2010, നവംബർ 10, ബുധനാഴ്‌ച

മണ്ടനായ കരോട്പതി

സോണി ടെലിവിഷന്‍ ചാനലില്‍ ഇന്നലെ (നവംബര്‍ 9, 2010) “കോന്‍ ബനേഗാ കരോട്പതി“ കണ്ടവരാരും പ്രശാന്ത് ബാടാര്‍ എന്ന ചെറുപ്പക്കാരനെ പെട്ടെന്ന് മറക്കാനിടയില്ല.

 
താനൊരു മണ്ടനാണെന്ന് കൂട്ടുകാര്‍ കളിയാക്കാറുണ്ടെന്നും, സമ്മാനത്തുകയായ ഒരു കോടി ലഭിച്ചാല്‍ ബോളിവുഡ് താരം ദീപിക പഡ്കോണുമായി അന്റാര്‍ട്ടിക്കയിലേക്ക് യാത്ര പോവുകയാണ് അഭിലാഷമെന്നും തുടക്കത്തിലേ തന്നെ തുറന്നു പറഞ്ഞപ്പോള്‍ പ്രശാന്തില്‍ മറ്റാരിലും സാധാരണ കണ്ടു വരാത്ത  ഒരു നിഷ്കളങ്കത ദൃശ്യമായിരുന്നു.


കളിയിലെ സമ്മാനത്തുകയായ ഒരു കോടി രൂപ, അനായാസം നേടിയെടുക്കുമ്പോള്‍, പ്രശാന്തിന്റെ കൈയില്‍ ഒരു ലൈഫ് ലൈന്‍ കൂടി ബാക്കിയുണ്ടായിരുന്നു. ജാക്പോട്ട് സമ്മാനമായ അഞ്ചു കോടിക്കു വേണ്ടി വേണമെങ്കില്‍ അയാള്‍ക്കു കളിക്കാം, അവസാനത്തെ ചോദ്യവും, ഉത്തരങ്ങളുടെ ലിസ്റ്റും പരിശോധിച്ചതിനു ശേഷം ശരിയുത്തരം അറിയില്ലെങ്കില്‍ ഇതു വരെ നേടിയ ഒരു കോടി രൂപയുമായി കളിയില്‍ നിന്നും പുറത്തു വരാം. 


 ഇത്ര വരെ കളിച്ചെത്തുമ്പോള്‍ പ്രശാന്തില്‍ തികഞ്ഞ ആത്മവിശ്വാസവും, ഉത്തരങ്ങള്‍ കണ്ടെത്തുന്നതില്‍ അസാമാന്യമായ യുക്തിബോധവും വ്യക്തമായിരുന്നു. ഒരിടത്ത് ലൈഫ് ലൈന്‍ വഴി കിട്ടിയ ഉത്തരം തെറ്റാണെന്നു മനസ്സിലായപ്പോള്‍ ശരിയായ ഉത്തരം സ്വയം നല്‍കുകയും, ഉറപ്പില്ലാത്ത മറ്റൊരുത്തരത്തിനായി ലൈഫ് ലൈനിന്റെ സഹായം ഉപയോഗിക്കുകയും ചെയ്തു. കൂട്ടുകാര്‍ മണ്ടനെന്നു പറഞ്ഞു കളിയാക്കുന്ന ഒരാള്‍ തന്നെയാണോ ഇതെന്ന് കാണികള്‍ അയാളുടെ ഓരോ ഉത്തരത്തിലും ഓര്‍ത്തു കാണും. 


