2008, ജൂൺ 27, വെള്ളിയാഴ്‌ച

കന്യാസ്ത്രീ വിവാദവും അനുബന്ധ പ്രശ്നങ്ങളും.

ജസ്റ്റീസ് ശ്രീദേവിയുടെ നിര്‍ദ്ദേശങ്ങളുയര്‍ത്തിയ പൊടിപടലങ്ങളടങ്ങും മുമ്പെ 37 കാരിയായ ഒരു കന്യാസ്ത്രീയും, ഡ്രൈവറും മൊബയില്‍ ക്യാമറ എന്ന വില്ലനും രംഗപ്രവേശം ചെയ്തത് ആകസ്മികമാകാം. സഭയുടെ അധികാരദണ്ഡ് അതി ദ്രുതം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വിലക്കപ്പെട്ട കനി തിന്ന് പാപം ചെയ്തവളെ നിഷ്ക്കരുണം പിടിച്ചു പുറത്താക്കി തങ്ങളുടെ കൈകള്‍ കഴുകി ശുദ്ധമാക്കി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. അതു കൊണ്ടു മാത്രം കാര്യം തീര്‍ന്നുവെന്നു കരുതാമോ? 18 വയസ്സുമുതല്‍ (അച്ചന്മാര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചാല്‍ തന്നെ) 37 വയസ്സു വരെ സഭ ഒരു പാവം സ്ത്രീയില്‍ അടിച്ചമര്‍ത്താ‍ന്‍ ശ്രമിച്ച വികാരങ്ങളെല്ലാം ഒരു ദിവസം ദൈവം തന്നെ പുറത്തു ചാടിച്ചതല്ലെന്നു പറയാനാവുമോ?

മനുഷ്യനേയും മറ്റു ജീവജാലങ്ങളെയും ആണായും പെണ്ണായും ദൈവം സൃഷ്ടിച്ചു വിട്ടത് ഭൂമിയില്‍ ജീവന്റെ കണ്ണികള്‍ വിട്ടുപോകാതെ നില നിര്‍ത്തുക എന്ന കര്‍മ്മം നിറവേറ്റാനായിട്ടു തന്നെയാണെന്നതില്‍ തര്‍ക്കമുണ്ടോ? ദൈവം അര്‍പ്പിച്ച കര്‍മ്മം നിറവേറ്റാതിരിക്കാന്‍ ഒരു മനുഷ്യ ജന്മത്തെ അനുവദിക്കാതിരിക്കുന്നതില്‍പ്പരം ദൈവ നിഷേധം വേറെ എന്താണുള്ളത്? അതല്ല ദൈവത്തിനു വേണ്ടി പണിയെടുക്കാന്‍ ആള്‍ക്കാരെ വേണമെന്ന് ദൈവത്തിനാവശ്യമുണ്ടെങ്കില്‍ അങ്ങനെയൊരു കര്‍മ്മത്തിന് പറ്റിയ മനുഷ്യരെ - തീരെ ആവശ്യമില്ലാത്തതും, വിനാശകാരികളുമായ നികൃഷ്ടവികാരവിചാരങ്ങളെ മുഴുവന്‍ നീക്കം ചെയ്ത് ‘വെറും പ്ലെയിന്‍‘ കന്യാസ്ത്രീയായോ, അച്ചനായോ അതല്ല മറ്റു വല്ല സന്യാസിയുമായോ കുറെ പേരെ - ദൈവത്തിനു സൃഷ്ടിച്ചു വിടാമെന്നത് നിഷ്പ്രയാസമായ കാര്യമല്ലെ?

സന്തോഷ് മാധവനെപ്പൊലെയുള്ള വ്യാജന്മാരായ ഒരു പറ്റം ദൈവദല്ലാള്‍മാരുടെ ഉദയത്തിന് ഇത്തരം സൃഷ്ടികള്‍ വിഘാതമാവുക വഴി ഈ പ്രക്രിയ സമൂഹത്തിനൊന്നടങ്കം സ്വീകാര്യവും ആശ്വാസകരവുമാവും. ദൈവത്തിനതാവില്ലെങ്കിലും, ഭാവിയില്‍ ശാസ്ത്രജ്ഞന്മാരുടെ ലാബുകളിലൂടെ അങ്ങനെയുള്ള സൃഷ്ടികളുടെ ആവിര്‍ഭാവവും സംഭവിച്ചേക്കാം. പൂജാരിയുടെ മിഴിയും മനസ്സും ദൈവസന്നിധിയിങ്കലല്ല ഭക്തകളുടെ മാംസ ചൈതന്യ്യമുണര്‍ത്തുന്ന സംഘര്‍ഷങ്ങളിലാണ് എന്ന അവസ്ഥ ഇതു കൊണ്ട് മാറിക്കിട്ടും. ഭാവി തലമുറ ഇത്തരത്തിലൊരു മാറ്റത്തിനു ചിന്തിച്ചാല്‍ നിര്‍ബന്ധപൂര്‍വ്വമോ, ക്രമാനുഗതമായ മസ്തിഷ്കപ്രക്ഷാളണ തന്ത്രങ്ങള്‍ വഴിയൊ ഉപായത്തില്‍ കന്യകമാരെ ദൈവശുശ്രൂഷക്കായി നേര്‍ച്ചക്കോഴികാളാക്കുന്ന വിദ്യ പ്രയോഗിക്കുവാന്‍ സഭകള്‍ക്കും നിര്‍ബ്ബന്ധിതരാവേണ്ടി വരില്ല. വിദേശ രാജ്യങ്ങളില്‍ ദൈവശുശ്രൂഷകര്‍ക്കായുള്ള ക്ഷാമവും ഈ വിധത്തില്‍ പരിഹരിക്കാനാവും.

