2010, ജനുവരി 20, ബുധനാഴ്‌ച

ജ്യോതി ബസു എന്ന ജ്വാലഒടുവില്‍ ജ്യോതി ബസുവും ഒരോര്‍മ്മ.

പൂജാ മന്ത്രങ്ങളുടെ അകമ്പടിയില്ലാതെ, മതപരമായ ചടങ്ങുകളില്ലാതെ, ആശുപത്രി മോര്‍ച്ചറിയിലെ തണുപ്പില്‍ ജീവശാസ്ത്ര വിദ്യാര്‍ത്ഥികളുടെ അറിവിനു തുണയായിത്തീരും ഇനി മുതല്‍ അദ്ദേഹത്തിന്റെ ഭൌതിക ശരീരം. അന്ധതയില്‍ നിന്നും മനുഷ്യനെ പ്രകാശത്തിലേക്കു നയിക്കും അദ്ദേഹം ദാനം ചെയ്ത കണ്ണുകള്‍.

ശരീരത്തോടുള്ള സ്നേഹം വിട്ടു മാറാത്തതിനാല്‍ വേര്‍പെട്ട ആത്മാവ് മുന്നോട്ടുള്ള പ്രയാണം തുടങ്ങാതെ അവിടെത്തന്നെ ചുറ്റിപ്പറ്റി നില്‍ക്കാതിരിക്കാനാണ് മൃതദേഹങ്ങള്‍ കത്തിക്കുന്നതെന്നാണ് ഹിന്ദു വിശ്വാസം. ഇത്തരം വികലമായ ഒരു പാടു വിശ്വാസങ്ങളുടെ ശവപ്പറമ്പാണ് ഒട്ടു മിക്ക മതങ്ങളും.


ഇവയുടെയെല്ലാം പൊള്ളത്തരങ്ങള്‍ പൊതുജനമദ്ധ്യത്തില്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ തുറന്നു കാട്ടേണ്ടത് സ്വന്തം ജീവിതത്തില്‍ അതു പകര്‍ത്തിക്കൊണ്ടായിരിക്കണമെന്ന് സ്വന്തം ശരീരം പഠനാവശ്യങ്ങള്‍ക്കായി മെഡിക്കല്‍ കോളേജിനു വിട്ടു കൊടുക്കാനുള്ള അദ്ദേഹത്തിന്റെ ധീരമായ തീരുമാനം തെളിയിച്ചിരിക്കുന്നു.


സ്വന്തം വിശ്വാസങ്ങള്‍ക്കനുസരിച്ചു ജീവിക്കാനും, മരണത്തിലും അതു പ്രാവര്‍ത്തികമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു എന്നതും അദ്ദേഹത്തിന്റെ മഹത്വം.


മന്ത്രിയാകും മുമ്പേ ശത്രുസംഹാര പൂജ, പൂ മൂടല്‍, വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു പോയ ഭാര്യയുടെ അത്മാവുമായുള്ള സംഭാഷണങ്ങള്‍ തുടങ്ങിയവ നടത്തുന്ന കമ്യൂണിസ്റ്റു പ്രമുഖരെ ഇത്തരുണത്തില്‍ ഓര്‍ത്തു പോകുന്നു.

പുരോഗമന സിദ്ധാന്തങ്ങളിലാണോ അതോ മത/ദൈവ വിശ്വാസങ്ങളിലാണോ തന്റെ കൂറ് അധിഷ്ഠിതമായിരിക്കേണ്ടത് എന്ന് ഇന്നും ശങ്കിച്ചു നില്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാരുള്‍പ്പെടെഒട്ടനവധി പേര്‍ക്ക് ബസുവിന്റെ ഈ തീരുമാനം പ്രചോദനമാകട്ടെ.

