പനാജി: മനുഷ്യന്‍ ഇന്ന് അനുഭവിക്കുന്ന എല്ലാ യാതനകള്‍ക്കും മൂലകാരണം മതമാണെന്ന് പ്രശസ്‌ത സംവിധായകന്‍ ടി.വി. ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മതവും മതാചാരങ്ങളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ മുംബൈയിലും നാം അത് അനുഭവിച്ചു.
രാജ്യാന്തര ചലച്ചിത്രമേളയില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ വിലാപങ്ങള്‍ക്കപ്പുറം പ്രദര്‍ശിപ്പിച്ച ശേഷം വാര്‍ത്താ
സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമിയില്‍ കണ്ട വാര്‍ത്ത
http://www.mathrubhumi.com/php/newsFrm.php?news_id=1267665&n_type=HO&category_id=10&Farc=&previous=Y
ടി.വി. ചന്ദ്രന് വ്യക്തമായ കാഴ്ചപ്പാടുകളും രാഷ്ടീയവുമുള്ള ആളാണെന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ സാക്ഷി.സ്വാഭാവികമായും നമ്മള്‍ ചോദിച്ചു പോകുന്നു, മതമാണോ എല്ലാ യാതനകള്‍ക്കും കാരണം?. ശരിയാണ്, എല്ലാ യാതനകള്‍ക്കും കാരണം മതമാവണമെന്നില്ല. പക്ഷേ മതം മനുഷ്യനു നല്‍കുന്ന യാതനകള്‍ അളവറ്റതാണെന്ന് ഒന്നു പരിശോധിച്ചാല്‍ ആര്‍ക്കും വ്യക്തമാകാവുന്നതേയുള്ളൂ. ഇത് മത വിശ്വാസികള്‍ അംഗീകരിക്കുകയില്ലെന്നറിയാം. അവരുടെ കണ്ണടകള്‍ അവരെ അതിനനുവദിക്കുകയില്ല.
മുംബായ് നഗരം ശാന്തമായിട്ടില്ല. ഭീതിയും, വേദനയും, വെറുപ്പും എല്ലാറ്റിനുപരി നിസ്സാഹായാവസ്ഥയും മുംബായ് വാസികളെ മാത്രമല്ല ഇന്ത്യക്കാരായ എല്ലാവരെയും വേട്ടയാടുന്നു. വിരലിലെണ്ണാവുന്ന, മത ഭ്രാന്തരായ ആയുധ ധാരികളെ കീഴ്പ്പെടുത്താന്‍ ഒരു മഹാരാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നത് അത്യന്തം നിരാശാജനകമായ, സ്തോഭകരമായ, വസ്തുതയാണ്. എന്തു കൊണ്ടിതു സംഭവിക്കുന്നു എന്ന് രോഷാകുലരായി ഒന്നു ചിന്തിക്കുക പോലും ചെയ്യാത്ത ഒരാളും ഉണ്ടാകില്ല. പക്ഷെ ചോദിച്ചതു കൊണ്ടു മാത്രമായില്ല, ചോദ്യത്തിന്റെ ദിശ അത് ഉത്ഭവിച്ചിടത്തേക്കു തന്നെ തിരിച്ചു വച്ച് ആവര്‍ത്തിക്കേണ്ടതുണ്ട്. പുറം ലോകത്തോടല്ല, നപുംസക സമാനമായ രാഷ്ടീയ നിസ്സംഗത്വത്തോടല്ല, സ്വയം, സ്വന്തം ആത്മാവിലേക്കു തോക്കുകള്‍ ചൂണ്ടി നമ്മള്‍ ഈ ചോദ്യത്തിന്റെ കാഞ്ചിയില്‍ വിരലമര്‍ത്തേണ്ടതുണ്ട്. ആത്മാവിലെ നമ്മള്‍ സ്നേഹിക്കുന്ന തുടലുകളിലൂടെ വെടിയുണ്ടകള്‍ ചീറിപ്പായേണ്ടതുണ്ട്.
