2009, മാർച്ച് 24, ചൊവ്വാഴ്ച

പോപ്പിന്റെ കോണ്ടം തിയറി


"ഗര്‍ഭച്ഛിദ്രം അനുവതിക്കരുത് അതൊരു കുറ്റകൃത്യമാണ്. ജനിക്കാനും ജീവിക്കാനുമുള്ള അവകാശം കുട്ടികള്‍ക്കുണ്ട് " എന്നെല്ലാം മാറി മാറി വരുന്ന മാര്‍പ്പാപ്പാ തിരുമേനിമാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിമ്പോള്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന കുറേപേര്‍ക്കെങ്കിലും ചെറുതായൊരു മാനസാന്തരം വന്നു കാണും. പക്ഷെ ഇപ്പോഴത്തെ മാര്‍പ്പാപ്പ പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍ ഈയിടെ നടത്തിയ തന്റെ ആഫ്രിക്കന്‍ പര്യടനത്തിനിടയില്‍ “ഗര്‍ഭനിരോധന ഉറകള്‍ എയ്‌ഡ്‌സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുകയല്ല വഷളാക്കുകയാണ് “ എന്ന് ജനങ്ങളോടു പറയുമ്പോള്‍ അതിനു തലയാട്ടുവാന്‍ പോപ്പിന്റെ മുന്നില്‍ മുട്ടു കുത്തി എരിഞ്ഞു തീരുന്ന മെഴുകു തിരികള്‍ക്കു പോലും കഴിയുമെന്ന് തോന്നുന്നില്ല.

എയ്‌ഡ്‌സ് ഏറ്റവുമധികം ഗ്രസിച്ചിരിക്കുന്ന രാജ്യമാണ് ആഫ്രിക്ക. ഉദ്ദേശം 22 ദശലക്ഷം എച്ച്. ഐ.വീ. ബാധിതരുണ്ട് ആഫ്രിക്കയില്‍ എന്നാണ് കണക്കുകള്‍.
http://www.avert.org/worldstats.htm ലോകത്തിലെ മൊത്തം എയ്‌ഡ്‌സ് രോഗികളുടെ മുക്കാല്‍ ഭാഗവും ആഫ്രിക്കയിലാണെന്ന് പഠനങ്ങള്‍ പറയുന്നു. അതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. ക്യാന്‍സറിനെന്നതു പോലെ എയ്‌ഡ്‌സിനും മരുന്നു കണ്ടു പിടിക്കുവാന്‍ ഇതു വരെ ലോകത്തിനായിട്ടില്ല.പ്രാര്‍ത്ഥനകള്‍ കൊണ്ട് എയ്‌ഡ്‌സ് ഇല്ലാതാക്കാന്‍ ഒരു പുരോഹിതനും കഴിഞ്ഞിട്ടുമില്ല.

പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പിഴയായി നല്‍കാന്‍ വര്‍ഷം തോറും കൂടുതല്‍ തുകകള്‍ നീക്കി വയ്ക്കുന്ന സഭകള്‍ ഏതെങ്കിലും മാറാവ്യാധികള്‍ക്കു മരുന്നു കണ്ടു പിടിക്കാനുള്ള റിസര്‍ച്ചിനായോ ശാസ്ത്രജ്ഞന്മാരെ പ്രോത്സാഹിപ്പിക്കാനായോ കാശു മാറ്റി വയ്ക്കുന്നതായി കേട്ടിട്ടില്ല. (ഇതല്ലല്ലോ സഭയുടെ ജോലി എന്നവര്‍ പറയുമായിരിക്കും)

അപ്പോള്‍ മനുഷ്യന്റെ മുന്നില്‍ ആകെയുള്ളത് രോഗത്തിനെതിരെ കൈക്കൊള്ളാനാവുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങളാണ്. ക്യാന്‍സറിനെ അപേക്ഷിച്ച് എയ്‌ഡ്‌സിന്റെ കാര്യത്തില്‍ നമുക്ക് ഒരു പിടി അധിക സാധ്യതകളുണ്ട്. അതില്‍ പ്രധാനം ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗം വ്യാപകമാക്കുക എന്നതാണ്. രതിജന്യരോഗങ്ങള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്കു പടരുന്നത് തടയുവാന്‍ ഉറകള്‍ വളരെ ഫലപ്രദമായാണു കണ്ടു വരുന്നത്.