ഇനി സഭയില്‍ നിന്നും പുറത്താക്കപ്പെട്ട പാവം സ്ത്രീയുടെ അവസ്ഥയിലേക്കു തിരിച്ചു വന്നാലോ. മൊബയിലുകളിലൂടെയും വെബ് സൈറ്റുകളീലൂടെയും മറ്റു മീഡിയാകളിലൂടെയും ബ്രോഡ്‌കാസ്റ്റ് ചെയ്യപ്പെട്ട അവരുടെ കുറച്ചു സ്വകാര്യ നിമിഷങ്ങള്‍ കണ്ട് തലക്കു മത്തു പിടിച്ച ഒരു പുരുഷവൃന്ദം അവരെ സ്വൈര്യമായി ജീവിക്കുവാന്‍ വിടുമോ? ഒരു സ്ത്രീയുടെ സ്വകാര്യത ഏറ്റവും ക്രൂരമായി അധിക്ഷേപിക്കപ്പെട്ടു എന്ന് ഒരു ബ്ലോഗര്‍ എഴുതിയതിനോട് യോജിക്കാതെ വയ്യ. അതേ സമയം എപ്പോഴായിരുന്നു സ്ത്രീക്ക് സ്വന്തമായി ഒരു സ്വകാര്യതയുണ്ടായിരുന്നത് എന്ന ചോദ്യവും ഉണ്ട്? നടക്കുന്നതിനിടെ ഒന്നു കുനിഞ്ഞാള്‍, സാരിയുടെ തല തോളില്‍ നിന്നൊന്നറിയാതെ ഊര്‍ന്നു പോയാല്‍, ബസ്സില്‍ കയറുന്നതിനിടെ കാലുകളിത്തിരി അനാവൃതമായാല്‍ എവിടെയെല്ലാം ആരുടെയെല്ലാം മോബയില്‍ ക്യാമറകള്‍ കണ്ണുചിമ്മി സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ഒപ്പീടുക്കുന്നില്ലെന്ന് എങ്ങനെ പറയാനാവും? ഇക്കാരണത്താല്‍ തന്നെ സാരിക്കു പകരം ചുരിദാര്‍ ധരിക്കുവാന്‍ഭാര്യയെ നിര്‍ബ്ബന്ധിക്കുന്ന ചില സുഹൃത്തുക്കളെ എനിക്കറിയാം. രക്ഷാകവചമാകേണ്ട വസ്ത്രങ്ങള്‍ തന്നെ സ്ത്രീകളുടെ അരക്ഷിതാവസ്ഥക്കു കാരണമകുന്നുവെന്നു പറയുമ്പോഴെല്ലാം സ്ത്രീകള്‍ വാളോങ്ങി വരുന്നത് നമ്മള്‍ നിത്യേനെ കാണുന്നതാണ്. അവരിപ്പോഴും മാനസികമായും, ശാരീരികമായും തലമുറകളായി തുടര്‍ന്നു വരുന്ന പുരുഷാധിപത്യത്തിന്റെ ബന്ധുര ബന്ധനത്തില്‍ത്തന്നെയാണ്. ഒരു മധുരനിമിഷത്തിന്റെ ആലസ്യത്തിനിടയില്‍ അവളുടെ നഗ്നത കവര്‍ന്നെടുക്കപ്പെടുന്നത് ഒരു പക്ഷേ ഏറ്റവും വിശ്വസ്ഥനായ ഭര്‍ത്താവിന്റേയോ, അകമഴിഞ്ഞു സ്നേഹിക്കുന്ന കാമുകന്റേയോ മോബയില്‍/ഡിജിറ്റല്‍ ക്യാമറകളാകാം.

ടീ.വി. ചാ‍നലുകളുടെയും, ഇന്റര്‍നെറ്റിന്റേയും വരവോടെ സ്ത്രീ ശരീരത്തിന്റെ അശ്ലീലമായ ക്ലോസപ്പുകളും, രതിവൈകൃതങ്ങളുടെ വന്യാവിഷ്‌ക്കരണങ്ങളും ബെഡ് റൂമുകളുടെ സ്വകാര്യതയില്‍ ആസ്യദിക്കുവാന്‍ തക്ക സൌകര്യങ്ങള്‍ ഇന്നുള്ളപ്പോള്‍ സ്ത്രീ കേവലം ഒരുലൈംഗിക ഉപകരണം മാത്രമാണെന്ന ബോധം ഇളം തലമുറയിലൂടെ ഭീതിദമായി പടരുകയാണ്.ഇന്റര്‍നെറ്റില്‍ കയറി ‘മലയാളി’ യെന്നൊ ഇന്നത്തെ ഫാഷന്‍ വാക്കായ ‘മല്ലു’ വെന്നോഎഴുതി ‘ഇമേജ് സെര്‍ച്ച്’ ചെയ്തു നോക്കൂ. കിട്ടുന്നതില്‍ 80 ശതമാനവും മലയാളി(?)യുടെ സ്ത്രൈണ നഗ്നതയോ ലൈംഗിക ചിത്രീകരണങ്ങളോ മാത്രമായിരിക്കും. യുവതലമുറയുടെ ഹരമായി മാറുന്ന‘യൂ ട്യൂബ്’‘ സൈറ്റില്‍ മലയാള കവിത എന്നെഴുതി തിരക്കിയപ്പോള്‍ വന്നത് കവിത എന്ന ഏതൊ നടിയുടെ നീലച്ചിത്രമായിരുന്നു.

പീഡന കഥകളുടേയും, അക്രമണോത്സുകതയുടേയും നിരന്തരാവര്‍ത്തനങ്ങളും‍, ഷണ്ഡത്വം ബാധിച്ച, ഉപജാപക സംഘങ്ങളായി അധപതിച്ച രാഷ്ട്രീയ സംഘടനകളും, എല്ലാം കണ്ടിട്ടും പ്രതികരിക്കാതെ നീങ്ങുന്ന സമൂഹവും ഈ അപചയത്തിന്റെ ഉത്തമ ദൃഷടാന്തങ്ങളാണ്.