ബോംബെയില്‍ നടത്തിയ ആക്രമണങ്ങളിലൂടെ, മതം തലക്കു പിടിച്ചാല്‍ മനുഷ്യന് എത്ര മാത്രം ക്രൂരനാകാമെന്നും ഏതറ്റം വരെ പോകാം എന്നും നമുക്ക് കാണിച്ചു തന്നു ഭീകരരെന്നു വിളിക്കുന്ന വിരലിലെണ്ണാവുന്നവര്‍. അവരുടെ മെഷീന്‍ ഗണ്ണിനു മതമുണ്ടായിരുന്നില്ല. മുസ്ലീമെന്നൊ, ക്രിസ്ത്യാനിയെന്നൊ, ഹിന്ദുവെന്നൊ, യഹൂദനെന്നൊ വേര്‍ തിരിവുകളില്ലാത ജനാധിപത്യപരമായിത്തന്നെ സത്യസന്ധതയോടെ അതു പെരുമാറി തന്റെ കഴിവു തെളിയിച്ചു. തീരാദു:ഖത്തിന്റെ ഗണ്‍പോയിന്റിലൂടെ ജീവിതം ജീവിച്ചു തീര്‍ക്കേണ്ടത് ഇനി രക്ത ബന്ധങ്ങള്‍ നഷ്ടപ്പെട്ടവര്‍. മതമുള്ളവര്‍ കാട്ടിക്കൂട്ടിയ ചെയ്തികളുടെയെല്ലാം ഭാരം പേറാന്‍ തല കുനിക്കേണ്ടി വന്നത് നമ്മുടെ ഗവര്‍മ്മെന്റിന്, എന്നു പറഞ്ഞാല്‍ നിരവധി നികുതികളിലൂടെ നമ്മളെ പിഴിഞ്ഞ് നമ്മളുടെ ചിലവില്‍ നിലനില്‍ക്കുന്ന ഒരു സ്ഥാപനത്തിന്. അപ്പോള്‍ ചോരുന്നത് നമ്മുടെ മടിശീല തന്നെ.
എന്നുമില്ലാത്ത വിധം മത വികലതകളും, രാഷ്ട്രീയ മുതലെടുപ്പുകാരും, ഗുണ്ടാ മാഫിയ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടു കെട്ട് ഇന്ന് ലോകത്ത് ഉയര്‍ന്നു വരുന്നുണ്ട്. അതിനു കിട്ടുന്ന ‘വിപണി’ ജനജീവിതത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നതിനു പകരം ‘എന്റെ മതത്തില്‍പ്പെട്ടവര്‍ മാത്രം മതി ഈ ഭൂമുഖത്ത് ‘ എന്ന സങ്കുചിതത്വത്തിലേക്ക് നാം കുതിക്കാന്‍ തുടങ്ങിയിട്ട് ഏറെയായി നാളുകള്‍. എല്ലാ മതങ്ങളും തങ്ങളുടെ അനുയായികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ ഹീനമാര്‍ഗ്ഗങ്ങള്‍ തേടുന്നിടത്താണ് എല്ലാം തുടങ്ങുന്നത്. വിശ്വസിപ്പിച്ച്, മനസ്സു മാറ്റി മതത്തില്‍ ചേര്‍ക്കപ്പെടുന്നവന് തനിക്ക് അനുചിതമായത് തിരഞ്ഞെടുക്കുവാനുള്ള അവസരങ്ങളോ, മാര്‍ഗ്ഗങ്ങളോ ലഭിക്കുന്നില്ല. ജന്മനാ ഒരു മതത്തില്‍ പെട്ടുപോകുന്നവന് ചിന്തിക്കാന്‍ പോലും അവസരം കിട്ടുന്നില്ല. ജന്മങ്ങളുടെ ബന്ധനങ്ങള്‍ അവനെ അത്രമാത്രം അടിമയാക്കുന്നു. ഒരു ത്വക്കു പോലെ അതവന്റെ മേല്‍ ഒട്ടിപ്പോകുന്നു. ബന്ധനത്തെ സ്നേഹിക്കുന്ന, മനസ്സാ വരിക്കുന്ന അവസ്ഥ. ബന്ധനങ്ങള്‍ തിരിച്ചറിഞ്ഞ് പുറത്തു പോകാന്‍ വെമ്പുന്നവരെക്കൂടി വരിഞ്ഞു മുറുക്കി നിര്‍ത്തുവാന്‍ ഇത്തരം ശക്തികള്‍ക്കു കഴിയുന്നു.പുരോഗമനം എന്നത് ആശയറ്റ ഒരു രോദനമായി തളര്‍ന്നിരിക്കുന്നു. അധിനിവേശത്തിന്റെ ഭീതിദമായ വിവിധ മുഖങ്ങള്‍ തന്നെയാണിവയെല്ലാം. ആത്മാവുകളെ കീഴ്പ്പെടുത്തുന്ന ഇത്തരം ശക്തികള്‍ ശരീരത്തിലേക്കു കൂടി കടക്കുമ്പോള്‍
അര്‍ബുദം പോലെ ചികിത്സകളില്ലാത്ത മാറാവ്യാധികളായി വളര്‍ന്നു സമൂഹ ശരീരത്തെ ഗ്രസിക്കുന്നു. അതിന്റെ പരിണിത ഫലങ്ങള്‍ മുംബെയായും,മാറാടായും, ഗുജറാത്തായും, ഒറീസ്സയായും, മാലെഗാവായും നമ്മുടെ മുന്നില്‍ കുരുതിയണിഞ്ഞു നില്‍ക്കുന്നു. മാലെഗാവ് സ്ഫോടനങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നത് അഴുകിക്കൊണ്ടിരിക്കുന്ന ഇത്തരം അര്‍ബുദങ്ങളുടെ സാന്നിധ്യമാണ്. അതിനു പടര്‍ന്നു കയറാന്‍ അധികം സമയം വേണ്ട.
