2010, ജൂൺ 29, ചൊവ്വാഴ്ച

കാരുണ്യമില്ലാത്ത ആശ്രമങ്ങള്‍


കാഞ്ചി കാമകോടി മഠാ‍ധിപതി ശങ്കരാചാര്യര്‍ ജെയേന്ദ്ര സരസ്വതിയുടെ അറസ്റ്റോടെയാണ് പുറമേ നിന്നു നോക്കിയാല്‍ അടിമുടി ആത്മീയവും ദൈവീകവുമായ പരിവേഷത്തില്‍ കുളിച്ചു നിന്നിരുന്ന നിരവധി സ്ഥാപനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന അന്തര്‍നാടകങ്ങളുടെ ഒരേകദേശ രൂപം ജനങ്ങള്‍ക്കു മനസ്സിലായത്. ആ കഥ എവിടെ നിന്നു തുടങ്ങി എവിടെ വരെ ചെന്നെത്തി ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്നെല്ലാം സ്വതവേ മറവിക്കാരായ ജനങ്ങള്‍ മറന്നിരിക്കുന്നു. വിവാദപരവും വലിയ വലിയ ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ കേസുകളില്‍ സാധാരണ സംഭവിക്കാറുള്ളതു പോലെ ഇവിടെയും പ്രധാനപ്പെട്ട സാക്ഷികള്‍ കൂറു മാറി എന്നതായിരുന്നു ഒടുവില്‍ കേട്ട വാര്‍ത്ത.

അതിനു ശേഷം സന്തോഷ് മാധവന്‍ പിടിയിലായതോടു കൂടി കൂടുതല്‍ കള്ള സ്വാമിമാരും ആശ്രമങ്ങളും സംശത്തിന്റെ പിടിയിലായി. ഛോട്ടാ മോട്ടാ ആശ്രമങ്ങള്‍ക്കും ആള്‍ ദൈവങ്ങള്‍ക്കും നേരെ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുകയും കുറേപ്പേരെ അറസ്റ്റ് ചെത് കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ക്കു ശേഷം ഒന്നു തണുത്തു നിന്ന ആശ്രമരംഗം വീണ്ടും മാദ്ധ്യമ ശ്രദ്ധയിലേക്കു വന്നിരിക്കുകയാണ്.

അതിനു വീണ്ടും തുടക്കമിട്ടത് ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ഭക്ത വൃന്ദങ്ങളുള്ള നിത്യാനന്ദ സ്വാമി എന്ന വിരുതനും. സ്വാമി ഒരു ചലച്ചിത്ര നടിയുമായി ആനന്ദം പങ്കിടുന്നതിന്റെ നയനാനന്ദകരമായ കാഴ്ചകള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ ഒരു ടി.വി. ചാനല്‍ കാഴ്ച വയ്ക്കുന്നതോടു കൂടി വിവാദം ആളിപ്പടരുന്നു. പല പല വഴികളായി തീയും പുകയുമായി പടര്‍ന്നു കയറിയ ശേഷം ആ വിവാദവും ഇപ്പോള്‍ കെട്ടടങ്ങിയ മട്ടാണ്.

ഇത്രയെല്ലാം ജനശ്രദ്ധ ആശ്രമങ്ങള്‍ക്കു മീതെ ഉണ്ടായിട്ടും, അവിടങ്ങളില്‍ നിര്‍ബാധം അരങ്ങേറിക്കൊണ്ടിരിക്കുന്നത് പ്രാര്‍ത്ഥനയോ കൌണ്‍സിലിംഗോ ഒന്നുമല്ല എന്നു തെളിയിക്കും വിധമാണ് അട്ടപ്പാടിയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. ഇക്കുറി ഒരു ക്രിസ്ത്യന്‍ ആശ്രമത്തിന്റേതാണ് ഊഴം. അട്ടപ്പാടി അസീസീ കാരുണ്യാശ്രമത്തില്‍ പെണ്‍കുട്ടികളെ പീഢിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ രണ്ടു പേര്‍ക്കെതിരെ (ബ്രദേഴ്സ്) കേസെടുത്തിരിക്കുകയാണിപ്പോള്‍.

