
ഇന്ത്യക്കാരനായ വിശ്വവിഖ്യാത ചിത്രകാരന്‍ എം.എഫ്.ഹുസ്സൈന്‍ ലണ്ടനില്‍ വച്ചു മരണപ്പെട്ടു. ആഗ്രഹമുണ്ടായിട്ടും ഇന്ത്യയില്‍ തന്റെ അന്ത്യ കാലങ്ങള്‍ ചിലവിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ദൈവങ്ങളെയും, മനുഷ്യരേയും നഗ്നരാക്കി ചിത്രീകരിക്കുന്ന കര്യത്തില്‍ അദ്ദേഹം പക്ഷപാതം കാണിച്ചു എന്നതാണ് കാര്യം. പ്രത്യേകിച്ചും ഹൈന്ദവ ദൈവങ്ങളുടെ നഗ്നത അദ്ദേഹത്തിന്റെ ബ്രഷിനിരയായപ്പോള്‍, ഒരു കോലാഹലമുണ്ടാക്കാന്‍ അവസരം പാര്‍ത്തു കാത്തു നിന്നവര്‍ മൈതാനം കയ്യടക്കുന്ന കാഴ്ചയാണു നാം കണ്ടത്. കോടതിക്ക് ഹുസൈന്‍ വരച്ച ചിത്രങ്ങളില്‍ വിവാദപരമായൊന്നും കാണാന്‍ കഴിയാതിരുന്നിട്ടും, ‘ഞങ്ങളിവിടെങ്ങുമില്ല കേട്ടോ‘ എന്ന മട്ടില്‍ നിന്ന ഭരണാധികാരികളുടെ നിസ്സംഗത ഉറഞ്ഞു മഞ്ഞായിത്തീര്‍ന്നപ്പോള്‍ പിറന്ന നാട്ടില്‍ നിന്നും പലായനം ചെയ്യുക തന്നെ ഒരു ചിത്രകാരന്റെ വിധി.


വരയില്‍ പിക്കാസോയുടെ ശൈലി പിന്തുടര്‍ന്ന ഹുസൈന്‍, ഇന്ത്യന്‍ ചിത്രകലയെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുന്നതിന് വഹിച്ച പങ്ക് എക്കാലത്തും സ്മരിക്കുക തന്നെ ചെയ്യും. ഹൈന്ദവ ദൈവങ്ങളെത്തന്നെ വിവസ്ത്രരാക്കാന്‍ ഹുസൈന്‍ എന്തിനു ശ്രമിച്ചു എന്ന ചോദ്യം വളരെ പ്രസക്തമാണ്. ക്ഷുഭിത യൌവ്വനത്തിന്റെ കവിയെന്നറിയപ്പെടുന്ന നമ്മുടെ ബാലചന്ദ്രന്‍ ചുള്ളിക്കാടിനു വരെ ഇക്കാര്യത്തില്‍ സംഘപരിവാരങ്ങളുടെ ശബ്ദമണുണ്ടായിരുന്നത്. അതിനൊരുത്തരമേ നമുക്കു ചിന്തിക്കുവാന്‍ കഴിയൂ. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പുരാതന കാലം മുതല്‍ ഹൈന്ദവ സമൂഹം പുലര്‍ത്തിപ്പോന്നിരുന്ന വിശാലമായ കാഴ്ച്ചപ്പാടായിരുന്നിരിക്കണം എം.എഫ്. ഹുസൈനിന്റെ ഭാവനയ്ക്ക് ഇത്ര മേള്‍ സ്വതന്ത്രമായി വിഹരിക്കുവാനവസാരം കൊടുത്തത്. ഇതിനൊരപവാദമുണ്ടായത് സംഘപരിവാരങ്ങളുടെ വേരുകളും ശിഖരങ്ങളും ഹൈന്ദവ സമൂഹത്തിനുമേള്‍ പടരുവാനും പന്തലിക്കുവാനും തുടങ്ങിയപ്പോളാണ്. നിര്‍ഭാഗ്യവശാല്‍ ഹുസൈനിന്റെ കാലവും ഈ ഘട്ടത്തിലായിപ്പോയെന്നു മാത്രം. ഹൈന്ദവ മേഖല വിട്ട് മറ്റു മതങ്ങളുടെ ദൈവനഗ്നതകളിലേക്കായിരുന്നു ഒരു പക്ഷേ ഹുസൈനിന്റെ ബ്രഷുകള്‍ ചലിച്ചിരുന്നതെങ്കിലോ? ബ്രഷുകളോ, ചായങ്ങളോ ഇല്ലാത്ത ഒരു ലോകത്തേക്ക് അദ്ദേഹം എന്നേ യാത്രയായേനെ.

പല വട്ടം ചര്‍ച്ച ചെയ്തതാണെനിലും ഇനിയൊരിക്കലും ‘നിര്‍മ്മാല്യം’ പോലൊരു സിനിമയെടുക്കുവാന്‍ എം.ടി. യും, ‘ഭഗവത് ഗീതയും കുറേ മുലകളും’ എഴുതാന്‍ ബഷീറിനോളം പോന്ന ഒരെഴുത്തുകാരനും ചിന്തിക്കുന്നതിനു പോലും സാധിക്കാത്ത വിധം കാര്യങ്ങള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഹുസൈനിന്റെ വിധിക്കു സമാനമാണ് സല്‍മാന്‍ റുഷ്ദിയുടേയും, തസ്ലീമ നസ്രീനിന്റേയും അവരുടെ പാതകള്‍ പിന്തുടരുന്നവരുടെയും അവസ്ഥകള്‍. അവരെല്ലാവരും നാളെ തങ്ങളുടെ പിറന്ന മണ്ണില്‍ നിന്നകന്ന് ഈ ഭൂമിയോടു വിട പറയേണ്ടി വരും.
(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)