2009, ഫെബ്രുവരി 28, ശനിയാഴ്‌ച

സ്ലംഡോഗിനെ തള്ളിപ്പറയുമ്പോള്‍

ബോംബെ ജീവിതം സമ്മാനിച്ച മറക്കാനാവാത്ത കാഴ്ചകളിലൊന്ന് യാചകരുടെ രാത്രി ഭക്ഷണമായിരുന്നു. ഗ്രാന്റ് റോഡ് സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഓവര്‍ ബ്രിഡ്ജിനു താഴെ, തെരുവു കച്ചവടക്കാര്‍ അന്നത്തെ വ്യാപാരം കഴിഞ്ഞ് സ്ഥലം വിട്ടിരുന്നു. പെട്ടിക്കടകള്‍ അടച്ചു. അവിടവിടെയായി പാന്‍ വില്‍ക്കുന്ന ഭയ്യാകള്‍ മാത്രം. അവസാനത്തെ ലോക്കല്‍ ട്രെയിന്‍ പിടിക്കാനായി ഇനിയുമുറങ്ങാത്ത റോഡിലൂടെ, ധൃതിയില്‍ സ്റ്റേഷനിലേക്കു നടക്കുന്ന യാത്രക്കാര്‍. ഓവര്‍ ബ്രിഡ്ജിനു താഴെയുള്ള മൂത്രപ്പുര ലക്ഷ്യമാക്കി നടക്കുമ്പോഴായിരുന്നു ഒരു ബഹളം നടക്കുന്നതു കണ്ടത്. വൃത്തിയില്ലാത്ത പാത്രങ്ങളും പിടിച്ച് നിരനിരയായി റോഡു വക്കില്‍ ഇരിക്കുന്ന യാചകര്‍. അവരില്‍ വൃദ്ധരും, സ്ത്രീകളും, കുട്ടികളും
ഉണ്ടായിരുന്നു. കണ്ണു പൊട്ടിയവര്‍, കാലു മുറിച്ചു മാറ്റപ്പെട്ടവര്‍, പൊള്ളലേറ്റ ബീഭത്സമായ മുഖമുള്ളവര്‍.

വിളമ്പുകാരായി ഒന്നു രണ്ടു പേരുണ്ട്. അവരിലൊരാള്‍ വലിയൊരലുമിനിയപ്പാത്രത്തില്‍ നിന്നും ചാറുപോലുള്ള ഏതോ ഒരു
ദ്രാവകം പാത്രത്തിലേക്കു പകരുന്നു. പിറകേ വരുന്നയാള്‍ കുറച്ച് ചോറ് ഓരോ പാത്രങ്ങളിലേക്കുമിടുന്നു. വെളിച്ചം കുറഞ്ഞ ഓവര്‍ ബ്രിഡ്ജിന്റെ നിഴല്‍ മാത്രമുള്ള തെരുവോരത്ത് അവരുടെ കണ്ണുകളിലെ ആര്‍ത്തിയുടെ തിളക്കം, പാത്രങ്ങളില്‍ വന്നു വീഴുന്ന വിരലുകളുടെ ദ്രൂത താളം എല്ലാം ഇപ്പോഴും മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നുണ്ട്.

നോക്കി നോക്കി നില്‍ക്കവേ ലൈനിന്റെ ഒരറ്റത്തു നിന്നും നല്ല വേഷം ധരിച്ച രണ്ടു മൂന്നു പേര്‍ ഓരോരുത്തരോടായി
എന്തൊക്കെയോ ചോദിക്കുന്നു. ദൈവമേ ഈ യാചകരുടെ ഉടമകളോ മുതലാളിമാരോ ആയിരിക്കാം ആ വരുന്നവര്‍. യാചന എന്നത് ഒരു വ്യവസായമാക്കിയവര്‍. അവരായിരിക്കാം ഈ നിസ്സഹായരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തത്, നാവുകള്‍
അരിഞ്ഞെടുത്തത്, കൈ കാലുകള്‍ മുറിച്ചു മാറ്റിയത്, മുഖം പൊള്ളിച്ച് വികൃതമാക്കിയത്... സ്റ്റേഷനിലേക്കിരച്ചു വരുന്ന ട്രെയിന്‍ പോലെ വല്ലാത്ത ഒരു ഭയം എന്നിലേക്ക് പാഞ്ഞു കയറി. പിന്നെ ഞാനവിടെ നിന്നില്ല. ലാസ്റ്റ് ലോക്കല്‍ പോകാതിരിക്കണേ എന്നു പ്രാര്‍ത്ഥിച്ച് സ്റ്റേഷനെ ലക്ഷ്യമാക്കി ഒരു ഓട്ടമായിരുന്നു.

