രിട്ടീഷ് ചിത്രത്തിലൂടെ മാത്രമാണ് ഇന്ത്യക്കാര്‍ക്ക് ഓസ്കാര്‍ നേടാനായത് എന്നത് ലോകത്ത്
ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഘ്യാതി നേടിയ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാനാവുമോ ? കലാമുല്യത്തേക്കാളുപരി കച്ചവട താല്പര്യങ്ങളും, വിവിധ ലോബികളുടെ സ്വാധീനവുമാണ് ഓസ്കാറിനു വേണ്ടിയുള്ള
ഇന്ത്യന്‍ സിനിമകളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുള്ളത് എന്നത് ഒരു സത്യം മാത്രമാണ്. കലാപരമായി മികച്ചു
നില്‍ക്കുന്ന ചിത്രങ്ങളെ തള്ളിപ്പറയുക ഇന്ത്യന്‍ സിനിമാ കുത്തകകളുടെ സ്ഥിരം ഏര്‍പ്പാടാണെന്ന് ആര്‍ക്കാണറിയാത്തത്. സത്യജിത് റേയ്ക്കെതിരേയും, സലാം ബോംബെയ്ക്കെതിരെയും, ഇപ്പോള്‍ സ്ലം ഡോഗിനെതിരെയും വിവാദങ്ങളുണ്ടാക്കാന്‍ ഇത്തരക്കരില്‍ നിന്നും ശ്രമങ്ങളുണ്ടായി എന്നതും ശ്രദ്ധേയമാണ്.

ഏതായാലും ‘സ്ലംഡോഗ് മില്ല്യണയറിന്റെ‘ വിജയം ഇത്തരക്കാരുടെ കണ്ണു തുറപ്പിക്കും എന്നു നമുക്കു പ്രതീക്ഷിക്കാം.

ഇതു വരെ ഓസ്കാര്‍ നാമ നിര്‍ദ്ദേശത്തിനായി സമര്‍പ്പിക്കപ്പെട്ടെ ചിത്രങ്ങളുടെ ലിസ്റ്റ് വിക്കിയിലുണ്ട്.

http://en.wikipedia.org/wiki/List_of_India's_official_entries_to_the_Oscars