ഇതു സംബന്ധിച്ച മാതൃഭൂമിയില്‍ വന്ന വാര്‍ത്ത താഴെ കൊടുക്കുന്നു :
അസീസി ആശ്രമം അടച്ചുപൂട്ടി; അന്തേവാസികളെ മാറ്റി

Posted on: 28 Jun 2010
പാലക്കാട്: പെണ്‍കുട്ടികളായ അന്തേവാസികള്‍ പീഡനത്തിനിരയായ അട്ടപ്പാടിയിലെ അസീസി കാരുണ്യാശ്രമം സാമൂഹ്യക്ഷേമവകുപ്പ് അധികൃതരെത്തി അടച്ചുപൂട്ടി. ആശ്രമത്തിലെ അന്തേവാസികളെ സര്‍ക്കാരിന്റെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. അന്തേവാസികളെ പീഡിപ്പിച്ച എറണാകുളം സ്വദേശികളായ ബ്രദര്‍ പാട്രിക്, ബ്രദര്‍ ജോഷി എന്നിവരെ പോലീസ് തിരയുന്നുണ്ട്.

ആശ്രമത്തിലെ അഞ്ച് പെണ്‍കുട്ടികള്‍ അവിടെ നിന്ന് രക്ഷപ്പെട്ട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയതാണ് സംഭവം പുറത്തുവരാന്‍ കാരണം. ബ്രദര്‍ പാട്രിക് അടക്കമുള്ളവരുടെ ശാരീരിക പീഡനം മൂലം രക്ഷപ്പെടുകയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രക്ഷ വില്ലേജ് ട്രസ്റ്റിനു കീഴിലാണ് അസീസി ആശ്രമം പ്രവര്‍ത്തിക്കുന്നത്. മുപ്പത്തിയഞ്ചോളം പേര്‍ ഇവിടെ അന്തേവാസികളായുണ്ട്. http://www.mathrubhumi.com/story.php?id=109835

http://timesofindia.indiatimes.com/india/Attempt-to-rape-case-against-2-Christian-centre-councillors/articleshow/6099739.cms

പാട്രിക് ജോര്‍ജിനെതിരെ സ്ത്രീപീഡനം, ബലാത്സംഗശ്രമം എന്നീ കുറ്റങ്ങള്‍ക്കും ജോസി ജോര്‍ജിനെതിരെ സ്ത്രീപീഡനത്തിനുമാണ് കേസ്. കൗണ്‍സലിങ് എന്നപേരില്‍ രാത്രിയില്‍ ഇവര്‍ ലൈംഗികപീഡനം നടത്തുകയായിരുന്നെന്ന് പെണ്‍കുട്ടികളുടെ മൊഴി. പരസ്​പരം സംസാരിക്കാന്‍ അനുവാദമില്ലാതിരുന്നതിനാല്‍ പെണ്‍കുട്ടികള്‍ക്ക് പീഡനത്തിന്റെ വിവരം ആരെയും അറിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, അടുത്തിടെ ആശ്രമത്തില്‍ ഒരുമിച്ചുകൂടാന്‍ അവസരം ലഭിച്ചപ്പോഴാണ് എല്ലാവരും ഒരുപോലെ പീഡനം നേരിടുന്നതായി മനസ്സിലാക്കിയതെന്നും തുടര്‍ന്ന് തങ്ങള്‍ രക്ഷപ്പെടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു.