അതിനു ശേഷം ഓരോ പ്രാവശ്യവും ഒരു യാചകനെ അഭിമുഖീകരിക്കുമ്പോള്‍ ഈ ചിത്രമാണ് മനസ്സിലേക്കാദ്യമായി
കയറി വരിക. പല സിനിമകളിലും ഇത്തരം സീനുകള്‍ കണ്ടിട്ടുണ്ടെങ്കിലും നേരില്‍ കണ്ടപ്പോഴുള്ള ഞെട്ടല്‍, മനം പിരട്ടല്‍
പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.

ഈ സീന്‍ വീണ്ടും മനസ്സിലേക്ക് കയറി വന്നത് ഈയിടയ്ക്ക് ‘സ്ലംഡോഗ് മില്ല്യണയര്‍’ എന്ന സിനിമ കണ്ടപ്പോഴായിരുന്നു.
പച്ചമനുഷ്യനെന്ന അസംസ്കൃത വസ്തുവിനെ ഭിക്ഷാടനത്തിനുള്ള ‘പ്രൊഡക്റ്റ്’ ആക്കി മാറ്റിയെടുക്കുന്ന പ്രക്രിയ. ചുവന്ന തെരുവില്‍ വില്‍പ്പനയ്ക്കു വയ്ക്കാനുള്ള ചരക്കാക്കി പിഞ്ചു പെണ്‍കുട്ടികളെ തട്ടിയെടുത്ത് പരുവപ്പെടുത്തുന്ന പ്രക്രിയ. കക്കൂസുപയോഗിക്കുന്നവന്റെ കൈയില്‍ നിന്നും പൈസ ഈടാക്കി ‘ബിസിനസ്സ് ’ നടത്തുന്ന പ്രക്രിയ. ആയുധമുപയോഗിക്കുവാന്‍ പഠിച്ചവന്റെ വികലമനസ്സില്‍ കുടികയറുന്ന ‘ദാദാ’ മനോഭാവം. ജീവിതത്തില്‍ നേടാന്‍ കഴിയാത്തതെല്ലാം തോക്കു ചൂണ്ടി കവര്‍ന്നെടുക്കുന്ന അധോലോകത്തിന്റെ വീരസാഹസികത.

തന്റെ സ്വപ്നലോകത്തെ ഹീറോയെ ഒരു നോക്കു കാണാനും, ഓട്ടൊഗ്രാഫ് വാങ്ങാനും മലം നിറഞ്ഞ കുഴിയിലൂടെ കുതിക്കുന്ന ചേരിയിലെ ബാലനെ ഈ സിനിമയില്‍ കണ്ട് നാം നെറ്റി ചുളിക്കുന്നുണ്ടാകും. സ്വന്തം പരിസരത്തെ, ജീവിതത്തെ, യാഥാര്‍ത്ഥ്യങ്ങളെ വിസ്മൃതിയിലേക്ക് ഞൊടിയിടയില്‍ തള്ളിയിട്ട് ഒരു സങ്കല്‍പ്പത്തിനു പിറകേ പോകുവാന്‍ പോപ്പുലര്‍ സിനിമകളുടെ അയാഥാര്‍ത്ഥ ലോകം നമ്മെ എത്രത്തോളം വശീകരിക്കുന്നു എന്നതിന് ഈ സീന്‍ തന്നെ ധാരാളം. അമിതാഭ് ബച്ചനെന്ന ഹീറോ സാധാരണക്കാര്‍ സഞ്ചരിക്കാത്ത ഹെലികോപ്റ്ററിലാണ് ചേരിയില്‍ വന്നിറങ്ങുന്നതെന്നു കൂടി ഇതിനോടൊപ്പം കൂട്ടി വായിച്ചാല്‍ നമുക്കിതു ബോധ്യപ്പെടും.