ഈ അവസരത്തില്‍ സഭയില്‍ നിന്നും പുറത്താക്കപ്പെട്ട പച്ചയായ സ്ത്രീയോട് ഒരു വേട്ടമൃഗത്തോടെന്ന പോലെ പെരുമാറാതെ മാനുഷികമായ അനുകമ്പയും സ്നേഹവും സഹിഷ്ണുതയും പ്രകടിപ്പിക്കുവാന്‍ പൊതുജനം ബാദ്ധ്യസ്തരാണ്. നമ്മുടെ നാട്ടില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനായി ഘോരഘോരം പ്രസംഗിച്ചു നടക്കുന്നവര്‍ ഈയവസരത്തിലെങ്കിലും മുന്നോട്ടു വരുമെന്ന് പ്രത്യാശിക്കാമോ?

18 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ജസ്റ്റീസ് ശ്രീദേവിയുടെ നിര്‍ദ്ദേശങ്ങളുയര്‍ത്തിയ പൊടിപടലങ്ങളടങ്ങും മുമ്പെ 37 കാരിയായ ഒരു കന്യാസ്ത്രീയും, ഡ്രൈവറും മൊബയില്‍ ക്യാമറ എന്ന വില്ലനും രംഗപ്രവേശം ചെയ്തത് ആകസ്മികമാകാം. സഭയുടെ അധികാരദണ്ഡ് അതി ദ്രുതം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വിലക്കപ്പെട്ട കനി തിന്ന് പാപം ചെയ്തവളെ നിഷ്ക്കരുണം പിടിച്ചു പുറത്താക്കി തങ്ങളുടെ കൈകള്‍ കഴുകി ശുദ്ധമാക്കി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. അതു കൊണ്ടു മാത്രം കാര്യം തീര്‍ന്നുവെന്നു കരുതാമോ? സുഹൃത്തെ, താങ്കളെങ്ങിനെ പ്രതികരിക്കുന്നു?

Inji Pennu പറഞ്ഞു...

നന്ദി മോഹന്‍! ഇതുപോലെ സത്യസന്ധമായൊരു കുറിപ്പിനു. ഈ വിഷയത്തില്‍ ഞാന്‍ ബ്ലോഗില്‍ കണ്ട ഒരു പച്ചയായ ലേഖനം. ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താത്ത ഏക ലേഖനവും അഭിപ്രായവും! ഇതൊന്ന് കണ്ട് പഠിക്കണം, എന്തിനും മനുഷ്യന്റെ നിറം വിട്ട് രാഷ്ട്രീയ കൊടികള്‍ മാത്രം കാണുന്ന കുറച്ച് സ്യൂഡോകള്‍!

sreeni sreedharan പറഞ്ഞു...

പുറത്താക്കി ശുദ്ധികലശം ചെയ്തവര് കുറഞ്ഞപക്ഷം ഇതു കൂടി ചെയ്യണം;
ആ സ്ത്രീ ഇതുവരെ ചെയ്ത ജോലികളുടെ അടിസ്ഥാനത്തില്‍ അര്‍ഹതപ്പെട്ട വേതനം നല്‍കണം.

അജ്ഞാതന്‍ പറഞ്ഞു...

സ്ത്രീകളേ ഒരു ലൈംഗിക ഉപകരണം എന്ന രീതിയില്‍ കാണാന്‍ പഠിപ്പിക്കുന്നത് സിനിമയും ചാനലുകളുമാണ്. 50% പേര്‍ വരുന്ന സ്ത്രീ സമൂഹം ഈ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ ഒന്നുമറിയാതെ സ്വയം അധമയായി കഴിയുന്നു. അമ്മ, പെങ്ങള്‍, ഭാര്യ, കാമുകി എന്നൊക്കെയുള്ള സ്ഥാനങ്ങള്‍ക്കുപരി അവള്‍ ഒരു മനുഷ്യനാണെന്ന ബോധം അവള്‍ക്ക് തന്നെയുണ്ടായാലേ ഇതിനൊരു മാറ്റം ഉണ്ടാകൂ.

അതുകോണ്ട് ഈ സിനിമകളും ചാനലുകളും ബഹിഷ്കരിക്കുക. അതത്ര എളുപ്പമല്ല എന്നു തോന്നുണ്ടെങ്കില്‍ അവര്‍ക്ക് പണം കൊടുക്കുന്നത് നിര്‍ത്തുക. സിനിമ സി.ഡി യില്‍ നിന്ന് കോപ്പ്യ് ചെയ്ത് കാണുകയോ, വീഡിയോ ലൈബ്രറികളില്‍ നിന്ന് എടുത്ത് കാണുകയോ ചെയ്യുക.

കുട്ടികളേ ഈ സാമൂഹ്യ ദ്രോഹികളില്‍ നിന്ന് അകത്തുക. സിനിമാ പാട്ടുകളും, ഡാന്‍സുകളും അവര്‍ അനുകരിക്കുന്നത് പ്രോത്സാഹിപ്പിക്കാതിരിക്കുക.

National geographic, discovery, DD-4, lok sabha tv മുതലായ ചാനലുകള്‍ക്ക് പ്രാധാന്യം കൊടുക്കുക.
ഡോക്കുമെന്ററികള്‍ കാണാന്‍ കുട്ടികളേ പ്രോത്സാഹിപ്പിക്കുക.

സജി പറഞ്ഞു...

@മനുഷ്യനേയും മറ്റു ജീവജാലങ്ങളെയും ആണായും പെണ്ണായും ദൈവം സൃഷ്ടിച്ചു വിട്ടത് ഭൂമിയില്‍ ജീവന്റെ കണ്ണികള്‍ വിട്ടുപോകാതെ നില നിര്‍ത്തുക എന്ന കര്‍മ്മം നിറവേറ്റാനായിട്ടു തന്നെയാണെന്നതില്‍ തര്‍ക്കമുണ്ടോ?..ദൈവം അര്‍പ്പിച്ച കര്‍മ്മം നിറവേറ്റാതിരിക്കാന്‍ ഒരു മനുഷ്യ ജന്മത്തെ അനുവദിക്കാതിരിക്കുന്നതില്‍പ്പരം ദൈവ നിഷേധം വേറെ എന്താണുള്ളത്?


