2015, ജനുവരി 24, ശനിയാഴ്‌ച

പി.കെ. ചിരിക്കുമ്പോള്‍ ...ആവിഷ്കാര സ്വാതന്ത്ര്യവും പാരമ്പര്യ വിശ്വാസങ്ങളും പരസ്പരം കൊമ്പു കോര്‍ക്കുന്ന കാഴ്ചയ്ക്ക് ചരിത്രം എന്നും സാക്ഷിയായി നിന്നിട്ടുണ്ട്. ഇത്തരം കളങ്കിത മുഹൂര്‍ത്തങ്ങള്‍ക്ക് കാലദേശഭേദങ്ങള്‍ ഒരിക്കലും ഒരു പരിമിതിയായിരുന്നിട്ടില്ല. 1898-ല്‍ അന്നത്തെ വിശ്വോത്തര ചിത്രകാരനായിരുന്ന രാജാ രവി വര്‍മ്മയ്ക്കെതിരെയും ഉയര്‍ന്നിരുന്നു അസഹിഷ്ണതയുടെ അസ്വാരസ്യങ്ങള്‍. ദേവീ ദേവന്മാരുടെ ചിത്രങ്ങള്‍ക്ക്  രവി വര്‍മ്മ മനുഷ്യ മുഖങ്ങള്‍ വരച്ചു എന്നതായിരുന്നു ഒരു പറ്റം ഹിന്ദുക്കള്‍ അദ്ദേഹത്തിനു മേല്‍ ചാര്‍ത്തിയ കുറ്റം. തന്നെയുമല്ല രവി വര്‍മ്മ ചിത്രങ്ങളില്‍ അശ്ലീലതയുണ്ടെന്ന ആരോപണവും പ്രബലമായിരുന്നതിനാല്‍ കോടതി വരെ കയറേണ്ടതായ ദുര്‍ഗ്ഗതിയുണ്ടായി അദ്ദേഹത്തിന്. എന്നിട്ടും തന്റെ സ്വാതന്ത്ര്യത്തിനു മേല്‍ കുതിര കയറുവാന്‍ ആര്‍ക്കു മുന്നിലും അദ്ദേഹം നിന്നു കൊടുത്തില്ല. കേസു കൈകാര്യം ചെയ്ത മുംബൈ കോടതി ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞ്  അദ്ദേഹത്തെ കുറ്റ വിമുക്തനാക്കുകയാണു ചെയ്തത്.   കാലം ചെന്നപ്പോള്‍ രവി വര്‍മ്മ വരച്ച ചിത്രങ്ങള്‍ പ്രചുരപ്രചാരം നേടുകയും ദൈവങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊരു മുഖവുമില്ലാത്ത വിധം  അവയെല്ലാം ഭക്തമാനസങ്ങളില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു എന്നതൊരു വിരോധാഭാസമായി തോന്നാം.

ജനാധിപത്യത്തിനും അതു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നില കൊള്ളുന്നു എന്നുദ്ഘോഷിക്കുന്ന ഇന്ത്യയില്‍ ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ക്കു നേരെ നടക്കുന്ന കയ്യേറ്റങ്ങള്‍ നിരവധിയാണ്. ചിത്രരചനയായാലും, പുസ്തകങ്ങളായാലും, സിനിമയായാലും തങ്ങള്‍ക്കു രുചിക്കാത്തത് മറ്റാരും തൊടരുത് എന്നു പറയാന്‍ തക്ക വണ്ണം ബുദ്ധിമാന്ദ്യം വന്ന ഒരു പറ്റം ആള്‍ക്കാര്‍ തങ്ങളുടെ ഇംഗിതങ്ങള്‍ ബലപ്രയോഗങ്ങള്‍ വഴി മറ്റുള്ളവരുടെ മേള്‍ അടിച്ചേല്‍പ്പിക്കുന്ന കാഴ്ചകള്‍ ഏറി വരികയാണ്.  വന്നു വന്ന്, അതിപ്പോള്‍ എത്തി നില്‍ക്കുന്നത്  വിധു വിനോദ് ചോപ്ര  നിര്‍മ്മിച്ച് രാജ് കുമാര്‍ ഹീരാനി സംവിധാനം ചെയ്ത പി.കെ. എന്ന ഹിന്ദി സിനിമയ്ക്കു മുന്നിലാണ്. അമീര്‍ ഖാന്‍ അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ മാത്രമാണെങ്കിലും ഇത് അമീര്‍ ഖാന്‍ നിര്‍മ്മിച്ച സിനിമയെന്ന രീതിയിലാണ് ചിത്രത്തിനെതിരേ അണി നിരന്നിട്ടുള്ളവര്‍ പ്രചരിപ്പിക്കുന്നത്. അമീര്‍ ഖാന്‍ എന്ന നടന്റെ ജാതിയും മതവുമാണ് അല്ലാതെ അദ്ദേഹത്തിന്റെ അഭിനയ മികവല്ല ഇവരുടെ ശ്രദ്ധയില്‍ വന്നതും, അതു വച്ച് കൊണ്ടാണ് ഇവരെല്ലാം മുതലെടുക്കുവാന്‍ ശ്രമിക്കുന്നതും.