സ്ലംഡോഗിനെ തള്ളിപ്പറഞ്ഞ പ്രമുഖരില്‍ അമിതാഭ് ബച്ചന്‍ ശ്രദ്ധേയനായതും ഈ ഹീറോ ഇമേജ് മൂലമാണ്. പിന്നീട് തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്നു മലക്കം മറിഞ്ഞെങ്കിലും,മലത്തില്‍ കുളിച്ച ബാലന്‍ തന്റെ ഓട്ടോഗ്രാഫ്
വാങ്ങാനാണെത്തിയതെന്നത് സൂപ്പര്‍ സ്റ്റാറിനെ ചൊടിപ്പിച്ചിരിക്കാം. ബച്ചനായാലും, സ്ലംഡോഗിനെ വിമര്‍ശിച്ചവരില്‍പ്പെടുന്ന നമ്മുടെ ‘ബോളിവുഡ്’സംവിധായകന്‍ പ്രിയദര്‍ശനായാലും സ്വപ്നങ്ങള്‍ വിറ്റ് സ്വന്തം മടിശ്ശീല നിറയ്ക്കുക എന്നതിനപ്പുറം സാമൂഹികമായി എത്രത്തോളം പ്രതിബദ്ധരാണ്‍ തങ്ങളെന്നതിന് അവരുടെ സിനിമകള്‍ തന്നെ തെളിവ്.

അമിതാഭിന്റെ ‘കൂലി’ കാണുന്നവര്‍ക്ക് കൂലിത്തൊഴിലാളിയുടെ ദു:ഖം മനസ്സില്‍ ഒരു പോറല്‍ പോലുമേറ്റുവാങ്ങാനാവാതെ രണ്ടര മണിക്കൂര്‍ ‘രസിച്ച് ‘ സമയം കൊല്ലാന്‍ കഴിയുന്നതും, സ്ലം ഡോഗ് കാണുന്നാവന്റെ മനസ്സിലേക്ക് ചേരിയുടെ ദു:ഖവും, ഭയാനകതയും, അറപ്പും ഒരു തേങ്ങലായി കടന്നു വരുന്നതും ഈ രണ്ടു സിനിമകളും മനുഷ്യനെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്. ഒരാള്‍ നമ്മുടെ കാശുവാങ്ങി നമ്മുടെ ജീവിത നിലവാരത്തെപ്പറ്റി ബോധവാന്മാരാക്കുവാന്‍ ശ്രമിക്കുന്നു. മറ്റേ കൂട്ടര്‍ നമ്മുടെ ചിലവില്‍ നമ്മളെ ‘എന്റര്‍ടെയിന്‍’ ചെയ്ത് നമ്മുടെ
പരിസരങ്ങളെപ്പറ്റിയുള്ള ചിന്തകളില്‍ നിന്നകറ്റി സുഖിപ്പിച്ചു കിടത്തുന്നു. ആദിവാസിക്കു കള്ളു വാങ്ങിക്കൊടുത്ത് അവന്റെ
കൂലിയില്‍ നിന്നും അതിന്റെ വില പിടിച്ചെടുക്കുന്ന മുതലാളിയും,(ഈ കാര്യം അടുത്തിടെ ഒരു ബ്ലോഗില്‍ വായിച്ചത്. ബ്ലോഗിന്റെ പേര് ഓര്‍മ്മയില്‍ വരാത്തതില്‍ ഖേദിക്കുന്നു) ഇത്തരം സിനിമാ മുതലാളികളും തമ്മില്‍ എന്താണു വ്യത്യാസം?