ടി.വി. ചന്ദ്രന്‍ മാത്രമല്ല ഒട്ടനവധി പേര്‍ മതം അഴിച്ചു വിടുന്ന അക്രമങ്ങളെക്കുറിച്ചു പറഞ്ഞിട്ടും എഴുതിയിട്ടും ഉണ്ട്. എന്നിട്ടും നാമ്പു നീട്ടിത്തുടങ്ങിയ മാറ്റങ്ങളെയെല്ലാം വാട്ടിക്കളയാന്‍ നമുക്കായിട്ടുണ്ട്. നാളെ വേറൊരു മതത്തിന്റെ പേരില്‍ കുറച്ചു പേര്‍ ഇവിടെ വന്ന് ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാല്‍ ആരേറ്റെടുക്കും ഉത്തരവാദിത്വം? ഏറ്റവും ആധുനിക ഉപകരണങ്ങളുമായി ഇപ്പോള്‍ വന്നവര്‍ അടുത്ത തവണ ആണവായുധങ്ങളുമായായിരിക്കും വരിക. അതിനുള്ള എല്ലാ സാധ്യതകളും ഇന്നു നില നില്‍ക്കുന്നു എന്നത് നമ്മള്‍മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ ഇതു പോലൊരു കുറിപ്പെഴുതാനോ അതു വായിക്കാനോ ആരും ബാക്കിയുണ്ടായെന്നു വരില്ല. അങ്ങിനെയുണ്ടാവാതിരിക്കാന്‍ നമ്മള്‍ നമ്മളെത്തന്നെ പരുവപ്പെടുത്തേണ്ടതുണ്ട്. മതമെന്ന അടിമത്വത്തില്‍ നിന്നും നാം തന്നെ നമ്മളെ മുക്തരാക്കേണ്ടതുണ്ട്. (മലര്‍ന്നു തുപ്പിയാല്‍ മാറത്ത് എന്ന് ഇതെഴുതിക്കഴിയുമ്പോള്‍ തോന്നുന്നുണ്ട്)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
ബോംബെയില്‍ നടത്തിയ ആക്രമണങ്ങളിലൂടെ, മതം തലക്കു പിടിച്ചാല്‍ മനുഷ്യന് എത്ര മാത്രം ക്രൂരനാകാമെന്നും ഏതറ്റം വരെ പോകാം എന്നും നമുക്ക് കാണിച്ചു തന്നു ഭീകരരെന്നു വിളിക്കുന്ന വിരലിലെണ്ണാവുന്നവര്‍. അവരുടെ മെഷീന്‍ ഗണ്ണിനു മതമുണ്ടായിരുന്നില്ല. മുസ്ലീമെന്നൊ, ക്രിസ്ത്യാനിയെന്നൊ, ഹിന്ദുവെന്നൊ, യഹൂദനെന്നൊ വേര്‍ തിരിവുകളില്ലാത ജനാധിപത്യപരമായിത്തന്നെ സത്യസന്ധതയോടെ അതു പെരുമാറി തന്റെ കഴിവു തെളിയിച്ചു. തീരാദു:ഖത്തിന്റെ ഗണ്‍പോയിന്റിലൂടെ ജീവിതം ജീവിച്ചു തീര്‍ക്കേണ്ടത് ഇനി രക്ത ബന്ധങ്ങള്‍ നഷ്ടപ്പെട്ടവര്‍.
very nice written !! I can't believe nobdy read it !!!???
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