വളരെ പ്രസക്തമായ ഈ ചോദ്യത്തിന്‍ ഒരു നസ്രാണിയായ ഞാന്‍ മറുപടി പറഞ്ഞുകൊള്ളട്ടെ? (തുടര്‍ന്ന് എഴുതിയിരിക്കുന്ന സാ‍മൂഹികവും സാംസ്കാരികവുമയ വശങ്ങളോട് എനിക്കു യോജിപ്പ് ഉണ്ടെങ്കിലും അതെന്റെ ഏരിയ അല്ല, മറിച്ക് ആത്മീയ വശം മാത്രമെ പരാമര്‍ശിക്കുന്നുള്ളു)

ഒന്നാമത് താന്നെ, ദൈവം സ്രിഷ്ടിച്ച ആദാം പുരുഷന്‍ അല്ലായിരുന്നു. സ്ത്രീയും ആല്ലായിരുന്നു.
"ആണും പെണ്ണും ആയി അവരെ സൃഷ്റ്റിച്ചു അവര്‍ക്കു ദൈവം ആദാം എന്നു പേരിട്ടു.”(ഉല്പത്തി 5:2)
ഏതാണ്ട് എല്ലാ ഇംഗ്ലീഷ് പരിഭാഷകളിലും ഇതു വളരെ വ്യക്തമാണ്.

യദാര്‍ത്ഥത്തില്‍ അദ്യമേ പുരൂഷനും സ്ത്രീയും ഒരുമിച്ചായിരുന്നു. പിന്നീട് ഹവ്വയെ (സ്ത്രീയെ)വേര്‍പെടുത്തുകയായിരുന്നു എന്നു വേണം മനസ്സിലാക്കുവാന്‍. മാത്രമല്ല,ബൈബിളില്‍ മനുഷ്യന് ദൈവം കൊടുക്കുന്ന ആദ്യത്തെ കല്‍പ്പന “നിങ്ങള്‍ സന്താന പുഷ്ടിയുള്ളവരായി ഭൂമി എങ്ങും നിറയുവിന്‍” ഉല്പത്തി 1:28

ഈ ആദ്യത്തെ കല്‍പ്പന നിഷേധിക്കുവാന്‍ ആര്‍ക്കും അവകാശമില്ല.

എന്തായിരുന്നാലും, സ്ത്രീയും പുരുഷനും ബ്രഹ്മചര്യം അനുഷ്ടിക്കുന്നതിന് ബൈബില്‍ ഒരു തരത്തിലും നിഷ്കര്‍ഷിക്കുന്നില്ല.

ഇനി,പുരോഹിത ശുശ്രൂഷ ചെയ്യുവാന്‍ ബ്രഹ്മചര്യത്തിന്റെ ഒരു ആവശ്യവും ബൈബില്‍ പറയുന്നില്ല.ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ എല്ലാവരും തന്നെ വിവാഹിതര്‍ ആയിരുന്നു.
മാതമല്ല സഭയുടെ ബിഷപ് (അദ്ധ്യക്ഷന്‍) വിവാഹ കഴിച്ചവനും ഏക ഭാര്യയുടെ ഭര്‍ത്താവും ആ‍യിരിക്കണം എന്നും ബൈബിള്‍ പഠിപ്പിക്കുന്നു. സ്വന്ത കുടുംബത്തെ ഭരിക്കാന്‍ അറിയാത്തവന്‍ എങ്ങിനെ സഭയെ ഭരിക്കും? എന്ന് ബൈബിള്‍ ചോദിക്കുന്നു.
ചുരുക്കത്തില്‍ ആരുടെയും വവാഹം വിലക്കുവാന്‍ ക്രിസ്തീയ വിശ്വാസത്തില്‍ ആര്‍ക്കും അവ്വകാശം ഇല്ല.
കന്യാസ്ത്രീകള്‍ സമൂഹം, കന്യാസ്ത്രീ മഠം എന്നീ പ്രസ്ഥനങ്ങള്‍ ബൈബിളില്‍ ഒരിടത്തും പറഞ്ഞിട്ടില്ല.

ഒരു മനുഷ്യന്‍ ആണായാലും പെണ്ണായാലും, അഅരുടെ ജൈവ ശാസ്ത്രപരവും, വൈകാരികവുമായ വശങ്ങളെ അടിച്ച് ഒതുക്കി “വിശുദ്ധ ജീവിതം“ നയിക്കുവാന്‍ ബൈബിളില്‍ പഠിപ്പിക്കുന്നില്ല. മറിച്ച് അതു കുടുബത്തിനുള്ളില്‍(ഏക ഭാ‍ര്യയോട്/ഏക ഭര്‍ത്താവിനോട്) മാത്രമേ ആകാവൂ എന്നു മാത്രം! ഏതു കാരണം മുന്നിര്‍ത്തിയും ഇസ്ലാമിനെ പ്പോലെ 4 വിവാഹം നടത്താന്‍ ക്രിസ്ത്യാനിക്ക് അനുവാദം ഇല്ല. അതേ സമയം ഏതു കാരണം മുന്നിര്‍ത്തിയും ആര്‍ക്കും ആരുടെയും വിവാഹം നിഷേധിക്കുവാനും പാടില്ലാ.
ഞാന്‍ പറഞ്ഞു വന്നതിന്റെ സാരം, ഈ “കന്യാസ്ത്രീ“ പരിപാടി തന്നെ ശരിയല്ല എന്നതാണ്.

ഇനി ആരെങ്കിലും സ്വ മനസ്സാലെ ബ്രഹ്മചര്യം അണുഷ്ടിക്കുന്നു എങ്കില്‍ ബൈബില്‍ അതിനെ എല്ല അര്‍ത്ഥത്തിലും അഗീകരിക്കുന്നുണ്ട്,എന്നു മാത്രം.

പക്ഷേ,ആ തീരു മാനം വിലയുള്ളതായി അഗീക്കരിക്കാന്‍ , സ്റ്റെയിറ്റ് ഒരു പ്രായ പരിധി നിശ്ചയിച്ചാല്‍ അതില്‍ എന്താണ് തെറ്റ് എന്ന് എനിക്കു മനസ്സ്സിലാവുന്നില്ല!