ശരിയുത്തരം ഏതെന്ന് നിശ്ചയമില്ലെങ്കില്‍ ജാക്പോട്ട് കളിക്കരുതെന്നായിരുന്നു പ്രശാന്തിന്റെ അച്ഛനും, കളിയിലെ ലൈഫ് ലൈന്‍ സഹായിയും, സാക്ഷാല്‍ അമിതാഭ് ബച്ചന്‍ പോലും ഉപദേശിച്ചത്. പക്ഷേ സ്വതസിദ്ധമായ നിഷ്കളങ്കതയോടെ പ്രശാന്ത് പറഞ്ഞു - “മനസ്സില്‍ രണ്ടഭിപ്രായം വരുമ്പോഴെല്ലാം ഞാന്‍ ഗണപതി ഭഗവാനെ ധ്യാനിക്കുകയാണ് പതിവ്. എനിക്ക് ധ്യാനിക്കുവാന്‍ ഒരു മിനിറ്റു തരണം". “ഒന്നല്ല, അഞ്ചു മിനിറ്റെടുത്തോളൂ, പക്ഷേ നല്ലവണ്ണം ചിന്തിച്ചതിനു ശേഷം മാത്രം തീരുമാനമെടുക്കുക” - സൂപ്പര്‍സ്റ്റാര്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. 


ഒരു മിനിറ്റിന്റെ ധ്യാനത്തിനു ശേഷം പ്രശാന്ത് പറഞ്ഞ മറുപടി പലരേയും അമ്പരപ്പിക്കുന്നതായിരുന്നിരിക്കണം. “ഗണപതി ഭഗവാന്‍ എന്നോടു പറയുന്നത് കളിക്കുവാനാണ്. ഞാന്‍ കളി തുടരാന്‍ തന്നെ തീരുമാനിച്ചു“. പിന്നീടങ്ങോട്ട് കടന്നു പോയ ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കൊടുവില്‍ കണ്ടത് തെറ്റായ ഉത്തരം തിരഞ്ഞെടുത്തതിനാല്‍ ജാക്പോട്ട് നഷ്ടപ്പെട്ട്, കിട്ടിയ ഒരു കോടിയില്‍ നിന്നും കേവലം 3,20,000/- രൂപയിലേക്കു  ദയനീയമായി മൂക്കും കുത്തി വീഴുന്ന പ്രശാന്തിനെയായിരുന്നു. നിരാശയോടെയായിരുന്നു കാഴ്ചക്കാരൊന്നടങ്കം പ്രശാന്തിന്റെ ജാക്പോട്ട് മോഹം പൊലിയുന്നത് ടി.വി. സ്ക്രീനില്‍ വീക്ഷിച്ചത്. മണ്ടന്‍ എന്ന വാക്ക് അറിയാതെ തന്നെ ഏതൊരുവന്റേയും നാവില്‍ വന്നു  പോകുന്ന നിമിഷമായിരുന്നു അത്.

ഇവിടെ കാണാതെ പോകുന്ന ഒരു കാര്യമുണ്ട്. ജാക്പോട്ട് വിജയിച്ചിരുന്നെങ്കില്‍ എല്ലാ വിഘ്നങ്ങളേയും അകറ്റാന്‍ പ്രാപ്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഗണപതിക്കു കൂടി അതിന്റെ ക്രെഡിറ്റു കിട്ടുമായിരുന്നു. ഗണപതിയുടെ ആജ്ഞ പ്രകാരമായിരുന്നല്ലോ എല്ലാ ഉപദേശകരേയും മറി കടന്ന് മുന്നോട്ട് പോകുവാനുള്ള അന്തിമ തീരുമാനം പ്രശാന്തെടുത്തത്. പക്ഷേ കളി തോറ്റപ്പോള്‍ ഗണപതിയെ തന്ത്രപൂര്‍വ്വം ഒഴിവാക്കി എല്ലാവരും പഴി ചാരിയത് കളിക്കാരന്റെ  അതിമോഹത്തെയായിരുന്നു.


ഏതായാലും ഇങ്ങനെയൊരാളുടെ കൂടെ അന്റാര്‍ട്ടിക്കയിലേക്കു പോകേണ്ടി വന്നില്ല എന്ന കാര്യത്തില്‍ ദീപികയ്ക്കു സമാധാനിക്കാം. സത്യത്തില്‍ പ്രശാന്തിനെ ഇത്ര മാത്രം ആത്മഹത്യാപരമായ ഒരു തീരുമാനത്തിലെത്തുവാന്‍ സ്വാധീനിച്ചത് എന്തായിരുന്നു? വെറും മണ്ടത്തരമോ, അതിമോഹമോ അതോ തന്റെ ഇഷ്ടദൈവം തന്നെ ഒരിക്കലും കൈവിടുകയില്ല എന്ന മൂഢ വിശ്വാസമോ?ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്

