2008, നവംബർ 23, ഞായറാഴ്‌ച

കുരിശ്ശിലേറ്റേണ്ടത് ആരെ?

വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുമണ്ണടിഞ്ഞ കന്യാസ്ത്രീയായ അല്‍‌ഫോണ്‍സാമ്മയെ ദിവ്യയാക്കി ഉയര്‍ത്തുകയും, അതിന്റെ സ്മരണയ്ക്കായി ഇന്ത്യയുടെ ഭരണാധികാരികള്‍ പോസ്റ്റല്‍ സ്റ്റാമ്പിറക്കുകയും ചെയ്തതിന്റെ ആഹ്ലാദത്തിലൂടെ തെന്നി നടക്കുമ്പോഴാണ് കുറച്ചു നാളത്തെ മൌനത്തില്‍ നിന്നും അപ്രതീക്ഷിതമായി ഉണര്‍ന്ന് സി.ബി.ഐ. ഒരു സ്ഫോടനം നടത്തിയത് - “അഭയകേസില്‍ പ്രതികളെ കണ്ടെത്തി. രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും അറസ്റ്റില്‍“.

അനുബന്ധ സ്ഫോടനങ്ങളുടെ ഒരു പരമ്പര പുറകേ -
“പയസ് കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍ക്ക് വഴി വിട്ട ബന്ധം ഉണ്ടായിരുന്നതായി സാക്ഷിയായ സഞ്ജു
കേസൊതുക്കാന്‍ ശ്രമിച്ചവരില്‍ പ്രമുഖരായ രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നുവെന്ന് കെ. എം. മാണിയുടെ പേരെടുത്തു പറഞ്ഞു കൊണ്ട് ജോമോന്‍
അഭയ കേസുമായി ബന്ധപ്പെട്ട് വൈദികരേയും കന്യാസ്ത്രീയേയും അറസ്റ്റു ചെയ്തതില്‍ ദുരൂഹതയുണ്ടെന്നെ ക്നാനായ കത്തോലിക്കാ സഭാ കോട്ടയം അതിരൂപത ജാഗ്രതാസമിതി“

ദുരൂഹതകളുടെ മറകള്‍ നീക്കി ഒടുവില്‍ സത്യം പുറത്തു വരുമെന്ന് പ്രതീക്ഷിക്കാനുള്ള വക നല്‍കുന്നുണ്ട് ഈ സംഭവ വികാസങ്ങള്‍. അതിനിടയില്‍ ഇത് സി.ബി.ഐയുടെ മുഖം രക്ഷിക്കാനുള്ള ഒരു തന്ത്രം മാത്രമാണെന്ന പ്രത്യാരോപണങ്ങള്‍. പ്രതികളെ എത്രയും വേഗം പിടി കൂടണമെന്നും, എല്ലാ അന്വേഷണവുമായും സഹകരിക്കുന്നുണ്ടെന്നും പറയുന്ന സഭ അന്വേഷണം ശരിയായ വിധത്തിലല്ല മുന്നേറുന്നതെന്നും, പിടിക്കപ്പെട്ടവരല്ല യഥാര്‍ത്ഥ പ്രതികളെന്നും വരുത്തിത്തീര്‍ക്കുവാന്‍ മന:പൂര്‍വ്വം പാടുപെടുന്നതായാണ് വ്യക്തമാ‍യിക്കൊണ്ടിരിക്കുന്നത്.

അതേ സമയം സി.ബി.ഐ നടത്തിയ പോളിഗ്രാഫ് ടെസ്റ്റിങ്ങെന്ന ‘നിര്‍ബ്ബന്ധ
കുമ്പസാരത്തിലൂടെ‘ അച്ചനില്‍ നിന്നും ചോര്‍ത്തിയെടുത്തതെന്നു പറയപ്പെടുന്ന വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളിലൂടെ കറങ്ങുന്നുണ്ട്. പയസ് ടെന്‍‌ത് കോണ്‍‌വെന്റിലെ തന്നെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ സെഫിയുടേയും ഫാദര്‍ കോട്ടൂരിന്റേയും ലൈംഗികവേഴ്ചകള്‍ക്കു ദൃക്‌‌സാക്ഷിയാകേണ്ടി വന്നതിനാലാണ് സിസ്റ്റര്‍ അഭയയ്ക്ക് ഈ ദുര്‍വ്വിധി സംഭവിച്ചതെന്നാണ് ഭാഷ്യം. (http://kungikka.blogspot.com/2008/11/blog-post.html)

