2008, മാർച്ച് 5, ബുധനാഴ്‌ച

ആനപ്പേടി




ആനയെക്കാണുമ്പോള്‍ എനിക്കെന്നും പേടിയായിരുന്നു. കൂര്‍ത്ത കൊമ്പുകളും, വലിയ ശരീരവും, ചങ്ങലയില്‍ ബന്ധിച്ച തടിച്ച കാലുകളും - എന്തോ വലിയൊരു ആപത്തിനെ മുന്നില്‍ കാണുന്ന പോലെ. എപ്പോഴും ആടിക്കൊണ്ടിരിക്കുന്ന ചെവികള്‍ക്കരുകില്‍ ബ്രൌണ്‍ നിറത്തിലുള്ള ചെറിയ കണ്ണുകള്‍. കൊമ്പുകളില്‍ കോര്‍ത്തുപിടിച്ച പനമ്പട്ടകള്‍ ദൂരെയെറിഞ്ഞ് ‘ഇടത്താനെ, വലത്താനെ” എന്നു പറഞ്ഞു നടക്കുന്ന തോട്ടി പോലുള്ള പാപ്പാനെ എപ്പോഴാണതെടുത്ത് നിലത്തടിക്കുക എന്ന ഭീതിദമായ ചിന്ത എന്നെ പലപ്പോഴും പിടി കൂടിയിട്ടുണ്ട്.

ചെറുപ്രായത്തില്‍ സ്കൂളിലേക്കു റോഡിലൂടെ നടന്നു പോകുന്നതിനിടയില്‍ എതിരെ ആന വരുന്നതു കാണുമ്പോഴേക്കും വയറു കത്താന്‍ തുടങ്ങും. ആനയില്‍ നിന്നും കഴിയുന്നത്ര അകന്ന്, റോഡിന്റെ ഓരം ചേര്‍ന്ന് കടന്നു പോകുമ്പോള്‍ ശ്രദ്ധ മുഴുവന്‍ ആനയുടെ കണ്ണുകളിലേക്കായിരിക്കും. അതെന്നെയാണാവോ നോക്കുന്നത്? പെട്ടെന്നൊന്നു തിരിഞ്ഞാല്‍ പാപ്പാനെ ധിക്കരിച്ച് പുറകിലൂടെയെങ്ങാനും ഓടി വന്നാല്‍, എവിടെയാ‍ണീശ്വരാ ഓടി ഒളിക്കുക? ഇനി ഓടാന്‍ തുടങ്ങിയാല്‍ തന്നെ പുറകേ കലി കൊണ്ടു വരുന്ന ആനയേക്കാള്‍ വേഗത്തില്‍ എവിടെയെങ്കിലും ഓടിപ്പോയൊളിക്കാനാവുമോ? ഓട്ടത്തിനിടയിലെങ്ങാനും കാല്‍ തെറ്റി വീണു പോയാലത്തെ അവസ്ഥയോ? ആനക്ക് നമ്മളോടൊപ്പം ഓടിയെത്താനാവുമോ?


ഉറക്കത്തില്‍ പലപ്പോഴും ആനയെ സ്വപ്നം കണ്ടു പേടിച്ചിട്ടുണ്ട്.പാപ്പാനേയും കൊന്ന്, മതിലു തകര്‍ത്ത് ദേഷ്യത്തോടെ മുന്നില്‍ കണ്ടതെല്ലാം ചവുട്ടിയരച്ച് വീടു തകര്‍ത്ത് അകത്തേക്കു വരുന്നതായി, ചിലപ്പോള്‍ പുരക്കു പുറത്ത് അരിശം തീര്‍ക്കാന്‍ ഒരാളെക്കാത്ത് പതുങ്ങി നില്‍ക്കുന്നതായി,
ഒളിച്ചിരിക്കുന്നിടത്തേക്കൊരു തുമ്പിക്കൈ നീണ്ടു വരുന്നതായി, രാത്രി മൂത്രമൊഴിക്കാനായി തെങ്ങിന്‍ തടത്തിലേക്കു നീങ്ങവേ ഇരുട്ടിനുള്ളില്‍ മറ്റൊരിരുട്ടായി ... ആനപ്പേടി മൂലം മൂത്രമൊഴിക്കേണ്ടതില്ല എന്നു തീരുമാനിച്ചിട്ടുള്ള രാത്രികള്‍ ഏറെ. എരിതീയില്‍ എണ്ണ പകരാനായി മുത്തശ്ശിയുടെ വക ‘കവിളപ്പാറ’ ആന മദിച്ച് പാപ്പാനെ കുത്തിക്കൊന്ന കഥയും.രാത്രികള്‍ കാളരാത്രികളാകാന്‍ ഇനിയെന്തു വേണം.

