
കൊലപാതകങ്ങളും, ചോരയും, കത്തിയുമെല്ലാം ഇന്ന് കൊച്ചു കുട്ടികളില്‍ പ്പോലും ഒരു നടുക്കവും ഉണര്‍ത്തുന്നില്ല. വാര്‍ത്തകളിലൂടെ, സിനിമകളിലൂടെ, സീരിയലുകളിലൂടെ, ടി.വി.സ്ക്രീനുകള്‍ നമ്മുടെ മുന്നില്‍ കാഴ്ച വയ്ക്കുന്ന ദൈനം ദിന പൂജകളായിത്തീര്‍ന്നിരിക്കുന്നു അവയൊക്കെ. എന്നിരിക്കിലും ചില വാര്‍ത്തകളെങ്കിലും ചങ്കിലേക്കു മൂര്‍ച്ചയുള്ള കത്തി പോലെ കയറിപ്പോകുന്നു.ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നത്.
ഭക്ഷണം, വസ്ത്രം അതു കഴിഞ്ഞാല്‍ പിന്നെ പാര്‍പ്പിടം അഥവാ വീട്. വീട് നല്‍കുന്നത് സുരക്ഷിതത്വമാണ്, സ്നേഹമാണ്, സാന്ത്വനമാണ്. പുറത്ത് എന്തെങ്കിലും അരക്ഷിതാവസ്ഥയുണ്ടാകുമ്പോള്‍, ഗുണ്ടയാണെങ്കില്‍പ്പോലും, ഓടിയെത്തുന്നത് സ്വന്തം വീട്ടിലേക്കാണ്. പക്ഷെ രക്ഷയില്ലാതെ വരുന്നത് സ്വന്തം വീട്ടില്‍ നിന്നാണെങ്കിലോ? ശ്വാസം മുട്ടി പിടഞ്ഞു പിടഞ്ഞ് ചലനങ്ങള്‍ നിലച്ച് ശരീരം നിശ്ചേതനമാവുന്നത്, ഇറച്ചിയിലേക്കാഴ്ന്നിറങ്ങിയ വേദനിപ്പിക്കുന്ന മുറിവുകളിലൂടെ രക്തം വാര്‍ന്നു വാര്‍ന്നു തീര്‍ന്ന് ശരീരം തളര്‍ന്ന് വെറുങ്ങലിക്കുന്നത്, സ്വന്തം വീടിന്റെ നാലു ചുമരുകള്‍ക്കുള്ളിലെവിടെയെങ്കിലുമാണെങ്കിലോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വിവിധ സാഹചര്യങ്ങളില്‍ അങ്ങിനെയും സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നത് ഹൃദയഭേദകമാണെങ്കിലും യാഥാര്‍ത്ഥ്യമാണ്.
നിരുപമയുടെ കഥ ഒരു പക്ഷേ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടായിരിക്കും. ദില്ലിയിലെ നിരുപമാ പാഥക് എന്ന 22 വയസ്സുകാരിയായ പത്ര പ്രവര്‍ത്തകയെ കൊലചെയ്തത് സ്വന്തം വീട്ടുകാര്‍ തന്നെയായിരുന്നു. കാരണം നിരുപമ സഹപാഠിയായ പ്രിയഭന്‍ഷു രഞ്ജനുമായി പ്രണയത്തിലായിരുന്നു. തങ്ങളുടേതിനേക്കാള്‍ താഴ്ന്ന ജാതിയില്‍ ജനിച്ചൊരാള്‍ മകളുടെ ഭര്‍ത്താവായി വരുന്നത് നിരുപമയുടെ ബന്ധുക്കള്‍ക്ക് സഹിക്കാനാവുന്നതിലുമപ്പുറമായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 29നാണ് നിരുപമയെ സ്വന്തം ബന്ധുക്കള്‍ തന്നെ വീട്ടിലെ കിടപ്പു മുറിയില്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുന്നത്. നിരുപമയുടെ മരണം ആദ്യം ഒരാത്മഹത്യയായി എഴുതിത്തള്ളാനുള്ള ശ്രമം നടന്നുവെങ്കിലും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് അതൊരു കൊലപാതകമായിരുന്നുവെന്ന് സ്ഥിരീകരിക്കുകയും നിരുപമയുടെ അമ്മ സുധാ പാഥക്കിനെത്തന്നെ കൊലപാതകക്കുറ്റത്തിന് അറസ്റ്റു ചെയ്യുകയുമായിരുന്നു. കൃത്യത്തില്‍ ഒന്നിലധികം പേരുടെ പങ്കുണ്ടായിരുന്നുവെന്ന് സംശയലേശമന്യേ വ്യക്തമായിരുന്നു. വീട്ടുകാരുടെ അഭിമാനം സംരക്ഷിക്കേണ്ടതിന് നിരുപമ ബലിയാക്കപ്പെട്ടു.
