2008, ഡിസംബർ 3, ബുധനാഴ്‌ച

ശ്വാനപര്‍വ്വം

ഹാവൂ..

അങ്ങനെ അതും കഴിഞ്ഞു.

സഖാവ് അച്ചുമ്മാവനും, സന്ദീപിന്റെ അച്ഛനും വിവാദങ്ങളവസാനിപ്പിച്ച് വാതിലടച്ചു.

ഇതു വരെ നായയുടെ വാലില്‍ത്തൂങ്ങി നടന്നവരും,പട്ടിയുടെ കഴുത്തില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ കെട്ടിത്തൂക്കി എഴുന്നള്ളിപ്പൂ
നടത്തിയവരും നിരാശരായി, ഇനിയും വല്ല എല്ലിന്‍ കഷണവും ബാക്കിയുണ്ടോ എന്നറിയാന്‍ മണത്തു മണത്ത് ഒന്നു കൂടി മോങ്ങി നോക്കുകയാണ്.

ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും കഴിയും മീഡിയകള്‍ക്ക് എന്നത് ഒരു പുതിയ കാര്യമല്ല. തങ്ങളുദ്ദേശിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച്, അതിനനുയോജ്യമായ രീതിയില്‍ ദൃശ്യങ്ങളെ മുറിച്ചു ചേര്‍ത്ത് വീണ്ടും വീണ്ടും സം‌പ്രേക്ഷണം ചെയ്ത്, ഒരു കള്ളം സത്യമായി വിശ്വസിപ്പിക്കുന്ന വിദ്യയില്‍ ചില ചാനലുകള്‍ ആറാടുന്നത് അടുത്ത കാലത്തായി കൂടിക്കൊണ്ടിരിക്കുന്നു. അതിനു പിറകേ വെള്ളം കലങ്ങുമ്പോള്‍ മീന്‍ പിടിക്കാന്‍ രാഷ്ട്രീയക്കാരിറങ്ങുന്നു.പ്രകടനങ്ങള്‍, കേട്ടാല്‍ അറയ്ക്കുന്ന മുദ്രാവാക്യങ്ങള്‍. എല്ലാം കൂടി ആകെ ബഹളമയം.

മത, രാഷ്ട്രീയ , മീഡിയ കൂട്ടുകെട്ടിന്റേതായ ഒരു സിന്റിക്കേറ്റ് നേരറിയാനുള്ള ജനങ്ങളുടെ അവകാശങ്ങള്‍ക്കു നേരേ കടന്നു കയറിക്കൊണ്ടിരിക്കുന്നു എന്ന സത്യം നാം കണ്ടില്ലെന്നു നടിച്ചു കൂടാ. മുംബൈ ഭീകരാക്രമണത്തിനു ശേഷം കൂടുതല്‍ ശക്തി പ്രാപിച്ച ചാനലുകള്‍ തങ്ങള്‍ക്കു കൈ വന്ന ജനപിന്തുണ ദുരുപയോഗം ചെയ്യുന്ന പ്രവര്‍ത്തികളില്‍‍ നിന്നും പിന്തിരിഞ്ഞ് ക്രെഡിബിലിറ്റി യുള്ള പ്രശ്നങ്ങള്‍ മാ‍ന്യമാ‍യ രീ‍തിയില്‍ അവതരിപ്പിക്കുവാന്‍ ചങ്കൂറ്റം കാ‍ണിക്കുകയാണ് വേണ്ടത്.

മുഖ്യമന്ത്രിയും, ഉണ്ണിക്കൃഷ്ണനും ഉയര്‍ത്തിയ വിവാദം അവസാനിച്ചെങ്കിലും, ശ്വാനന്മാര്‍ ഇനിയും കാത്തിരിപ്പുണ്ട്. ചാനലുകളിലേക്കു കണ്ണുകള്‍ നട്ട്, എല്ലിന്‍ കഷണങ്ങള്‍ക്കായി വിശന്ന് വലഞ്ഞ് ...

3 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

മാര്‍പ്പാപ്പ പണ്ടു ലാസ് വെഗാസ് നഗരത്തില്‍ എത്തിയപ്പോള്‍ പത്രക്കാര്‍ ചോദിച്ചു...
ഇവിടെ നിറയെ ഡാന്‍സ് ബാറുകളാണ്... അങ്ങയുടെ അഭിപ്രായമെന്താണെന്ന്?
ഉടനെ മാര്‍പ്പാപ്പ: ഇവിടെ ഡാന്‍സ് ബാറുകള്‍ ഉണ്ടോ?
പിറ്റെന്നിറങ്ങിയ പത്രങ്ങള്‍ ഇങ്ങനെഎഴുതി...

മാര്‍പ്പാപ്പ ലാസ് വെഗാസില്‍ വന്നിറങ്ങിയ ഉടനെ ചോദിച്ചു ഇവിടെ ഡാന്‍സ് ബാറുകള്‍ ഉണ്ടോ എന്ന്?
എങ്ങനിരിക്കുന്നു...
ഇതൊക്കെ കച്ചവടത്തിന്റെ ഭാഗമായിരിക്കുന്നു .... ഇവറ്റകള്‍ ഒന്നും നന്നാകില്ല മാഷേ...

ദീപക് രാജ്|Deepak Raj പറഞ്ഞു...

ആടിനെ കൂട്ടിയിടിപ്പിച്ചു രക്തം കുടിക്കുന്ന ചെന്നായ് ആയിരിക്കുന്നു ഇപ്പോള്‍ മാധ്യമങള്‍..പരസ്പര മല്‍സരത്തില്‍ ആരെയും താറടിച്ചു കാട്ടി പണം ഉണ്ടാക്കുക.അത്ര തന്നെ..
പത്രധര്‍മം എന്തെന്ന് ഇവരെ പഠിപ്പിച്ച് കൊടുക്കുക.

പട്ടേപ്പാടം റാംജി പറഞ്ഞു...

ഞാനൊരു പുതുമുകമാണിവിടെ . മാദ്ധ്യമങ്ങളുടെ ചേരിതിരിവും കള്ളക്കഥകളും ഇന്നിപ്പോള്‍ കൊച്ചുക്കുട്ടികള്‍ക്കുവരെ തിരിച്ചറിയാന്‍ കഴിയുന്നു എന്നൊരാശ്വാസം ഉണ്ട്‌. എന്നിരുന്നാലും ഇപ്പോഴും ചിലപ്പോള്‍ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നു. അധികം താമസിയാതെ എല്ലാം തിരിച്ചറിയുന്നതിലേക്ക്‌ ജനത ഉണരും എന്ന് പ്രത്യാശിക്കാം.