2008, ഡിസംബർ 23, ചൊവ്വാഴ്ച

യുദ്ധമേഘങ്ങളോ വാനില്‍?

രാഷ്ട്രം എന്തിനും സന്നദ്ധമെന്ന് വിദേശകാര്യ മന്ത്രി. സേനാ നായകന്മാരുമായി നിരന്തരം മീറ്റിംഗുകള്‍ നടത്തുന്ന പ്രതിരോധമന്ത്രി.ലീവു വെട്ടിക്കുറച്ച് തിരിച്ചു വിളിപ്പിച്ചതിനാല്‍ തിരിച്ചു പോകുന്ന പട്ടാളക്കാര്‍. പോര്‍വിളിക്കു തയ്യാറെടുത്തു നില്‍ക്കുന്ന രാഷ്ടീയക്കാര്‍.വാര്‍ത്തകള്‍ക്കായി ചാനലുകള്‍ക്കു മുമ്പിലും ഇന്റര്‍നെറ്റിനു മുമ്പിലും ആര്‍ത്തിയോടെ കാത്തിരിക്കുന്ന ജനം. യുദ്ധമേഘങ്ങളോ വാനില്‍ എന്ന് സംശയിപ്പിക്കുവാന്‍ പറ്റിയ സാഹചര്യം.

ബോംബെ ആക്രമണം ഏല്പിച്ച ആഘാതത്തില്‍ നിന്നും നാം ഇനിയും മുക്തരായിട്ടില്ല. പെട്ടെന്നൊന്നും നമുക്കതിനു കഴിയുമെന്നും തോന്നുന്നില്ല. നിത്യേനയെന്നോണം യന്ത്രത്തോക്കുകളേന്തിയ കഥാപാത്രങ്ങളെ സിനിമകളില്‍ കണ്ടു കൈയടിക്കറുള്ള നാം ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നിരിക്കണം നിത്യജീവിതത്തില്‍ മരണവുമായിട്ടിങ്ങനെ ക്രൂരമായൊരു ബലാബലം. വിലപ്പെട്ട കുറേ മനുഷ്യ ജീവനുകളെ അതു നമ്മളില്‍ നിന്നും മുറിച്ചെടുത്തു. ആ മുറിവുകള്‍ ഒരു നെരിപ്പോടായി നമ്മുടെ മനസ്സിലെരിയുന്നുണ്ട്. ആ നെരിപ്പോടില്‍ എണ്ണപകര്‍ന്നു കൊണ്ട് ഒരു പാട് പേര്‍ നമുക്കു ചുറ്റും
അണിനിരന്ന് പടപ്പാട്ടുകള്‍ ആലപിക്കുന്നുണ്ട്. ഒരങ്കത്തിലേക്ക് കൂടി നമ്മളെ തള്ളിവിടുകയാണവരുടെ ലക്ഷ്യം.

