2010, ജൂൺ 17, വ്യാഴാഴ്‌ച

അഭിമാനക്കൊലപാതകങ്ങള്‍



കൊലപാതകങ്ങളും, ചോരയും, കത്തിയുമെല്ലാം ഇന്ന് കൊച്ചു കുട്ടികളില്‍ പ്പോലും ഒരു നടുക്കവും ഉണര്‍ത്തുന്നില്ല. വാര്‍ത്തകളിലൂടെ, സിനിമകളിലൂടെ, സീരിയലുകളിലൂടെ, ടി.വി.സ്ക്രീനുകള്‍ നമ്മുടെ മുന്നില്‍ കാഴ്ച വയ്ക്കുന്ന ദൈനം ദിന പൂജകളായിത്തീര്‍ന്നിരിക്കുന്നു അവയൊക്കെ. എന്നിരിക്കിലും ചില വാര്‍ത്തകളെങ്കിലും ചങ്കിലേക്കു മൂര്‍ച്ചയുള്ള കത്തി പോലെ കയറിപ്പോകുന്നു.ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നത്.

ഭക്ഷണം, വസ്ത്രം അതു കഴിഞ്ഞാല്‍ പിന്നെ പാര്‍പ്പിടം അഥവാ വീട്. വീട് നല്‍കുന്നത് സുരക്ഷിതത്വമാണ്, സ്നേഹമാണ്, സാന്ത്വനമാണ്. പുറത്ത് എന്തെങ്കിലും അരക്ഷിതാവസ്ഥയുണ്ടാകുമ്പോള്‍, ഗുണ്ടയാണെങ്കില്‍പ്പോലും, ഓടിയെത്തുന്നത് സ്വന്തം വീട്ടിലേക്കാണ്. പക്ഷെ രക്ഷയില്ലാതെ വരുന്നത് സ്വന്തം വീട്ടില്‍ നിന്നാണെങ്കിലോ? ശ്വാസം മുട്ടി പിടഞ്ഞു പിടഞ്ഞ് ചലനങ്ങള്‍ നിലച്ച് ശരീരം നിശ്ചേതനമാവുന്നത്, ഇറച്ചിയിലേക്കാഴ്ന്നിറങ്ങിയ വേദനിപ്പിക്കുന്ന മുറിവുകളിലൂടെ രക്തം വാര്‍ന്നു വാര്‍ന്നു തീര്‍ന്ന് ശരീരം തളര്‍ന്ന് വെറുങ്ങലിക്കുന്നത്, സ്വന്തം വീടിന്റെ നാലു ചുമരുകള്‍ക്കുള്ളിലെവിടെയെങ്കിലുമാണെങ്കിലോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വിവിധ സാഹചര്യങ്ങളില്‍ അങ്ങിനെയും സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നത് ഹൃദയഭേദകമാണെങ്കിലും യാഥാര്‍ത്ഥ്യമാണ്.

നിരുപമയുടെ കഥ ഒരു പക്ഷേ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടായിരിക്കും. ദില്ലിയിലെ നിരുപമാ പാഥക് എന്ന 22 വയസ്സുകാരിയായ പത്ര പ്രവര്‍ത്തകയെ കൊലചെയ്തത് സ്വന്തം വീട്ടുകാര്‍ തന്നെയായിരുന്നു. കാരണം നിരുപമ സഹപാഠിയായ പ്രിയഭന്‍ഷു രഞ്ജനുമായി പ്രണയത്തിലായിരുന്നു. തങ്ങളുടേതിനേക്കാള്‍ താഴ്ന്ന ജാതിയില്‍ ജനിച്ചൊരാള്‍ മകളുടെ ഭര്‍ത്താവായി വരുന്നത് നിരുപമയുടെ ബന്ധുക്കള്‍ക്ക് സഹിക്കാനാവുന്നതിലുമപ്പുറമായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 29നാണ് നിരുപമയെ സ്വന്തം ബന്ധുക്കള്‍ തന്നെ വീട്ടിലെ കിടപ്പു മുറിയില്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുന്നത്. നിരുപമയുടെ മരണം ആദ്യം ഒരാത്മഹത്യയായി എഴുതിത്തള്ളാനുള്ള ശ്രമം നടന്നുവെങ്കിലും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് അതൊരു കൊലപാതകമായിരുന്നുവെന്ന് സ്ഥിരീകരിക്കുകയും നിരുപമയുടെ അമ്മ സുധാ പാഥക്കിനെത്തന്നെ കൊലപാതകക്കുറ്റത്തിന് അറസ്റ്റു ചെയ്യുകയുമായിരുന്നു. കൃത്യത്തില്‍ ഒന്നിലധികം പേരുടെ പങ്കുണ്ടായിരുന്നുവെന്ന് സംശയലേശമന്യേ വ്യക്തമായിരുന്നു. വീട്ടുകാരുടെ അഭിമാനം സംരക്ഷിക്കേണ്ടതിന് നിരുപമ ബലിയാക്കപ്പെട്ടു.