നിര്‍ബന്ധപൂര്‍വ്വമുള്ള ബ്ബ്രഹ്മചര്യം വഴി ഈ ആത്മീയ തൊഴിലാളികളെ സ്രഷ്ടിക്കുന്ന പരിപാടി സഭ നിര്‍ത്തിയിരുന്നു എങ്കില്‍ മോഹന്‍ സൂചിപ്പിച്ചതുപോല്ലുള്ള “ദുരന്തങ്ങള്‍” ഉണ്ടാകാതീ ഇരുന്നേനെ. അതുമൂലം സഭ അപാമാനിക്കപ്പെടതെയും ഇരുന്നേനെ..
(നീണ്ടുപോയതിനു സോറി)

സജി പറഞ്ഞു...

പിന്നെ ഇഞ്ചിപെണ്ണ് പറഞ്ഞതില്‍ വലിയ കഥയൊന്നും ഇല്ല. ഒരു മനുഷ്യന്‍ രാഷ്ടീയവും മതപരവുമായ കാഴചപ്പട് ഉണ്ടാകുന്നതില്‍ എന്താണ്‍ തെറ്റ്?

“സത്യ സന്ധത “എന്നു പറഞ്ഞാല്‍ “നിഷ്പക്ഷത “എന്നര്‍ത്ഥമൊന്നും ഇല്ല!

Unknown പറഞ്ഞു...

പിന്നെ ഇഞ്ചിപെണ്ണ് പറഞ്ഞതില്‍ വലിയ കഥയൊന്നും ഇല്ല. ഒരു മനുഷ്യന്‍ രാഷ്ടീയവും മതപരവുമായ കാഴചപ്പട് ഉണ്ടാകുന്നതില്‍ എന്താണ്‍ തെറ്റ്?

“സത്യ സന്ധത “എന്നു പറഞ്ഞാല്‍ “നിഷ്പക്ഷത “എന്നര്‍ത്ഥമൊന്നും ഇല്ല!

-------------

എന്തെങ്കിലും ആകട്ടെ

Inji Pennu പറഞ്ഞു...

മോഹന്‍
ഇതിനു തൊട്ട് മുകളില്‍ ഈ June 28, 2008 11:49 AM ടൈം സ്റ്റാമ്പില്‍ കമന്റിട്ടിരിക്കുന്നത് ഞാനല്ല. ആരോ പേര് മാറ്റം നടത്തുന്ന വിക്രിയ കാണിച്ചിരിക്കുകയാണ്. എന്റെ ബ്ലോഗര്‍ ഐഡി ക്ലിക്കിയാല്‍ എന്റെ ഫ്രൊഫൈലിലേക്ക് തന്നെ പോകും, എന്റെ ചിത്രവും ഈ കമന്റ് ബോക്സില്‍ വരും.

siva // ശിവ പറഞ്ഞു...

ഹായ് മോഹന്‍ പുത്തന്‍‌ചിറ,

നന്ദി ഇത്രയും ഗൌരമായി ഈ ലേഖനം തയ്യാറാക്കിയതിന്.

ഇനി ഞാന്‍ പറയാന്‍ പോകുന്നത് എനിക്ക് തോന്നിയതും എന്റെ നിരീക്ഷണങ്ങളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയതാണ്. തെറ്റാണെങ്കില്‍ പറഞ്ഞു തരിക.

മാനവ വര്‍ഗം ഉണ്ടായ അന്നു മുതല്‍ തന്നെ ഇവിടെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരെയും പറ്റിക്കാന്‍ വേണ്ടി ഒരു വിഭാഗം ഉണ്ടായി. ഇതൊന്നും അറിയാതെ ഇവരുടെയൊക്കെ ഇരയായി എന്നു ജീവിക്കാന്‍ ഒരു വിഭാഗവും.

ഇപ്പോള്‍ ഇവിടെ ഏറെ കോളിളക്കമുണ്ടാക്കിയ കന്യാസ്ത്രീ വിവാദത്തേക്കാള്‍ വലിയ വലിയ സംഭവങ്ങള്‍ ആണ് മുമ്പൊക്കെ സംഭവിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് അതൊക്കെ ഒരു പരിധിവരെ കുറഞ്ഞു എന്ന് പറയാം. പണ്ടുകാലത്ത് മീഡിയ അത്ര പ്രചാരത്തിലില്ലാത്തതിനാലും അടിച്ചമര്‍ത്തല്‍ നില നിന്നിരുന്നതിനാലും അതൊക്കെ ആരും അറിയാതെ പോയി. ഇന്ന് ഇതൊക്കെ ലൈവായി കിട്ടുന്നതുകൊണ്ട് വല്ലപ്പോഴും എന്തെങ്കിലുമൊക്കെ കാണുമ്പോള്‍ നാം വ്യാകുലപ്പെടുന്നു.

ഇതൊന്നും ദൈവം പറഞ്ഞിട്ടോ അല്ലെങ്കില്‍ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടോ ഉണ്ടായ ആചാരമൊന്നുമല്ലല്ലോ? അപ്പോള്‍ ഇതൊക്കെ നടപ്പിലാക്കാന്‍ ശ്രമിച്ച ആ പഴയകാലങ്ങളില്‍ ഈ അധികാര വര്‍ഗ്ഗം എന്തൊക്കെ ക്രൂരതകള്‍ കാണിച്ചിട്ടുണ്ടാവാം.

അടിസ്ഥാനപരമായി ഈ കന്യാസ്ത്രീയും,ഡ്രൈവറും ഒക്കെ മനുഷ്യരാണ്. ഒരു പുരോഹിതന്റെ കുപ്പായമിട്ട് മറച്ചാല്‍ മറയുന്നതാണോ ഒരു മനുഷ്യന്റെ വികാരങ്ങളും വിചാരങ്ങളും. അതിനാല്‍ ഇതൊക്കെ എന്നും നടന്നുകൊണ്ടേയിരിക്കും.