അതിര്‍ത്തികളിലേക്ക് ബൂട്ടണിഞ്ഞ കാലുകള്‍ മാര്‍ച്ചു ചെയ്യുന്നു. വെടിക്കോപ്പുകള്‍ നിറച്ച വാഹന വ്യൂഹങ്ങള്‍ നീങ്ങുന്നു. എല്ലാ വിപണികളും തളരുമ്പോള്‍ ആയുധ വിപണികള്‍ ഉണര്‍ന്നു സജീവമാവുന്നു. അന്യ സംസ്ഥാനക്കാരെ മുഴുവന്‍ ബോംബെയില്‍ നിന്നും തുരത്തുവാന്‍ കച്ച കെട്ടിയിറങ്ങിയ ശിവസേനയുടെ വൃദ്ധനായ കടലാസുപുലി അലറുന്നു - ആക്രമണ്‍. ഭീഷണിയല്ല ആക്രമണമാണ് വേണ്ടതെന്നും ഉടന്‍ രാജ്യത്തുടനീളം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നും പുലി. ആദ്യം ഒപ്പം നില്‍ക്കാന്‍ വിസമ്മതിച്ച ബി.ജെ.പി. പിന്നെ കോണ്‍ഗ്രസിനോടു തോളോടു തോള്‍ ചേര്‍ന്നു. പക്ഷേ ഹേമന്ത് കര്‍ക്കരെയുടെ മരണത്തിലുള്ള ദുരൂഹത അന്വേഷിക്കണെമെന്ന് ആന്തുലെ പറഞ്ഞപ്പോള്‍ തനി നിറം പുറത്തു വന്നു. മാലെഗാവിലെ അലമാരിയില്‍ നിന്നും ബി.ജെ.പി. യുടെ അസ്ഥിപഞ്ജരങ്ങള്‍ പുറത്തു ചാടുമോ എന്ന പേടിയാവാമെന്ന് പൊതുജനത്തിനു തോന്നിപ്പിക്കുവാന്‍ കഴിഞ്ഞതു മിച്ചം. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഭുമിക കൂടി അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നിരിക്കെ, അധോലോകവും മുംബൈ പോലീസുമായുള്ള രഹസ്യബന്ധങ്ങള്‍ ജനങ്ങള്‍ക്കറിയാമെന്നിരിക്കെ, ഒരു പക്ഷെ ബി.ജെ.പി പ്രതികരിച്ചില്ലായിരുന്നുവെങ്കില്‍ ആന്തുലെ പ്രശ്നം ഇത്രമാത്രം ജനശ്രദ്ധ നേടുമായിരുന്നുവോ എന്ന് സംശയമാണ്.

ബോംബെ ആക്രമണത്തിനു പ്രതികാരം വീട്ടാന്‍ പാകിസ്ഥാന്‍ ആക്രമണം. ഇതാരുടെ പ്രത്യയശാസ്ത്രമാണ്? ബോംബെ
തെരുവുകളില്‍ ഇടക്കിടക്ക് അരങ്ങേറുന്ന അധോലോക യുദ്ധങ്ങളുടെ പ്രത്യയശാസ്ത്രവും ഇതും തമ്മിലുള്ള സാദൃശ്യം എത്ര പ്രകടം. ബാല്‍ ഠാക്കറെ പോലുള്ളൊരു നേതാവിന് ഇതിനപ്പുറം ചിന്തിക്കാനാവില്ലല്ലോ.

ഒരു യുദ്ധം. അത് രാജ്യങ്ങളുടെ മേള്‍ അടിച്ചേല്‍പ്പിക്കുന്ന ഭീമമായ കഷ്ട നഷ്ടങ്ങള്‍. രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയില്‍
അതേല്‍പ്പിക്കുന്ന താങ്ങാ‍നാകാത്ത ഭാരം. വികാരം കത്തി നില്‍ക്കുമ്പോള്‍ ഭൂരിപക്ഷ ജനത ഈ വിപത്തുകളെക്കുറിച്ച്
ബോധവാന്മാരാകണമെന്നില്ല. ഭരണകൂടങ്ങള്‍ ജനതകളുടെ മേല്‍ യുദ്ധങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. കുറേയേറെ മനുഷ്യ ജീവിതങ്ങളെക്കൂടി കുരുതി കൊടുക്കാമെന്നല്ലാതെ അതു കൊണ്ട് ഭീകരവാദത്തെ ഇല്ല്ലായ്മ ചെയ്യാനാവുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവൊ? ഇനി പാകിസ്ഥാനുമായി യുദ്ധം ചെയ്യുന്നു എന്നു തന്നെ വയ്ക്കുക, അതു കൊണ്ട് ബൊംബെ ആക്രമണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യുവാനും നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും കഴിയുമോ? വളരെയധികം ഹേമന്ത് കര്‍ക്കരെമാരെയും, സലാസ്‌ക്കര്‍മാരെയും, സന്ദീപ് ഉണ്ണിക്കൃഷ്ണന്മാരെയും നമ്മള്‍ നഷ്ടപ്പെടുത്തും. ഒരു പക്ഷേ യുദ്ധത്തില്‍ മരിക്കുന്നാവരുടെ പേരുകള്‍ പോലും അധികമാര്‍ക്കും ഓര്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇത്ര ഭടന്മാരെ കൊന്നു കളഞ്ഞുവെന്നോ തടവുകാരായി പിടിച്ചുവെന്നോ പാകിസ്ഥാനും, ഇന്ത്യയും വീമ്പു പറയും. രണ്ടു ഗവര്‍മ്മെന്റുകളും ‘വീരമൃത്യു’ വരിച്ച ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച്, സ്മാരകങ്ങള്‍ പണിത് സായൂജ്യമടയും.

യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുവാന്‍ ഭരണകൂടങ്ങളും,രാഷ്ടീയ കക്ഷികളും കാണിക്കുന്ന ഗിമ്മിക്കുകളാണ് ഈ യുദ്ധ
വികാരത്തെ ഊതി വീര്‍പ്പിക്കല്‍. മുഹമ്മദ് അജ്‌മല്‍ കസബ് എന്ന പാക് ഭീകരവാദി വീടു വിട്ടോടിപ്പോയ ഒരു പാവപ്പെട്ട
കുടുംബാംഗമാണെന്ന് മാധ്യമങ്ങള്‍. അങ്ങിനെയുള്ളവരെ ചൂണ്ടയിടാന്‍ മതത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ ബിന്‍ലാദന്മാരും മസൂദുമാരും കാത്തു നില്‍ക്കുന്നു. ഭീകരവാദ ഗ്രൂപ്പുകളിലും, കക്ഷിരാഷ്ട്രീയ വഴക്കുകളിലും, മത വൈരങ്ങളിലും പെട്ട് ബലിയാടുകളാകുന്നവര്‍ എപ്പോഴും ദരിദ്രര്‍ക്കിടയില്‍ നിന്നാണ് വരുന്നത് എന്നത് കസ്മികമാണോ? അപ്പോള്‍ ദാരിദ്ര്യമാകുന്നു, സാമൂഹികവും, സാമ്പത്തികവുമായ അസമത്വങ്ങളും, അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥകളുമാകുന്നു ഇത്തരം പ്രശ്നങ്ങളുടെ കേന്ദ്ര ബിന്ദു എന്ന് ആര്‍ക്കും അറിയാത്തതാണോ‍. ഇത്തരമൊരു അസന്തുലിതത്വം ഇല്ലാതാക്കാന്‍ നട്ടെല്ലുള്ള ഒരു രാഷ്ടീയമോ, നേതാവോ, മതമോ, ആത്മീയ ഗുരുവോ, ദൈവമോ നമുക്കിന്ന് ഇല്ല എന്നതല്ലെ നാം ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്ത്.

War does not determine who is right, only who is left.
– Bertrand Russell

11 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

War does not determine who is right, only who is left.
– Bertrand Russell

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

വേലി പ്പടര്‍പ്പുകള്‍ക്കിടയിലെ മുള്ളില്‍ യുദ്ധം മണക്കുന്നു...

chithrakaran ചിത്രകാരന്‍ പറഞ്ഞു...

യുദ്ധമോ...!!!
ഹഹഹ...
കുരക്കുന്ന പട്ടി കടിക്കില്ല.
ഒരു നാടകം.
ഇനി വിഷുവിനു പടക്കം പൊട്ടിക്കുന്നതുപോലെ വല്ലതും ചെയ്യാനും മതി.

saju john പറഞ്ഞു...

മോഹനേട്ടന്റെ അഭിപ്രായത്തോട് നൂറ് ശതമാനം ഞാന്‍ യോജിക്കുന്നു...