പി.കെ. എന്നത് വളരെ ഉദാത്തമായ ചിത്രമാണെന്ന് അതിന്റെ നിര്‍മ്മാതാക്കളോ, അണിയറയിലുള്ളവരോ  പറയുമെന്ന് തോന്നുന്നില്ല. പ്രണയവും, സെക്സും, ഹാസ്യവും, വൈകാരികതയും, പ്രേമ സാഫല്യവും എന്നു വേണ്ട ഒരു ബോളിവുഡ് മസാല ചിത്രത്തിനു വേണ്ടതെല്ലാം ചേരും പടി ചേര്‍ത്തിട്ടുണ്ട് ചിത്രത്തില്‍. സിനിമയില്‍ കാണിച്ചിരിക്കുന്നതു പോലെ പാകിസ്ഥാനിയായ ആണും, ഇന്ത്യക്കാരിയായ പെണ്ണും പരസ്പരം അനുരാഗഗ്രസ്ഥരാകുന്നതിലും വലിയ പുതുമയൊന്നുമില്ല. ഇത്തരം ഗിമ്മിക്കുകള്‍ക്ക് ഒരു സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പ്രസക്തി മാത്രമേയുള്ളു. പക്ഷേ ചിത്രത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തിന് വളരെ വ്യക്തമായ ഒരു സന്ദേശം കൊടുക്കണെമെന്നെ  ലക്ഷ്യം ഉണ്ടായിരുന്നതായി ചിത്രം കാണുമ്പോള്‍ ബോധ്യപ്പെടുന്നതാണ്. അതിനാല്‍ ത്തന്നെ പ്രസ്തുത ചിത്രം ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ ചിലരുടെയെല്ലാം ഉറക്കം കെടുത്തുന്നുണ്ട് എന്നത് ചിത്രത്തിന്റെ സാമൂഹികമായ ദൌത്യം വിജയം കണ്ടു എന്നതിനു നിദാനമായിക്കാണാം. ഇത്തരം ചലനങ്ങള്‍ നല്ലതാണ്. നിരന്തരം ഉറങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന് ഇടയ്ക്കെല്ലാം ഒരു പിടിച്ചു കുലുക്കലിന്റെ ആവശ്യമുണ്ട്. (നില്പു സമരക്കാരെ തിരിഞ്ഞു നോക്കാതെ പോയവര്‍,  ചുംബന സമരക്കാര്‍ തെരുവിലിറങ്ങിയപ്പോള്‍ മൂടിളകി ഹാലിളകി കുരച്ചു ചാടിയതും നാം കണ്ടതാണല്ലോ).


ഒരാകാശപേടകം പൊടി പടലങ്ങളുയര്‍ത്തി രാജസ്ഥാനിലെ ഒരു മരുപ്രദേശത്തു വന്നിറങ്ങുന്നു. അതില്‍ നിന്നും പുറത്തു വരുന്ന മനുഷ്യന്റെ ആകാരമുള്ള അന്യഗ്രഹ ജീവിയാകട്ടെ തികച്ചും നഗ്നന്‍. ടിയാന്റെ കഴുത്തില്‍ കല്ലു പതിപ്പിച്ച ലോക്കറ്റു പോലെ തോന്നിക്കുന്ന എന്തോ ഉണ്ട്.  മാതൃ പേടകവുമായി സംവദിക്കുവാന്‍ വേണ്ടിയുള്ള റിമോട്ട് കണ്‍‌ട്രോള്‍ ആണതെന്ന് നമുക്ക് പുറകേ മനസ്സിലായിക്കൊള്ളും.  അന്യഗ്രഹ ജീവി എന്ന പേരു കേള്‍ക്കുമ്പോള്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗിന്റെ ഇ.ടി. എന്ന സിനിമയിലെ പ്രസിദ്ധമായ കഥാ പാത്രത്തെയാണ് പെട്ടെന്ന് ഓര്‍മ്മ വരിക. ഡേവിഡ് കാമറൂണിന്റെ അവതാര്‍ എന്ന ചിത്രത്തിലുമുണ്ട് മനുഷ്യരില്‍ നിന്നും വളരെ വ്യത്യസ്തത പുലര്‍ത്തുന്ന അന്യഗ്രഹ ജീവികള്‍. പക്ഷേ ഇ.ടി. യില്‍ നിന്നും പി.കെ. യിലേക്കെത്തുമ്പോള്‍ അന്യഗ്രഹ ജീവി അമീര്‍ ഖാന്റെ രൂപത്തില്‍ രോമരഹിതനായ സിക്സ് പാക്കോടു കൂടിയ തനി ഹിന്ദി സിനിമാ നടന്‍ തന്നെ. അതിനു ചിത്രത്തിന്റെ സംവിധായകനെ കുറ്റം പറയാനാവില്ല. മനുഷ്യരെപ്പോലെയുള്ള ജീവികള്‍ മറ്റു ഗ്രഹങ്ങളിലും ഉണ്ടാകാം എന്ന സാധ്യത ആര്‍ക്കും തള്ളിക്കളയാനാവില്ലല്ലോ.


ഏതായാലും വന്നിറങ്ങി നിമിഷങ്ങള്‍ക്കകം കക്ഷിക്കു പണി കിട്ടി.  ‘പ്രൌഡ് ടു ബി ഇന്ത്യന്‍’ ആയൊരാള്‍ കക്ഷിയുടെ കഴുത്തില്‍ കിടന്നിരുന്ന റിമോട്ട് പൊടുന്നനെ പറിച്ചെടുത്ത് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറി രക്ഷപ്പെട്ടു.  മാതൃപേടകവുമായുണ്ടായിരുന്ന ബന്ധം മുറിഞ്ഞതിനാല്‍ അനാഥനായിത്തീര്‍ന്ന കക്ഷിക്കിനി ഏതു വിധേനെയും റിമോട്ടു കണ്ടെടുത്തേ പറ്റൂ എന്ന വിഷമസന്ധിയില്‍ കൊണ്ടു ചെന്നു നിര്‍ത്തിക്കൊണ്ട് കഥയ്ക്കു വെള്ളമൊഴിച്ചു കൊടുക്കുകയാണ് തിരക്കഥാകൃത്ത്. റിമോട്ടിനു വേണ്ടിയുള്ള മല്‍പ്പിടുത്തത്തിനിടയില്‍ കള്ളന്റെ കയ്യില്‍ നിന്നും കിട്ടിയ റേഡിയോ മാത്രമായിത്തീര്‍ന്നു നൂല്‍ ബന്ധമില്ലാതെ ഭൂമിയില്‍ വന്നിറങ്ങിയ ജീവിയുടെ നാണം മറയ്ക്കാന്‍ ക്യാമറാമാനും സംവിധായകനും കണ്ടെത്തിയ ഒരേ ഒരുപകരണം.ഈ റേഡിയോയ്ക്ക് വളരെ വൈകാരികമയി കഥയിലിടപെടാനുള്ള മറ്റൊരവസരം കൊടുത്തു കൊണ്ട് തിരക്കഥാകൃത്ത് ഈ വല്ലായ്മയില്‍ നിന്നും രക്ഷ നേടുന്നുണ്ട് കഥാന്ത്യത്തില്‍.