എന്തായാലും ഈ സിനിമ അതില്‍ പങ്കെടുത്തവരായ തെരുവുകുട്ടികളുടെ ജീവിതത്തിലും ഒരു വന്‍ മാറ്റത്തിനു
കളമൊരുക്കി എന്ന വസ്തുത വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഫ്ലാറ്റ് വാഗ്ദാനവും ഈ സിനിമ കൊണ്ടു മാത്രം ഉണ്ടായ നേട്ടമാണ്. ഇതിനു മുന്‍പ് തെരുവു കുട്ടികളെ ഉപയോഗിച്ച് നിര്‍മ്മിച്ച ‘സലാം ബോംബെ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളും അവയിലഭിനയിച്ച കുട്ടികളുടെ ഭാവിക്കായി ട്രസ്റ്റുകള്‍ രൂപീകരിക്കുകയും‍ അവരുടെ ജീവിത നിലവാരം മെച്ചപ്പെട്ടതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം ഒരു കാര്യം ‘സ്ലംഡൊഗിന്റെ’ നിര്‍മ്മാതാക്കളും ചെയ്തിരുന്നുവെന്നും പക്ഷേ അതു പരസ്യപ്പെടുത്തുവാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഈയിടെ ഉയര്‍ന്നു വന്ന ഒരു വിവാദത്തിനു മറുപടിയായി സംവിധായകന്‍ ഡാനി ബോയല്‍ വെളിപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യന്‍ ദാരിദ്ര്യം വിറ്റു കാശാക്കുന്നു എന്ന് ഇത്തരം സിനിമകളെ തള്ളിപ്പറയുന്നവര്‍ തങ്ങള്‍ തല്ലിക്കൂട്ടുന്ന സിനിമകളിലൂടെ കൊയ്തു കൂട്ടുന്ന വരുമാനം അനാവശ്യമായ ആര്‍ഭാടങ്ങള്‍ക്കും, ആഡംബരജീവിതത്തിനും വിനിയോഗിച്ച് നിയമപരമായ ടാക്സ് പോലും കൊടുക്കാതെ മാന്യത ചമഞ്ഞ് നടക്കുകയും ചേരികള്‍ ഉള്ള രാജ്യത്തല്ല തങ്ങള്‍ ജീവിക്കുന്നത് എന്ന് മറ്റു രാജ്യക്കാര്‍ക്കിടയില്‍ തോന്നലാണുണ്ടാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നത് എത്ര പരിഹാസ്യമായ പ്രവര്‍ത്തിയാണെന്നോര്‍ക്കുക. ഓരോ സ്റ്റാര്‍ വിജാരിച്ചാലും ഗുണകരമായ വന്‍ മാറ്റങ്ങള്‍ ഇത്തരം
ചേരിനിവാസികളുടെ ജീവിതസാഹചര്യങ്ങളിലുണ്ടാക്കുവാന്‍ കഴിയും. പക്ഷെ അതിന് മറ്റുള്ളവരുടെ ദു:ഖത്തില്‍ പങ്കു ചേരാനുള്ള ഒരു മനസ്സു വേണം. അല്ലാതെ രാജ്യസഭാ ലോകസഭാ സീറ്റുകളുടെ അധികാരശക്തിയിലേക്കു തിരിച്ചു വച്ച കണ്ണുകള്‍ മാത്രം പോര.

ഒരു കാര്യം വളരെ വ്യക്തം. സമ്പന്നരുടെ ലോകം, ദരിദ്രരുടെ ലോകത്തെ, മറ്റു മാലോകരുടെ കണ്ണില്‍ നിന്നും മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന കാപട്യത്തിന്റെ മലീമസമായ ശബ്ദമാണ് സ്ലംഡോഗിനെതിരെയും, ഇതിനു മുന്‍പ് സത്യജിത് റേ തുടങ്ങിയ സംവിധായകര്‍ക്കു നേരെയും ഇടക്കിടെ ഉയരുന്ന കുരയായി മുഴങ്ങിക്കൊണ്ടിരിക്കുന്നത്.

22 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

സമ്പന്നരുടെ ലോകം, ദരിദ്രരുടെ ലോകത്തെ, മറ്റു മാലോകരുടെ കണ്ണില്‍ നിന്നും മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന കാപട്യത്തിന്റെ മലീമസമായ ശബ്ദമാണ് സ്ലംഡോഗിനെതിരെയും, ഇതിനു മുന്‍പ് സത്യജിത് റേ തുടങ്ങിയ സംവിധായകര്‍ക്കു നേരെയും ഇടക്കിടെ ഉയരുന്ന കുരയായി മുഴങ്ങിക്കൊണ്ടിരിക്കുന്നത്

Manoj മനോജ് പറഞ്ഞു...