ഒരുറയെങ്കിലും എപ്പോഴും പോക്കറ്റില്‍ കരുതിയിരിക്കണമെന്ന് പാശ്ചാത്യര്‍ പറയുമ്പോള്‍ ലോകത്തുള്ള നല്ലൊരു വിഭാഗം ജനങ്ങളുടെ ലൈംഗിക അഭിരുചികളുടെ വൈവിധ്യത്തെയോര്‍ത്ത് ഏക പത്നീവ്രതക്കാരായ നാം അമ്പരക്കുന്നുണ്ടാവാം. ലൈംഗിക വേഴ്ചകളിലൂടെയോ (ഇത് അവിഹിതമാകണമെന്നില്ല്ല) , രക്ത സ്വീകരണത്തിലൂടെയോ അല്ലാതെ ഈ അസുഖം പകരാനുള്ള സാധ്യതകള്‍ തുലോം വിരളമാണെന്നിരിക്കേ, സുരക്ഷിതമായ രതി എന്നതിന്റെ പ്രാധാന്യം വളരെ വളരെ ഏറുന്നുണ്ട്. ലോകത്താകമാനമുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ഈ ഒരു മാര്‍ഗ്ഗത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് നടന്നു വരുന്നത്.


കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയായിരിക്കെ, ലോകത്തിലെ വലിയൊരു മതത്തിന്റെ ചുക്കാന്‍ പിടിക്കുന്നയാള്‍, ദൈവത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ആള്‍ എന്നെല്ലാം വാഴ്ത്തപ്പെടുന്ന പോപ്പിന്റെ നിരുത്തരവാദപരമായ ഈ അഭിപ്രായ പ്രകടനം മറ്റൊരു മാരകമായ രോഗാ‍ണു പോലെയാണ് ലോക ജനതയുടെ മസ്തിഷ്കത്തിലേക്കു പാഞ്ഞു കയറിയത്. “എന്തു കോപ്പാണ് ഈ പോപ്പ് പറയുന്നത്” എന്ന് സാധാരണക്കാരന്‍ ഒരു നിമിഷം ചിന്തിച്ചു പോയെങ്കില്‍ അതു സ്വാഭാവികം.


“സ്വയം നിയന്ത്രണം“ എന്ന ഉദ്ധാരണശേഷി നഷ്ടപ്പെട്ട പല്ലവി ഉപയോഗിച്ച് സഭകള്‍ പണ്ടു മുതല്‍ക്കേ പൊതു ജനങ്ങളെ ബോധവല്‍ക്കൃതരാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപ്പാടെ പാളിപ്പോകുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ലോകം മുഴുവന്‍. എത്ര ളോഹകള്‍ കൊണ്ടു മറച്ചാലും, പ്രലോഭനങ്ങള്‍ക്കു നേരെ എത്ര വലിയ കുരിശുകള്‍ കാട്ടി തടുത്താലും പുരോഹിത വര്‍ഗ്ഗങ്ങള്‍ക്കു പോലും പിടിച്ചു നില്‍ക്കാന്‍ പറ്റാതെ വരുന്ന ഈ കാലത്ത് ഈ സ്വയം നിയന്ത്രണമെന്നത് സാധാരണ മനുഷ്യര്‍ക്ക് പറ്റിയ പണിയാകുന്നതെങ്ങിനെ? നീതി തേടിയലയുന്ന അഭയമാരുടെ
പ്രേതങ്ങള്‍ ഇപ്പോഴും അരമനകളുടെ അടിത്തൂണുകളിളക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു.