ഇനിയെന്ത് എന്ന ചോദ്യചിന്ഹവുമായി നടക്കുമ്പോഴാണ് കക്ഷി ഒരു കാഴ്ച കാണുന്നത്. നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളില്‍ ചിലത് ഉയരുകയും താഴുകയും ചെയ്യുന്നു. നിഷ്കളങ്കനായ ഏതു അന്യഗ്രഹജീവിക്കും ഉണ്ടാകാവുന്ന ആകാംക്ഷയോടെ ഈ ‘ഡാന്‍സിംഗ്‘ കാറുകളിലൊന്നിന്റെ ഉള്ളിലേക്കെത്തി നോക്കുമ്പാഴാണ് കക്ഷിക്ക് സമാധാനമാവുന്നത്. ഇവിടെയും തന്റെ ഗ്രഹത്തിലെപ്പോലെത്തന്നെ നഗ്നരായ ആളുകള്‍ തന്നെയാണുള്ളതെന്നും,  ആകെയുള്ള വ്യത്യാസം അവര്‍ ശരീരത്തെ മറയ്ക്കുവാന്‍ ചില വസ്ത്രങ്ങള്‍ അണിയുന്നുണ്ടെന്നതാണെന്നും തിരിച്ചറിയാന്‍ കക്ഷിക്ക് അധികം നേരമൊന്നും വേണ്ടി വന്നില്ല.  ഉടനെ തന്നെ കാറുകളിലൊന്നില്‍ അഴിച്ചിട്ടിരുന്ന വസ്ത്രങ്ങളെടുത്തു ധരിച്ച്, കാറില്‍ കണ്ട പഴ്സില്‍ നിന്നും കിട്ടിയ കാശുമായി കവലയിലൂടെ നീങ്ങിയ കക്ഷി പതുക്കെപ്പതുക്കെ പുതിയ പരിസരങ്ങളുമായി പൊരുത്തപ്പെടുന്നു. ഡാന്‍സിംഗ് കാറുകളില്‍ നിന്നും പല തരം വസ്ത്രങ്ങളും കാശും കൈയില്‍ വരാന്‍ തുടങ്ങിയപ്പോള്‍   അന്യഗ്രഹജീവിക്കും മനുഷ്യനെപ്പോലെ ജീവിച്ചു തുടങ്ങാമെന്നായി. ഭൂമിയിലെ ഭക്ഷണമാവട്ടെ അന്യഗ്രഹജീവിയുടെ വയറ്റില്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കുന്നതായിട്ടു കാണാത്തതിനാല്‍ ഇവിടത്തെപ്പോലെത്തന്നെയാവും അവിടെയും ഭക്ഷണത്തിന്റെ കാര്യത്തിലെങ്കിലും എന്നനുമാനിക്കേണ്ടിയിരിക്കുന്നു.