പരിപാവനമെന്നു കരുതപ്പെടുന്ന ഇടങ്ങളില്‍ ദൈവത്തിനും പച്ചമനുഷ്യര്‍ക്കും നടുവില്‍ വഴികാട്ടികളായി നില്‍ക്കുന്നവര്‍ക്കിടയില്‍ വഴി വിട്ട ബന്ധങ്ങള്‍ എന്തു കൊണ്ടുണ്ടാകുന്നു? വഴിവിട്ട ബന്ധങ്ങള്‍ കൊണ്ടുണ്ടാകുന്ന നാണക്കേടില്‍ നിന്നും, വിശ്വാസരാഹിത്യത്തില്‍ നിന്നും മുഖം രക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ശ്രമിക്കുന്നതിലും നല്ലത് തുമ്മിയാല്‍ തെറിക്കുന്ന ഈ മൂക്ക് അങ്ങോട്ട് വേണ്ടെന്നു വയ്ക്കുകയല്ലേ? ദൈവം ശരീരത്തിനു കനിഞ്ഞു നല്‍കിയത് ധര്‍മ്മങ്ങള്‍
അമര്‍ത്തി വയ്ക്കാന്‍ ശ്രമിക്കുന്നത് എന്തു മാത്രം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് എന്തു കൊണ്ട് സഭ ഇനിയും തിരിച്ചറിയുന്നില്ല?

പ്രായപൂര്‍ത്തിയെത്തിയ ഒരാണും പെണ്ണും ലൈംഗിക ബന്ധത്തിലേര്‍പ്പെടരുതെന്ന് ഒരു ദൈവമോ, ഒരു ദൈവ പുത്രനോ വിലക്കിയിട്ടില്ല. അതു വിലക്കിയത് മനുഷ്യപുത്രന്മാര്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയ സഭയാണ്. മനുഷ്യപുത്രന്മാരെഴുതിയ സഭാ നിയമങ്ങളാണ്. അതു പരമ കാരുണികനായ ദൈവത്തിന്റെ ഇച്ഛയായിരുന്നില്ല. ഒരു കൂട്ടം മനുഷ്യരുടെ ഇച്ഛ മാത്രമായിരുന്നു.

ളോഹ ധരിച്ചതു കൊണ്ടോ, സഭാ വസ്ത്രം അണിഞ്ഞതു കൊണ്ടോ ദൈവം നല്‍കിയ വിശപ്പും ദാഹവും മനുഷ്യനില്‍ ഇല്ലാതാകുന്നില്ല എന്നതു പോലെ സ്വാഭാവികമായുണ്ടാകുന്ന ലൈംഗിക ചോദനകളും ഇല്ലാതാകുന്നില്ല. പകരം അതിനെ ക്രൂരമായി അടിച്ചമര്‍ത്തി ഇല്ല എന്നു ഭാവിക്കുകയാണ് ചെയ്യുന്നത്. ഓരോ അടിച്ചമര്‍ത്തലുകളിലും, അകത്തു കിടന്ന് ശ്വാസം മുട്ടുന്ന, പുറത്തു വരാന്‍
നിഗൂഢമായ മാര്‍ഗ്ഗങ്ങള്‍ തേടുന്ന ഒരു അസ്വസ്ഥതയായി അത് വളരും. സാഹചര്യങ്ങള്‍ ഒത്തു വരുമ്പോള്‍ വീണു കിട്ടുന്ന അപൂര്‍വ്വാവസരങ്ങളില്‍ ചിലതെല്ലാം അതുപയോഗപ്പെടുത്തുകയും ചെയ്യും എന്നതിന് ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലേറെ.