17 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഭൗതികവാദിയൊ നാസ്തികനോ ആയതുകൊണ്ട് ഒരാള്‍ 'പുരോഗാമി'യൊ വിപ്ലവകാരിയോ ആകില്ല;വിശേഷിച്ച് ഇന്‍ഡ്യയിലെ സവര്‍ണര്‍.ജ്യോതിബസുവും വ്യത്യസ്തനല്ല. അദ്ദേഹം ബംഗാളി ഭദ്രലോകിന്റെ ഭാഗമാണ്. പ.ബംഗാളിലെ ദലിതരുടെയും മുസ്ലിങ്ങളുടെയും ഒ ബി സി കളുടെയും പരമ ദയനിയ അവസ്ഥ, ഇന്ന് കേരളത്തിലേയ്ക്ക് തൊഴില്‍ തേടിവരുന്ന പാവങ്ങളായ ബംഗാളികളുടെ മുഖങ്ങളില്‍ വായിച്ചെടുക്കാം.അവരുടെ ഈ ദുസ്ഥിതിയ്ക്ക് മുഖ്യ കാരണക്കാരന്‍ ആരാണ്?

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

സത്യാന്വേഷീ,

കമന്റിനു നന്ദി. പക്ഷെ താങ്കളുടെ അഭിപ്രായത്തോടു വിയോജിപ്പുണ്ട്. കാരണങ്ങള്‍ താഴെ -

ഒരാള്‍ ഭൌതിക വാദിയോ, നാസ്തികനോ ആകുമ്പോള്‍ അയാള്‍ തീര്‍ച്ചയായും അത്രത്തോളം പുരോഗമനം ആര്‍ജ്ജിക്കുന്നുണ്ട്. അയാളെ പുറകോട്ടു വലിക്കുന്ന ശക്തികളില്‍ നിന്നും അത്രയെങ്കിലും മോചനം അയാള്‍ക്കു സാധിച്ചിരിക്കുന്നു എന്നതില്‍ എന്താണിത്ര സംശയം.

പിന്നെ സവര്‍ണ്ണനായതിനാല്‍ പുരോഗാമി അല്ലെന്നു വരുമോ? അവര്‍ണ്ണര്‍ സവര്‍ണ്ണന്‍ എന്നതെല്ലാം മറ്റൊരു അന്ധവിശ്വാസത്തിന്റെ ഭാഗമല്ലെ? ഒരാള്‍ ചെയ്യുന്ന പ്രവര്‍ത്തി നോക്കിയല്ലേ അയാള്‍ പുരോഗാമി ആണോ അല്ലയോ എന്നു വിലയിരുത്തുന്നത് അല്ലാതെ അയാളുടെ ജാതി നോക്കിയാണോ? ബ്രാഹ്മണ ജാതിയില്‍ പിറന്നു എന്ന കാരണത്താല്‍ ഇ.എം.എസ്സ് പുരോഗാമി അല്ലായിരുന്നു എന്നു പറയുന്നതിനു തുല്ല്യമാവില്ലേ അത്?

ബംഗാളി ഭദ്രലോകരോ, ഇന്ത്യയിലെ മറ്റു സവര്‍ണ്ണരോ ചെയ്ത പ്രവര്‍ത്തികള്‍ക്ക് ആ ജാതികളില്‍ പെട്ട എല്ലാവരേയും ഉത്തരവാദികളാക്കുന്നത് ശരിയല്ലെന്നാണെന്റെ പക്ഷം.

കേരളത്തിലേക്കു തൊഴില്‍ തേടി വരുന്നവരില്‍ തമിഴരും, തെലുങ്കരും, ഒറിയക്കാരും, ബംഗാളികളുമടക്കം ഒട്ടനവധി പേരുണ്ട്. അതിന്റെ കാരണങ്ങള്‍ നിരവധിയാണ്. അതു തീര്‍ച്ചയായും ആഴത്തിലുള്ള പഠനങ്ങളും ചര്‍ച്ചകളും അര്‍ഹിക്കുന്നതാണ്.

ബംഗാളിലെ അവര്‍ണ്ണരുടേയും, ന്യുനപക്ഷങ്ങളുടേയും അവസ്ഥയെ എന്റെ പോസ്റ്റില്‍ പരാമര്‍ശിച്ച ജ്യോതി ബസുവിന്റെ തീരുമാനത്തോട് കൂട്ടി വായിക്കാനാവില്ല.