“ഇരുണ്ട ഭൂഖണ്ഡം“ - ആഫ്രിക്ക എന്നു പറയുമ്പോള്‍ അതാണിപ്പോഴും നമ്മുടെ മനസ്സിലേക്കോടിയെത്തുന്നത്. കറുത്ത വര്‍ഗ്ഗക്കാര്‍ എന്ന് ലോകം നിന്ദാസൂചകമായി വിളിക്കുന്ന നിസ്സഹായരായ മനുഷ്യരുടെ നാട്. അടിമകളുടെ നാട്. ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന ദരിദ്രരുടെ നാട്. പട്ടിണിയും അസമത്വങ്ങളും രോഗങ്ങളും താണ്ഡവമാടുന്ന നാട്. രാഷ്ട്രീയമായ അനിശ്ചിതത്വങ്ങളാല്‍ അനുദിനം പൊട്ടിത്തെറിച്ചു കൊണ്ടിരിക്കുന്ന നാട്. ദരിദ്രനായ മനുഷ്യന് ഒരു മുഖം സങ്കല്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സിലേക്കോടിയെത്തുന്നത്, ആഫ്രിക്കക്കാരന്റെ ദൈന്യം നിറഞ്ഞ മുഖമായിരിക്കും. യൂനിസെഫിന്റെ പരസ്യങ്ങളില്‍ കാണുന്ന ദരിദ്രരായ കുട്ടികള്‍, തങ്ങളുടെ കറുത്ത മുഖത്തു തുറിച്ചു നില്‍ക്കുന്ന വെളുത്ത മിഴികളിലൂടെ ചോദിക്കുന്നത് മറ്റൊന്നല്ല - ആര്‍ വീ ദ ചില്‍ഡ്രന്‍ ഓഫ് എ ലെസ്സര്‍ ഗോഡ്? അധസ്ഥിതനായ ഒരു ദൈവത്തിന്റെ മക്കളാണോ ഞങ്ങള്‍? അവര്‍ക്കുള്ള ഉത്തരമാണൊ ഈ ഉദ്ഘോഷണങ്ങളിലൂടെ പുറത്തു വരുന്നത് ?.

എന്തു വില കൊടുത്തും സ്വന്തം അനുയായികളുടെ നിര വലുതാക്കുക എന്ന മിഷണറിയുടെ സ്വാര്‍ത്ഥത മാത്രമാണ് ഗര്‍ഭഛിദ്രത്തിനെതിരായും ഇപ്പോള്‍ കോണ്ടത്തിനെതിരായും അബദ്ധങ്ങള്‍ പറയുവാന്‍ പോപ്പിനെ പ്രേരിപ്പിക്കുന്നത്. ഇതു കേട്ട് പിശാചിനെയെന്ന പോലെ കോണ്ടത്തെ വലിച്ചു ദൂരെയെറിയുന്ന ഭക്തര്‍‍, രോഗബാധിതരായ ഒരു തലമുറയെയായിരിക്കില്ലേ പോപ്പിന്റെ അനുയായികളാകാന്‍ പടച്ചു വിടുന്നത് എന്ന കാര്യം പോപ്പിനറിയുമോ? സാധാരണക്കാരന്‍ ഏതു സാഹചര്യത്തിന്റെ നീരാളിക്കൈകളിലായാലും കോപ്പുലേഷനിലൂടെ (copulation) പോപ്പുലേഷന്‍ (population) വര്‍ദ്ധന എന്ന ലക്ഷ്യം മാത്രമേ അവനുണ്ടാകാന്‍ പാടുള്ളു എന്നതാണോ പോപ്പിന്റെ മനുഷ്യ നന്മക്കായുള്ള അജണ്ട.

പോപ്പിനെന്തിനാ കോണ്ടം എന്നു നമുക്കു മനസ്സിലാക്കാം, പക്ഷെ ഒരു മരുന്നിനും ഇതു വരെ വഴങ്ങാ‍ത്ത മഹാമാരിയ്ക്കു മുന്നില്‍ നിസ്സഹായരായി പകച്ചു നില്‍ക്കുന്ന ഭൂരിപക്ഷം വരുന്ന സാദാ ജനത്തിന് സ്വന്തം കാശു കൊടുത്താല്‍ ലഭിക്കുന്ന ചെറിയൊരു പ്രതിരോധ കവചം പോലും നിഷേധിക്കുന്നതിലൂടെ എന്തു സല്‍ക്കര്‍മ്മമാണ് പോപ്പ് ചെയ്യുന്നത്?