ഇപ്പോള്‍ വീണ്ടുമിതാ മറ്റൊരു കൊലപാതകം കൂടി ഇന്ത്യയുടെ തലസ്ഥാന നഗരിയായ ദില്ലിയില്‍ അരങ്ങേറിയിരിക്കുന്നു. 19വയസ്സുകാരിയായ ആഷാ സൈനിയേയും, 21 വയസ്സുകാരനായ കാമുകന്‍ യോഗേഷ് ജാദവിനേയും വീട്ടിനുള്ളില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം അതി ക്രൂരമായി ഇരുമ്പു ബാറുകള്‍ കൊണ്ട് പീഡിപ്പിച്ചതിനു ശേഷം വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തിയതിന്റെ വാര്‍ത്തകള്‍ ചുരുളഴിഞ്ഞു കൊണ്ടിരിക്കുന്നു.

കുറ്റ കൃത്യം നടന്നത് ആഷയെ ബലമായി താമസിപ്പിച്ചുകൊണ്ടിരുന്ന അമ്മാവന്റെ വീട്ടില്‍ വച്ചും. സംഭവം നടന്നതിന്റെ പിറ്റേന്നു രാവിലെ സംശയാലുക്കളായ അയല്‍‌വാസിളുടെ കാഴ്ചയെ എതിരേറ്റത് ചോരയില്‍ക്കുളിച്ചു കിടക്കുന്ന മൃതദേഹങ്ങളായിരുന്നു. കൊലപാതകക്കുറ്റത്തിന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും അറസ്റ്റ് ചെയ്യപ്പെടുകയും ഇതൊരു അഭിമാനക്കൊലപാതകമായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു.കുറ്റം ചെറുക്കന്‍ താഴ്ന്ന ജാതിക്കാരന്‍ എന്നതു തന്നെ. ചെയ്ത് കുറ്റത്തിന് യാതൊരു പശ്ചാത്താപവുമില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ഏറ്റു പറഞ്ഞിരിക്കുന്നു.


http://news.bbc.co.uk/2/hi/world/south_asia/10316249.stm

ഇതിലെല്ലാം മുഖ്യമായിട്ടുള്ളത് കൊലപാതകങ്ങള്‍ നടത്തിയവരെന്നു സംശയിക്കുന്ന ആള്‍ക്കാരെല്ലാം അഭ്യസ്തവിദ്യരും ജീവിതത്തിന്റെ ഉയര്‍ന്ന തലങ്ങളിലുള്ളവരുമാണന്നതാണ്. സ്വന്തം ജാതിയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുവാന്‍ ചെയ്ത ഒരു ത്യാഗമായിട്ടാണ്, ഒരു സല്‍ക്കര്‍മ്മമായിട്ടാണ് അവരിതിനെ കാണുന്നത്. ഓമനിച്ച്, താലോലിച്ച്, എടുത്തു വളര്‍ത്തി വലുതാക്കിയ കൈകള്‍ കൊണ്ടു തന്നെ സ്വന്തം ചോരയുടെ കഴുത്തു ഞെരിക്കുവാന്‍ പ്രേരിപ്പിക്കുന്ന അഭിമാനം കൊണ്ട് എന്തു പുണ്യമാണ് നാം നേടുന്നത്? ചോരയില്‍ കുതിര്‍ന്ന ഇത്തരം അഭിമാനങ്ങള്‍ വീണ്ടും കളങ്കപ്പെട്ടാല്‍ എത്ര മാത്രം ചോര പിന്നെയുമൊഴുക്കേണ്ടതായി വരും?