അനുനിമിഷം പുരോഗമനം വാരിവിളമ്പുന്ന കമ്മ്യുണിസ്റ്റു നേതാക്കളെങ്കിലും ബസു ചെയ്തതു പോലെ നേത്രദാനവും, മൃതദേഹദാനവും നടത്തിയിരുന്നെങ്കില്‍ അതൊരു പാടു പേര്‍ക്ക് പ്രചോദനമായേനെ എന്നാണെന്റെ വിശ്വാസം. അതിനു പകരം അന്ധ വിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധം ഉന്നതസ്ഥാനീയരായ ആളുകള്‍ പെരുമാറുമ്പോള്‍, അവര്‍ തങ്ങളുടെ അനുയായികളെ പുറകോട്ടു നയിക്കുകയാണ്.

അജ്ഞാതന്‍ പറഞ്ഞു...

"അവര്‍ണ്ണര്‍ സവര്‍ണ്ണന്‍ എന്നതെല്ലാം മറ്റൊരു അന്ധവിശ്വാസത്തിന്റെ ഭാഗമല്ലെ?"
സവര്‍ണന്‍,അവര്‍ണന്‍ എന്നത് അന്ധവിശ്വാസമാണെന്നു കരുതുന്ന ആളോട് എന്താ പറയുക?ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുകള്‍ക്കു പറ്റിയ ഏറ്റവും വലിയ പാളിച്ചയാണ് അവര്‍ ജാതി എന്ന യാഥാര്‍ഥ്യത്തെ കണ്ടില്ല എന്നത്. അതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ ബ്രാഹ്മണ ജാതിയില്‍ പിറന്ന ഇ.എം.എസ്സ് പുരോഗാമി അല്ലെന്ന നിഗമനത്തിലെത്താനേ കഴിയൂ.തത്ക്കാലം ഇത്രമാത്രം.കൂടുതല്‍ വിശദമാക്കി ഒരു പോസ്റ്റ് ഇടാം പിന്നീട്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

സത്യാന്വേഷി,
ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു കരുതുകയും, അതില്‍ അന്ധമായി വിശ്വസിക്കുകയും ചെയ്യുന്നതിനെയാണല്ലോ അന്ധവിശ്വാസം എന്നു നാം പറയുന്നത്. ഈ ലോകത്ത് ഒരാളും ഒരു ജാതിയിലോ, മതത്തിലോ പെട്ടവനായി ജനിക്കുന്നില്ല. ഏതെങ്കിലും ഒരു
നവജാത ശിശുവിന്റെ മുഖത്തു നോക്കി അത് ഏതു ജാതിയില്‍ പെട്ടതാണെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ? ജാതി എന്നത് വെറും സാങ്കല്പികമായ ഒരു വിശ്വാസം മാത്രമാണ്. ശരിക്കു പറഞ്ഞാല്‍ ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലാത്ത വെറും അന്ധവിശ്വാസം. അതു മാത്രമെ എന്റെ
പരാമര്‍ശത്തില്‍ ഞാന്‍ ഉദ്ദേശിച്ചുള്ളു.

ജ്യോതി ബസുവിന്റെ ജാതി അദ്ദേഹത്തെക്കുറിച്ചുള്ള വിശദമായ ഒരു പഠനത്തില്‍ ഒരു പക്ഷെ വിഷയമായേക്കാം. പക്ഷെ നേത്രങ്ങള്‍ ദാനം ചെയ്യാനും, ശരീരം പഠനത്തിനായി വിട്ടുകൊടുക്കുവാനും അദ്ദേഹമെടുത്ത തീരുമാനം പുരോഗമനപരം തന്നെയാണ്. അദ്ദേഹത്തിന്റെ ജാതി ഈ തീരുമാനത്തിന്റെ പുരോഗമന സ്വഭാവം
ഒട്ടും തന്നെ കുറക്കുന്നില്ല.

അജ്ഞാതന്‍ പറഞ്ഞു...

Caste is an ethnic identity;not a superstition. We can identify almost all castes/tribes analyzing his/her body language. Anthropological as well as genome studies have revealed this facts.Read latest issue of Dalit Voice(dalitvoice.org)A blog named Samoohyam also discusses these issuesസാമൂഹ്യം

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

സുഹൃത്തെ,

ലിങ്കിനും കൂടുതല്‍ വിശദീകരണത്തിനും നന്ദി.പക്ഷേ
ജാതിയെപ്പറ്റിയുള്ള എന്റെ വിശ്വാസം ഇവിടെ ഒരു ഘടകമായി വരുന്നില്ല.