പക്ഷേ ഇങ്ങനെയങ്ങു പോയാലെങ്ങനാ?  കഥയിലൊരു വഴിത്തിരിവു വേണ്ടേ? അതാ കാറുമായി വരുന്നു സഞ്ജയ് ദത്തിന്റെ ‘ഭൈരോണ്‍ സിംഗ്’ എന്ന കഥാപാത്രം കക്ഷിയെ ഇടിച്ചു വീഴ്‌ത്താന്‍. അതോടു കൂടി രണ്ടു കക്ഷികളും തമ്മില്‍ ബഡാ ദോസ്തി. പക്ഷേ ഒരു പ്രശ്നം മാത്രം, സ്ത്രീകളെക്കണ്ടാല്‍ അന്യഗോള ജീവിക്ക് തീരെ ഇരിപ്പുറക്കാറില്ല. ഉടനെ ഓടിച്ചെന്ന് അവരുടെ കൈകളില്‍ കയറി പിടിക്കാനായിരിക്കും ശ്രമം.  ഈ പബ്ലിക്കായിട്ടുള്ള കൈ പിടുത്തം അത്ര പന്തിയല്ലാത്തതിനാല്‍ പെണ്ണുങ്ങളെല്ലാവരും ഒഴിഞ്ഞു മാറുകയുമാണ്.  തന്റെ ഭാര്യയെപ്പോലും ഇയാള്‍ വിടാന്‍ ഭാവമില്ലെന്നു വന്നപ്പോള്‍ ഭൈരോന്‍ സിംഗ് കക്ഷിയുടെ ഞരമ്പു രോഗം എന്താണെന്നൂഹിക്കുകയും, അതു മാറ്റാനുള്ള ഒറ്റമൂലിക്കായി ഭൂള്‍ഝഡിയ എന്നു പേരുള്ള ഒരഭിസാരികയുടെ അടുത്തെത്തിക്കുകയും ചെയ്യുന്നു. തന്റെ രണ്ടു കൈകളും പിടിച്ച് ആറു മണിക്കൂര്‍ ഒരേ ഇരിപ്പിലിരിക്കുന്ന കസ്റ്റമറെ ഭൂല്‍ഝഡിയയും ആദ്യമായിട്ടായിരിക്കണം കണ്ടിരിക്കുക. പ്രേക്ഷകരാകട്ടെ ഇത്രമാത്രമുള്ളോ അന്യഗ്രഹത്തിലെ കാര്യങ്ങളെന്നോര്‍ത്ത് നെടുവീര്‍പ്പിട്ടു തുടങ്ങുമ്പോഴാണ് മനസ്സിലാകുന്നത് കക്ഷി അവരില്‍ നിന്നും അവരുടെ ഭാഷ മുഴുവന്‍ തന്നിലേക്ക് കോപ്പിയടിക്കുകയായിരുന്നു എന്ന കാര്യം. അങ്ങിനെ നമ്മുടെ കക്ഷി. രാജസ്ഥാനി ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ പ്രാപ്തനാവുകയും, സംവിധായകനും, സ്ക്രിപ്റ്റ് റൈറ്റര്‍ക്കും എന്നു വേണ്ട ബാക്കി യൂണിറ്റിലുള്ള സകലമാന പേര്‍ക്കും കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. പെണ്ണുങ്ങളുടെ കൈകള്‍ കാണുമ്പോള്‍ കക്ഷിയ്ക്കു തോന്നിയിരുന്ന ബലഹീനത ഇതിനായിരുന്നോ എന്ന് , അമിത പ്രതീക്ഷകളോടെയെത്തിയ പ്രേക്ഷകരില്‍ ചിലര്‍ക്കൊക്കെ തോന്നിക്കാണണം.സിനിമയില്‍ കാര്യങ്ങള്‍ എളുപ്പത്തിലായാല്‍ പോരല്ലോ. ഒന്നു മുറുകുകയും അഴിയുകയും ഒക്കെ ചെയ്യേണ്ടെ. റിമോട്ട് കട്ടവനെ പിടിച്ചു തരാന്‍ പറഞ്ഞു കക്ഷിയതാ പോലീസ് സ്റ്റേഷനിലെത്തുന്നു. റിമോട്ട് കട്ടവനെ ദില്ലിയില്‍ തപ്പേണ്ടതിനു പകരം ലോക്കല്‍ മാര്‍ക്കറ്റിലാണോ തപ്പുന്നതെന്ന പരിഹാസത്തിന്റെ മുനയേറ്റ കക്ഷി ദില്ലിയിലെത്തുന്നു. റിമോട്ടിന്റെ കഥ കേട്ടവരൊക്കെ പറഞ്ഞു - ഇനി നിന്നെ രക്ഷിക്കുവാന്‍ ഭഗവാനു മാത്രമേ കഴിയൂ. വേഗം ഭഗവാനെ ചെന്നു കണ്ടോളൂ. അങ്ങനെയാണ് കക്ഷി ഭഗവാന്മാരെ ഒന്നൊന്നായി തിരയാന്‍ തുടങ്ങിയത്. പക്ഷെ കക്ഷിയുടെ സാക്ഷാല്‍ കഷ്ടകാലം ഇവിടെ നിന്നാണ് തുടങ്ങുന്നത്. ഏത്രയെത്ര ഭഗവാന്മാര്‍, എത്രയെത്ര ആരാധനാലയങ്ങള്‍, എത്രയെത്ര പൂജാക്രമങ്ങള്‍. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. ഒരിടത്ത് പൂജ്യമായത് വേറൊരിടത്ത് വര്‍ജ്ജ്യം. ഒരിടത്തു പാപമായത് വേറൊരിടത്തു പുണ്യം. ഒരിടത്ത് കറുത്ത വസ്ത്രമിട്ടാല്‍ വിധവ. മറ്റൊരിടത്ത് വിധവകളണിയുന്നത് വെള്ള വസ്ത്രം. (വെളുത്ത വസ്ത്രമിട്ട് പാട്ടും പാടി നടക്കുന്ന യക്ഷി കഥാപാത്രങ്ങളെ കാണാതിരുന്നതു ഭാഗ്യം)  എവിടേയ്ക്കു പോകും? ആരു പറയുന്നതു കേള്‍ക്കും? അന്യഗ്രഹത്തില്‍ നിന്നും വരുന്നൊരാള്‍ തെണ്ടിപ്പോകുകയല്ലേ ഉള്ളു.  ഭൂമിയിലുള്ളവരാകട്ടെ ജനിക്കും നാള്‍ മുതല്‍ ഇതൊക്കെ കണ്ടും കേട്ടും വളരുന്നതിനാല്‍ യാതൊരു കണ്‍ഫ്യൂഷനുമില്ലാതെ എല്ലാത്തരം ‘ഫാഷനുകളുടെയും ഒരു വലിയ ഫ്യൂഷനായിത്തന്നെ’ ഇതിനെയൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന കാര്യം കക്ഷിക്കുണ്ടോ അറിയുന്നു?

പക്ഷേ തന്റെ റിമോട്ടു കണ്ടു പിടിച്ചു തരാന്‍ കെല്പുള്ള ഭഗവാന്മാരെയൊന്നിനെയും കണ്ടെത്താന്‍ കഴിയാത്ത ദു:ഖത്തില്‍ നിഷ്കളങ്കനായ ടിയാന്‍ ഭഗവാന്മാരെ കാണ്മാനില്ല എന്ന് ഓരോ ദൈവങ്ങളുടേയും ഫോട്ടോ വച്ച് നോട്ടീസുകള്‍ അടിച്ചിറക്കുകയും കണ്ടെത്തിയാല്‍ തന്നെ അറിയിക്കാനുള്ള അഡ്രസ്സ് കൊടുക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. നോട്ടീസിലുള്ളതൊക്കെ പക്ഷേ ഹിന്ദു ഭഗവാന്മാരായിപ്പോയി എന്നതാണ് തിരക്കഥാ കൃത്തിന്റെയും, സംവിധായകന്റേയും, അമീര്‍ ഖാന്റേയും മേല്‍ ഹൈന്ദവ സംഘടനകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍. ഹിന്ദുക്കള്‍ക്കു ഭൂരിപക്ഷമുള്ള, ഹിന്ദു രാജ്യമെന്ന പ്രശസ്തിയുള്ള ഇന്ത്യയില്‍ വച്ചെടുക്കുന്ന ചിത്രത്തില്‍ ഹൈന്ദവ ദൈവങ്ങളെപ്പറ്റിയല്ലാതെ വേറെ ആരെപ്പറ്റിയാണ് പറയുക എന്നാണ് സംവിധായകന്‍ ഒരു ടി.വി. അഭിമുഖത്തില്‍ പറഞ്ഞു കേട്ടത്.