നാട്ടുകാരും, ഗ്രാമ പഞ്ചായത്തുകളും ഇടപെട്ട് നടപ്പിലാക്കുന്ന കൊലപാതകങ്ങളും ഉത്തരേന്തയില്‍ നിരവധിയാണ്. പ്രായപൂര്‍ത്തിയായ ഒരാണിനും പെണ്ണിനും സ്വതന്ത്ര ഇന്ത്യയില്‍ സ്വന്തം ജാതിക്കു പുറത്ത് പ്രണയിക്കാനോ, വിവാഹം കഴിക്കാനോ, ഭീതി കൂടാതെ ജീവിക്കാനോ കഴിയാത്ത അവസ്ഥ ദുസ്സഹം തന്നെ.

മനസ്സാക്ഷിയുള്ളവര്‍ക്കെല്ലാം ഒരു ഞെട്ടലോടെയല്ലാതെ കാണാന്‍ കഴിയാത്ത ഇത്തരം വാര്‍ത്തകള്‍ കേട്ട് ഹര്‍ഷപുളകിതരാകുന്നവരുടെ ഒരു സമൂഹം നമുക്കിടയില്‍ ഉണ്ട് എന്ന് പേടിയോടെയാണ് നാം മനസ്സിലാക്കുന്നത്. ഇതാണ് നമ്മുടെ ചിന്തകളിലേക്ക് കനലുകള്‍ വാരിയിടുന്നത്. ജാതി മത ഭ്രാന്തിന്റെ ബീഭത്സമായ മറ്റൊരു മുഖം അതിനൂതനമെന്ന് നാം വിശേഷിപ്പിക്കുന്ന ഈ കാലത്തിലും നമ്മുടെ മുഖങ്ങള്‍ക്കു പിറകില്‍ ഒളിച്ചിരിപ്പുണ്ട്.

ജാതിയും മതവും സമൂഹത്തിലെ അര്‍ബുദമാണെന്നും അതിനെ വേരോടെ പറിച്ചെറിയണമെന്നും പഠിപ്പിച്ച സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളുടെ തലമുറ അന്യം നിന്നു പോയിരിക്കുന്നു. അവര്‍ പറഞ്ഞതെല്ലാം നാം പാടെ മറന്നു പോയിരിക്കുന്നു‍. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പ്രബുദ്ധരായവര്‍ എന്നഭിമാനിക്കുന്നവരുടെ കേരളത്തിലാണെങ്കിലോ നടേശന്മാരും, നാരായണപ്പണിക്കരുമാരും, തങ്ങളുമാരും, പാതിരിമാരും ജനങ്ങളുടെ മേല്‍ തങ്ങള്‍ക്കുള്ള സ്വാധീനം അനുദിനം വര്‍ദ്ധിപ്പിക്കുവാനുള്ള കുതന്ത്രങ്ങള്‍ മെനയുകയും തെരുവുകളിലൂടെ സ്വന്തം അനുയായികളെ നിറമുള്ള ഉടുപ്പുകള്‍ അണിയിച്ചിറക്കി ശക്തി പ്രകടനങ്ങള്‍ നടത്തുകയുമാണ്. അവരുടെ നാറുന്ന കാല്‍ക്കീഴിലാണ് രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാവരും.

പ്രകടനങ്ങളിലും, ഘോഷയാത്രകളിലും മനുഷ്യരില്ല. കണ്ണു മഞ്ഞളിപ്പിക്കുന്ന നിറങ്ങള്‍ മാത്രമേയുള്ളു. കോലം കെട്ടിയ നിറങ്ങളുടെ ഐക്യപ്പെടല്‍, ഉറഞ്ഞാട്ടം, ഊറ്റം കൊള്ളല്‍, കൊലവിളികള്‍. ഭീതിദമായ ഒരു വിപത്തു പോലെ വളഞ്ഞു പുളഞ്ഞ് തെരുവു നിറഞ്ഞു നീങ്ങുന്ന, വായ മുതല്‍ വാലു വരെ ഒരേ നിറമുള്ള ഭീകര ജീവികളെ ഓര്‍മ്മിപ്പിക്കുന്നു ഇത്തരം ജാഥകളും, ഘോഷ യാത്രകളും.