നന്നായി വളരെ അവസരോചിതമായി. ഈ സിനിമയെ എതിര്‍ക്കുന്നവര്‍ പലരും സിനിമയില്‍ കണ്ട മുംബൈയ് വെച്ചാണ് പോസ്റ്റിടുന്നത്. കേരളീയര്‍ അനുഭവിക്കാത്ത പലതും നോര്‍ത്ത് ഇന്ത്യയില്‍ ഉണ്ടെന്ന് മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്തപ്പോള്‍ പിന്നെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ലല്ലോ!

ഒരു തവണയെങ്കിലും യഥാര്‍ത്ഥ മുംബൈയ് ജീവിതം കണ്ടവര്‍ ഈ സിനിമ കണ്ടാല്‍ അതിനെ തള്ളി പറയില്ല.

മുംബൈയില്‍ ജനിച്ച് വളര്‍ന്ന ഒരാള്‍ ഈ സിനിമയെ എതിര്‍ത്തു. ഇതെല്ലാം അവിടെയുള്ള യാഥാര്‍ത്ഥ്യങ്ങളല്ലേ എന്ന് തിരിച്ച് ചോദിച്ചപ്പോള്‍. അതിന് സിനിമയിലൂടേ ഇത് ലോകത്തെ കാണിക്കുന്നതെന്തിന് എന്ന മറുപടിയാണ് കിട്ടിയത്!!!

ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളും ഇന്ത്യ തിളങ്ങുന്നു എന്നൊക്കെ വീമ്പ് പറയുന്നത് “ന്യൂനപക്ഷമായ” പണചാക്കുകളെ മുന്നിര്‍ത്തിയാണ്. “ഭൂരിപക്ഷ” ഇന്ത്യക്കാര്‍ എന്നും ചിത്രത്തില്‍ കാണില്ല. അവര്‍ എന്നും ഈ രാഷ്ട്രീയക്കാരുടെ കളിപാവകളായി ജീവിതം ആടിതീര്‍ക്കുന്നു!

വിന്‍സ് പറഞ്ഞു...

മനോഹരം.....ഈ സിനിമയേ കുറിച്ചു താങ്കള്‍ എഴുതിയതാണു ഈ ബ്ലോഗുലകത്തില്‍ വച്ചേറ്റവും മികച്ചതായി എനിക്കു തോന്നിയതു.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

വളരെ സത്യസന്ധവും,മാനവികവുമായ കാഴ്ച്ചപ്പാട് ഭംഗിയായി എഴുതിയിരിക്കുന്നു.
ഇന്ത്യന്‍ മനസ്സിന്റെ കാപട്യം കാണാന്‍
ശക്തിയുള്ള മനുഷ്യര്‍ കുറഞ്ഞുവരുന്നു എന്നത്
ഭയാനകമായ സത്യമാണ്.
ചെറിയ പൊട്ടക്കുളങ്ങളിലും,സെപ്റ്റിക് ടാങ്കിലും
ഇരുന്ന് കപട സദാചാരം പ്രസംഗിക്കുന്ന ഇന്ത്യന്‍ പൊതുധാരയെ വിമര്‍ശിക്കാന്‍ ബ്ലോഗ് ഫലപ്രദമായി ഉപയോഗിക്കാനാകും. അവരെ മനുഷ്യരാക്കാന്‍ ബ്ലോഗിലൂടെ മാത്രമേ കഴിയു എന്നും പറയാം.
സിനിമയിലൂടെ വിമര്‍ശനം നടത്താന്‍ സായിപ്പുതന്നെ വേണ്ടിവരും.

Ajith Nair പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Ajith Nair പറഞ്ഞു...

സത്യം.......വികാസ് സ്വരൂപ് എന്ന നയതത്രജ്ഞ്ന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ നോവല്‍ എഴുതിയപ്പോള്‍ ആരും പ്രതികരിച്ചില്ല...കാരണം സത്യമായിരുന്നു.....
മോഹന്‍ ജി അഭിനന്ദനങ്ങള്‍......