ചെറിയൊരു ശതമാന സ്ത്രീകള്‍ തങ്ങളുടെ ശരീരം ഒരു പ്രദര്‍ശനവസ്തുവായി കൊണ്ടു നടക്കുന്നു. ആയതിനാല്‍ തെറ്റിദ്ധരിക്കപ്പെടുന്നത് നമ്മുടെയൊക്കെ അമ്മയും പെങ്ങന്മാരുമൊക്കെയുള്ള വലിയൊരു സമൂഹമാണ്. ഇതിനെതിരെ സ്ത്രീകള്‍ തന്നെ പ്രതികരിക്കട്ടെ. അങ്ങനെയുള്ള വസ്ത്രങ്ങളും നഗ്നത പ്രദര്‍ശിപ്പിക്കുന്ന ഷോകളും ഒക്കെ അവര്‍ ഉപരോധിക്കട്ടെ.

[ഇനി ഇതിന്റെ പേരും പറഞ്ഞ് എന്നെ ആക്രമിക്കാന്‍ വന്നാല്‍ എന്റെ ബ്ലോഗിലാര്‍ കാവിലമ്മയാണെ സത്യം ഞാന്‍ ഓടി രക്ഷപ്പെടും...നോക്കിക്കോ...]

ഞാന്‍ കരുതുന്നു....ഇവിടെ ഇനിയുമൊരു വിപ്ലവത്തിന് സമയമായെന്ന്....!!!

സസ്നേഹം,

ശിവ

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ഇഞ്ചി - വായനക്കും, അഭിപ്രായത്തിനും നന്ദി. പിന്നെ ഇഞ്ചിയുടെ പേരില്‍ മറ്റാരോ കമന്റ് എഴുതി ചേര്‍ത്തതിനെ അപലപിക്കുന്നു. അത് തീരെ മര്യാദയില്ലാത്ത പ്രവൃത്തിയായിപ്പോയി. സ്വന്തം
പേരിലൊ, അല്ലെങ്കില്‍ ബ്ലോഗ് ID യിലോ എഴുതാനാവാത്തത് എഴുതാതിരിക്കുന്നതാണ് നല്ലത്. മറ്റു വായനക്കാര്‍ ദയവായി ശ്രദ്ധിക്കണമെന്നും എഴുതിയ ആള്‍ തന്നെ അത് ഡിലീറ്റ് ചെയ്യണമെന്നും
അഭ്യര്‍ത്ഥിക്കുന്നു.

പച്ചാളം - താ‍ങ്കളുടെ അഭിപ്രായത്തില്‍ ന്യായമുണ്ട്. ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുവാന്‍ വകയില്ല.

ജഗദീശേ - ഡോക്കുമെന്ററികള്‍ കാണാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് നല്ലതു തന്നെ.
നാഷണല്‍ ജിയോഗ്രാഫിയിലും മറ്റും വരുന്ന ഡോക്കുമെന്ററികള്‍ കുട്ടികള്‍ താല്പര്യത്തോടെ
വീക്ഷിക്കുന്നത് കണ്ടിട്ടുണ്ട്. എന്തിനും ചെറുപ്പകാലങ്ങളിലുള്ള ശീലം എന്നാണല്ലോ.
പൊതുജനങ്ങള്‍ക്ക് ഇക്കിളിയും മസാലകളും വിളമ്പുമ്പോള്‍ ഒരു സെല്‍ഫ്-സെന്‍സര്‍ ശീലമെന്ന
മര്യാദയെങ്കിലും ചാനല്‍കാര്‍ കാണിച്ചാല്‍ നന്നായിരുന്നു.

സജി - കമന്റുകള്‍ക്കും കൂടുതല്‍ വിജ്ഞാനപ്രദമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തതിനും നന്ദി. പിന്നെ
‘നസ്രാണിയായ ഞാന്‍‘ എന്ന പ്രയോഗത്തെപ്പറ്റി - ഒരു മനുഷ്യനും നസ്രാണിയായോ,
ജോനവനായോ, ഹൈന്ദവനായോ ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. ജാതിയോ മതമോ
നോക്കി ഒരു ഗര്‍ഭപാത്രവും ബീജം സ്വീകരിക്കുന്നില്ല. ചേതനയറ്റ ജഢത്തെ ഭൂമിയോ, അഗ്നിയോ,
ജലമോ സ്വീകരിക്കുന്നത് ഒരേ പോലെയാണ്. എല്ലാ മനുഷ്യനും ഒരു മതമേയുള്ളു. മനുഷ്യന്‍ എന്ന
മതം മാത്രം. ജനനത്തിനും മരണത്തിനുമിടക്കുള്ള ഇത്തിരി നിമിഷങ്ങള്‍ക്കുള്ളില്‍ അറിവില്ലാത്ത
മനുഷ്യര്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു എന്നേയുള്ളു എന്നതല്ലേ സത്യം.

ഒരാള്‍ക്ക് രാഷ്‌ട്രീയവും, മതപരവുമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകുന്നത് തെറ്റല്ല. അത് മറ്റുള്ളവരിലേക്ക് ബോധപൂര്‍വ്വമായി അടിച്ചേല്‍പ്പിക്കുന്നതാണ് തെറ്റ്. കൂടുതല്‍ പേരും തങ്ങളുടെ വിശ്വാസങ്ങളുടെ തടവറയില്‍ സ്വയം വിധിച്ച ജീവപര്യന്തവുമായി കഴിയുന്നവര്‍ മാത്രം. തടവറക്കു പുറത്തൊരു ലോകമുണ്ടെന്ന് അംഗീകരിക്കുവാനോ, അതിനെ അറിയുവാനോ ആത്മാര്‍ത്ഥമായി ശ്രമിച്ചുകാണാറില്ല. കൂടുതല്‍ പേരെ തടവറയിലേക്ക് എത്തിക്കാനുള്ള തന്ത്രങ്ങള്‍ മെനയുവാനാണ് പിന്നെ ബുദ്ധിയുടെ ശ്രമങ്ങളെല്ലാം.അതിനു പുറത്ത് കടക്കാനുള്ള ആര്‍ജ്ജവം കാണിച്ചാലേ മനുഷ്യനു പുരോഗതിയുണ്ടാ‍വുകയുള്ളു.