സ്വന്തം പാപം മനസ്സിലൊളിപ്പിച്ചു വച്ച് അച്ചന്മാര്‍ക്ക് മറ്റുള്ളവര്‍ ചെയ്ത പാപങ്ങളുടെ കുമ്പസാരം കേള്‍ക്കാം. അവരെ പാപമോചിതരാക്കാന്‍ ദൈവത്തോടപേക്ഷിക്കാം. കൈകളില്‍ നിന്നും രക്തക്കറകള്‍ വീഞ്ഞൊഴിച്ചു കഴുകിക്കളയാം.

ക്രിസ്തീയ പുരോഹിതന്മാരുടെ അവിഹിത ബന്ധങ്ങളെക്കുറിച്ചും, ബാല പീഠനങ്ങളെ ക്കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇപ്പോള്‍ നിത്യ സംഭവമായിട്ടുണ്ട്. ആദ്യമെല്ലാം സഭ അത് കണ്ടില്ലെന്നു നടിക്കുകയോ, പൂഴ്ത്തി വയ്ക്കുകയോ ചെയ്യാറാണ് പതിവ്. അടുത്തയിടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ ദത്തെടുത്ത കേസ്സില്‍ അകപ്പെട്ട വൈദികന്റെ കാര്യത്തിലും ഇതു തന്നെ ചെയ്തു സഭ. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോളായിരുന്നു അച്ചനെതിരേ നടപടിയെടുക്കാന്‍ തുനിഞ്ഞത്.

ഈ കേസ് ഒരു പക്ഷേ ഇനിയും തെളിയിക്കപ്പെടാതെ തേച്ചു മാച്ചു കളയാന്‍ ഇതിനുപിന്നിലെ ശക്തികള്‍ക്കു കഴിഞ്ഞെന്നു വരാം. എന്നിരുന്നാലും പ്രധാനപ്പെട്ട ഒരു ചോദ്യം എന്നും ഉയര്‍ന്നു കൊണ്ടിരിക്കും. എന്തു കൊണ്ടിതെല്ലാം സംഭവിക്കുന്നു എന്നത്. തങ്ങളെപ്പോലെ തങ്ങളുടെ മാതാപിതാക്കളും, പൌരോഹിത്യം തിരഞ്ഞെടുത്തിരുന്നെങ്കില്‍ ക്രിസ്തുവിന്റെ ശുശ്രൂഷകരായി
സഭാവസ്ത്രമണിയാന്‍ നിങ്ങളുണ്ടാകുമായിരുന്നില്ല എന്ന സത്യം അച്ചന്മാരും കന്യാസ്ത്രീകളും എന്തേ മറക്കുന്നു. പച്ച മനുഷ്യരായി, കല്യാണം കഴിച്ച്, തങ്ങളുടെ ഇഷ്ടാനുസരണം ഇരുട്ടത്തും വെളിച്ചത്തും ആരെയും പേടിക്കാതെ ഇണചേര്‍ന്ന് (അടുക്കളയാണ് ഇനി പത്ഥ്യമെങ്കില്‍ അവിടെയും), സന്തതി പരമ്പരകളെ സൃഷ്ടിച്ച് ജീവന്റെ ലക്ഷ്യം നിറവേറ്റേണ്ട ദൈവമക്കള്‍ എന്തിനാണ് ഈ അരമനകളുടെയും, മഠങ്ങളുടേയും തടവറകളില്‍ സ്വയം തളച്ചിടപ്പെടുന്നത്?

വീടും കുടുംബവുമായി ജീവിക്കുന്ന എത്രയോ പേര്‍ നല്ല രീതിയില്‍ മതപ്രചരണങ്ങള്‍ നടത്തി ജീവിക്കുന്നു. മനുഷ്യത്തപരമായ സ്വാതന്ത്ര്യങ്ങള്‍ പോലും ഇല്ലാതാക്കുന്ന സഭ തന്നെയല്ലേ സത്യത്തില്‍ തെറ്റുകളുടെ പ്രതിരൂപമായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്? ആരെയാണ് നാം കുരിശ്ശിലേറ്റേണ്ടത്?