Nachiketh പറഞ്ഞു...

മോഹനേട്ടാ..... നന്നായിരിയ്കുന്നു .

അഞ്ചല്‍ക്കാരന്റെ പോസ്റ്റിലിട്ട കമന്റു തന്നെ ആവര്‍ത്തിയ്കുന്നു, ഒരു പൊതുധാരാ,മാധ്യമത്തിലൂടെ ഇത്തരം വിഷയങ്ങള്‍ അവതരിപ്പിയ്കാന്‍ പുറമെ നിന്നൊരാള്‍ തന്നെ വരേണ്ടിവന്നു.

Santosh പറഞ്ഞു...

വന്നു വന്നു ഇന്ത്യന്‍ സംസ്കാരം = ഹിപ്പോക്രസി എന്ന് മാറ്റി നിര്‍വചിക്കേണ്ടി വരുമോ എന്നാണു എന്റെ സംശയം. അവസാനം അതിനും സായിപ്പ് വേണ്ടി വന്നു... അതുകൊണ്ട് ഇവന്മാര്‍ക്ക് കലിപ്പ്... അല്ലെന്കിലും അങ്ങനെ ഒക്കെ ആണല്ലോ നമ്മുടെ കാര്യങ്ങള്‍...

പോസ്റ്റ് നന്നായി, അവസരോചിതമായി.

ജയരാജന്‍ പറഞ്ഞു...

“സമ്പന്നരുടെ ലോകം, ദരിദ്രരുടെ ലോകത്തെ, മറ്റു മാലോകരുടെ കണ്ണില്‍ നിന്നും മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന കാപട്യത്തിന്റെ മലീമസമായ ശബ്ദ...” ഇതിന്റെ താഴെ എന്റെയും ഒരൊപ്പ്

അനില്‍ വേങ്കോട്‌ പറഞ്ഞു...

ഈ മീഡിയാ ശക്തമായ നാവാണു എന്നു ബോധ്യപ്പെടുത്തുന്ന മോഹന്റെ ഇടപെടലുകൾക്കു അഭിനന്ദനങ്ങൾ. നമ്മുടെ നഗരങ്ങൾ ഉറങ്ങാതിരുന്നു ചെയ്തുക്കൂട്ടുന്ന കാര്യങ്ങളിലേയ്ക്ക് എന്നാണു നമ്മുടെ അലക്കിയിട്ട മനുഷ്യാവകാശപ്രവർത്തകർ ഇറങ്ങിവരുന്നത്.

pattepadamramji പറഞ്ഞു...

മോഹനേട്ടാ വളരെ അവസരോചിതവും സത്യസന്ധവുമായ വിലയിരുത്തല്‍. പലരുടേയും ഉള്ളില്‍ പറയാന്‍ കഴിയാതെയൊ പറയാന്‍ അറിയാതെയൊ ഒതുങ്ങിയിരുന്ന വേദനകളാണ്‌ തുറന്നു വെച്ചത്‌. കൂടുതലെന്തെങ്കിലും എഴുതുന്നത്‌ അധികപറ്റാവുമൊ എന്ന് ഞാന്‍ ശങ്കിക്കുന്നു. അഭിനന്ദനങ്ങള്‍...........

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

മനോജ് - പറഞ്ഞത് വളരെ ശരി. ഭൂരിപക്ഷ ഇന്ത്യ എന്നും ചിത്രത്തിനു പുറത്താണ്. താജ് മഹലുകളും, തുണിയില്ലാതെ വെയില്‍ കൊള്ളാനുള്ള പഞ്ചനക്ഷത്ര കടല്‍ത്തീരങ്ങളുമാണ് എന്നും ഫ്രെയിമുകള്‍ക്കുള്ളില്‍.

വിന്‍സ് - വാക്കുകള്‍ക്ക് നന്ദി.

ചിത്രകാരാ - അഭിപ്രായത്തിനും, കമന്റുഭരണിയിലെ ലിങ്കിനും വളരെ നന്ദി.