അവര്‍ണ്ണനായതിനാല്‍ അവനെ മാറ്റി നിറുത്തണം എന്ന് പറയുന്നതു പോലെത്തന്നെയല്ലെ, സവര്‍ണ്ണനായതിനാല്‍ ജ്യോതി ബസു ചെയ്ത് നല്ല കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്നു വരുന്നതും. ജാതി നോക്കിയേ എന്തും നിശ്ചയിക്കാന്‍ കഴിയൂ എന്നു വിശ്വസിച്ചിരുന്ന പഴയ സമൂഹത്തില്‍ നിന്നും വളരെ മുന്നോട്ട് വന്നതിനു ശേഷവും പഴയതു പോലെത്തന്നെ നമ്മളിപ്പോഴും ചിന്തിക്കുന്നു എന്നല്ലേ അതിനര്‍ത്ഥം.
പണ്ടു ജാതി നോക്കിയിരുന്നത് അവര്‍ണ്ണനായിരുന്നെങ്കില്‍,
ഇവിടെ താങ്കള്‍‍ അവര്‍ണ്ണരുടെ ജാതിയാണ് നോക്കുന്നതെന്നതു മാത്രമാണ് വ്യത്യാസം.

രാജന്‍ വെങ്കിടങ്ങ് പറഞ്ഞു...

ഇന്‍ഡ്യയിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുക്കാരില്‍ ഒരാളായ ജ്യോതി ബസുവിന്റെ ജ്യോതിസ്സിനെ കുറിച്ചെഴുതിയ അങ്ങ് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. കമ്മ്യൂണിസ്റ്റുകള്‍ ചെയ്തിരിക്കേണ്ട കാര്യങ്ങള്‍ തന്റെ അന്ത്യയാത്രയിലും അദ്ദേഹം ചെയ്തിരിക്കുന്നു...! അദ്ദേഹത്തിന്റെ കണ്ണും ശരീരവും ദാനം ചെയ്യുന്നതിലൂടെ. കമ്മ്യൂണിസ്റ്റുകളെല്ലാവരും അങ്ങ് പറയുന്നതു പോലെ പൂജയും രാഹുകാലവും നോക്കുന്നവരല്ല. നോക്കത്തവരുണ്ടെങ്കില്‍ അത് കമ്മ്യൂണിസ്റ്റുകളായിരിക്കും. പിന്നെ ‘സത്യാന്വേഷി’ യുടെ ചിന്തകള്‍ക്ക് മറുപടി പറയുന്നത് അനുചിതമായിരിക്കും, എങ്കിലും പറയട്ടെ. ചരിത്ര സത്യത്തെ സത്യന്വേഷി കാണാതെ പോകുന്നു. ശാസ്ത്ര സത്യങ്ങള്‍ വെളിപ്പെട്ടിട്ടുള്ളത് നാസ്തികനില്‍ നിന്നോ ഭൌതിക വാദിയില്‍ നിന്നോ ആണ്. ഇതദ്ദേഹം കാണതെ പോകുന്നു. എന്തായാലും അഭിനന്ദനങ്ങള്‍ .

പട്ടേപ്പാടം റാംജി പറഞ്ഞു...

ജിവിച്ചിരിക്കുമ്പോഴും ജീവിതത്തിനുശേഷവും
ഒന്നുപോലെ വ്യക്തിത്വം കാത്തു സൂക്ഷിച്ച ബസു ജ്വാല തന്നെ.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

രാജന്‍ - പ്രതികരണത്തിനു നന്ദി.