പ്രണയപരാജയത്തിന്റെ മാനസിക ആഘാതത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഇവരെ കൌണ്‍സിലിംഗിന് ആശ്രമത്തില്‍ പ്രവേശിപ്പിച്ചത് എന്നും പത്രങ്ങള്‍. http://news.keralakaumudi.com/beta/news.php?nid=c3f7c464a6d899fcac5f76acf186807f
ഏതായാലും പറ്റിയ സ്ഥലത്തു തന്നെയാണ് മാതാപിതാക്കള്‍ പ്രായപൂര്‍ത്തിയായ പെണ്‍‌മക്കളെ കൊണ്ടേല്‍പ്പിച്ചത്. സഹോദരിമാരുടെ ദു:ഖമകറ്റാന്‍ സഹോദരന്മാര്‍ കിണഞ്ഞു തന്നെ പരിശ്രമിച്ചു എന്നു വേണം കരുതാന്‍.

ആശ്രമങ്ങള്‍ ഹിന്ദുവിന്റേയോ ക്രിസ്ത്യാനിയുടേയോ ആരുടെയായാലെന്താ ലൈംഗിക പീഢനം എന്നത് ഇക്കൂട്ടരുടെ ദൈനം ദിന കാര്യപരിപാടികളുടെ ഒരു ഭാഗമാണെന്നു തോന്നും തുടരെത്തുടരെ വരുന്ന ഇത്തരം വാര്‍ത്തകള്‍ വായിച്ചാല്‍.

ഇങ്ങനെയൊക്കെ നിരന്തരം കൂട്ടപീഢനങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നിട്ടും ആശ്രമങ്ങള്‍ക്കും അവരുടെ നടത്തിപ്പുകാര്‍ക്കും ഇരകളെക്കിട്ടാന്‍ യാതൊരു വിധ ക്ഷാമവുമില്ല എന്നാണ് ഈ വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നത്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലുമെല്ലാം മുന്നോക്കം നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം എന്നു അഭിമാനിക്കുന്ന നമുക്ക്, അറിവുകള്‍ കൊണ്ടെന്തു പ്രയോജനം എന്നു നാം മൂക്കത്തു വിരല്‍ വച്ചു പോകുന്നു.2010, ജൂൺ 17, വ്യാഴാഴ്‌ച

അഭിമാനക്കൊലപാതകങ്ങള്‍കൊലപാതകങ്ങളും, ചോരയും, കത്തിയുമെല്ലാം ഇന്ന് കൊച്ചു കുട്ടികളില്‍ പ്പോലും ഒരു നടുക്കവും ഉണര്‍ത്തുന്നില്ല. വാര്‍ത്തകളിലൂടെ, സിനിമകളിലൂടെ, സീരിയലുകളിലൂടെ, ടി.വി.സ്ക്രീനുകള്‍ നമ്മുടെ മുന്നില്‍ കാഴ്ച വയ്ക്കുന്ന ദൈനം ദിന പൂജകളായിത്തീര്‍ന്നിരിക്കുന്നു അവയൊക്കെ. എന്നിരിക്കിലും ചില വാര്‍ത്തകളെങ്കിലും ചങ്കിലേക്കു മൂര്‍ച്ചയുള്ള കത്തി പോലെ കയറിപ്പോകുന്നു.ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നത്.