അജിത് - വികാസ് സ്വരൂപിന്റെ കഥ കൂടുതല്‍ ശ്രദ്ധ നേടുന്നത് ഇപ്പോഴാണ്. ചലച്ചിത്രത്തിന്റെ സാധ്യതകള്‍.

നചികേത് - അഞ്ചല്‍ക്കാരന്റെ പോസ്റ്റും വളരെ മനോഹരമായിട്ടുണ്ട്.

സന്തോഷ് - ചിലകാര്യങ്ങള്‍ക്ക് നമ്മള്‍ സായിപ്പിനു ക്രെഡിറ്റ് കൊടുത്തേ പറ്റൂ. പക്ഷേ നമ്മുടെ തലയില്‍ക്കയറിയിരുന്ന് ചെവി തിന്നാന്‍ ശ്രമിക്കുമ്പോള്‍ തള്ളി താഴെയിടുകയും വേണം.

ജയരാജന്‍ - അഭിപ്രായത്തിനു നന്ദി.

അനില്‍ - ഉറങ്ങാറില്ലെന്നാതാകാം നഗരങ്ങളുടെ പ്രത്യേകത. എന്നാലല്ലേ ഉറങ്ങുന്ന കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുവാന്‍ കഴിയൂ.

രാംജി - ഒതൂങ്ങിക്കഴിയുന്ന വേദനകള്‍ ബ്ലോഗുകളിലൂടെ പുറത്തു വരട്ടെ. അങ്ങനെയും മനസ്സൊന്നു ലഘുവാകട്ടെ.

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും വളരെ വളരെ നന്ദി.

സസ്നേഹം
മോഹന്‍

B Shihab പറഞ്ഞു...

സമ്പന്നരുടെ ലോകം, ദരിദ്രരുടെ ലോകത്തെ, മറ്റു മാലോകരുടെ കണ്ണില്‍ നിന്നും മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നു

hAnLLaLaTh പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
hAnLLaLaTh പറഞ്ഞു...

മുംബൈ എന്ന് പേര് മാറ്റി മോടി കൂട്ടിയ ബോംബായുടെ ചിതല്‍ പുറ്റുകള്‍ നിറഞ്ഞ വശം കാട്ടിത്തരുന്നു ഈ ചിത്രം...
ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ഒരൊറ്റ പ്രശ്നമേ ഞാന്‍ കാണുന്നുള്ളൂ ...അസൂയ..!!
കാരണം ഞാന്‍ രണ്ടര വര്‍ഷമായി ബോംബയിലാണ് ...ഈ ചുരുങ്ങിയ കാലം കൊണ്ട് ഞാന്‍ കണ്ടത് ചിത്രത്തിലെ ബോംബായെ തന്നെയാണ്


ഇടപെടലുകള്‍ തുടരുക ...ആശംസകള്‍..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

ഷിഹാബ് - നന്ദി.

ഹന്‍ല്ലലാത്ത് (എന്തൊരു പേരിത്?) - സ്ലംഡോഗില്‍ കാണിച്ചതിനേക്കാള്‍ എത്രയോ പരിതാപകരമാണ് മുംബായിലെ ജീവിതങ്ങള്‍ എന്ന് അവിടെ കുറച്ചുനാളെങ്കിലും‍ ജീവിച്ചവര്‍ക്കറിയാം.

നന്ദി വായനയ്ക്കും അഭിപ്രായത്തിനും.

സതീശ് മാക്കോത്ത്| sathees makkoth പറഞ്ഞു...

മോഹൻ‌ജീ വളരെ നല്ലൊരു ലേഖനം.ഇന്ത്യയിലെ മറ്റുഭാഗങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ നാം കേരളീയർ എത്ര ഭാഗ്യവാന്മാർ!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

ശരിയാണ് സതീശ്, ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജീവിതാവസ്ഥ നോക്കിയാല്‍ നമ്മള്‍ വളരെ ഭാഗ്യവാന്മാര്‍ തന്നെ. പക്ഷേ കേരളത്തിന്റെ പോക്കു വച്ചു നോക്കുമ്പോല്‍ നമ്മളും പോകുന്നത് അവരുടെ വഴിക്കു തന്നെയെന്ന് തോന്നിപ്പോകുന്നു.
അഭിപ്രായമെഴുതിയതിനും വായനയ്ക്കും നന്ദി

nardnahc hsemus പറഞ്ഞു...