പൂജ, രാഹുകാലം, മരണാനന്തര കര്‍മ്മങ്ങള്‍ തുടങ്ങി നിരവധി അന്ധവിശ്വാസങ്ങളുടെ ബന്ധനങ്ങളെ ഭേദിക്കാന്‍ ശേഷിയുള്ള കമ്മ്യൂണിസ്റ്റുകള്‍
നേതൃത്വ നിരയിലടക്കം കുറവാണ് എന്നതല്ലെ ദു:ഖകരമായ ഒരു സത്യം? അതിനുള്ള ശക്തിയോ ആര്‍ജ്ജവമോ ഉള്‍ക്കൊള്ളാന്‍ തക്കവിധത്തിലുള്ള സമഗ്രമായ ഒരു മാനസിക വികാസം നമ്മുടെ ഭൂരിഭാഗം കമ്മ്യൂണിസ്റ്റുകള്‍ക്കും ലഭിക്കാതെ പോകുന്നതാകാം കാരണം. മതങ്ങളിലേക്ക് ആളെക്കൂട്ടുന്നതു പോലെ പാര്‍ട്ടിയിലേക്ക് ആളെക്കൂട്ടുക എന്നതില്‍
കവിഞ്ഞ് മറ്റൊരു ലക്ഷ്യം നേതൃത്വങ്ങള്‍ക്കുമില്ല. അങ്ങിനെയുള്ള ഒരു ഇരുണ്ട സാഹചര്യത്തില്‍ ജ്യോതി ബസുവിനെപ്പോലുള്ളവരുടെ ജീവിതം പ്രകാശം പരത്തി നില്‍ക്കുന്നു.

രാംജി - നന്ദി വായനയ്ക്കും കമന്റിനും

കാക്കര - kaakkara പറഞ്ഞു...

മോഹൻ,

ശരീരം മുഴുവനായും വിദ്യാർത്ഥികൾക്ക്‌ കൊടുത്ത്‌ ബാസു വ്യത്യസ്ഥനായി. അഭിനന്ദനം അർഹിക്കുന്നു.

ബാസു പുരോഗമനവാദിയാണോ അല്ലയോ എന്ന്‌ നിർണ്ണയിക്കുന്നതിന്‌ ഇത്‌ ഒരു ഘടകം മാത്രമേ ആകുന്നുള്ളു.

പുരോഗമനവാദി എന്നതിന്റെ അർത്ഥവ്യാപ്തി വളരെ വലുതാണ്‌. അത്‌ നാസ്തികൻ എന്നതിൽ ചുരുക്കിക്കെട്ടേണ്ടതില്ല.

ജാതി എന്നത്‌ ഒരു സമൂഹമായി മാത്രം കണ്ടാൽ മതി!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

കാക്കര - താങ്കള്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു.

ജാതി എന്നത് - “സാമൂഹികമായ ഒരു വിപത്ത്” എന്ന് തിരുത്തി വായിക്കണമെന്നാണ് എന്റെ പക്ഷം

വീ കെ പറഞ്ഞു...

“സ.ജ്യോതിബസു“ എന്ന ധീരനായ വിപ്ലവകാരിക്ക് ‘ആദരാഞ്ജലികൾ...’

ഭൌതികശരീരം എന്തു ചെയ്യണമെന്ന തീരുമാനം ശരിക്കും ഒരു വിപ്ലവകാരിക്ക് ചേർന്നത്....

കാക്കര - kaakkara പറഞ്ഞു...

മോഹൻ,

ജാതിയെന്നത്‌ ഒരു സമൂഹം തന്നെയാണ്‌, പക്ഷെ തെറ്റായ രീതിയിൽ പത്തി വിടർത്തിയപ്പോൾ, സാമൂഹികമായ വിപത്തായി.

നിസ്സഹായന്‍ പറഞ്ഞു...