ഭക്ഷണം, വസ്ത്രം അതു കഴിഞ്ഞാല്‍ പിന്നെ പാര്‍പ്പിടം അഥവാ വീട്. വീട് നല്‍കുന്നത് സുരക്ഷിതത്വമാണ്, സ്നേഹമാണ്, സാന്ത്വനമാണ്. പുറത്ത് എന്തെങ്കിലും അരക്ഷിതാവസ്ഥയുണ്ടാകുമ്പോള്‍, ഗുണ്ടയാണെങ്കില്‍പ്പോലും, ഓടിയെത്തുന്നത് സ്വന്തം വീട്ടിലേക്കാണ്. പക്ഷെ രക്ഷയില്ലാതെ വരുന്നത് സ്വന്തം വീട്ടില്‍ നിന്നാണെങ്കിലോ? ശ്വാസം മുട്ടി പിടഞ്ഞു പിടഞ്ഞ് ചലനങ്ങള്‍ നിലച്ച് ശരീരം നിശ്ചേതനമാവുന്നത്, ഇറച്ചിയിലേക്കാഴ്ന്നിറങ്ങിയ വേദനിപ്പിക്കുന്ന മുറിവുകളിലൂടെ രക്തം വാര്‍ന്നു വാര്‍ന്നു തീര്‍ന്ന് ശരീരം തളര്‍ന്ന് വെറുങ്ങലിക്കുന്നത്, സ്വന്തം വീടിന്റെ നാലു ചുമരുകള്‍ക്കുള്ളിലെവിടെയെങ്കിലുമാണെങ്കിലോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വിവിധ സാഹചര്യങ്ങളില്‍ അങ്ങിനെയും സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നത് ഹൃദയഭേദകമാണെങ്കിലും യാഥാര്‍ത്ഥ്യമാണ്.

നിരുപമയുടെ കഥ ഒരു പക്ഷേ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടായിരിക്കും. ദില്ലിയിലെ നിരുപമാ പാഥക് എന്ന 22 വയസ്സുകാരിയായ പത്ര പ്രവര്‍ത്തകയെ കൊലചെയ്തത് സ്വന്തം വീട്ടുകാര്‍ തന്നെയായിരുന്നു. കാരണം നിരുപമ സഹപാഠിയായ പ്രിയഭന്‍ഷു രഞ്ജനുമായി പ്രണയത്തിലായിരുന്നു. തങ്ങളുടേതിനേക്കാള്‍ താഴ്ന്ന ജാതിയില്‍ ജനിച്ചൊരാള്‍ മകളുടെ ഭര്‍ത്താവായി വരുന്നത് നിരുപമയുടെ ബന്ധുക്കള്‍ക്ക് സഹിക്കാനാവുന്നതിലുമപ്പുറമായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 29നാണ് നിരുപമയെ സ്വന്തം ബന്ധുക്കള്‍ തന്നെ വീട്ടിലെ കിടപ്പു മുറിയില്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുന്നത്. നിരുപമയുടെ മരണം ആദ്യം ഒരാത്മഹത്യയായി എഴുതിത്തള്ളാനുള്ള ശ്രമം നടന്നുവെങ്കിലും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് അതൊരു കൊലപാതകമായിരുന്നുവെന്ന് സ്ഥിരീകരിക്കുകയും നിരുപമയുടെ അമ്മ സുധാ പാഥക്കിനെത്തന്നെ കൊലപാതകക്കുറ്റത്തിന് അറസ്റ്റു ചെയ്യുകയുമായിരുന്നു. കൃത്യത്തില്‍ ഒന്നിലധികം പേരുടെ പങ്കുണ്ടായിരുന്നുവെന്ന് സംശയലേശമന്യേ വ്യക്തമായിരുന്നു. വീട്ടുകാരുടെ അഭിമാനം സംരക്ഷിക്കേണ്ടതിന് നിരുപമ ബലിയാക്കപ്പെട്ടു.


ഇപ്പോള്‍ വീണ്ടുമിതാ മറ്റൊരു കൊലപാതകം കൂടി ഇന്ത്യയുടെ തലസ്ഥാന നഗരിയായ ദില്ലിയില്‍ അരങ്ങേറിയിരിക്കുന്നു. 19വയസ്സുകാരിയായ ആഷാ സൈനിയേയും, 21 വയസ്സുകാരനായ കാമുകന്‍ യോഗേഷ് ജാദവിനേയും വീട്ടിനുള്ളില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം അതി ക്രൂരമായി ഇരുമ്പു ബാറുകള്‍ കൊണ്ട് പീഡിപ്പിച്ചതിനു ശേഷം വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തിയതിന്റെ വാര്‍ത്തകള്‍ ചുരുളഴിഞ്ഞു കൊണ്ടിരിക്കുന്നു.