സാമൂഹ്യ ബഹിഷ്ക്കരണങ്ങളും, ഊരു വിലക്കുകളും, പല ജാതിക്കാരും തങ്ങള്‍ക്കിടയിലുള്ള ‘താന്തോന്നി’കളെ നിലക്കു നിര്‍ത്താനായി ഉപയോഗിച്ചു വരുന്നുണ്ട്. ഉണ്ണിത്താനെ ശിക്ഷിച്ചതു പോലുള്ള രാഷ്ട്രീയ ഗുണ്ടാ സംഘങ്ങളും നിയന്ത്രണങ്ങളില്ലാതെ നടക്കുന്നുണ്ട്. അഭിമാനക്കൊലപാതകങ്ങള്‍ നമ്മുടെ നാട്ടിലും അരങ്ങേറില്ലെന്നും അല്ലെങ്കില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നില്ലെന്നും ആരു കണ്ടു?

8 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

മനസ്സാക്ഷിയുള്ളവര്‍ക്കെല്ലാം ഒരു ഞെട്ടലോടെയല്ലാതെ കാണാന്‍ കഴിയാത്ത ഇത്തരം വാര്‍ത്തകള്‍ കേട്ട് ഹര്‍ഷപുളകിതരാകുന്നവരുടെ ഒരു സമൂഹം നമുക്കിടയില്‍ ഉണ്ട് എന്ന് പേടിയോടെയാണ് നാം മനസ്സിലാക്കുന്നത്. ഇതാണ് നമ്മുടെ ചിന്തകളിലേക്ക് കനലുകള്‍ വാരിയിടുന്നത്. ജാതി മത ഭ്രാന്തിന്റെ ബീഭത്സമായ മറ്റൊരു മുഖം അതിനൂതനമെന്ന് നാം വിശേഷിപ്പിക്കുന്ന ഈ കാലത്തിലും നമ്മുടെ മുഖങ്ങള്‍ക്കു പിറകില്‍ ഒളിച്ചിരിപ്പുണ്ട്.

നാട്ടുവഴി പറഞ്ഞു...

ഊതി വിറപ്പിച്ച അഭിമാനം പേറി നടക്കുന്നവര്‍ക്ക് രക്ത ബന്ധത്തിനും വലുത് സമുഹത്തില്‍ തനിക്ക് ഉണ്ടെന്നു സ്വയം വിചാരിക്കുന്ന സ്ഥാനമാണ്.അത് നിലനിറുത്താന്‍ കൂട്ട ആത്മഹത്യക്ക് വരെ അവര്‍ തയ്യാറാണ് താനും.അതിന്റെ പ്രത്യക്ഷ ഉദാഹരണത്തില്‍ ചിലത് മാത്രമാണിത്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അഭിമാനക്കൊലപാതകങ്ങളെപ്പറ്റി
താഴെക്കാണുന്ന വാര്‍ത്തകള്‍ കൂടി
വായിക്കുക -

ഹരിയാനയില്‍ കമിതാക്കളെ
പരസ്യമായി തൂക്കിലേറ്റി

ചണ്ഡീഗഡ്: രാജ്യത്തെ നിയമങ്ങളെ
വെല്ലുവിളിച്ച് അഭിമാനത്തിനു
വേണ്ടിയുള്ള കൊലപാതകങ്ങള്‍
പതിവാകുന്നു. ഇങ്ങനെ
ഇരയാവുന്നവരില്‍ ഭൂരിഭാഗവും
കമിതാക്കളാണ്. ഹരിയാനയിലെ
ഭിവാനിയ്ക്കു സമീപം നിമ്രിവാലി
ഗ്രാമത്തിലാണ് കൌമാരപ്രായക്കാരായ
കമിതാക്കളെ കൊലപ്പെടുത്തിയ ശേഷം
പരസ്യമായി തൂക്കിലിട്ടത്.

