2010, ജൂൺ 29, ചൊവ്വാഴ്ച

കാരുണ്യമില്ലാത്ത ആശ്രമങ്ങള്‍


കാഞ്ചി കാമകോടി മഠാ‍ധിപതി ശങ്കരാചാര്യര്‍ ജെയേന്ദ്ര സരസ്വതിയുടെ അറസ്റ്റോടെയാണ് പുറമേ നിന്നു നോക്കിയാല്‍ അടിമുടി ആത്മീയവും ദൈവീകവുമായ പരിവേഷത്തില്‍ കുളിച്ചു നിന്നിരുന്ന നിരവധി സ്ഥാപനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന അന്തര്‍നാടകങ്ങളുടെ ഒരേകദേശ രൂപം ജനങ്ങള്‍ക്കു മനസ്സിലായത്. ആ കഥ എവിടെ നിന്നു തുടങ്ങി എവിടെ വരെ ചെന്നെത്തി ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്നെല്ലാം സ്വതവേ മറവിക്കാരായ ജനങ്ങള്‍ മറന്നിരിക്കുന്നു. വിവാദപരവും വലിയ വലിയ ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ കേസുകളില്‍ സാധാരണ സംഭവിക്കാറുള്ളതു പോലെ ഇവിടെയും പ്രധാനപ്പെട്ട സാക്ഷികള്‍ കൂറു മാറി എന്നതായിരുന്നു ഒടുവില്‍ കേട്ട വാര്‍ത്ത.

അതിനു ശേഷം സന്തോഷ് മാധവന്‍ പിടിയിലായതോടു കൂടി കൂടുതല്‍ കള്ള സ്വാമിമാരും ആശ്രമങ്ങളും സംശത്തിന്റെ പിടിയിലായി. ഛോട്ടാ മോട്ടാ ആശ്രമങ്ങള്‍ക്കും ആള്‍ ദൈവങ്ങള്‍ക്കും നേരെ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുകയും കുറേപ്പേരെ അറസ്റ്റ് ചെത് കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ക്കു ശേഷം ഒന്നു തണുത്തു നിന്ന ആശ്രമരംഗം വീണ്ടും മാദ്ധ്യമ ശ്രദ്ധയിലേക്കു വന്നിരിക്കുകയാണ്.

അതിനു വീണ്ടും തുടക്കമിട്ടത് ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ഭക്ത വൃന്ദങ്ങളുള്ള നിത്യാനന്ദ സ്വാമി എന്ന വിരുതനും. സ്വാമി ഒരു ചലച്ചിത്ര നടിയുമായി ആനന്ദം പങ്കിടുന്നതിന്റെ നയനാനന്ദകരമായ കാഴ്ചകള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ ഒരു ടി.വി. ചാനല്‍ കാഴ്ച വയ്ക്കുന്നതോടു കൂടി വിവാദം ആളിപ്പടരുന്നു. പല പല വഴികളായി തീയും പുകയുമായി പടര്‍ന്നു കയറിയ ശേഷം ആ വിവാദവും ഇപ്പോള്‍ കെട്ടടങ്ങിയ മട്ടാണ്.

ഇത്രയെല്ലാം ജനശ്രദ്ധ ആശ്രമങ്ങള്‍ക്കു മീതെ ഉണ്ടായിട്ടും, അവിടങ്ങളില്‍ നിര്‍ബാധം അരങ്ങേറിക്കൊണ്ടിരിക്കുന്നത് പ്രാര്‍ത്ഥനയോ കൌണ്‍സിലിംഗോ ഒന്നുമല്ല എന്നു തെളിയിക്കും വിധമാണ് അട്ടപ്പാടിയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. ഇക്കുറി ഒരു ക്രിസ്ത്യന്‍ ആശ്രമത്തിന്റേതാണ് ഊഴം. അട്ടപ്പാടി അസീസീ കാരുണ്യാശ്രമത്തില്‍ പെണ്‍കുട്ടികളെ പീഢിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ രണ്ടു പേര്‍ക്കെതിരെ (ബ്രദേഴ്സ്) കേസെടുത്തിരിക്കുകയാണിപ്പോള്‍.

ഇതു സംബന്ധിച്ച മാതൃഭൂമിയില്‍ വന്ന വാര്‍ത്ത താഴെ കൊടുക്കുന്നു :
അസീസി ആശ്രമം അടച്ചുപൂട്ടി; അന്തേവാസികളെ മാറ്റി

Posted on: 28 Jun 2010
പാലക്കാട്: പെണ്‍കുട്ടികളായ അന്തേവാസികള്‍ പീഡനത്തിനിരയായ അട്ടപ്പാടിയിലെ അസീസി കാരുണ്യാശ്രമം സാമൂഹ്യക്ഷേമവകുപ്പ് അധികൃതരെത്തി അടച്ചുപൂട്ടി. ആശ്രമത്തിലെ അന്തേവാസികളെ സര്‍ക്കാരിന്റെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. അന്തേവാസികളെ പീഡിപ്പിച്ച എറണാകുളം സ്വദേശികളായ ബ്രദര്‍ പാട്രിക്, ബ്രദര്‍ ജോഷി എന്നിവരെ പോലീസ് തിരയുന്നുണ്ട്.