എന്തു കൊണ്ട് മുസ്ലീം ക്രിസ്ത്യന്‍ ദൈവങ്ങളെയൊന്നും ഇതേ പോലെത്തന്നെ കാണിക്കുന്നില്ല? താടിയുള്ള അപ്പനെ പേടിയുണ്ട് എന്നല്ലേ അതിനര്‍ത്ഥം? അപ്പോള്‍ ഹിന്ദുക്കളും താടിയുള്ള അപ്പന്മാരാകേണ്ടത് അത്യാവശ്യമല്ലേ?  ഒന്നോര്‍ക്കുമ്പോള്‍ സംഗതി ശരിയല്ലെ. പക്ഷേ എന്തു ചെയ്യാം.  ഹൈന്ദവര്‍ക്കാകട്ടെ മുപ്പത്തിമുക്കോടി ദൈവങ്ങളടങ്ങുന്ന വലിയൊരു പട തന്നെയുണ്ട്. ക്രിസ്ത്യാനികള്‍ക്കാകട്ടെ, ആകെപ്പാടെയുള്ളത് ഒരു യേശുക്രിസ്തുവും.  മൂപ്പരാണെങ്കില്‍ “ഉയിര്‍ത്തെഴുന്നേറ്റു, സ്വര്‍ഗ്ഗാരോഹണം ചെയ്തു” എന്നൊക്കെ പറയുന്നുണ്ടെങ്കിലും എല്ലായ്പ്പോഴും കുരിശ്ശില്‍ത്തന്നെ കിടക്കുന്നതായിട്ടാണു കാണുന്നത്. അങ്ങനെയുള്ള ഒരാളോട് എന്തു സഹായം ചോദിക്കാനാണ്. പിന്നെ, മുസ്ലീങ്ങളാണെങ്കിലോ, പ്രവാചകന്റെ ഫോട്ടോ കൂടി വരയ്ക്കാന്‍ അനുവദിക്കില്ല, പിന്നെയല്ലെ ദൈവത്തിന്റെ. ഈഗോള വാസിയാണോ,  അന്യഗോള വാസിയാണോ അതോ ഇനി സാക്ഷാല്‍ ദൈവം തന്നെയാണോ എന്നൊന്നും നോക്കില്ല. വെട്ടൊന്ന്, മുറി രണ്ട്. (ഹൂറികള്‍ കാത്തു നില്‍ക്കുമ്പോള്‍ അമ്പത്തൊന്നു വെട്ടിന്റെ മണ്ടത്തരത്തിനൊന്നും നില്‍ക്കാല്‍ സമയമില്ല ഭായീ, ക്ഷമി). അപ്പോള്‍ പതിവു പോലെ നറുക്കു വീണത് ഹിന്ദു ദൈവങ്ങള്‍ക്കായിപ്പോയി എന്നേയുള്ളു. ഇതും ഇതിലും വലുതുമെല്ലാം ഉള്‍ക്കൊള്ളുവാനുള്ള വിശാലവീക്ഷണവും, വിവേകവും, സഹിഷ്ണുതയുമെല്ലാം ഹിന്ദുക്കളിലും ഉണ്ടായിരുന്നു അടുത്ത കാലം വരെ എന്നൊക്കെ പറയപ്പെടുന്നുണ്ട്. പക്ഷേ ഇപ്പോള്‍ വിവേകാനന്ദന്മാരല്ല, വികാരാനന്ദന്മാരാണ് നമുക്കുള്ളത്. അവരുടെ കയ്യിലാണിപ്പോള്‍ വികാരങ്ങളുടെ റിമോട്ട്.

ഇനി നമ്മുടെ കക്ഷി ചെന്നു പെട്ട പ്രശ്നത്തിലേക്കു വന്നാലാകട്ടെ ‘കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ’ എന്ന് പാട്ടു പാടി പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ അന്യഗ്രഹജീവി നമ്മുടെ ജയറാമേട്ടന്‍ അല്ലല്ലോ. അതിനാല്‍ കക്ഷി നൂറു ശതമാനവും സീരിയസ്സ് എന്നതിനോട് നീതി പുലര്‍ത്തി നേരെ വാ നേരേ പോ എന്ന മട്ടില്‍ മുന്നോട്ടു പോകുമ്പോഴാണ് സാക്ഷാല്‍ പരമശിവന്റെ വേഷം കെട്ടിയ നാടക നടന്‍ മൂത്രമൊഴിക്കാനായി ബാത്ത് റൂമിലേയ്ക്കു കയറുന്നത്. കാലക്കേടു നോക്കണേ. (കാലനാണെങ്കിലും കാലക്കേടിന്റെ കാര്യത്തില്‍ പരമശിവന്‍ ഒട്ടും പിന്നിലല്ല. ഒന്നും ആലോചിക്കാതെ ഭസ്മാസുരനു വരം കൊടുത്തതും, ഒടുവില്‍ ജീവനും കൊണ്ടോടേണ്ടി വന്നതുമെല്ലാം പ്രസിദ്ധമാണല്ലോ)  സാക്ഷാല്‍ പരമേശ്വരനേയും നാടക നടനേയും തമ്മില്‍ തിരിച്ചറിയാന്‍ അന്യഗ്രഹ ജീവിക്കു കഴിയുന്നില്ല എന്നതിനാലാണ് അയാള്‍ തന്റെ റിമോട്ടു കണ്ടു പിടിച്ചു തരാത്ത പരമശിവനെ ബാത് റൂമില്‍ പൂട്ടിയിടുന്നത്. നമുക്കത് മനസ്സിലാക്കാം. പക്ഷേ പി.കെ. എന്ന ചിത്രത്തിനെതിരേ ത്രിശൂലവുമേന്തി നില്‍ക്കുന്ന റിമോട്ടുകള്‍ക്കൊന്നിനും സാക്ഷാല്‍ പരമ ശിവനേത് നാടകത്തിലെ ശിവനേത് എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരമായ അവസ്ഥ. അതിനാല്‍ അവര്‍ ദൈവങ്ങളുടെ രക്ഷകരുടേയും കാവല്‍ക്കാരുടേയും സ്ഥാനങ്ങള്‍ സ്വയമേറ്റെടുക്കുക എന്ന ക്രൂര കൃത്യം നിരന്തരം ചെയ്തു കൊരിക്കുന്നു. അങ്ങനെ ദൈവങ്ങളെല്ലാം തങ്ങളേക്കാള്‍ ശക്തിയും കഴിവും കുറഞ്ഞവരാണെന്ന് സ്ഥാപിച്ചു കൊണ്ടേയിരിക്കുന്നു.