അവലംബം:

Kevin Osborne, HIV adviser at the International Planned
Parenthood Federation, said: “All the evidence is that
preaching sexual abstinence and fidelity will not solve the
problems. We need to work with the reality of where
people are, especially in countries he is visiting such as
Angola, which is hard-hit by the epidemic.
“The Pope’s message will alienate everybody. It is scary.
It spreads stigma and creates a fertile breeding ground for
the spread of HIV.”

http://www.timesonline.co.uk/tol/comment/faith/article5927964.ece
ചിത്രങ്ങള്‍ക്ക് ഇന്റെര്‍നെറ്റിനോട് കടപ്പാട്

11 അഭിപ്രായങ്ങൾ:

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

പോപ്പിനെന്തിനാ കോണ്ടം എന്നു നമുക്കു മനസ്സിലാക്കാം, പക്ഷെ ഒരു മരുന്നിനും ഇതു വരെ വഴങ്ങാ‍ത്ത മഹാമാരിയ്ക്കു മുന്നില്‍ നിസ്സഹായരായി പകച്ചു നില്‍ക്കുന്ന ഭൂരിപക്ഷം വരുന്ന സാദാ ജനത്തിന് സ്വന്തം കാശു കൊടുത്താല്‍ ലഭിക്കുന്ന ചെറിയൊരു പ്രതിരോധ കവചം പോലും നിഷേധിക്കുന്നതിലൂടെ എന്തു സല്‍ക്കര്‍മ്മമാണ് പോപ്പ് ചെയ്യുന്നത്?
മന്ത്രി സുധാകരനാണ് പരഞ്ഞതെങ്കില്‍ മനസ്സിലാക്കാം, കോപ്പ്, ഈ പോപ്പിനിത് എന്നാ പറ്റി? പിശാചിന്റെ ഉപദ്രവം നമ്മുടെ കേരളത്തിലെ അഭിനവ പോപ്പുമാരെപ്പോലെങ്ങാനും സംഭവിച്ചോ?

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഒരുറയെങ്കിലും എപ്പോഴും പോക്കറ്റില്‍ കരുതിയിരിക്കണമെന്ന് പാശ്ചാത്യര്‍ പറയുമ്പോള്‍ ലോകത്തുള്ള നല്ലൊരു വിഭാഗം ജനങ്ങളുടെ ലൈംഗിക അഭിരുചികളുടെ വൈവിധ്യത്തെയോര്‍ത്ത് ഏക പത്നീവ്രതക്കാരായ നാം അമ്പരക്കുന്നുണ്ടാവാം.

:)

വീകെ പറഞ്ഞു...

ഇതല്ല്ലാം മനനം ചെയ്ത കാർന്നോന്മാർ കാണിച്ചു തന്ന ഏകപത്നിവൃതം തെറ്റിച്ചവർക്ക് അതിന്റെ അടി കീട്ടി.പക്ഷെ കൂട്ടത്തിൽ ഒരുപാടു നിരപരാധികളും....
പോപ്പിന്റെ വാക്ക് വേദവാക്യമാണ്. അതനുസരിക്കുന്ന പാവങ്ങളുടെ ഗതി......?

aneeshans പറഞ്ഞു...

Good article. thnks.

jins francis പറഞ്ഞു...

മാരപാപ്പയുടെ സ്വയം നിയന്ത്രണം തത്വം ആത്മീയതയുടെ പരമമായ ലക്‌ഷ്യം തന്നെയാണ്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഈ ലക്‌ഷ്യം സാധിച്ച മഹല്‍ വ്യക്തിയുമാണ്. എന്നാല്‍ ഈ ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ രോഗത്തിലേക്കും മരണത്തിലേക്കും ഉള്ളതാണെങ്കില്‍ ലക്‌ഷ്യം വേണ്ടാന്നു വയ്ക്കുമോ അതോ രോഗത്തെ തടയുവാന്‍ ശ്രമിക്കണോ ?
മാര്‍പാപ്പ പറയട്ടെ. ഏതുകാലത്തും ,സ്നേഹധുധനായ ക്രിസ്തുവിനെ കൊല്ലാന്‍ പുരോതിതശ്രഷ്ടന്മാര്‍ റെഡിയാണ് എന്നതിന് തെളിവാണ് മാര്‍പാപ്പയുടെ പുതിയ പരാമര്സം

jins francis പറഞ്ഞു...