മാഷെ,
അതി ഗംഭീരമായി. ഈ സിനിമ കണ്ട എന്റെ കാഴ്ചപ്പാടും ഇങ്ങനെതന്നെ ആയിരുന്നു.. പലരും ഇത്രയും വിപരീതശബ്ദത്തില്‍ ആ സിനിമായ്ക്കെതിരെ ആഞ്ഞടിച്ചതിന്റെ രഹസ്യം എന്തെന്നറിയാതെ കുഴങ്ങി നില്‍പ്പായിരുന്നു. ഞാന്‍ കണ്ട മുംബൈയും (9 വര്‍ഷമായി മുംബൈയില്‍) ആ സിനിമയില്‍ നിന്നു വ്യത്യസ്ഥമൊന്നുമല്ല.. ഒന്നുരണ്ടിടങ്ങളില്‍ അതു കമന്റായി എഴുതുകയും ചെയ്തു.

ലേഖനത്തിനും താങ്കള്‍ക്കും ഒരു സല്യൂട്ട്.
ഇങ്ങോട്ടുള്ള വഴി പറഞ്ഞുതന്ന സതീഷ് മാക്കോത്തിനും നന്ദി..

നന്ദകുമാര്‍ പറഞ്ഞു...

ഈ ലേഖനം ഇപ്പോഴാണ് കണ്ടത്. വളരെ ശക്തമായ ഭാഷയില്‍ തന്നെ ഉപയോഗിച്ചിരിക്കുന്നു. സത്യങ്ങളെ മാറ്റി, യാഥാര്‍ത്ഥ്യത്തെ മറച്ച് സ്വപ്നങ്ങളേ വില്‍ക്കുന്നവര്‍ക്ക് ‘സ്ലംഡൊഗ്’ ഒരു പ്രഹരമായിരുന്നുവെന്നത് വാസ്തവം.

താങ്കള്‍ക്കെന്റെ ഷേക്ക് ഹാന്‍ഡ്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

സുമേഷ് - കാഴ്ചപ്പാടിനോട് യോജിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. ബോംബെ ജീവിതത്തെ അടുത്തറിയാവുന്ന മനസ്സാക്ഷിയുള്ള ആര്‍ക്കും സ്ലംഡോഗിനെ തള്ളിപ്പറയാനാവില്ല.

സതീഷ് മാക്കോത്തിന് ഒരിക്കല്‍ കൂടി നന്ദി.

നന്ദന്‍ - വായനയ്ക്കും അഭിപ്രായത്തിനും നന്ദി. ബോംബെ ജീവിതത്തെ തുറന്നു കാണിക്കാന്‍ ശ്രമിച്ച സിനിമകള്‍ വേറെയുമുണ്ടെങ്കിലും (സുധീര്‍ മിശ്രയുടെ ‘ധാരാവി’ റോബിന്‍ ധര്‍മ്മരാജിന്റെ ‘ചക്ര’തുടങ്ങിയവ) സ്ലം ഡോഗിന്റെ വിജയം നേടിയ പ്രശസ്തി അതേല്‍പ്പിക്കുന്ന പ്രഹരത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു.

nazeer പറഞ്ഞു...

മോഹന്ജി ..
കണ്ണുകള്‍ നിറഞ്ഞുപോയി ...ഞാന്നും കുറച്ചു കാലം ബോംബയില്‍ ഉണ്ടായിരുന്നു...ആ കാലത്തേക്ക് ഒരു തിരിച്ചു പോക്കായിരുന്നു താങ്കളുടെ പോസ്റ്റ് ...പറഞ്ഞതല്ലാം സത്യം... മനസിന്‌ വല്ലാത്ത നീറ്റല്‍...
നല്ല ഭാഷ ..നല്ല ഇടപെടലുകള്‍ ..
ഭാവുകങ്ങള്‍..
സസ്നേഹം
നസീര്‍ ഹസ്സന്‍