വളര്‍ന്നു കഴിഞ്ഞപ്പോള്‍ പേടി കുറഞ്ഞുവെങ്കിലും, ആനെയെക്കാണുമ്പോള്‍ എന്തൊ ഒരു വല്ലായ്മ,ഒരു സംഭ്രമം, അതു പുറത്തു കാണിക്കാറില്ലെങ്കിലും അകത്തതിന്റെ അനുരണങ്ങള്‍ അനുഭവപ്പെടാറുണ്ട് എന്നതായിരുന്നു നേര്.നാടുവിട്ടു കഴിഞ്ഞപ്പോള്‍ ആനകളെക്കാണല്‍ കുറഞ്ഞു. ആനപ്പേടിയും കുറഞ്ഞു.
പക്ഷെ ഈ അടുത്ത കാലങ്ങളിലായുണ്ടാകുന്ന ആനകളുടെ പരാക്രമങ്ങള്‍ കാണുമ്പോള്‍ ആ പഴയ സ്വപ്നങ്ങള്‍ മനസ്സിലേക്കു തികട്ടി വരുന്നു.ഉത്സവങ്ങള്‍ക്കിടയില്‍ ഇടഞ്ഞ ആനയും പ്രാണനും കൊണ്ടോടുന്ന ജനങ്ങളും ചാനലുകള്‍ക്ക് ഒരു റിയാലിറ്റി ത്രില്ലറിനുള്ള അവസരമൊരുക്കുന്നു. തിടമ്പെഴുന്നെള്ളിക്കാന്‍ ആന തന്നെ വേണമെന്ന് ഒരു ദൈവമോ, പള്ളിപ്പെരുന്നാളിന് ആന തന്നെ വേണമെന്ന് ഒരു പുണ്യാളനോ പറഞ്ഞിട്ടുള്ളാതായറിവില്ല. ഉത്സവങ്ങള്‍ക്കിടയില്‍ നിത്യസംഭവമാകുന്ന ആനയിടച്ചിലും, പാപ്പാന്മാരെ നിഷ്കരുണം ചവുട്ടിക്കൊന്ന് രക്താഭിഷിക്തരായി ഭ്രാന്തു പിടിച്ചോടുന്ന ആനകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും മന:പൂര്‍വ്വം കാണാന്‍ കൂട്ടാക്കാതെ,ആനയില്ലാതെ ഇതൊന്നും സാധ്യമല്ല എന്ന മട്ടാണ് ഇതിന്റെയൊക്കെ നടത്തിപ്പുകാര്‍ക്ക്.

കാട്ടുജീവിയായി സ്വൈരവിഹാരം ചെയ്തു നടക്കുന്ന ആനകളെ ക്രൂരമായ ചതിയിലൂടെ കെണിവച്ചു പിടിക്കുന്നിടത്തു തുടങ്ങുന്നു മനുഷ്യന്‍ സാധുവായൊരു ജീവിയോടു കാട്ടുന്ന നെറികേടിന്റെ ചരിത്രം.അതിനെ പീഡിപ്പിച്ചും പ്രീണിപ്പിച്ചും മെരുക്കി,യാതൊരു മയവുമില്ലാതെ പണിയെടുപ്പിച്ച് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന മുതലാളിമാര്‍ ഒരു വശത്തും, ആനപ്രേമികളും, പൊങ്ങച്ചക്കാരും, സാധാരണക്കാരുമടങ്ങുന്ന വലിയൊരു ജനാവലി മറുവശത്തും. ഇതിനിടയില്‍ ആനകള്‍ക്കു മാത്രമല്ല ആനച്ചങ്ങലകള്‍ക്കും ഭ്രാന്തു വന്നില്ലെങ്കിലേയുള്ളു അത്ഭുതം.