ജാട്ട് വംശത്തില്‍പ്പെട്ടാ റിങ്കു(19) കാമുകി
മോനിക്ക (18) എന്നിവരാണ് ഇത്തവണ
കാടന്‍ നിയമത്തിനു ഇരയായത്. ഇവരെ
കൊലപ്പെടുത്തിയ ശേഷം
പൊതുവഴിയില്‍ പരസ്യമായി
തൂക്കിലിടുകയായിരുന്നു. പെണ്‍കുട്ടിയുടെ
പിതാവും സഹോദരനും,
ബന്ധുക്കളുമാണ് സംഭവത്തിനു
പിന്നിലെന്നാണ് പോലീസിന്റെ
സംശയം. പോലീസ് കേസെടുത്തിട്ടുണ്ട്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനു വേണ്ടി
കാത്തിരിക്കുകയാണെന്ന് പോലീസ്
പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍
റിങ്കുവിന്റേയും മോനിക്കയുടേയും
ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ
പാടുകളുണ്ടെന്നും പോലീസ്
കൂട്ടിച്ചേര്‍ത്തു.

ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന
നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന
സര്‍ക്കാരുകള്‍ക്ക് കത്തു നല്‍കിയിരുന്നു.

ജാതിയുടെ അടിസ്ഥാനത്തില്‍
സംഘടിക്കുന്ന പഞ്ചായത്തുകള്‍ക്കു
നിയമം നടപ്പാക്കാന്‍ അവകാശമില്ല.
ഹരിയാന, ഉത്തര്‍പ്രദേശ്
എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലാണ്
ഇത്തരം ക്രൂര നിയമനടപടികള്‍
അരങ്ങേറുന്നത്.
http://malayalam.deepikaglobal.com/latestnews.asp?ncode=51160

ദീപിക, Tuesday, 22 June 2010

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അഭിമാനത്തിനു വേണ്ടി കൊല:
കേന്ദ്രത്തിനു സുപ്രീം കോടതിയുടെ
നോട്ടീസ്

ന്യൂഡല്‍ഹി: ജാതിയുടെ
അടിസ്ഥാനത്തില്‍ അഭിമാനത്തിനു
വേണ്ടിയുള്ള കൊലപാതകങ്ങള്‍
പതിവാകുന്നതിന്റെ പശ്ചാത്തലത്തില്‍
സുപ്രീം കോടതി കേന്ദ്ര സര്‍ക്കാര്‍
ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്കു
നോട്ടിസ് നല്‍കി. ജാതിയുടെ
അടിസ്ഥാനത്തില്‍ സംഘടിക്കുന്ന ഖാപ്
പഞ്ചായത്തുകളാണ് മാനത്തിനു വേണ്ടി
കൊലപാതകം നടത്തുന്നത്. ഇതിനു
ഇരയാവുന്നവരില്‍ അധികവും
കൌമാരക്കാരായ കമിതാക്കളാണ്.
ഈ ഗുരുതരമായ പ്രവണതക്കെതിരെ
കര്‍ശന നടപടി സ്വീകരിക്കണമെന്ന്
ആവശ്യപെട്ട് എന്‍.ജി.ഒ. ശക്തി
വാഹിനി സുപ്രീം കോടതിയില്‍
സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ
സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ആറു
സംസ്ഥാനങ്ങളില്‍ മാനത്തിനു
വേണ്ടിയുള്ള കൊലപാതകങ്ങള്‍
അരങ്ങേറുന്നുണ്ട്. ഇതിനു സമാനമായ
ഒരു സംഭവം ഡല്‍ഹിയിലും കഴിഞ്ഞ
ദിവസം ഉണ്ടായ സാഹചര്യത്തില്‍
സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം കത്തു
നല്‍കിയിരുന്നു. ഏറ്റവും ഒടുവില്‍
ഹരിയാനയിലാണ് മാനത്തിനു
വേണ്ടിയുള്ള കൊലപാതകം
നടന്നത്.ഖാപ് പഞ്ചായത്തുകള്‍ക്കു
നിയം നടപ്പാക്കാനുള്ള അവകാശം
ഇല്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

http://malayalam.deepikaglobal.com/latestnews.asp?ncode=51187

ദീപിക, Tuesday, 22 June 2010

T S Jayan പറഞ്ഞു...