ഇന്ത്യന്‍ ഭരണകൂടം പ്രതിരോധ ബഡ്ജറ്റ് ഉയര്‍ത്തി,പാക്കിസ്ഥാന്റെ നടുവോടിക്കുന്നു.....
പാക്കിസ്ഥാന്‍ കള്ളനോട്ട് തുറന്ന് വിട്ട് ഇന്ത്യയുടെ നടുവോടിക്കുന്നു.....

ചിരിക്കുന്നതാരെല്ലാം........

കരയുന്നതാരെല്ലാം........പട്ടാ‍ളക്കാരന്റെ ഭാര്യയും,കുഞ്ഞും,കുടുംബവും മാത്രം.....

siva // ശിവ പറഞ്ഞു...

എന്നും ഇതൊക്കെ തന്നെയാ എവിടെയും സംഭവിച്ചത്..... നമുക്ക് ഇങ്ങനെയൊക്കെ വ്യാകുലപ്പെടാന്‍ മാത്രമേ കഴിയൂ.....

മുസാഫിര്‍ പറഞ്ഞു...

യുദ്ധം ഒന്നിനും പരിഹാരമല്ലായിരിക്കാം.പക്ഷെ നമ്മുടെ വീട്ടുമുറ്റത്ത് വന്ന് അയല്‍ക്കാര്‍ തോന്ന്യാസം നടത്തുമ്പോള്‍ അവരെ ഒരു പാഠം പടിപ്പിക്കേണ്ടത് ഒരു ആവശ്യമല്ലെ ?.അല്ലാതെ ചുമ്മാ അഹിംസാവാദവും പറഞ്ഞിരുന്നിട്ട് എന്തു കാര്യം ?

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

പകല്‍ക്കിനാവേ - നന്ദി. മുള്ളുകള്‍ വേലിപ്പടര്‍പ്പുകള്‍ക്കിടയില്‍ നിന്നും ഒരുപാട് ഉള്ളിലേക്ക് കടന്നു വന്നിരിക്കുന്നു. തീര്‍ച്ചയായും യുദ്ധത്തിന്റെ മണം ഈ മുള്ളുകള്‍ക്കുണ്ട്.

ചിത്രകാരാ - പട്ടി കടിച്ചിട്ടുള്ള ചരിത്രം ഇന്ത്യാ- പാക് അതിര്‍ത്തികള്‍ക്കു പറയാനുണ്ടല്ലൊ.

നട്ടപിരാന്താ - പട്ടാളക്കാരന്റെ ഭാര്യയും കുഞ്ഞും കുടുംബവും. അതപ്പുറത്തും ഇപ്പുറത്തും ഒരു പോലെ. അതാണ് രണ്ടു കൂട്ടര്‍ക്കുമുണ്ടാവാന്‍ പോകുന്ന നേട്ടം.

ശിവ - വ്യാകുലപ്പെടുക മാത്രം ചെയ്യുന്നുള്ളൂവെങ്കില്‍പ്പോലും അത് നമ്മുടെ മനസ്സ് ആരുടെ കൂടെയാണ് നില്‍ക്കുന്നതെന്ന് നമുക്ക് കാട്ടിത്തരുന്നില്ലേ.

മുസാഫിര്‍ - ആരെങ്കിലും നമ്മുടെ മുറ്റത്തു വന്ന് തോന്ന്യാസം കാട്ടുന്നത് നമ്മുടെ വീട്ടിലുള്ളവരെ മുറിവേല്‍പ്പിച്ച്, പ്രകോപിതരാക്കി അങ്കക്കലിയുമായി അയല്‍ വീടു കത്തിക്കുവാന്‍ ഇറക്കിത്തിരിപ്പിക്കുക എന്ന വളരെ വ്യക്തമായ ഉദ്ദേശത്തോടു കൂടിയല്ലെ. ആക്രമണ്‍ എന്നാക്രോശിക്കുമ്പോള്‍ നമ്മള്‍ അവരുടെ ആവശ്യം തന്നെയല്ലേ നിറവേറ്റിക്കൊടുക്കുന്നത്.ശരിക്കും നമ്മളെ പാ‍വ കളിപ്പിക്കുകയല്ലെ അവര്‍.യുദ്ധത്തില്‍ ഏതു രാജ്യം തോറ്റാലും ജയിച്ചാലും,ആത്യന്തികമായി ജയിക്കുന്നത് അവരുടെ തന്ത്രമായിരിക്കും എന്നതല്ലെ സത്യം.