വലിയൊരു ഉടലും കാണാന്‍ ചന്തവും തലയെടുപ്പും സര്‍വ്വോപരി അനുസരണയുമുള്ള ഒരു സാധു ജീവിയായതുമായിരുന്നു ആനയുടെ ദുര്യോഗം.പുലിവാഹനനായ സാക്ഷാല്‍ അയ്യപ്പന്റെ ഉത്സവങ്ങള്‍ക്ക് ഒരു പുലിയെയിറക്കി പരീക്ഷിക്കാമെന്നാരും വ്യാമോഹിക്കാത്തതെന്തേ? സ്വാമി വാഹനമായാലും, സാദാ പുലിയായാലും, പുലി പുലി തന്നെ. വിവരമറിയും. അതിനാല്‍ ഒരു മൃഗത്തിന്റേയും പുറത്തേറാതെ തന്നെ അയ്യപ്പസ്വാമിയെ എഴുന്നെള്ളിക്കുമ്പോള്‍ സ്വാമിക്കുമില്ല പ്രശ്നം, ഉത്സവക്കാര്‍ക്കുമില്ല, നാട്ടുകാര്‍ക്കുമില്ല.

അറിയാതെയാണെങ്കിലും,ചെറുപ്പനാളില്‍ പേടി സ്വപ്നങ്ങളായി മനസ്സില്‍ തറഞ്ഞു നിന്ന “ആന“ക്കാര്യങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളായി ടീ.വി.സ്ക്രീനിനിലൂടെ ഇന്നു മുന്നിലെത്തുമ്പോള്‍ മനസ്സറിയാതെ ചോദിച്ചു പോകുന്നു - ഇതെവിടെച്ചെന്നാണവസാനിക്കുക? ഇതിനൊരു പരിഹാരമില്ലെ? ഇതെല്ലാം കണ്ടു കൈയ്യും കെട്ടി നില്‍ക്കാന്‍ അധികാരികള്‍ക്കെങ്ങിനെ കഴിയുന്നു.ഇനിയെങ്കിലും നമുക്കീ പാവം ജീവികളെ അതിന്റെ പാട്ടിനു വിട്ടുകൂടെ?

10 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

ആനകളെ വേണ്ട വിധം പരിചരിയ്ക്കാത്തതിന്റെ കുഴപ്പമാണ് അധികവും. കച്ചവട താല്പര്യങ്ങള്‍ക്കു വേണ്ടി വേണ്ടത്ര ഭക്ഷണവും ശുശ്രൂഷയും നല്‍കാതെ എഴുന്നള്ളിപ്പിനും തടി പിടിയ്ക്കാനും പരസ്യങ്ങള്‍ക്കുമെല്ലാം കൊണ്ടു നടന്നാല്‍ അവര്‍ അവരുടെ പ്രതീഷേധം ഇങ്ങനെയൊക്കെ രേഖപ്പെടുത്തിയെന്നു വരാം.

കുഞ്ഞന്‍ പറഞ്ഞു...

ഇപ്പോള്‍ പണ്ടത്തെപ്പോലെ തടി പിടിപ്പിക്കുന്നത് കുറഞ്ഞിട്ടുണ്ട് കാരണം ജെ സി ബി.ആയതിനാല്‍ ആനയെ മുതലെടുക്കുന്നതിനുവേണ്ടി,അതിനു വിശ്രമമൊ,പരിചരണമൊ, വേണ്ടത്ര ഭക്ഷണമൊ നല്‍കാതെ എത്രത്തോളം ആനയെക്കൊണ്ടു ഉപയോഗപ്പെടുത്താമൊ അത്രത്തോളം കാശാക്കി മാറ്റുകയാണ് ഉടമസ്ഥരും പാപ്പാന്മാരും.