12 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

സത്യത്തില്‍ പ്രശാന്തിനെ ഇത്ര മാത്രം ആത്മഹത്യാപരമായ ഒരു തീരുമാനത്തിലെത്തുവാന്‍ സ്വാധീനിച്ചത് എന്തായിരുന്നു? വെറും മണ്ടത്തരമോ, അതിമോഹമോ അതോ തന്റെ ഇഷ്ടദൈവം തന്നെ ഒരിക്കലും കൈവിടുകയില്ല എന്ന മൂഢ വിശ്വാസമോ?

ചെറുവാടി പറഞ്ഞു...

പ്രശാന്തിന്റെ മനസ്സില്‍ ഇപ്പോഴും ഗണപതി തന്നെയാണെങ്കില്‍ അയാള്‍ക്കതില്‍ വിഷമം കാണും എന്ന് എനിക്ക് തോന്നുന്നില്ല. വിശ്വാസമാണല്ലോ പ്രധാനം.
പക്ഷെ ഞാന്‍ മണ്ടനെന്നെ വിളിക്കൂ.

Shukoor Cheruvadi പറഞ്ഞു...

കണ്ണ് തുറപ്പിക്കുന്ന പോസ്റ്റുകള്‍ സ്വാഗതം ചെയ്യുന്നു. തീര്‍ച്ചയായും വര്‍ഗ മത ജാതി ഭേദമന്യേ.

അജ്ഞാതന്‍ പറഞ്ഞു...

Very good

my blog

npthekil.blogspot.com

regards

Babu പറഞ്ഞു...

ദൈവം ഇപ്പോഴും പ്രശാന്തിനെ കൈവിട്ടിട്ടില്ല. ഈ പറയുന്ന സുന്ദരിയുടെ കൂടെയുള്ള യാത്രയില്‍ നിന്ന് അദ്ധേഹത്തെ രക്ഷിച്ചുവല്ലോ. ഒരു കോടി കിട്ടുനതിലും നല്ലതാണെന്ന് ആ ശക്തി മനസീലക്കികൊടുത്തു.
ബാബു

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ചെറുവാടി - പ്രശാന്തിന് ഒട്ടും വിഷമം തോന്നുന്നില്ല എങ്കില്‍ ഇത് പ്രശ്നമാണ്. ഇത്തരം വിശ്വാസങ്ങളാണ് മനുഷ്യനെക്കൊണ്ട് അരുതാത്തതെല്ലാം ചെയ്യിക്കുന്നത്. ദൈവം പറഞ്ഞിട്ടാണ് ചെയ്തത് എന്ന ഉറച്ച വിശ്വാസമാണ് ഏറ്റവും അപകടകരം.

ഷുക്കൂര്‍ - നന്ദി ഈ ഹൃദയവിശാലതയ്ക്ക്. കാരണം, വര്‍ഗ മത ജാതിയല്ലാതെ ‘ഭേദമന്യെ’ എന്ന വാക്ക് ഇപ്പോള്‍ ഭൂരിഭാഗം പേരുടേയും മനസിനുള്ളില്‍ നിന്നും വരാറില്ല.

ബാബു - എനിക്കു തോന്നുന്നത് മറിച്ചാണ്. പ്രശാന്തില്‍ നിന്നും ദീപിക രക്ഷപ്പെട്ടുവെന്നേ പറയാന്‍ പറ്റൂ.

അജ്ഞാത - നന്ദി.

Jayan പറഞ്ഞു...

