
ഒടുവില്‍ ജ്യോതി ബസുവും ഒരോര്‍മ്മ.
പൂജാ മന്ത്രങ്ങളുടെ അകമ്പടിയില്ലാതെ, മതപരമായ ചടങ്ങുകളില്ലാതെ, ആശുപത്രി മോര്‍ച്ചറിയിലെ തണുപ്പില്‍ ജീവശാസ്ത്ര വിദ്യാര്‍ത്ഥികളുടെ അറിവിനു തുണയായിത്തീരും ഇനി മുതല്‍ അദ്ദേഹത്തിന്റെ ഭൌതിക ശരീരം. അന്ധതയില്‍ നിന്നും മനുഷ്യനെ പ്രകാശത്തിലേക്കു നയിക്കും അദ്ദേഹം ദാനം ചെയ്ത കണ്ണുകള്‍.
ശരീരത്തോടുള്ള സ്നേഹം വിട്ടു മാറാത്തതിനാല്‍ വേര്‍പെട്ട ആത്മാവ് മുന്നോട്ടുള്ള പ്രയാണം തുടങ്ങാതെ അവിടെത്തന്നെ ചുറ്റിപ്പറ്റി നില്‍ക്കാതിരിക്കാനാണ് മൃതദേഹങ്ങള്‍ കത്തിക്കുന്നതെന്നാണ് ഹിന്ദു വിശ്വാസം. ഇത്തരം വികലമായ ഒരു പാടു വിശ്വാസങ്ങളുടെ ശവപ്പറമ്പാണ് ഒട്ടു മിക്ക മതങ്ങളും.
ഇവയുടെയെല്ലാം പൊള്ളത്തരങ്ങള്‍ പൊതുജനമദ്ധ്യത്തില്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ തുറന്നു കാട്ടേണ്ടത് സ്വന്തം ജീവിതത്തില്‍ അതു പകര്‍ത്തിക്കൊണ്ടായിരിക്കണമെന്ന് സ്വന്തം ശരീരം പഠനാവശ്യങ്ങള്‍ക്കായി മെഡിക്കല്‍ കോളേജിനു വിട്ടു കൊടുക്കാനുള്ള അദ്ദേഹത്തിന്റെ ധീരമായ തീരുമാനം തെളിയിച്ചിരിക്കുന്നു.
സ്വന്തം വിശ്വാസങ്ങള്‍ക്കനുസരിച്ചു ജീവിക്കാനും, മരണത്തിലും അതു പ്രാവര്‍ത്തികമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു എന്നതും അദ്ദേഹത്തിന്റെ മഹത്വം.
മന്ത്രിയാകും മുമ്പേ ശത്രുസംഹാര പൂജ, പൂ മൂടല്‍, വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു പോയ ഭാര്യയുടെ അത്മാവുമായുള്ള സംഭാഷണങ്ങള്‍ തുടങ്ങിയവ നടത്തുന്ന കമ്യൂണിസ്റ്റു പ്രമുഖരെ ഇത്തരുണത്തില്‍ ഓര്‍ത്തു പോകുന്നു.
പുരോഗമന സിദ്ധാന്തങ്ങളിലാണോ അതോ മത/ദൈവ വിശ്വാസങ്ങളിലാണോ തന്റെ കൂറ് അധിഷ്ഠിതമായിരിക്കേണ്ടത് എന്ന് ഇന്നും ശങ്കിച്ചു നില്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാരുള്‍പ്പെടെഒട്ടനവധി പേര്‍ക്ക് ബസുവിന്റെ ഈ തീരുമാനം പ്രചോദനമാകട്ടെ.