തീര്‍ച്ചയായും ജ്യോതിബസുവിനെ പുരോഗമനകാരിയായി കണക്കാക്കാം. ആചാരാനുഷ്ഠാനങ്ങളും മരണാനന്തരകര്‍മ്മങ്ങളും കൊണ്ട് അനുസ്യൂതമായി നിലനിര്‍ത്തുന്ന ഹൈന്ദവമതാന്ധവിശ്വാസത്തെയും ബ്രാഹ്മണമേല്‍ക്കോയ്മയേയും പിന്‍പറ്റാ‍തെ, ചൂഷണോപാധിയായ മതത്തെ തള്ളിക്കളയുകയാണ്, കണ്ണുകളും ശരീരവും സമൂഹത്തിനു വിട്ടുകൊടുക്കുന്ന മഹനീയ പ്രവര്‍ത്തിയിലൂടെ ജ്യോതിബാസു ചെയ്തത്. ആചാരാനുഷ്ഠാനകോപ്രായങ്ങള്‍ കൊണ്ട് മതവിശ്വാസവും ബ്രാഹ്മണചൂഷണവും നിലനിര്‍ത്തുന്ന ഭാരതത്തില്‍ ഇത്തരം നിലപാടുകള്‍ കൊണ്ട് അവയില്‍ തനിക്കൊരു വിശ്വാസവും ഇല്ലെന്ന് ബസു തെളിയിക്കുന്നു. ആ നിലയില്‍ EMS നേയും മറ്റു കേരളനേതാക്കളെയും ഔന്നിത്യമുള്ള പുരോഗമനവാദികളായി കാണുന്നത് കൊടുംവഞ്ചനയാണ്. കേരളാ നേതാക്കളാരും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ജാതിയുടെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിയുകയോ മതവിശ്വാസത്തെ തള്ളിക്കളായാന്‍ തയ്യാറാകുകയോ ചെയ്തവരല്ല. വെറും ജാഢകള്‍ കൊണ്ട് ജനത്തെ വിഡ്ഡികളാക്കിയവരാണ് അധികവും.
എന്നാല്‍ സത്യാന്വേഷി പറയുന്നതു പോലെ ജാതി എന്ന ഇന്ത്യന്‍ ശാപത്തെ ശരിയായി തിരിച്ചറിയാനും അഭിസംബോധന ചെയ്യാനും പരാജയപ്പെട്ട പ്രസ്ഥാനമാണ് CPM ഉള്‍പ്പെടുന്ന് കമ്മ്യൂണിസ്റ്റു കക്ഷികള്‍ !(കോണ്‍ഗ്രസ്സില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കേണ്ടാത്ത കാര്യം). അതു തന്നെയാണ് അവരുടെ വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കുന്നതും ആ ശൂന്യതയിലേക്ക് കൃത്യമായ പരിപാടികളും നയങ്ങളുമില്ല്ലാത്ത ജാതി പാര്‍ട്ടികള്‍ കടന്നു വരുന്നതും. ജാതി പീഢനാത്മകമായ ഒരു യാഥാര്‍ത്ഥ്യമാണ്. അതിന്റെ നിലനില്‍പ്പിന് ആധാരമായ ന്യായങ്ങള്‍ക്ക് അടിസ്ഥാനമില്ലെങ്കിലും അത് ആയുധമാക്കി മറ്റുള്ളവരെ അടിച്ചമര്‍ത്തി ചൂഷണം ചെയ്യാന്‍ ബ്രാഹ്മണനു കഴിഞ്ഞു. പാര്‍ട്ടിയ്ക്ക് വിധേയമായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതുപോലുള്ള മഹനീയ മാതൃകയിലൂടെ, ബ്രാഹ്മണമേധാവിത്വത്തെ തള്ളിപ്പറയുകയും പാര്‍ട്ടിയിലിന്നുള്ള പ്സ്യൂഡോ നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കുകയുമാണ് ജ്യോതിബാസു. പ്രത്യേകിച്ച് കേരളത്തിലെ നട്ടെല്ലും ധൈര്യവുമില്ലാത്ത, ആശയവും ആദര്‍ശവുമില്ലാത്ത കപടനേതാക്കളെ !

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

വീ.കെ. - താങ്കള്‍ പറഞ്ഞതു ശരിയാണ്. ഒരു വിപ്ലവകാരിക്കു ചേര്‍ന്നതു തന്നെയാണ് ജ്യോതി ബസുവും തന്റെ ഭൌതിക ശരീരം കൊണ്ടു ചെയ്തത്. മറ്റു വിപ്ലവകാരികള്‍ക്കെല്ലാം ഇതൊരു മാതൃകയായെങ്കില്‍ എന്നു വെറുതേ ആശിച്ചു പോവുന്നു.

കാക്കര - ആദ്യം മനുഷ്യന്‍, പിന്നെ ദേശകാല വ്യത്യാസമനുസരിച്ച് രൂപം പ്രാപിച്ചു വരുന്ന കൂട്ടങ്ങള്‍ - സമൂഹങ്ങള്‍. അതിലേക്ക് മതങ്ങള്‍ കടന്നു വന്നത് സദുദ്ദേശത്തോടെയാകാം. പക്ഷേ ഏതു മതവും മനുഷ്യനു ചുറ്റും ഒരു മതില്‍ പണിയുകയാണല്ലോ ചെയ്യുന്നത്. അതിനുള്ളില്‍ ജാതികള്‍ കൂടി വളര്‍ന്നു വന്നപ്പോള്‍ അനേകം സെല്ലുകളുള്ള ഒരു വന്‍ ജയില്‍ പോലെയായി സമൂഹം. അതിനു തെറ്റായ രീതിയിലേ പത്തി വിടര്‍ത്താനാകൂ.