10 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അഭയകേസിനെപ്പറ്റി ഇതിനകം നിരവധി പോസ്റ്റുകള്‍ വന്നു കഴിഞ്ഞു. തിരിക്കിനിടയില്‍ വേഗം പോസ്റ്റു ചെയ്യാനോ ഉദ്ദേശിച്ചതു പോലെ എഡിറ്റു ചെയ്യാനോ സാധിച്ചില്ല. വിഷയം കാലഹരണപ്പെടുന്നതിനു മുമ്പേ പോസ്റ്റിടണമെന്ന ചിന്തയാണ് ഈ സാഹസത്തിനു പ്രേരിപ്പിച്ചത്. നീളക്കൂടുതലോ ആവര്‍ത്തന വിരസതയോ തോന്നുന്നുവെങ്കില്‍ ക്ഷമിക്കണമെന്ന് അപേക്ഷ.
സസ്നേഹം
മോഹന്‍

പോരാളി പറഞ്ഞു...

തിരുവസ്ത്രങ്ങളുടെയും പദവികളുടെയുമെല്ലാം മഹത്വം കളഞ്ഞ്‌കുളിക്കുന്ന ഒട്ടനവധി കാട്ടാളന്മാര്‍ ളോഹക്കുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട്. എത്രയെത്ര പാവപ്പെട്ട കന്യാസ്ത്രീകളുടെ രക്തത്തിന്റെ കറപുരണ്ടിരിക്കുന്നു ഇവരുടെയൊക്കെ തിരുവസ്ത്രങ്ങളില്‍. പണവും സ്വാധീനവും ഉപയോഗിച്ച് ഉന്നതങ്ങളില്‍ വിലസുന്ന ഈ നികൃഷ്ടര്‍ക്ക് സമൂഹത്തെ സമുദ്ധരിക്കാനെന്തവകാശം.

ഓ.ടോ.
അഗ്രിയില്‍ തലക്കെട്ട് വന്നിട്ടില്ലല്ലോ.

കാപ്പിലാന്‍ പറഞ്ഞു...

കുഞ്ഞാടിന്റെ കുപ്പായമിട്ട ചെന്നായ്ക്കള്‍ ചിലരുണ്ട് എന്ന് കരുതി എല്ലാവരും അങ്ങനെയല്ല മോഹന്‍ .

കുഞ്ഞന്‍ പറഞ്ഞു...

മോഹനേട്ടാ..

ഇടയലേഖനത്തില്‍ പറഞ്ഞത് തെറ്റുകാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന്, എന്നാല്‍ രണ്ടച്ചന്മാരും ഒരു കന്യാസ്ത്രീയും തെറ്റുകാരല്ലെന്നും മറ്റും ആണയിട്ട് സഭ പറയുന്നു. അപ്പോള്‍ സഭക്കറിയാം ആരാണ് കുറ്റവാളികളെന്ന് അല്ലെ..

മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് പറയുന്ന സഭ, പിടിച്ചവരെ കണ്ടപ്പോള്‍ അവര്‍ നിരപരാധികളാണെന്ന്, അപ്പോള്‍ ഇനി പിടിക്കുന്നവരെ കാണുമ്പോള്‍ എന്തായിരിക്കും പറയുന്നത്? കഷ്ടം, സഭയെ ചോദ്യം ചെയ്താല്‍ തീയിലിട്ട് ചുടുമൊ എന്ന പേടി വിശ്വാസികള്‍ക്കുണ്ടാകും..!

അജ്ഞാതന്‍ പറഞ്ഞു...

ഫ്ലാസ്‌ ന്യൂസ്‌.
കോട്ടയത്ത്‌ ബിഷപ്പ്‌ ഹൗസിലെ ഫ. തോമസ്‌ എം. കോട്ടുരാന്റെ മുറിയിൽനിന്നും കന്യാസ്തികൾ ഉൾപ്പെടെയുള്ളവരുടെ നഗ്ന ചിത്രങ്ങൾ സി.ബി.ഐ കണ്ടെടുത്തു.

കൂടുതൽ ഫ്ലാസ്‌ ന്യുസിൽ

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

കുഞ്ഞിക്ക - ശരിയാണ് താങ്കള്‍ പറഞ്ഞത്.