മോഹന്‍ജി...എന്നാണു നമുക്കൊരു ഏകീകൃത സിവില്‍ കോഡ് ഉണ്ടാവുക...
ആര് ഭരിച്ചാലാണ് ഇനിയത് സംഭവികുക..ഏതെങ്കിലും പാര്‍ട്ടികള്‍ ബാക്കിയുണ്ടോ ഇനി ഭരിക്കാന്‍..
പതിനെട്ടു വയസ്സ് തികഞ്ഞ ഏതു വ്യക്തികള്‍ക്കും അവരവര്‍ക്കിഷ്ടമുള്ള വ്യക്തിയെ തിരഞ്ഞെടുക്കാനുള്ള
സ്വാതന്ത്ര്യം വേണം...ഒരു പക്ഷെ അടുത്ത ഒരു അമ്പതു വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കുമായിരിക്കാം...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

നാട്ടുവഴി - താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. സമൂഹത്തില്‍ ഒരാള്‍ തനിക്ക് ഉണ്ടെന്ന് സ്വയം വിചാരിക്കുന്ന സ്ഥാനം. ആ സ്ഥാനം കാത്തു സൂക്ഷിക്കാനുള്ള ത്യാഗം. പക്ഷെ ഇത്തരം വിശ്വാസങ്ങളിലേക്ക് ഒരുവനെ കൊണ്ടെത്തിക്കുവാന്‍ പ്രേരകമാകുന്ന ശകതികള്‍ ഏതൊക്കെയാണെന്നതാണ് പ്രധാനം. ത്യാഗം, ബലി എന്നിവയെ പരിപോഷിപ്പിക്കുന്ന മതങ്ങള്‍ക്കിതില്‍ വലിയൊരു പങ്കില്ലേ ?

ടി.എസ്.
പതിനെട്ടു വയസ്സു കഴിഞ്ഞ ഏതൊരു വ്യക്തിക്കും അയാള്‍ക്കിഷ്ടപ്പെട്ടയാളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. പക്ഷേ അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട് മുന്നോട്ടു പോകുന്നവര്‍ക്ക് നിര്‍ഭയം സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യമാണ് നമുക്കില്ല്ലാത്തത്. ഇത്തരം സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് ജാതി-മതാതിഷ്ഠിത വിശ്വാസങ്ങളാണ്. ജാതി മതക്കൂട്ടായ്മകള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുകയും, നിയമം കയ്യിലെടുക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരം ആശയങ്ങള്‍ തന്നെ കാലഹരണപ്പെട്ടേക്കുമോ എന്നതാണ് ഇപ്പോഴത്തെ ഭയം.

ഏകീകൃത സിവില്‍ കോഡ് ഇന്ത്യയിലോ? അതിന് ഇന്ത്യന്‍ ഭരണം ആര്‍.എസ്. എസ്സിന്റെ കൈകളിലോ അല്ലെങ്കില്‍ താലിബാന്റെ കൈകളിലോ ആയിത്തീരണം. അവര്‍ അവരുടേതായ ഏകീകൃത സിവില്‍ കോഡ് നിസ്സംശയം നടപ്പാക്കും. അതിലേത് സംഭവിക്കുമെന്ന് ‍ അടുത്ത അമ്പത് കൊല്ലങ്ങള്‍ക്കു മുമ്പേ അറിയാം.

ഒരു നുറുങ്ങ് പറഞ്ഞു...

“കരയിലും കടലിലും”വിനാശങ്ങള്‍ വര്‍ദ്ധിച്ച്
കൊണ്ടേയിരിക്കുന്നു ! യഥാര്‍ത്ഥത്തില്‍ ജനത
കുഴപ്പങ്ങളേതുമില്ലാതെ,വളരെ സമാധാനമായി
ശാന്തിയോടെ ജീവിച്ചു പോകാനാണാഗ്രഹിക്കുന്നത്
പക്ഷേ,അവരെ ഒന്നടങ്കം കുഴപ്പത്തിലാക്കുന്നത്
ആരാണ്‍...! നമുക്കറിഞ്ഞേ കൂടാ ആരെന്ന്...