എടുത്തു പറയാന്‍ ഈ സിനിമയില്‍ നിരവധി കാര്യങ്ങളുണ്ടെങ്കിലും അതിനിവിടെ മുതിരുന്നില്ല. നിരവധി ഹാസ്യാത്മക മുഹൂര്‍ത്തങ്ങള്‍ക്കു ശേഷം, തന്റെ റിമോട്ട് പ്രബലനായൊരു ആള്‍ ദൈവത്തിന്റെ കയ്യില്‍ നിന്നും കണ്ടെടുക്കുകയും, പി.കെ. എന്ന അന്യഗ്രഹ ജീവി സ്വന്തം ഗ്രഹത്തിലേക്ക് മടങ്ങിപ്പോകുകയും ചെയ്യുന്നുണ്ടെകിലും ചിത്രാന്ത്യത്തില്‍ മറ്റൊരു സഹചാരിയുമായി പി.കെ. ഭൂമിയിലേയ്ക്കു തിരിച്ചു വരുന്നതോടെ കഥയവസാനിക്കുന്നു.

പത്തൊമ്പതാം ശതകത്തില്‍ ബനാറസില്‍ ജീവിച്ച,  ഭക്തി പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന സന്ത് കബീര്‍ ദാസ് എന്ന കവിയുടെ പേര്‍ ഇത്തരുണത്തില്‍ സ്മരിക്കേണ്ടതാണ്. ഒരു ബ്രാഹ്മണ വിധവയുടെ പുത്രനായിരുന്നു കബീറെന്നും, ഇക്കാര്യം പുറത്തറിഞ്ഞാലുണ്ടാകാന്‍ പോകുന്ന വിപത്തുകളെ ഭയന്ന്, അമ്മ ഉപേക്ഷിച്ച കുട്ടിയെ, കുട്ടികളില്ലാതിരുന്ന ഒരു മുസ്ലീം നെയ്ത്തുകാരനും ഭാര്യയും സ്വന്തം മകനായി വളര്‍ത്തി എന്നുമാണ് കബീറിന്റെ ജനനത്തെ ചുറ്റിപ്പറ്റിയുള്ള ഒരു കഥ. കബീറിന്റെ കൃതികള്‍ ഇന്ത്യന്‍ സാഹിത്യത്തിലെ അമൂല്യസമ്പത്തായി ഗണിക്കപ്പെടുന്നു. മലയാളത്തിലടക്കം വിവിധ ഭാഷകളിലേയ്ക്ക് അദ്ദേഹത്തിന്റെ രചനകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ‘കബീറിന്റെ ഗീതങ്ങള്‍‘ എന്ന പേരില്‍ അദ്ദേഹത്തിന്റെ കവിതകള്‍ കൂത്താട്ടുകുളം മേരി ജോണ്‍ മലയളത്തിലേയ്ക്കു വിവര്‍ത്തനം ചെയ്ത് എ.ബി.എസ്. വഴി വളരെ മുമ്പു തന്നെ (1966-ല്‍) പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

“ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകള്‍ക്കു പുറത്തു കടന്ന്, ഈശ്വരനെ തേടിയ സത്യാന്വേഷിയാണ് ഗായകനും കവിയുമായ കബീര്‍”   “താടി മീശകള്‍ വളര്‍ത്താതെ, ജടാമകുടം ചൂടാതെ, ഏതാന്തത്തില്‍ കണ്ണും ചെവിയുമടച്ചിരിക്കാതെ, അംഗഭംഗം വരുത്തി സ്വയം പീഢനമേല്ക്കാതെ ഈശ്വരനെ മുഖത്തോടു മുഖം കാണാന്‍ കഴിയുമെന്നു കബീര്‍ ഉല്‍ഘോഷിച്ചു. കാണുന്ന സഹോദരനെ സ്നേഹിക്കാന്‍ കഴിയാത്തവര്‍, കാണാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കുമെന്നു ചോദിച്ചു. ദൈവം നമ്മില്‍ത്തനെയുള്ളപ്പോള്‍ കൈലാസത്തിലും, കാബായിലും ഒക്കെ അദ്ദേഹത്തെ തേടിപ്പോകുന്നതെന്തിനെന്നു സംശയിച്ചു.“  - എന്ന് മേരി ജോണ്‍ തന്റെ കൃതിയുടെ മുഖവുരയില്‍ പറയുന്നു.

കബീറിന്റെ ചിന്തകള്‍ പി.കെ. എന്ന ചിത്രം നിര്‍മ്മിക്കുന്ന അവസരത്തില്‍ തന്നെ വളരെ സ്വാധീനിച്ചിട്ടുണ്ടെന്ന് സംവിധായകനായ രാജ് കുമാര്‍ ഹീരാനി വെളിപ്പെടുത്തുകയുണ്ടായി.  “മോ കെ കഹാം ഡൂംഠൂരേ ബന്ധേ... മേം തോ തേരെ പാസ് മേം” (എവിടെയെല്ലാമാണ് നീയെന്നെ തേടുന്നതെന്റെ ബന്ധൂ, ഞാനാണെങ്കില്‍ നിന്റെ ചാരത്തു തന്നെയുണ്ടല്ലോ)  എന്ന് ഈശ്വരന്‍ പറയുന്നതായ വിധത്തിലുള്ള കബീറിന്റെ വരികള്‍ വളരെ പ്രസിദ്ധമാണ്.

