controversy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
controversy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ജനുവരി 24, ശനിയാഴ്‌ച

പി.കെ. ചിരിക്കുമ്പോള്‍ ...



ആവിഷ്കാര സ്വാതന്ത്ര്യവും പാരമ്പര്യ വിശ്വാസങ്ങളും പരസ്പരം കൊമ്പു കോര്‍ക്കുന്ന കാഴ്ചയ്ക്ക് ചരിത്രം എന്നും സാക്ഷിയായി നിന്നിട്ടുണ്ട്. ഇത്തരം കളങ്കിത മുഹൂര്‍ത്തങ്ങള്‍ക്ക് കാലദേശഭേദങ്ങള്‍ ഒരിക്കലും ഒരു പരിമിതിയായിരുന്നിട്ടില്ല. 1898-ല്‍ അന്നത്തെ വിശ്വോത്തര ചിത്രകാരനായിരുന്ന രാജാ രവി വര്‍മ്മയ്ക്കെതിരെയും ഉയര്‍ന്നിരുന്നു അസഹിഷ്ണതയുടെ അസ്വാരസ്യങ്ങള്‍. ദേവീ ദേവന്മാരുടെ ചിത്രങ്ങള്‍ക്ക്  രവി വര്‍മ്മ മനുഷ്യ മുഖങ്ങള്‍ വരച്ചു എന്നതായിരുന്നു ഒരു പറ്റം ഹിന്ദുക്കള്‍ അദ്ദേഹത്തിനു മേല്‍ ചാര്‍ത്തിയ കുറ്റം. തന്നെയുമല്ല രവി വര്‍മ്മ ചിത്രങ്ങളില്‍ അശ്ലീലതയുണ്ടെന്ന ആരോപണവും പ്രബലമായിരുന്നതിനാല്‍ കോടതി വരെ കയറേണ്ടതായ ദുര്‍ഗ്ഗതിയുണ്ടായി അദ്ദേഹത്തിന്. എന്നിട്ടും തന്റെ സ്വാതന്ത്ര്യത്തിനു മേല്‍ കുതിര കയറുവാന്‍ ആര്‍ക്കു മുന്നിലും അദ്ദേഹം നിന്നു കൊടുത്തില്ല. കേസു കൈകാര്യം ചെയ്ത മുംബൈ കോടതി ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞ്  അദ്ദേഹത്തെ കുറ്റ വിമുക്തനാക്കുകയാണു ചെയ്തത്.   കാലം ചെന്നപ്പോള്‍ രവി വര്‍മ്മ വരച്ച ചിത്രങ്ങള്‍ പ്രചുരപ്രചാരം നേടുകയും ദൈവങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊരു മുഖവുമില്ലാത്ത വിധം  അവയെല്ലാം ഭക്തമാനസങ്ങളില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു എന്നതൊരു വിരോധാഭാസമായി തോന്നാം.

ജനാധിപത്യത്തിനും അതു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നില കൊള്ളുന്നു എന്നുദ്ഘോഷിക്കുന്ന ഇന്ത്യയില്‍ ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ക്കു നേരെ നടക്കുന്ന കയ്യേറ്റങ്ങള്‍ നിരവധിയാണ്. ചിത്രരചനയായാലും, പുസ്തകങ്ങളായാലും, സിനിമയായാലും തങ്ങള്‍ക്കു രുചിക്കാത്തത് മറ്റാരും തൊടരുത് എന്നു പറയാന്‍ തക്ക വണ്ണം ബുദ്ധിമാന്ദ്യം വന്ന ഒരു പറ്റം ആള്‍ക്കാര്‍ തങ്ങളുടെ ഇംഗിതങ്ങള്‍ ബലപ്രയോഗങ്ങള്‍ വഴി മറ്റുള്ളവരുടെ മേള്‍ അടിച്ചേല്‍പ്പിക്കുന്ന കാഴ്ചകള്‍ ഏറി വരികയാണ്.  വന്നു വന്ന്, അതിപ്പോള്‍ എത്തി നില്‍ക്കുന്നത്  വിധു വിനോദ് ചോപ്ര  നിര്‍മ്മിച്ച് രാജ് കുമാര്‍ ഹീരാനി സംവിധാനം ചെയ്ത പി.കെ. എന്ന ഹിന്ദി സിനിമയ്ക്കു മുന്നിലാണ്. അമീര്‍ ഖാന്‍ അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ മാത്രമാണെങ്കിലും ഇത് അമീര്‍ ഖാന്‍ നിര്‍മ്മിച്ച സിനിമയെന്ന രീതിയിലാണ് ചിത്രത്തിനെതിരേ അണി നിരന്നിട്ടുള്ളവര്‍ പ്രചരിപ്പിക്കുന്നത്. അമീര്‍ ഖാന്‍ എന്ന നടന്റെ ജാതിയും മതവുമാണ് അല്ലാതെ അദ്ദേഹത്തിന്റെ അഭിനയ മികവല്ല ഇവരുടെ ശ്രദ്ധയില്‍ വന്നതും, അതു വച്ച് കൊണ്ടാണ് ഇവരെല്ലാം മുതലെടുക്കുവാന്‍ ശ്രമിക്കുന്നതും.