നിസ്സഹായന്‍ - താങ്കളുടെ ഗൌരവമര്‍ഹിക്കുന്ന നിരീക്ഷണങ്ങള്‍ ഈ സംവാദത്തിലേക്ക് കൂടുതല്‍ വെളിച്ചം പകരുന്നു.

ശരീരം, ആത്മാവ് എന്നിവയെപ്പറ്റി വ്യക്തമായൊരു കാഴ്ചപ്പാടുള്ള വ്യക്തിക്കു മാത്രമേ മരണാനന്തരം സ്വന്തം ശരീരം കൊണ്ടെന്തു ചെയ്യണമെന്ന ദൃഢമായ ഒരു തീരുമാനമെടുക്കാനാ‍വൂ. അത്തരം ഉള്‍ക്കാഴ്ചയില്ലാത്ത പുരോഗമന(?)വാദികളെല്ലാം നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ക്കും, ബന്ധുക്കളുടെ ഇംഗിതങ്ങള്‍ക്കും കാര്യങ്ങള്‍ വിട്ടു കൊടുക്കുക എന്ന കപടതക്കുള്ളില്‍ മുഖം മറച്ച് ‘രക്ഷ’പ്പെടുകയാണ് ചെയ്യുന്നത്..എത്ര തന്നെ പുരോഗമനം പറഞ്ഞാലും, ‘ഒടുവില്‍‘ താനാരാണെന്ന സത്യം മറ നീക്കി പുറത്തു വരുന്ന കാഴ്ചയാണ് സാ‍ധാരണയായി കണ്ടുവരുന്നത്.

സ്വന്തം മതാചാരപ്രകാരമുള്ള കര്‍മ്മങ്ങളെ നിരാകരിക്കുവാനുള്ള തീരുമാനത്തിലൂടെ ബസു തന്റെ മത വിശ്വാസമെന്തെന്ന് ലോകത്തിനു കണിച്ചു കൊടുത്തു.

അജ്ഞാതന്‍ പറഞ്ഞു...

"Butcher of Bengal: Our enemy oppressor said yet (latest) another Big Lie that Jyoti Basu, who died recently, was the “liberator of Bengal” but the Truth is that he was the “Butcher of Bengal”. The entire oppressed underdogs of Bengal, SC/ST/BCs and Muslims, know that they have been totally impoverished, reduced to skin and bones in the past 30 years. During this period the 3 tiny castes: Brahmin, Baidya and Kayasths (Bhadralok) became fatter and stronger — thanks to Jyoti Basu and the Communist Party he led as the Chief Minister. This is the Big Lie.

Double life of Jyoti Basu: Jyoti Basu was anything but a communist. This Kayasth autocrat lived like a prince and preached like a priest with not a trace of marxism in him — promoting his son into a multi-millionaire while mouthing marxist mantra. His double life is very well exposed by a noted Bengali woman writer (TOI Jan.24, 2010) saying he was essentially a “suave lady’s man”. He handed over Calcutta to Marwadis and ultimately made Calcutta a “dead city”. (p.27)

But who flocked to the funeral of the “Butcher of Bengal”? The very people, SC/ST/BCs and Muslims, whom he made into walking skeletons.

But by the time the facts becomes clear, the innocent masses, emotionally wedded to the beliefs planted by the big propaganda machine, find it extremely difficult to free themselves. See the power of the Big Lies.

This is called the belief system which the Brahmins promoted to keep the masses in ever lasting thrall."
(From Dalit Voice Feb 16-28,2010Editorial)
No more comments.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

സത്യാന്വേഷീ,
താങ്കളുടെ വിശ്വാസങ്ങളുമായി മുന്നോട്ടു പോകാനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ട്. എന്റെ നിലപാട് പലവട്ടം മുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ല. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.
സസ്നേഹം
മോഹന്‍