പി.കെ. എന്ന സിനിമയും പറയാന്‍ ശ്രമിക്കുന്നത് ഇക്കാര്യം തന്നെയാണ്. ഇന്നു കാണുന്ന വിധത്തിലുള്ള ദൈവ വിശ്വാസങ്ങളേയും, മതങ്ങളിലെ പരസ്പര വിരുദ്ധമായ ആചാരാനുഷ്ഠാനങ്ങളേയുമാണ് പ്രധാനമായും ചിത്രത്തിലെ പരാമര്‍ശങ്ങള്‍ക്കു വിധേയമാക്കിയിട്ടുള്ളത്. അതാണെങ്കിലോ വളരെ ചിന്തോദീപകവും, മൌലികത്വമുള്ളതും. യഥാര്‍ത്ഥത്തില്ല്‍ ആരാണ് ദൈവം? പല വേഷങ്ങളില്‍, പല രൂപങ്ങളില്‍ മതങ്ങളാലും, പുരോഹിതന്മാരാലും, ആള്‍ ദൈവങ്ങളാലും നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്നവരാണോ യഥാര്‍ത്ഥ ദൈവം? അതോ, നമ്മുടെ പരിമിതമായ അറിവുകള്‍ക്ക് ഇനിയും പൂര്‍ണ്ണമായി കണ്ടെത്തുവാനോ മനസ്സിലാക്കുവാനോ കഴിയാത്തത്ര മാത്രം വിശാലമായ ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിക്കുന്നതോ, സംരക്ഷിക്കുന്നതോ ആയ പരമമായ ഒരു ശക്തിയുണ്ടെങ്കില്‍ അതാണോ ദൈവം? ഇത്തരം ചോദ്യങ്ങളെല്ലാം പി.കെ. എന്ന ചിത്രത്തിലൂടെ പുറത്തു വന്നതല്ല. മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയ കാലത്തോളം പഴക്കമുള്ളവയാണവയെല്ലാം. ഈ ചിത്രത്തിലൂടെ അതെല്ലാം ഒന്നു കൂടി ഓര്‍മ്മപ്പെടുത്തുന്നുവെന്നേയുള്ളു.  പിന്നെ എന്തിനീ കോലാഹലങ്ങള്‍ എന്നു ചോദിച്ചാല്‍ അതിനു പിന്നിലുള്ള രാഷ്ട്രീയ ലാഭമെന്നേ കണക്കാക്കാനാകൂ.

ദൈവം ഉണ്ടെന്നോ ഇല്ലെന്നോ അസന്ദിഗ്‌ദ്ധമായി സ്ഥാപിക്കണെമെങ്കില്‍ ഇനിയും ഒരു പാടു ദൂരങ്ങള്‍ താണ്ടേണ്ടതുണ്ട്. അതിനിനിയും ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരിക്കുന്നു. ഉത്തരങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനു കുറുക്കു വഴികളില്ല. പക്ഷേ മിനക്കെടാന്‍ താല്പര്യമില്ലാത്ത മനുഷ്യര്‍ക്കെന്നും കുറുക്കുവഴികളോടാണു പഥ്യം.  ഇന്നു നില നില്‍ക്കുന്ന വിശ്വാസങ്ങളെല്ലാം ഇത്തരം കുറുക്കു വഴികളാണ്. ആള്‍ ദൈവങ്ങളുടെ ആലിംഗനങ്ങളിലും, കാല്‍ക്കീഴിലും, ധ്യാന കേന്ദ്രങ്ങളിലും, തങ്ങള്‍മാരുടെയും, ബാബമാരുടെയും മന്ത്രച്ചരടുകളിലും  തലച്ചോര്‍ അടിയറവു വച്ച് ഭയ ഭക്തി പുരസ്സരം അലിഞ്ഞു ചേരുന്നവരില്‍ നിരവധി ഉന്നതന്മാരുണ്ട്. അതിനാല്‍ നമ്മള്‍ ചെയ്യുന്നതെല്ലാം ശരിയോ തെറ്റോ എന്ന് മനസ്സിലാക്കുക എന്നതും, മനസ്സിലാകാത്ത കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുക എന്നതും വളരെ ദുര്‍ഘടം പിടിച്ച കര്‍ത്തവ്യമാണ്. ആ ദുര്‍ഘടം പിടിച്ച  കര്‍ത്തവ്യം പി.കെ. എന്ന ചിത്രം ഏറ്റെടുക്കുന്നു എന്നിടത്താണ് ഈ ചിത്രത്തിന്റെ പ്രസക്തി. ചിത്രം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് എല്ലാ മതസ്ഥര്‍ക്കു നേരെയും നീളുന്നതാണ്.

ഹിന്ദു മതത്തോടൊപ്പം മറ്റു മതങ്ങളിലെ ആചാരങ്ങളെക്കൂടി എന്തു കൊണ്ട് തുല്യ പ്രാധാന്യത്തോടെ ചിത്രത്തില്‍ എടുത്തു കാട്ടിയില്ല എന്ന  ചോദ്യവുമായി നില്‍ക്കുന്നവരോട് ഒന്നു ചോദിച്ചോട്ടെ. ഇനി അഥവാ അങ്ങിനെ തന്നെ കാണിച്ചിരുന്നെങ്കിലോ, നിങ്ങള്‍ പ്രതിഷേധിക്കാതിരിക്കുമായിരുന്നുവോ?  എല്ലാ മതക്കാരും കൂടി ഐലേസ്സാ വിളിച്ച് നാടാകെ കുട്ടിച്ചോറാക്കുമായിരുന്നു എന്ന കാര്യത്തില്‍ വല്ല സംശയവുമുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ വൈകാരികമായ തലത്തിലേയ്ക്ക് വിശ്വാസികളെ തിരിച്ചു വിടുവാന്‍ വേണ്ടിയുള്ള തന്ത്രങ്ങളാണ്. അതാണ് പ്രതിഷേധത്തിനു തീ കൊളുത്തുന്നവരുടെ കരുത്തും. തീര്‍ച്ചയായും ഇത്തരമൊരു ചോദ്യമായിരുന്നിരിക്കണം തിരക്കഥാകൃത്തിനു നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത്തരം വെല്ലു വിളികള്‍ ഒരു ചിത്രത്തിന്റെ തിരക്കഥാകൃത്തിനു മാത്രമല്ല, സര്‍ഗ്ഗാത്മക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ഏതൊരു മനുഷ്യനു മുന്നിലും വന്നു നില്‍ക്കുന്ന പ്രതിബന്ധമാണ്. ഏതെങ്കിലും ബാഹ്യ ശക്തികള്‍ വരയ്ക്കുന്ന സീമകള്‍ക്കുള്ളില്‍ നിന്നു കൊണ്ടു മാത്രമേ ഒരാള്‍ക്ക് സര്‍ഗ്ഗാത്മക രചനകളിലേര്‍പ്പെടാനാവൂ എന്നു വരുന്നത് ആത്മഹത്യാപരമാണ്, അത് സര്‍ഗ്ഗാത്മകതയുടെ നാശമാണ്, സമൂഹത്തിലെ തിന്മകളെ ചൂണ്ടിക്കാണിക്കേണ്ട എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന്റെ നാശമാണ്. അനാചാരങ്ങളെ തുറന്നു കാട്ടുവാന്‍ ആരുമില്ലാതെ വരിക എന്നത് ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ തന്നെ നാശമാണ്.