പി.കെ. എന്നത് വളരെ ഉദാത്തമായ ചിത്രമാണെന്ന് അതിന്റെ നിര്‍മ്മാതാക്കളോ, അണിയറയിലുള്ളവരോ  പറയുമെന്ന് തോന്നുന്നില്ല. പ്രണയവും, സെക്സും, ഹാസ്യവും, വൈകാരികതയും, പ്രേമ സാഫല്യവും എന്നു വേണ്ട ഒരു ബോളിവുഡ് മസാല ചിത്രത്തിനു വേണ്ടതെല്ലാം ചേരും പടി ചേര്‍ത്തിട്ടുണ്ട് ചിത്രത്തില്‍. സിനിമയില്‍ കാണിച്ചിരിക്കുന്നതു പോലെ പാകിസ്ഥാനിയായ ആണും, ഇന്ത്യക്കാരിയായ പെണ്ണും പരസ്പരം അനുരാഗഗ്രസ്ഥരാകുന്നതിലും വലിയ പുതുമയൊന്നുമില്ല. ഇത്തരം ഗിമ്മിക്കുകള്‍ക്ക് ഒരു സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പ്രസക്തി മാത്രമേയുള്ളു. പക്ഷേ ചിത്രത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തിന് വളരെ വ്യക്തമായ ഒരു സന്ദേശം കൊടുക്കണെമെന്നെ  ലക്ഷ്യം ഉണ്ടായിരുന്നതായി ചിത്രം കാണുമ്പോള്‍ ബോധ്യപ്പെടുന്നതാണ്. അതിനാല്‍ ത്തന്നെ പ്രസ്തുത ചിത്രം ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ ചിലരുടെയെല്ലാം ഉറക്കം കെടുത്തുന്നുണ്ട് എന്നത് ചിത്രത്തിന്റെ സാമൂഹികമായ ദൌത്യം വിജയം കണ്ടു എന്നതിനു നിദാനമായിക്കാണാം. ഇത്തരം ചലനങ്ങള്‍ നല്ലതാണ്. നിരന്തരം ഉറങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന് ഇടയ്ക്കെല്ലാം ഒരു പിടിച്ചു കുലുക്കലിന്റെ ആവശ്യമുണ്ട്. (നില്പു സമരക്കാരെ തിരിഞ്ഞു നോക്കാതെ പോയവര്‍,  ചുംബന സമരക്കാര്‍ തെരുവിലിറങ്ങിയപ്പോള്‍ മൂടിളകി ഹാലിളകി കുരച്ചു ചാടിയതും നാം കണ്ടതാണല്ലോ).