ആശ്രമത്തിലെ അഞ്ച് പെണ്‍കുട്ടികള്‍ അവിടെ നിന്ന് രക്ഷപ്പെട്ട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയതാണ് സംഭവം പുറത്തുവരാന്‍ കാരണം. ബ്രദര്‍ പാട്രിക് അടക്കമുള്ളവരുടെ ശാരീരിക പീഡനം മൂലം രക്ഷപ്പെടുകയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രക്ഷ വില്ലേജ് ട്രസ്റ്റിനു കീഴിലാണ് അസീസി ആശ്രമം പ്രവര്‍ത്തിക്കുന്നത്. മുപ്പത്തിയഞ്ചോളം പേര്‍ ഇവിടെ അന്തേവാസികളായുണ്ട്. http://www.mathrubhumi.com/story.php?id=109835

http://timesofindia.indiatimes.com/india/Attempt-to-rape-case-against-2-Christian-centre-councillors/articleshow/6099739.cms

പാട്രിക് ജോര്‍ജിനെതിരെ സ്ത്രീപീഡനം, ബലാത്സംഗശ്രമം എന്നീ കുറ്റങ്ങള്‍ക്കും ജോസി ജോര്‍ജിനെതിരെ സ്ത്രീപീഡനത്തിനുമാണ് കേസ്. കൗണ്‍സലിങ് എന്നപേരില്‍ രാത്രിയില്‍ ഇവര്‍ ലൈംഗികപീഡനം നടത്തുകയായിരുന്നെന്ന് പെണ്‍കുട്ടികളുടെ മൊഴി. പരസ്​പരം സംസാരിക്കാന്‍ അനുവാദമില്ലാതിരുന്നതിനാല്‍ പെണ്‍കുട്ടികള്‍ക്ക് പീഡനത്തിന്റെ വിവരം ആരെയും അറിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, അടുത്തിടെ ആശ്രമത്തില്‍ ഒരുമിച്ചുകൂടാന്‍ അവസരം ലഭിച്ചപ്പോഴാണ് എല്ലാവരും ഒരുപോലെ പീഡനം നേരിടുന്നതായി മനസ്സിലാക്കിയതെന്നും തുടര്‍ന്ന് തങ്ങള്‍ രക്ഷപ്പെടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു.

പ്രണയപരാജയത്തിന്റെ മാനസിക ആഘാതത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഇവരെ കൌണ്‍സിലിംഗിന് ആശ്രമത്തില്‍ പ്രവേശിപ്പിച്ചത് എന്നും പത്രങ്ങള്‍. http://news.keralakaumudi.com/beta/news.php?nid=c3f7c464a6d899fcac5f76acf186807f
ഏതായാലും പറ്റിയ സ്ഥലത്തു തന്നെയാണ് മാതാപിതാക്കള്‍ പ്രായപൂര്‍ത്തിയായ പെണ്‍‌മക്കളെ കൊണ്ടേല്‍പ്പിച്ചത്. സഹോദരിമാരുടെ ദു:ഖമകറ്റാന്‍ സഹോദരന്മാര്‍ കിണഞ്ഞു തന്നെ പരിശ്രമിച്ചു എന്നു വേണം കരുതാന്‍.

ആശ്രമങ്ങള്‍ ഹിന്ദുവിന്റേയോ ക്രിസ്ത്യാനിയുടേയോ ആരുടെയായാലെന്താ ലൈംഗിക പീഢനം എന്നത് ഇക്കൂട്ടരുടെ ദൈനം ദിന കാര്യപരിപാടികളുടെ ഒരു ഭാഗമാണെന്നു തോന്നും തുടരെത്തുടരെ വരുന്ന ഇത്തരം വാര്‍ത്തകള്‍ വായിച്ചാല്‍.

ഇങ്ങനെയൊക്കെ നിരന്തരം കൂട്ടപീഢനങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നിട്ടും ആശ്രമങ്ങള്‍ക്കും അവരുടെ നടത്തിപ്പുകാര്‍ക്കും ഇരകളെക്കിട്ടാന്‍ യാതൊരു വിധ ക്ഷാമവുമില്ല എന്നാണ് ഈ വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നത്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലുമെല്ലാം മുന്നോക്കം നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം എന്നു അഭിമാനിക്കുന്ന നമുക്ക്, അറിവുകള്‍ കൊണ്ടെന്തു പ്രയോജനം എന്നു നാം മൂക്കത്തു വിരല്‍ വച്ചു പോകുന്നു.