ഇപ്പോള്‍ വീണ്ടുമിതാ മറ്റൊരു കൊലപാതകം കൂടി ഇന്ത്യയുടെ തലസ്ഥാന നഗരിയായ ദില്ലിയില്‍ അരങ്ങേറിയിരിക്കുന്നു. 19വയസ്സുകാരിയായ ആഷാ സൈനിയേയും, 21 വയസ്സുകാരനായ കാമുകന്‍ യോഗേഷ് ജാദവിനേയും വീട്ടിനുള്ളില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം അതി ക്രൂരമായി ഇരുമ്പു ബാറുകള്‍ കൊണ്ട് പീഡിപ്പിച്ചതിനു ശേഷം വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തിയതിന്റെ വാര്‍ത്തകള്‍ ചുരുളഴിഞ്ഞു കൊണ്ടിരിക്കുന്നു.
കുറ്റ കൃത്യം നടന്നത് ആഷയെ ബലമായി താമസിപ്പിച്ചുകൊണ്ടിരുന്ന അമ്മാവന്റെ വീട്ടില്‍ വച്ചും. സംഭവം നടന്നതിന്റെ പിറ്റേന്നു രാവിലെ സംശയാലുക്കളായ അയല്‍വാസിളുടെ കാഴ്ചയെ എതിരേറ്റത് ചോരയില്‍ക്കുളിച്ചു കിടക്കുന്ന മൃതദേഹങ്ങളായിരുന്നു. കൊലപാതകക്കുറ്റത്തിന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും അറസ്റ്റ് ചെയ്യപ്പെടുകയും ഇതൊരു അഭിമാനക്കൊലപാതകമായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു.കുറ്റം ചെറുക്കന്‍ താഴ്ന്ന ജാതിക്കാരന്‍ എന്നതു തന്നെ. ചെയ്ത് കുറ്റത്തിന് യാതൊരു പശ്ചാത്താപവുമില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ഏറ്റു പറഞ്ഞിരിക്കുന്നു.
http://news.bbc.co.uk/2/hi/world/south_asia/10316249.stm
ഇതിലെല്ലാം മുഖ്യമായിട്ടുള്ളത് കൊലപാതകങ്ങള്‍ നടത്തിയവരെന്നു സംശയിക്കുന്ന ആള്‍ക്കാരെല്ലാം അഭ്യസ്തവിദ്യരും ജീവിതത്തിന്റെ ഉയര്‍ന്ന തലങ്ങളിലുള്ളവരുമാണന്നതാണ്. സ്വന്തം ജാതിയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുവാന്‍ ചെയ്ത ഒരു ത്യാഗമായിട്ടാണ്, ഒരു സല്‍ക്കര്‍മ്മമായിട്ടാണ് അവരിതിനെ കാണുന്നത്. ഓമനിച്ച്, താലോലിച്ച്, എടുത്തു വളര്‍ത്തി വലുതാക്കിയ കൈകള്‍ കൊണ്ടു തന്നെ സ്വന്തം ചോരയുടെ കഴുത്തു ഞെരിക്കുവാന്‍ പ്രേരിപ്പിക്കുന്ന അഭിമാനം കൊണ്ട് എന്തു പുണ്യമാണ് നാം നേടുന്നത്? ചോരയില്‍ കുതിര്‍ന്ന ഇത്തരം അഭിമാനങ്ങള്‍ വീണ്ടും കളങ്കപ്പെട്ടാല്‍ എത്ര മാത്രം ചോര പിന്നെയുമൊഴുക്കേണ്ടതായി വരും?
നാട്ടുകാരും, ഗ്രാമ പഞ്ചായത്തുകളും ഇടപെട്ട് നടപ്പിലാക്കുന്ന കൊലപാതകങ്ങളും ഉത്തരേന്തയില്‍ നിരവധിയാണ്. പ്രായപൂര്‍ത്തിയായ ഒരാണിനും പെണ്ണിനും സ്വതന്ത്ര ഇന്ത്യയില്‍ സ്വന്തം ജാതിക്കു പുറത്ത് പ്രണയിക്കാനോ, വിവാഹം കഴിക്കാനോ, ഭീതി കൂടാതെ ജീവിക്കാനോ കഴിയാത്ത അവസ്ഥ ദുസ്സഹം തന്നെ.