Appu Adyakshari പറഞ്ഞു...

അവസരോചിതമായ പോസ്റ്റ്. പറയാനുള്ള കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിക്കൂകയും ചെയ്തിരിക്ക്കുന്നു. യുദ്ധങ്ങള്‍ അടിച്ചേല്പിക്കപ്പെടുന്നതാണ്. വികാരത്തിനടിപ്പെട്ടുനില്‍ക്കുന്ന ഒരു ജനതയെ കൂടുതല്‍ നാശങ്ങളിലേക്ക് തള്ളിവിടാനുള്ള കുടിലതന്ത്രം.
മോഹനേട്ടന്‍ പറഞ്ഞതുപോലെ “ആ നെരിപ്പോടില്‍ എണ്ണപകര്‍ന്നു കൊണ്ട് ഒരു പാട് പേര്‍ നമുക്കു ചുറ്റും അണിനിരന്ന് പടപ്പാട്ടുകള്‍ ആലപിക്കുന്നുണ്ട്. ഒരങ്കത്തിലേക്ക് കൂടി നമ്മളെ തള്ളിവിടുകയാണവരുടെ ലക്ഷ്യം“

ഇനിയൊരു യുദ്ധം വേണ്ട.

SreeDeviNair.ശ്രീരാഗം പറഞ്ഞു...

മോഹന്‍,

നവവത്സരാശംസകള്‍...

സ്നേഹപൂര്‍വ്വം,
ശ്രീദേവിനായര്‍.

രാജന്‍ വെങ്കിടങ്ങ് പറഞ്ഞു...

യുദ്ധമില്ലാത്ത ലോകമാണ് ഇനി മനുഷ്യന് വേണ്ടത്. ഒന്നിനും പരിഹാരമായിരിക്കില്ല യുദ്ധം. എന്നാലും യുദ്ധമില്ലാതിരിക്കാന്‍ നമ്മള്‍ യുദ്ധോപകരണങ്ങള്‍ വാങ്ങി കൂട്ടുന്നു. വാക്കിലൂടെയല്ല പ്രവര്‍ത്തിയിലൂടെയാണ് കാണിച്ച് കൊടുക്കാന്‍ ഇന്ത്യന്‍ കേന്ദ്ര മന്ത്രി ആന്റണിക്ക് താല്പര്യം. ഇത്തരത്തിലുള്ള ഭരണ കര്‍ത്താക്കളോടാണ് നമ്മള്‍ യുദ്ധം ചെയ്യേണ്ടി വരുന്നത്.
നല്ല എഴുത്തായിരുന്നു.
രാജന്‍ വെങ്കിടങ്ങ്

അജ്ഞാതന്‍ പറഞ്ഞു...

മനുഷ്യണ്റ്റെ ആര്‍ത്തി ഒരുപരിധിവരെ എല്ലാത്തിനും കരണമാകുന്നു. കാര്യങ്ങളെ മുന്‍ കൂട്ടി കണ്ടെത്താനും പരിഹരിക്കാനും ഇശ്ചാശക്തിയില്ലാത്ത ഒരു രാഷ്ട്രീയ നേത്ര്‍ത്വത്തിണ്റ്റെ അഭാവം നമ്മള്‍ അനുഭവിച്ചല്ലെ പറ്റു