ഒരാകാശപേടകം പൊടി പടലങ്ങളുയര്‍ത്തി രാജസ്ഥാനിലെ ഒരു മരുപ്രദേശത്തു വന്നിറങ്ങുന്നു. അതില്‍ നിന്നും പുറത്തു വരുന്ന മനുഷ്യന്റെ ആകാരമുള്ള അന്യഗ്രഹ ജീവിയാകട്ടെ തികച്ചും നഗ്നന്‍. ടിയാന്റെ കഴുത്തില്‍ കല്ലു പതിപ്പിച്ച ലോക്കറ്റു പോലെ തോന്നിക്കുന്ന എന്തോ ഉണ്ട്.  മാതൃ പേടകവുമായി സംവദിക്കുവാന്‍ വേണ്ടിയുള്ള റിമോട്ട് കണ്‍‌ട്രോള്‍ ആണതെന്ന് നമുക്ക് പുറകേ മനസ്സിലായിക്കൊള്ളും.  അന്യഗ്രഹ ജീവി എന്ന പേരു കേള്‍ക്കുമ്പോള്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗിന്റെ ഇ.ടി. എന്ന സിനിമയിലെ പ്രസിദ്ധമായ കഥാ പാത്രത്തെയാണ് പെട്ടെന്ന് ഓര്‍മ്മ വരിക. ഡേവിഡ് കാമറൂണിന്റെ അവതാര്‍ എന്ന ചിത്രത്തിലുമുണ്ട് മനുഷ്യരില്‍ നിന്നും വളരെ വ്യത്യസ്തത പുലര്‍ത്തുന്ന അന്യഗ്രഹ ജീവികള്‍. പക്ഷേ ഇ.ടി. യില്‍ നിന്നും പി.കെ. യിലേക്കെത്തുമ്പോള്‍ അന്യഗ്രഹ ജീവി അമീര്‍ ഖാന്റെ രൂപത്തില്‍ രോമരഹിതനായ സിക്സ് പാക്കോടു കൂടിയ തനി ഹിന്ദി സിനിമാ നടന്‍ തന്നെ. അതിനു ചിത്രത്തിന്റെ സംവിധായകനെ കുറ്റം പറയാനാവില്ല. മനുഷ്യരെപ്പോലെയുള്ള ജീവികള്‍ മറ്റു ഗ്രഹങ്ങളിലും ഉണ്ടാകാം എന്ന സാധ്യത ആര്‍ക്കും തള്ളിക്കളയാനാവില്ലല്ലോ.


ഏതായാലും വന്നിറങ്ങി നിമിഷങ്ങള്‍ക്കകം കക്ഷിക്കു പണി കിട്ടി.  ‘പ്രൌഡ് ടു ബി ഇന്ത്യന്‍’ ആയൊരാള്‍ കക്ഷിയുടെ കഴുത്തില്‍ കിടന്നിരുന്ന റിമോട്ട് പൊടുന്നനെ പറിച്ചെടുത്ത് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറി രക്ഷപ്പെട്ടു.  മാതൃപേടകവുമായുണ്ടായിരുന്ന ബന്ധം മുറിഞ്ഞതിനാല്‍ അനാഥനായിത്തീര്‍ന്ന കക്ഷിക്കിനി ഏതു വിധേനെയും റിമോട്ടു കണ്ടെടുത്തേ പറ്റൂ എന്ന വിഷമസന്ധിയില്‍ കൊണ്ടു ചെന്നു നിര്‍ത്തിക്കൊണ്ട് കഥയ്ക്കു വെള്ളമൊഴിച്ചു കൊടുക്കുകയാണ് തിരക്കഥാകൃത്ത്. റിമോട്ടിനു വേണ്ടിയുള്ള മല്‍പ്പിടുത്തത്തിനിടയില്‍ കള്ളന്റെ കയ്യില്‍ നിന്നും കിട്ടിയ റേഡിയോ മാത്രമായിത്തീര്‍ന്നു നൂല്‍ ബന്ധമില്ലാതെ ഭൂമിയില്‍ വന്നിറങ്ങിയ ജീവിയുടെ നാണം മറയ്ക്കാന്‍ ക്യാമറാമാനും സംവിധായകനും കണ്ടെത്തിയ ഒരേ ഒരുപകരണം.ഈ റേഡിയോയ്ക്ക് വളരെ വൈകാരികമയി കഥയിലിടപെടാനുള്ള മറ്റൊരവസരം കൊടുത്തു കൊണ്ട് തിരക്കഥാകൃത്ത് ഈ വല്ലായ്മയില്‍ നിന്നും രക്ഷ നേടുന്നുണ്ട് കഥാന്ത്യത്തില്‍.