കാപ്പിലാന്‍ - പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നു. പക്ഷേ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് മറ്റൊന്നാണ്. എന്തു കൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നതിന്റെ അടിവേരുകള്‍ തേടുമ്പോള്‍ നാം ചെന്നെത്തി നില്‍ക്കുന്നതെവിടെയാണ് എന്നു പറയുക മാത്രമെ ചെയ്തുള്ളു. സാഹചര്യങ്ങളാണല്ലോ എല്ലാത്തിനും വഴിയൊരുക്കുന്നത്. ആ സാഹചര്യങ്ങള്‍ ഒരു മാറ്റത്തിനു വിധേയമാകേണ്ടിയിരിക്കുന്നു.

കുഞ്ഞന്‍ - അഭയയുടെ പിതാക്കളൂം ചോദിക്കുന്നു. എന്റെ മകള്‍ കൊല്ലപ്പെട്ടുവെന്നറിഞ്ഞിട്ട് എന്തേ ഇതു വരെ ഒരാളും ഇടയലേഖനമിറക്കാതിരുന്നത് എന്ന്? വര്‍ഷങ്ങള്‍ക്കുശേഷം പ്രതികളെന്നു സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തപ്പോള്‍ തുരു തുരെ ഇടയലേഖനങ്ങള്‍ ഇറക്കുന്നതിന്റെ അര്‍ത്ഥമെന്തെന്ന്?

അജ്ഞാതേ - വാര്‍ത്ത കണ്ടു. മുന്‍ എ.എസ്.ഐ. വി.വി അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തെന്ന വാര്‍ത്തയും കണ്ടു. ഏതാണ്ടൊരു സൂപ്പര്‍ ക്രൈം ത്രില്ലര്‍ പോലെ പോകുന്നല്ലേ കാര്യങ്ങള്‍. ഏതായാലും സത്യമേവ ജയതേ എന്നു പ്രതീക്ഷിക്കാം.

Manoj മനോജ് പറഞ്ഞു...

“സത്യമേവ ജയതേ എന്നു പ്രതീക്ഷിക്കാം“
കാത്തിരിക്കാം.....

Rajeeve Chelanat പറഞ്ഞു...

മോഹന്‍
വിശ്വാസികളെ വെറുതെ വിടുക. മതസംഘടനകളെയും മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നവരെയും സംഘടിതമായി എതിര്‍ക്കുക. നമ്മള്‍ പ്രവാസികള്‍ക്ക് അത്രയെങ്കിലും ചെയ്യാന്‍ കഴിയണം. അത് ചെയ്തുകൊണ്ടേയിരിക്കുക. എഴുത്തിന്റെ ഗുണവും മണവുമൊന്നും നോക്കണ്ട. വര്‍ഗ്ഗീയതക്കെതിരെ അണിനിരക്കുക. it is the prime responsibility of each and every citizen.

abhivaadyangalotey
rajeeve

Rajeeve Chelanat പറഞ്ഞു...

സത്യമേവ ജയതേ എന്നോ? സത്യം ജയിക്കുമെന്നോ? ജയിക്കുന്നവരാണ് സത്യവാന്മാരെന്നോ?

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

രാജീവേ -

വിശ്വാസികളെ ആരാണ് വെറുതേ വിടേണ്ടത്? വിശ്വാസികളെ അവരറിയാതെ തന്നെ വഞ്ചിച്ച് പണം സമ്പാദിക്കുന്നവരും സ്വന്തം അജണ്ടകള്‍ നടപ്പാക്കുന്നവരും ആരൊക്കെയാണോ അവരൊക്കെത്തന്നെയല്ലേ? അവര്‍ വിശ്വാസികളെ വെറുതെ വിട്ടാല്‍ തീരാവുന്നതല്ലേയുള്ളു പ്രശ്നങ്ങള്‍?


'സത്യമേവ ജയതേ' (സത്യം മാത്രമേ ജയിക്കൂ)
സത്യം മാത്രമേ ജയിക്കാന്‍ പാടുള്ളു എന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. പക്ഷേ പലപ്പോഴും സംഭവിക്കുന്നത് മറിച്ചാണെന്നാണ് അനുഭവങ്ങള്‍ കാണിക്കുന്നത്.