എന്ത് സംഭവിച്ചാലും ഒരു വിശ്വാസിയെ സംബധിചെടത്തോളം അവനു ന്യായങ്ങള്‍ ഉണ്ടാവും...
ഒരു യുക്തിവാദിയെ സംബന്ധിചെടത്തോളം യുക്തിപരമായ ചിന്താധാരകള്‍ അവനിലുള്ളതുകൊണ്ടാണ് അതിനെ ആ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നത്‌. പ്രശാന്ത് ഇപ്പോഴും സന്തോഷവാനായിരിക്കും കാരണം അവന്‍ ഉറച്ചു വിശ്വസിക്കുന്നു അവന്‍റെ ഗണപതി ആഗ്രഹിച്ചതാണ്‌ നടന്നത് എന്ന്.

അവനെ സംബധിച്ച് അവന്‍ മണ്ടനല്ല...നമുക്കാണ് അവന്‍ മണ്ടന്‍...ഒരു വിശ്വാസിക്ക് യുക്തിവാദിയാണ് മണ്ടന്‍...
ഇത്തരം വിശകലനങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു..

ജയന്‍

വീ കെ പറഞ്ഞു...

പ്രശാന്തിന് ജീവിതത്തിൽ ആദ്യമായി ‘ഗണപതി’യോട് ദ്വേഷ്യം തോന്നിക്കാണും...!!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ജയന്‍, താങ്കളുടെ നിരീക്ഷണങ്ങളോട് യോജിക്കുന്നു. ഈ ഷോ കണ്ടിരുന്ന വിശ്വാസികള്‍ പോലും പ്രശാന്തിന്റെ തീരുമാനത്തോട് യോജിക്കുമെന്ന് തോന്നുന്നില്ല. കണ്ണടച്ചുള്ള വിശ്വാസത്തെയും / യുക്തിപൂര്‍വ്വം ചിന്തിക്കുന്നതില്‍ നിന്നും കിട്ടുന്ന വിശ്വാസത്തേയും ഈ ഷോ നമുക്കു മുന്നില്‍ അനാവൃതമാക്കിത്തന്നു. ഒരു പാവം വിശ്വാസിയുടെ ദുരന്തമായേ നമുക്കിതിനെ കാണാന്‍ കഴിയൂ.

വീ.കെ - ഒരു തികഞ്ഞ വിശ്വാസിയാണെങ്കില്‍ പ്രശാന്തിനത് കഴിയുമെന്ന് തോന്നുന്നില്ല. അയാള്‍ക്ക് സ്വയം സാന്ത്വനിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍, നാം നിത്യ ജീവിതത്തില്‍ കാണുന്നതു പോലെ,‍ ഇത്തരം വിശ്വാസങ്ങളുടെ അടിത്തറയില്‍‍ സുലഭമാണ്. ഈ പരാജയം ഒരു പാഠമായെടുത്ത് ഇനി തന്റെ വിശ്വാസങ്ങളെക്കുറിച്ചൊരു പുനര്‍വി‍ചിന്തനത്തിന് ഒരു പക്ഷേ അയാള്‍ തയ്യാറാകുമോ എന്നതാണ് നാം കണ്ടറിയേണ്ടത്. ‍

നന്ദി, വായനയ്ക്കും, അഭിപ്രായങ്ങള്‍ക്കും

naresh പറഞ്ഞു...

it seems this guy is a stocks trader.so taking risk must be in his blood.that cud be just a probability..just thinking loud mohanji....(sorry for writing in english)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

നരേഷ് - നന്ദി വായനയ്ക്കും, അഭിപ്രായത്തിനും.

സ്റ്റോക്ക് മാര്‍ക്കറ്റ് പരിചയം തള്ളിക്കളയാനാകില്ല. പക്ഷേ ഗണപതിയിലുള്ള വിശ്വാസമായിരുന്നു ഈ തീരുമാനത്തിനു പിറകിലെന്ന് അദ്ദേഹം കൃത്യമായി ക്യാമറയ്ക്കു മുന്നില്‍ യാതൊരു സന്ദേഹത്തിനും ഇട കൊടുക്കാതെ പറയുകയുണ്ടായി എന്നത് എല്ലാവരും കണ്ടതാണ്.

Bijli പറഞ്ഞു...

പോസ്റ്റ്‌ ഇഷ്ടപ്പെട്ടു..എന്തായാലും.."നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.".എന്നല്ലെ....പ്രമാണം..??