കുറ്റ കൃത്യം നടന്നത് ആഷയെ ബലമായി താമസിപ്പിച്ചുകൊണ്ടിരുന്ന അമ്മാവന്റെ വീട്ടില്‍ വച്ചും. സംഭവം നടന്നതിന്റെ പിറ്റേന്നു രാവിലെ സംശയാലുക്കളായ അയല്‍‌വാസിളുടെ കാഴ്ചയെ എതിരേറ്റത് ചോരയില്‍ക്കുളിച്ചു കിടക്കുന്ന മൃതദേഹങ്ങളായിരുന്നു. കൊലപാതകക്കുറ്റത്തിന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും അറസ്റ്റ് ചെയ്യപ്പെടുകയും ഇതൊരു അഭിമാനക്കൊലപാതകമായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു.കുറ്റം ചെറുക്കന്‍ താഴ്ന്ന ജാതിക്കാരന്‍ എന്നതു തന്നെ. ചെയ്ത് കുറ്റത്തിന് യാതൊരു പശ്ചാത്താപവുമില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ഏറ്റു പറഞ്ഞിരിക്കുന്നു.


http://news.bbc.co.uk/2/hi/world/south_asia/10316249.stm

ഇതിലെല്ലാം മുഖ്യമായിട്ടുള്ളത് കൊലപാതകങ്ങള്‍ നടത്തിയവരെന്നു സംശയിക്കുന്ന ആള്‍ക്കാരെല്ലാം അഭ്യസ്തവിദ്യരും ജീവിതത്തിന്റെ ഉയര്‍ന്ന തലങ്ങളിലുള്ളവരുമാണന്നതാണ്. സ്വന്തം ജാതിയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുവാന്‍ ചെയ്ത ഒരു ത്യാഗമായിട്ടാണ്, ഒരു സല്‍ക്കര്‍മ്മമായിട്ടാണ് അവരിതിനെ കാണുന്നത്. ഓമനിച്ച്, താലോലിച്ച്, എടുത്തു വളര്‍ത്തി വലുതാക്കിയ കൈകള്‍ കൊണ്ടു തന്നെ സ്വന്തം ചോരയുടെ കഴുത്തു ഞെരിക്കുവാന്‍ പ്രേരിപ്പിക്കുന്ന അഭിമാനം കൊണ്ട് എന്തു പുണ്യമാണ് നാം നേടുന്നത്? ചോരയില്‍ കുതിര്‍ന്ന ഇത്തരം അഭിമാനങ്ങള്‍ വീണ്ടും കളങ്കപ്പെട്ടാല്‍ എത്ര മാത്രം ചോര പിന്നെയുമൊഴുക്കേണ്ടതായി വരും?

നാട്ടുകാരും, ഗ്രാമ പഞ്ചായത്തുകളും ഇടപെട്ട് നടപ്പിലാക്കുന്ന കൊലപാതകങ്ങളും ഉത്തരേന്തയില്‍ നിരവധിയാണ്. പ്രായപൂര്‍ത്തിയായ ഒരാണിനും പെണ്ണിനും സ്വതന്ത്ര ഇന്ത്യയില്‍ സ്വന്തം ജാതിക്കു പുറത്ത് പ്രണയിക്കാനോ, വിവാഹം കഴിക്കാനോ, ഭീതി കൂടാതെ ജീവിക്കാനോ കഴിയാത്ത അവസ്ഥ ദുസ്സഹം തന്നെ.