6 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ആശ്രമങ്ങള്‍ ഹിന്ദുവിന്റേയോ ക്രിസ്ത്യാനിയുടേയോ ആരുടെയായാലെന്താ ലൈംഗിക പീഢനം എന്നത് ഇക്കൂട്ടരുടെ ദൈനം ദിന കാര്യപരിപാടികളുടെ ഒരു ഭാഗമാണെന്നു തോന്നും തുടരെത്തുടരെ വരുന്ന ഇത്തരം വാര്‍ത്തകള്‍ വായിച്ചാല്‍.

Santosh പറഞ്ഞു...

അന്ധരായവര്‍ക്കെന്തിനാ അക്ഷരങ്ങള്‍!
നമ്മള്‍ എന്ന് ജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാതിരിക്കുന്നുവോ അന്ന് മാത്രമേ ആത്മീയതയുടെ പേരിലുള്ള ചൂഷണം അവസാനിക്കൂ.

Easy solutions are often smart, and more often incorrect. When people start taking ownership of their own lives, they will stop running to quick-fix solutions sugar-coated with spirituality.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

സന്തോഷ് -

അന്ധരായവര്‍ക്കെന്തിനാ അക്ഷരങ്ങള്‍ എന്ന ഒറ്റ വാചകം കൊണ്ടു തന്നെ ഒരു പാടു കാര്യങ്ങള്‍ പറയുവാന്‍ താങ്കളുടെ അഭിപ്രായത്തിനു കഴിഞ്ഞിരിക്കുന്നു. അന്ധത നീക്കുവാന്‍ വിദ്യാഭ്യാസത്തിനു കഴിയുന്നില്ലെങ്കില്‍ അത് അതിന്റെ ധര്‍മ്മം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടിവരും.

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ജനം ആത്മീയ സുഖം അനുഭവിക്കട്ടെ ...!!!

T S Jayan പറഞ്ഞു...

ആഹാര്ത്തിനോടും സെക്സിനോടും ഉള്ള ആസക്തി മനുഷ്യകുലത്തിന്റെ ആരംഭം മുതല്‍ ഉള്ളതല്ലേ..
സെക്സ് ആശ്രമങ്ങളില്‍ മാത്രമാണോ...എല്ലായിടത്തും ഇതിനു മാത്രമല്ലേ പ്രാധാന്യം..അല്ലെങ്കില്‍ മറ്റുള്ള ഭൂരിപക്ഷം കാര്യങ്ങള്‍ ഒരുക്കുന്നതുപോലും ഈ പറയുന്ന സെക്സിന് വേണ്ടിയല്ലേ....ബ്രന്മ്ഹചാരികളായ സന്യാസി ശ്രേഷ്ടന്മാര്‍ മുഷ്ടിമൈഥുനം നടത്താറുണ്ടോ എന്നത് പഠനവിഷയമാക്കേണ്ട വസ്തുതയാണ്!!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ചിത്രകാരന്‍ പറഞ്ഞതു പോലെ ജനം ഇന്ന് 'ആത്മീയ സുഖം' അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

ടി.എസ്. - ആഹാരത്തിനോടും, സെക്സിനോടുമുള്ള ആസക്തി, ആദ്യത്തേത് സ്വന്തം ജീവന്‍ നില നിര്‍ത്തുന്നതിന്, രണ്ടാമത്തേത് സ്വന്തം വംശം നിലനിര്‍ത്തുന്നതിന്, മനുഷ്യനില്‍ ജന്മനാ നിക്ഷിപ്തമായിട്ടുള്ളതാണ്. മനുഷ്യന്‍ അതിനെ ഒതുക്കിവയ്ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം വളഞ്ഞ വഴികളിലൂടെ അതു പുറത്തു വരും എന്നുള്ള സത്യമാണ് നാം കാലാകാലങ്ങളായി കണ്ടു കൊണ്ടിരിക്കുന്നത്. രാത്രിയുടെ മറവില്‍ മഠങ്ങളിലേക്ക് മതിലു ചാടുന്ന പുരോഹിതന്മാരും, അവര്‍ക്കു പുറം വാതില്‍ മെല്ലെ തുറന്നു കൊടുക്കുന്ന കന്യാസ്ത്രീകളും നമുക്കു സുപരിചിതരാണു താനും.

ബ്രഹ്മചാരികളായ സന്യാസിശ്രേഷ്ഠന്മാര് സ്വകാര്യമായി‍ മുഷ്ടി മൈഥുനം നടത്തുന്നതില്‍ തെറ്റില്ല എന്ന പക്ഷക്കാരനാണു ഞാന്‍. കാരണം അതൊരു സാമൂഹ്യ പ്രശ്നമാകുന്നില്ല. ശാരീരിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും ഒരു അയവ് വരുത്തുവാന്‍ അത് സഹായകമായേക്കാം. അങ്ങിനെ ഒരു അയവില്ലാതെ വരുമ്പോഴാണല്ലോ പ്രശനം ഗുരുതരമാവുന്നതും, ആശ്രമങ്ങളില്‍ പീഡന യജ്ഞങ്ങള്‍ അരങ്ങേറുന്നതും.