------------
“പി.കെ. ചിരിക്കുമ്പോള്‍ വേദനിക്കുന്നതാര്‍ക്ക് “ എന്ന പേരില്‍ 4PMന്യൂസില്‍ 19-1-2015 നു ചില മാറ്റങ്ങളോടെ പ്രസിദ്ധീകരിച്ചു. 

9 അഭിപ്രായങ്ങൾ:

Pradeep Kumar പറഞ്ഞു...

സമൂഹത്തിലേക്ക് നല്ല സന്ദേശമെത്തിക്കുന്ന ഈ സിനിമയെ തെരുവിൽ വലിച്ചിഴക്കുന്നത് കാട്ടാളത്തമാണ്. ഏറെ ചർച്ചചെയ്യപ്പെട്ട ഈ സിനിമയെക്കുറിച്ച് താങ്കളുടെ നിരീക്ഷണവും വായിച്ചു....

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

Pradeep Kumar
വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി

Vinodkumar Thallasseri പറഞ്ഞു...

Good.

Sudheesh Arackal പറഞ്ഞു...

ഞാൻ ഒരു വർഗ്ഗീയവാദിയല്ല തീർച്ചയായും.
പക്ഷേ ഹിന്ദു ദൈവങ്ങളേയും ആയിരക്കണക്കിനു വർഷങ്ങളായി അനുവർത്തിച്ച്‌ പോരുന്ന ആചാരാനുഷ്ഠാനങ്ങളെ കളിയാക്കാൻ ശ്രമിക്കുമ്പോൾ നോക്കിനിൽക്കാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല.

ഡാവിഞ്ചി കോഡ്‌ എന്ന സിനിമ ഇറങ്ങിയപ്പോൾ പള്ളികളിൽ ഇടയലേഖനം അടക്കമുള്ള കോലാഹലങ്ങൾ നടന്നത്‌ താങ്കൾ അറിഞ്ഞില്ലാന്നുണ്ടോ??

പ്രവാചകന്റെ കാർട്ടൂൺ വരച്ച ആളെ കൊല്ലുന്ന ആൾക്ക്‌ ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചത്‌ ഉത്തർ പ്രദേശുകാരനായ ഒരു മുസ്ലിം മന്ത്രി ആണു

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

Sudheesh Arackal - ദൈവത്തിനു മനുഷ്യന്റെ സംരക്ഷണം ആവശ്യമുണ്ടോ? ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ ദൈവത്തിന്റെ ശക്തിയില്‍ വിശ്വാസമില്ലാത്തവരാണ്. ആയിരക്കണക്കിനു വര്‍ഷങ്ങളായി അനുവര്‍ത്തിക്കുന്നതു കൊണ്ടു മാത്രം ആചാരങ്ങള്‍ മാറാന്‍ പാടില്ല എന്നുണ്ടോ? ഭൂമി പരന്നതാണെന്ന് ഇപ്പോഴും താങ്കള്‍ വിശ്വസിക്കുന്നുണ്ടൊ?

വീകെ പറഞ്ഞു...

ആർക്കും ആരേക്കുറിച്ചും പറയാം. പക്ഷേ, എന്റെ മതത്തെ(വിശ്വാസത്തെ)ക്കുറിച്ച് മാത്രം ആരും പറയരുത്.
അങ്ങനെ പറഞ്ഞാൽ തകർന്നു പോകുന്നതാണെന്റെ മതവിശ്വാസമെന്നു വിശ്വസിക്കുന്നവരോട് എന്തു പറയാൻ...?

അജ്ഞാതന്‍ പറഞ്ഞു...

വളരെ ശരിയാണ്... ഈ കാലത്ത് മനുഷ്യനെ പറ്റിക്കാനും പിഴിയാനും എല്ലാ മത നേതാക്കമാരും മത്സരിക്കുമ്പോ പി. കെ പോലെ ഒരു ചലച്ചിത്രം സൃഷ്ട്ടിക്ക്കുന്ന അഷേപഹാസ്യം വളരെ മികച്ചതാണ്. എല്ലാ മതങ്ങളും ഇതിൽ പെടുന്നു എന്നതാണ് സത്യം... നന്നയി എഴുതിയിരിക്കുന്നു സർ..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ആജ്ഞാതൻ, വായനയ്ക്കും അഭിപ്രായം പങ്കു വച്ചതിനും നന്ദി. താങ്കൾ പറഞ്ഞതു പോലെ എല്ലാ മതങ്ങളും ചേർന്നൊരു മത്സരം തന്നെയാണ് നടത്തുന്നത്. എല്ലാ കാലത്തും ചൂഷണത്തിന് ഇരയാകുന്നത് പാവം പൊതുജനങ്ങൾ.

രാമു പറഞ്ഞു...

പ്രസകത്മായ ലേഖനം മോഹനേട്ടാ... എഴുത്ത് തുടരൂ... എന്തേ പുതിയതായി ഒന്നും എഴുതാത്തത്...