മനസ്സാക്ഷിയുള്ളവര്‍ക്കെല്ലാം ഒരു ഞെട്ടലോടെയല്ലാതെ കാണാന്‍ കഴിയാത്ത ഇത്തരം വാര്‍ത്തകള്‍ കേട്ട് ഹര്‍ഷപുളകിതരാകുന്നവരുടെ ഒരു സമൂഹം നമുക്കിടയില്‍ ഉണ്ട് എന്ന് പേടിയോടെയാണ് നാം മനസ്സിലാക്കുന്നത്. ഇതാണ് നമ്മുടെ ചിന്തകളിലേക്ക് കനലുകള്‍ വാരിയിടുന്നത്. ജാതി മത ഭ്രാന്തിന്റെ ബീഭത്സമായ മറ്റൊരു മുഖം അതിനൂതനമെന്ന് നാം വിശേഷിപ്പിക്കുന്ന ഈ കാലത്തിലും നമ്മുടെ മുഖങ്ങള്‍ക്കു പിറകില്‍ ഒളിച്ചിരിപ്പുണ്ട്.

ജാതിയും മതവും സമൂഹത്തിലെ അര്‍ബുദമാണെന്നും അതിനെ വേരോടെ പറിച്ചെറിയണമെന്നും പഠിപ്പിച്ച സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളുടെ തലമുറ അന്യം നിന്നു പോയിരിക്കുന്നു. അവര്‍ പറഞ്ഞതെല്ലാം നാം പാടെ മറന്നു പോയിരിക്കുന്നു‍. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പ്രബുദ്ധരായവര്‍ എന്നഭിമാനിക്കുന്നവരുടെ കേരളത്തിലാണെങ്കിലോ നടേശന്മാരും, നാരായണപ്പണിക്കരുമാരും, തങ്ങളുമാരും, പാതിരിമാരും ജനങ്ങളുടെ മേല്‍ തങ്ങള്‍ക്കുള്ള സ്വാധീനം അനുദിനം വര്‍ദ്ധിപ്പിക്കുവാനുള്ള കുതന്ത്രങ്ങള്‍ മെനയുകയും തെരുവുകളിലൂടെ സ്വന്തം അനുയായികളെ നിറമുള്ള ഉടുപ്പുകള്‍ അണിയിച്ചിറക്കി ശക്തി പ്രകടനങ്ങള്‍ നടത്തുകയുമാണ്. അവരുടെ നാറുന്ന കാല്‍ക്കീഴിലാണ് രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാവരും.

പ്രകടനങ്ങളിലും, ഘോഷയാത്രകളിലും മനുഷ്യരില്ല. കണ്ണു മഞ്ഞളിപ്പിക്കുന്ന നിറങ്ങള്‍ മാത്രമേയുള്ളു. കോലം കെട്ടിയ നിറങ്ങളുടെ ഐക്യപ്പെടല്‍, ഉറഞ്ഞാട്ടം, ഊറ്റം കൊള്ളല്‍, കൊലവിളികള്‍. ഭീതിദമായ ഒരു വിപത്തു പോലെ വളഞ്ഞു പുളഞ്ഞ് തെരുവു നിറഞ്ഞു നീങ്ങുന്ന, വായ മുതല്‍ വാലു വരെ ഒരേ നിറമുള്ള ഭീകര ജീവികളെ ഓര്‍മ്മിപ്പിക്കുന്നു ഇത്തരം ജാഥകളും, ഘോഷ യാത്രകളും.

സാമൂഹ്യ ബഹിഷ്ക്കരണങ്ങളും, ഊരു വിലക്കുകളും, പല ജാതിക്കാരും തങ്ങള്‍ക്കിടയിലുള്ള ‘താന്തോന്നി’കളെ നിലക്കു നിര്‍ത്താനായി ഉപയോഗിച്ചു വരുന്നുണ്ട്. ഉണ്ണിത്താനെ ശിക്ഷിച്ചതു പോലുള്ള രാഷ്ട്രീയ ഗുണ്ടാ സംഘങ്ങളും നിയന്ത്രണങ്ങളില്ലാതെ നടക്കുന്നുണ്ട്. അഭിമാനക്കൊലപാതകങ്ങള്‍ നമ്മുടെ നാട്ടിലും അരങ്ങേറില്ലെന്നും അല്ലെങ്കില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നില്ലെന്നും ആരു കണ്ടു?