മാരപാപ്പയുടെ സ്വയം നിയന്ത്രണം തത്വം ആത്മീയതയുടെ പരമമായ ലക്‌ഷ്യം തന്നെയാണ്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഈ ലക്‌ഷ്യം സാധിച്ച മഹല്‍ വ്യക്തിയുമാണ്. എന്നാല്‍ ഈ ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ രോഗത്തിലേക്കും മരണത്തിലേക്കും ഉള്ളതാണെങ്കില്‍ ലക്‌ഷ്യം വേണ്ടാന്നു വയ്ക്കുമോ അതോ രോഗത്തെ തടയുവാന്‍ ശ്രമിക്കണോ ?
മാര്‍പാപ്പ പറയട്ടെ. ഏതുകാലത്തും ,സ്നേഹധുധനായ ക്രിസ്തുവിനെ കൊല്ലാന്‍ പുരോതിതശ്രഷ്ടന്മാര്‍ റെഡിയാണ് എന്നതിന് തെളിവാണ് മാര്‍പാപ്പയുടെ പുതിയ പരാമര്സം

GURU - ഗുരു പറഞ്ഞു...

ഇതൊക്കെ നമുക്ക് പറയാം ആര് കേള്ക്കാന്

Nachiketh പറഞ്ഞു...

മോഹനേട്ടാ... നല്ലൊരു പോസ്റ്റ്...

ഓർമ്മക്കാട്‌/ memory forest പറഞ്ഞു...

ഇതു വായിചപ്പൊള്‍ ഈ പോപ്പ് എന്ന സാധനം എന്തൊരു കോപ്പനാ.. എന്നു തോന്നി പൊകുന്നു. ഉറയിട്ടാല്‍ പോപ്പിനും കൊള്ളാം എന്നാണല്ലൊ ?

JijoPalode പറഞ്ഞു...

condem enna prathirodham undu enna dairyathil athirillaththa lainggeka krithyngalil erpedunnu ennu kandeththalaanu marpapa ariyichchittullathu....athu mansailaakkaulla vivaramillatha thangale polullavarku athu bhoshathamaayi thonnaam......nalla ashayangale polum vashalaakkunna lekhanngal ezhuthaathirikkuka...dayvayi....

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

വ്യക്തികളുടെ സ്വകാര്യത മാത്രമായ ലൈംഗികതയ്ക്ക് എങ്ങിനെയാണ് സുഹൃത്തെ ഒരു അതിരു വയ്ക്കുക? അങ്ങിനെ ഒരു വ്യക്തിയുടെ ലൈഗികത ആര്‍ക്കെങ്കിലും നിയന്ത്രിക്കാനാവുമായിരുന്നെങ്കില്‍ ഈ പ്രശ്നങ്ങളോ, രോഗങ്ങളോ, കോണ്ടങ്ങള്‍ പോലുമോ ആവശ്യം വരുമായിരുന്നൊ? കോണ്ടം വരുന്നതിനു മുമ്പും, ലൈംഗികതയ്ക്ക് താങ്കള്‍ പറയുന്ന വിധത്തിലുള്ള വല്ല നിയന്ത്രണങ്ങളും ഉണ്ടായിരുന്നുവൊ? കോണ്ടം എന്ന സംരക്ഷണ ഉറ ഉള്ളതിനാല്‍ അതിരില്ലാതെയും അനാവശ്യവുമായ ഗര്‍ഭധാരണം ഒഴിവാക്കുകയും, മാരകമായ അനേക തരം ലൈംഗിക രോഗങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു എന്നത് ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല.

താങ്കള്‍ ബാക്കി പറഞ്ഞ കാര്യങ്ങള്‍ പ്രതികരണം അര്‍ഹിക്കുന്നില്ല.