മോഹന്‍ ഭായി പറഞ്ഞതുപോലെ ചങ്ങലകള്‍ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്.

ഒരുതരത്തില്‍ കാഴ്ച്ചക്കാരായ നമ്മളും കുറ്റക്കാരാണ്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ശ്രീ, കുഞ്ഞന്‍ - നന്ദി. വായനക്കും, കമന്റിനും. കച്ചവടതാല്‍പ്പര്യങ്ങള്‍ എല്ലാത്തിനേയും കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ പാവം ആനകള്‍ എന്തു ചെയ്യും.

ഫസല്‍ ബിനാലി.. പറഞ്ഞു...

മോഹന്‍ചേട്ടന്‍ പറഞ്ഞതു പോലെ പുലിയെ എഴുന്നള്ളിയ്ക്കാന്‍ ഭയപ്പെടുന്നവര്‍ക്ക് ആനയെ എഴുന്നുള്ളിക്കാന്‍ ഭയമില്ലാത്തത്, ആനയുടെ നല്ല സ്വഭാവം തന്നെ, ഉത്സവപ്പറമ്പുകളില്‍ ആനയില്ലാതെ എന്തുത്സവം സത്യം തന്നെ, പക്ഷെ പ്രതിഷ്ടയേക്കാള്‍ ആനയ്ക്ക് പ്രധാന്യം കൊടുക്കുന്നതിലൂടെ വിശ്വാസത്തേയും ജന്തു സ്നേഹത്തേയും ചോദ്യം ചെയ്യപ്പെടുകയാണ്.
നല്ല പൊസ്റ്റിനു ആശംസകള്‍

മരമാക്രി പറഞ്ഞു...

മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html

മരമാക്രി പറഞ്ഞു...

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html

അജയ്‌ ശ്രീശാന്ത്‌.. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജയ്‌ ശ്രീശാന്ത്‌.. പറഞ്ഞു...

"പുലിവാഹനനായ സാക്ഷാല്‍ അയ്യപ്പന്റെ ഉത്സവങ്ങള്‍ക്ക് ഒരു പുലിയെയിറക്കി പരീക്ഷിക്കാമെന്നാരും വ്യാമോഹിക്കാത്തതെന്തേ? സ്വാമി വാഹനമായാലും, സാദാ പുലിയായാലും, പുലി പുലി തന്നെ. വിവരമറിയും. അതിനാല്‍ ഒരു മൃഗത്തിന്റേയും പുറത്തേറാതെ തന്നെ അയ്യപ്പസ്വാമിയെ എഴുന്നെള്ളിക്കുമ്പോള്‍ സ്വാമിക്കുമില്ല പ്രശ്നം, ഉത്സവക്കാര്‍ക്കുമില്ല, നാട്ടുകാര്‍ക്കുമില്ല."

ഇത്രയ്ക്കങ്ങ്‌ വേണോ...
എന്തായാലും "ആനപ്പേടി" കൊള്ളാം...ട്ടോ...

വീകെ പറഞ്ഞു...

ആനയെ എനിക്കും പേടിയാ.ആനയെ അകലെ നിന്നു കാണുംബോഴേ എന്റെ ശരീരം വിറയ്ക്കാന്‍ തുടങ്ങും.തൊട്ടടുത്തെത്തിയാല്‍ ഹ്രുദയമിടിപ്പിന്റെ താളം എനിക്കു വ്യക്തമായി കേള്‍ക്കാനാകും.എന്റെ മോന്‍ കയ്യെത്തിച്ചു ആനയെ തൊടാന്‍ നോക്കുന്നതു കാണുംബോള്‍ അവനെ തടയാനുള്ള എന്റെ ശബ്ദം തൊണ്ടയില്‍ നിന്നും പുറത്തു വരില്ല.എന്റെ ശരീരം പെട്ടന്നു വിയര്‍ക്കുകയും ചെയ്യും.
ആശംസകള്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

വീ കെ - ഇതു വഴി വന്നതിനും ആനപ്പേടിയെപ്പറ്റിയുള്ള അനുഭവം പങ്കു വച്ചതിനും വളരെ നന്ദി.