മനസ്സാക്ഷിയുള്ളവര്‍ക്കെല്ലാം ഒരു ഞെട്ടലോടെയല്ലാതെ കാണാന്‍ കഴിയാത്ത ഇത്തരം വാര്‍ത്തകള്‍ കേട്ട് ഹര്‍ഷപുളകിതരാകുന്നവരുടെ ഒരു സമൂഹം നമുക്കിടയില്‍ ഉണ്ട് എന്ന് പേടിയോടെയാണ് നാം മനസ്സിലാക്കുന്നത്. ഇതാണ് നമ്മുടെ ചിന്തകളിലേക്ക് കനലുകള്‍ വാരിയിടുന്നത്. ജാതി മത ഭ്രാന്തിന്റെ ബീഭത്സമായ മറ്റൊരു മുഖം അതിനൂതനമെന്ന് നാം വിശേഷിപ്പിക്കുന്ന ഈ കാലത്തിലും നമ്മുടെ മുഖങ്ങള്‍ക്കു പിറകില്‍ ഒളിച്ചിരിപ്പുണ്ട്.
ജാതിയും മതവും സമൂഹത്തിലെ അര്‍ബുദമാണെന്നും അതിനെ വേരോടെ പറിച്ചെറിയണമെന്നും പഠിപ്പിച്ച സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളുടെ തലമുറ അന്യം നിന്നു പോയിരിക്കുന്നു. അവര്‍ പറഞ്ഞതെല്ലാം നാം പാടെ മറന്നു പോയിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പ്രബുദ്ധരായവര്‍ എന്നഭിമാനിക്കുന്നവരുടെ കേരളത്തിലാണെങ്കിലോ നടേശന്മാരും, നാരായണപ്പണിക്കരുമാരും, തങ്ങളുമാരും, പാതിരിമാരും ജനങ്ങളുടെ മേല്‍ തങ്ങള്‍ക്കുള്ള സ്വാധീനം അനുദിനം വര്‍ദ്ധിപ്പിക്കുവാനുള്ള കുതന്ത്രങ്ങള്‍ മെനയുകയും തെരുവുകളിലൂടെ സ്വന്തം അനുയായികളെ നിറമുള്ള ഉടുപ്പുകള്‍ അണിയിച്ചിറക്കി ശക്തി പ്രകടനങ്ങള്‍ നടത്തുകയുമാണ്. അവരുടെ നാറുന്ന കാല്‍ക്കീഴിലാണ് രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാവരും.
പ്രകടനങ്ങളിലും, ഘോഷയാത്രകളിലും മനുഷ്യരില്ല. കണ്ണു മഞ്ഞളിപ്പിക്കുന്ന നിറങ്ങള്‍ മാത്രമേയുള്ളു. കോലം കെട്ടിയ നിറങ്ങളുടെ ഐക്യപ്പെടല്‍, ഉറഞ്ഞാട്ടം, ഊറ്റം കൊള്ളല്‍, കൊലവിളികള്‍. ഭീതിദമായ ഒരു വിപത്തു പോലെ വളഞ്ഞു പുളഞ്ഞ് തെരുവു നിറഞ്ഞു നീങ്ങുന്ന, വായ മുതല്‍ വാലു വരെ ഒരേ നിറമുള്ള ഭീകര ജീവികളെ ഓര്‍മ്മിപ്പിക്കുന്നു ഇത്തരം ജാഥകളും, ഘോഷ യാത്രകളും.
സാമൂഹ്യ ബഹിഷ്ക്കരണങ്ങളും, ഊരു വിലക്കുകളും, പല ജാതിക്കാരും തങ്ങള്‍ക്കിടയിലുള്ള ‘താന്തോന്നി’കളെ നിലക്കു നിര്‍ത്താനായി ഉപയോഗിച്ചു വരുന്നുണ്ട്. ഉണ്ണിത്താനെ ശിക്ഷിച്ചതു പോലുള്ള രാഷ്ട്രീയ ഗുണ്ടാ സംഘങ്ങളും നിയന്ത്രണങ്ങളില്ലാതെ നടക്കുന്നുണ്ട്. അഭിമാനക്കൊലപാതകങ്ങള്‍ നമ്മുടെ നാട്ടിലും അരങ്ങേറില്ലെന്നും അല്ലെങ്കില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നില്ലെന്നും ആരു കണ്ടു?