ശരിയാണ്‍,ഏതാണ്ടെല്ലാം നാം അറിഞ്ഞും
അനുഭവിച്ചും കഴിഞ്ഞിരിക്കുന്നു ! ഇനിയെന്താണ്‍
ഒരു മോചനമാര്‍ഗ്ഗം,ആരാണൊരു രക്ഷകന്‍ !
അതല്ല,ഈ ലോകം ഈ കൊല്ലും കൊലയുമായി
അങ്ങിനെ ഒടുങ്ങിയടങ്ങി അവസാനിക്കലാണോ
ഇനി ബാക്കി !!!!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

'മാനം കാക്കാന്‍' മുത്തശ്ശി പേരമക്കളെ കൊന്ന് കനാലിലെറിഞ്ഞു
മാതൃഭൂമി - 28 Jun 2010

സോനെപെട്ട്/മുസാഫര്‍നഗര്‍: ബന്ധുക്കളുമായി അവിഹിതബന്ധം ആരോപിച്ച് രണ്ട് പെണ്‍കുട്ടികളെ മുത്തശ്ശിയും അമ്മാവന്മാരും ചേര്‍ന്ന് കൊന്ന്
കനാലിലെറിഞ്ഞു. ഹരിയാണയിലെ സോനെപെട്ടിലാണ് സംഭവം. മൂന്ന് പേരും
പോലീസ് പിടിയിലായി. കുടുംബത്തിന്റെ മാനം കാക്കാനാണ് ഈ കടുംകൈയെന്ന് പോലീസ് പറഞ്ഞു.

അതിനിടെ, ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ പെണ്‍കുട്ടി വീടിന്റെ ടെറസില്‍നിന്ന് വീണ് മരിച്ചു. സംഭവം യാദൃച്ഛികമാണെന്നാണ് വീട്ടുകാര്‍
വിശദീകരിച്ചതെങ്കിലും ഇതും 'മാനംകാക്കല്‍ കൊല'യാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

ബര്‍വസ്‌നി ഗ്രാമത്തിലെ പടിഞ്ഞാറന്‍ യമുനാ കനാലില്‍നിന്ന് വെള്ളിയാഴ്ചയാണ് 14-കാരിയായ ചഞ്ചലിന്റെയും ബന്ധു 12-കാരി
രാജ്കുമാരിയുടെയും മൃതദേഹങ്ങള്‍ കിട്ടിയത്. സോനെപെട്ട് നഗരത്തിലെ മൊഹല്ലകോട്ട് സ്വദേശികളാണ് ഇരുവരും.

പെണ്‍കുട്ടികളുടെ മുത്തശ്ശി വിദ്യാ ദേവി, അമ്മാവന്മാരായ സൂരജ്, ചാന്ദ് എന്നിവര്‍
ശനിയാഴ്ച അറസ്റ്റിലായി. മൂവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ചഞ്ചലിന്റെ രണ്ടാനച്ഛന്റെ മകനുമായിഇരുവര്‍ക്കും അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊല. ബന്ധം പാടില്ലെന്ന് പറഞ്ഞിട്ടും പെണ്‍കുട്ടികള്‍
കൂട്ടാക്കാത്തതിനാല്‍ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടിയാണ് കൊല നടത്തിയതെന്ന് ഇവര്‍ പറഞ്ഞു. ദേവ്രു ഗ്രാമത്തില്‍ രാജ്കുമാരിയുടെ അച്ഛന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വെള്ളിയാഴ്ച കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊന്നശേഷം
മൃതദേഹങ്ങള്‍ കനാലിലെറിഞ്ഞു. കനാലിന്റെ പടവുകളില്‍ മൃതദേഹങ്ങള്‍ തങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

മുസാഫറാബാദിലെ ജൊല്ലി ഗ്രാമത്തിലെ അഫ്‌സാന ബീഗം എന്ന 21-കാരിയാണ് ശനിയാഴ്ച ടെറസിനുമുകളില്‍ നിന്ന് വീണ് മരിച്ചത്. എന്നാല്‍, അഫ്‌സാനയെ കാമുകനൊപ്പം കണ്ട വീട്ടുകാര്‍ അഭിമാനം കാക്കാന്‍ ടെറസില്‍ നിന്ന് തള്ളിയിട്ട്
കൊല്ലുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. മരണം പോലീസില്‍ അറിയിക്കാതെ മൃതദേഹം മറവ് ചെയെ്തന്നും അവര്‍ ആരോപിച്ചു
http://www.mathrubhumi.com/story.php?id=109644