ശിവ - അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി. അടിസ്ഥാനപരമായി എല്ലാവരും മനുഷ്യര്‍ തന്നെ. ആ
ബോധമാണ് നമുക്കിന്നു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്.

സ്നേഹപൂര്‍വ്വം
മോഹന്‍

സജി പറഞ്ഞു...

പ്രിയ മോഹന്‍,

“നസ്രാണിയായ ഞാന്‍” എന്നു പറയുവാന്ന് രണ്ടു കാരണങ്ങളുണ്ട്.
1. ഞാന്‍ നിഷ്പക്ഷനല്ല. എനിക്ക് ഒരു മതം ഉണ്ട്, എനിക്ക് ഒരു രാഷ്ടീയവും ഉണ്ട്.

2.ഞാന്‍ എന്റെ മതത്തേക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത് എന്ന് മറ്റുള്ളവര്‍ അറിയണം എന്നും എനിക്ക് ഉണ്ട്. അന്യ മതങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഉരസല്‍ ഒഴിവാക്കുന്നത്തിനുവേണ്ടി മാത്രം!


താങ്കള്‍ പറഞ്ഞുവല്ലോ ”എല്ലാ മനുഷ്യനും ഒരു മതമേയുള്ളു. മനുഷ്യന്‍ എന്ന
മതം മാത്രം“

ഇതു വെറും പറച്ചില്‍ മാത്രമാണ്. ഓരോ മനുഷ്യനും ഓരോ മതം (അഭിപ്രായം) ഉണ്ട്.

പിന്നെ ഈ ചര്‍ച്ച വഴി തിരിഞ്ഞു പോകുന്നു. വള്രെ പ്രസ്ക്തമായ ഒരു വിഷയമാണ് അവതരിപ്പിക്കപ്പെട്ടത്. ചര്‍ച്ച് ആ ബിന്ദു വില്‍ തന്നെ നില്‍ക്കട്ടെ!

എന്റെ ഉന്നം ഇത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നു കാണുന്നകന്യാസ്ത്രീ കോലാഹലത്തില്‍ , ക്രിസ്തൂവിനും , ബൈബിളിനും പങ്കില്ല, ഇതു പുരോഹിതന്മാരുടെ സൃഷ്ടിയാണു എന്നു പറയണം എന്നേ ഉണ്ടായിരുന്നുള്ളൂ..

(പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ ആശയങ്ങള്‍ കുറച്ചു ഗവരവം ഉള്ളതായി തൊന്നിയതു കൊണ്ട്‍ ഞാന്‍ ഒരു പോസ്റ്റ് ആക്കിയിട്ടുണ്ട്)

അജ്ഞാതന്‍ പറഞ്ഞു...

പ്രിയ മോഹന്‍,
നമ്മള്‍ തന്നെയാണ് സിനിമയേയും ചാനലിനേയും ഈ വിധമാക്കുന്നത്. നമ്മള്‍ അവക്കു വേണ്ടി പണം മുടക്കുന്നത് നിര്‍ത്തി നോക്കൂ. ഫലം തീര്ച്ച്യായും ഉണ്ടാകും. അതോടൊപ്പം ഇത് മൂന്നാം കിട ആള്‍ക്കരുടേതാണ് എന്ന ചിന്ത കുട്ടികളിലും കൂട്ടുകാരിലും എത്തിച്ച് നോക്കൂ. കാരണം കൂടുതല്‍ സിനിമയും ചനലുകളും കാണിക്കുന്നത് ഗുണ്ടകളുടേയും, കള്ളന്‍മാരുടേയും വേശ്യകളുടേയും കഥകളാണ്. ആ കഥയിലേപോലെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും അങ്ങനെതന്നെയാണ്. അവര്‍ പ്രോത്സാഹിപ്പിക്കുന്നത് നമ്മുടെ മൃഗീയതയാണ്. അതുകൊണ്ട് ആ മൃഗങ്ങളേ ആ രീതില്‍ തന്നെ കാണുക. കുറഞ്ഞ പക്ഷം സ്ത്രീകളെങ്കിലും ഇവര്‍ക്ക് വേണ്ടി പണം മുടക്കുന്നത് നിര്‍ത്തിയാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

സജി - എല്ലാ മനുഷ്യനും ഒരു മതമേയുള്ളു (Religion) എന്നു പറഞ്ഞതിനര്‍ത്ഥം ഒരു മനുഷ്യനും ഒരു ഹിന്ദുവായോ മുസ്ലീമായോ ക്രിസ്ത്യാനിയായോ അല്ല വെറും മനുഷ്യനായാണ് ജനിക്കുന്നത് എന്നാണ്. പിന്നെ ഓരോ മനുഷ്യനും ഓരോ മതം (അഭിപ്രായം) ഉണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. സ്വന്തം അഭിപ്രായം ശരിയോ തെറ്റോ എന്ന് സ്വയം അപഗ്രഥിച്ച് തീരുമാനിക്കാവുന്നതാണ്. എന്നാല്‍ ഒരാള്‍ ഒരു മതത്തില്‍ (religion) ചേരുമ്പോള്‍ അയാള്‍ മറ്റാരൊക്കെയോ പറയുന്നത് അക്ഷരം പ്രതി അനുസ്സരിച്ച് കണ്ണടച്ച് പ്രവര്‍ത്തിക്കുകയാണ്. അവിടെ ഒരാളുടെ മതത്തിന് (അഭിപ്രായത്തിന്) അപഗ്രഥന ശേഷിയോ പ്രസക്തിയോ ഇല്ല. അതു കൊണ്ട് വിഭിന്ന മതക്കാരായേക്കാമായിരുന്ന (അഭിപ്രായക്കാരായ) അനുയായികളെ തങ്ങളുടെ ഇംഗിതത്തിനനുയോജ്യമാം വിധം കളിമണ്ണു പോലെ ‘ഉപയോഗിക്കുവാന്‍’ രാഷ്‌ട്രീയ / മത നേതൃത്വങ്ങള്‍ക്ക് അനായാസം കഴിയുന്നു. ഈയൊരു പ്രക്രിയയുടെ ഉത്പന്നങ്ങളാണ് കന്യാസ്ത്രീകളും പുരോഹിതന്മാരും. അവര്‍ക്ക് ഒരു കന്യാസ്ത്രീയെ പഴി ചാരി പുറത്താക്കാനേ കഴിയൂ, മനസ്സിലാക്കാന്‍ കഴിയില്ല.

ജഗദീശിനോട് - സിനിമയും ചാനലും ആവശ്യം തന്നെയാണ്. പക്ഷേ അവിടെയും കലയെന്ന പേരില്‍ കച്ചവടമാണ് സംരക്ഷിക്കപ്പെടുന്നത്. ചെറിയ പെഗ്ഗുകളില്‍ നിന്നു തുടങ്ങി വലിയ കുപ്പികളിലേക്കു വളരുന്ന മദ്യപാനം പോലെ, ഒരു തരം ലഹരി നമ്മെ നമ്മളറിയാതെ കീഴ്പ്പെടുത്തുകയാണ്. നല്ല കലയെ തിരസ്കരിച്ച് നമ്മള്‍ വേറൊരു മോഹവലയത്തിലൂടെ പ്രഞ്ജയറ്റ് നീങ്ങുന്നു. മതങ്ങളും അന്ധമായ ഭക്തിയും ഇതു പോലൊരു ലഹരി തന്നെയാണ് നല്‍കുന്നത്. കന്യാസ്ത്രീയുടെ പടമെടുത്തവന്‍ അതു വിറ്റു കാശാക്കിക്കാണും. അതു പകര്‍ന്ന ലഹരിയായിരുന്നല്ലോ മൊബയിലുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും ആളുകള്‍ നുകര്‍ന്നു പുളകം കൊണ്ട് ആഘോഷിച്ചു നടന്നത്.

Sapna Anu B.George പറഞ്ഞു...

മോഹന്‍.....ഏതു കാലഖട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്....ഒരു കന്യാസ്ത്രീയുടെ പീഡനം കോടതികയറിയിറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷം 10, 20 ആയി....പിന്നെ ഇന്നു ഇന്റ്ര്‍നെറ്റുള്ളതു കൊണ്ട്, മൊബൈല്‍ ഫോണ്‍ ഉള്ളതുകൊണ്ട് ഇന്നു ഈ വിവരങ്ങള്‍ ലോകം മുഴുവന്‍ കാണുന്നു.ഇതു പൊതുജനം...പള്ളിയിലും അരമനയിലും, മഠങ്ങളിലും ഈ വൈകൃതങ്ങള്‍ അപ്പനപ്പന്മാരുടെ കാലം തൊട്ടേയുണ്ട്, ആരും അറിഞ്ഞിരുന്നില്ല എന്നു മാത്രം... കന്യാസ്തീ മഠത്തില്‍ ചേര്‍ന്നു പതിക്കാനുള്ള മടി, നിര്‍ബന്ധിച്ചുള്ള ചേര്‍ക്കല്‍ ഇതെല്ലാം ഇതിന്റെ തന്നെ ഭാഗമാണ്. ആര് ആരെ കുറ്റം പറയും????മൊഹന്റെ കുറിമാനം അതിമനൊഹരം

ഗൗരിനാഥന്‍ പറഞ്ഞു...

എതു സ്ത്രീകുണ്ട് അവളുടെ അവകാശങ്ങളെ കുറിച്ച് ബോധം..ആ ബോധമില്ല്യായ്മയല്ലെ ആദ്യം മാറ്റേണ്ടത്...എല്ലാവര്‍ക്കും പ്രസ്താവനകള്‍ ഇറക്കി മുകളില്‍ ഇരിക്കാന്‍ ഇഷ്ട്ടമാണ്.. താഴേക്കിട്ടയിലെക്കു ഇറങ്ങാനൊരാളും തയ്യാറല്ല...നന്ദി നല്ലൊരു പൊസ്റ്റിനു

അജ്ഞാതന്‍ പറഞ്ഞു...

Many generations has gone... All accepted that sexual relation ship should be through marriage bond. Since that should be enjoyed through responsibility. Or else most of the time only the woman will be suffered. But the feminist ideology unknowingly and the suppressing male ideology knowingly becomes advocates of illegal sex. But the advocates of marriage are becoming outfashioned. Christianity is suffering a lot with this issue as it is unable to take a strong stand on what is allowed and what is not allowed. Most of the time, it simply goes along with WEST's way.

അജ്ഞാതന്‍ പറഞ്ഞു...

valare nalla chinda. blog kanaan thamasichupoyi. swathandrya bodhathode blogkukal ezhuthunnavar undennu manasilaayi.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

സ്വപ്ന, ഗൌരീനാഥന്‍,അജ്ഞാത, സ്റ്റോറി - വായനക്കും പ്രതികരണങ്ങള്‍ക്കും വളരെ നന്ദി.

ചിന്തിക്കാനുള്ള കഴിവ് വികസിക്കും മുമ്പ് ഓരോരോ പക്ഷക്കാര്‍ സ്വന്തമാക്കുകയാണ് ഓരോ പൌരനേയും. അപ്പോള്‍ ഓരോരുത്തരും ചിന്തിക്കുന്നത് മറ്റാര്‍ക്കോ വേണ്ടി. അതിനിടയില്‍ സ്വതന്ത്ര ചിന്ത എന്നത് വളരെ വിഷമം പിടിച്ച പണിയാണ് സ്റ്റോറി. സ്വന്തം വീട്ടില്‍ നിന്നാവും ആദ്യത്തെ ഇരുട്ടടി.