ഇനിയെന്ത് എന്ന ചോദ്യചിന്ഹവുമായി നടക്കുമ്പോഴാണ് കക്ഷി ഒരു കാഴ്ച കാണുന്നത്. നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളില്‍ ചിലത് ഉയരുകയും താഴുകയും ചെയ്യുന്നു. നിഷ്കളങ്കനായ ഏതു അന്യഗ്രഹജീവിക്കും ഉണ്ടാകാവുന്ന ആകാംക്ഷയോടെ ഈ ‘ഡാന്‍സിംഗ്‘ കാറുകളിലൊന്നിന്റെ ഉള്ളിലേക്കെത്തി നോക്കുമ്പാഴാണ് കക്ഷിക്ക് സമാധാനമാവുന്നത്. ഇവിടെയും തന്റെ ഗ്രഹത്തിലെപ്പോലെത്തന്നെ നഗ്നരായ ആളുകള്‍ തന്നെയാണുള്ളതെന്നും,  ആകെയുള്ള വ്യത്യാസം അവര്‍ ശരീരത്തെ മറയ്ക്കുവാന്‍ ചില വസ്ത്രങ്ങള്‍ അണിയുന്നുണ്ടെന്നതാണെന്നും തിരിച്ചറിയാന്‍ കക്ഷിക്ക് അധികം നേരമൊന്നും വേണ്ടി വന്നില്ല.  ഉടനെ തന്നെ കാറുകളിലൊന്നില്‍ അഴിച്ചിട്ടിരുന്ന വസ്ത്രങ്ങളെടുത്തു ധരിച്ച്, കാറില്‍ കണ്ട പഴ്സില്‍ നിന്നും കിട്ടിയ കാശുമായി കവലയിലൂടെ നീങ്ങിയ കക്ഷി പതുക്കെപ്പതുക്കെ പുതിയ പരിസരങ്ങളുമായി പൊരുത്തപ്പെടുന്നു. ഡാന്‍സിംഗ് കാറുകളില്‍ നിന്നും പല തരം വസ്ത്രങ്ങളും കാശും കൈയില്‍ വരാന്‍ തുടങ്ങിയപ്പോള്‍   അന്യഗ്രഹജീവിക്കും മനുഷ്യനെപ്പോലെ ജീവിച്ചു തുടങ്ങാമെന്നായി. ഭൂമിയിലെ ഭക്ഷണമാവട്ടെ അന്യഗ്രഹജീവിയുടെ വയറ്റില്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കുന്നതായിട്ടു കാണാത്തതിനാല്‍ ഇവിടത്തെപ്പോലെത്തന്നെയാവും അവിടെയും ഭക്ഷണത്തിന്റെ കാര്യത്തിലെങ്കിലും എന്നനുമാനിക്കേണ്ടിയിരിക്കുന്നു.

പക്ഷേ ഇങ്ങനെയങ്ങു പോയാലെങ്ങനാ?  കഥയിലൊരു വഴിത്തിരിവു വേണ്ടേ? അതാ കാറുമായി വരുന്നു സഞ്ജയ് ദത്തിന്റെ ‘ഭൈരോണ്‍ സിംഗ്’ എന്ന കഥാപാത്രം കക്ഷിയെ ഇടിച്ചു വീഴ്‌ത്താന്‍. അതോടു കൂടി രണ്ടു കക്ഷികളും തമ്മില്‍ ബഡാ ദോസ്തി. പക്ഷേ ഒരു പ്രശ്നം മാത്രം, സ്ത്രീകളെക്കണ്ടാല്‍ അന്യഗോള ജീവിക്ക് തീരെ ഇരിപ്പുറക്കാറില്ല. ഉടനെ ഓടിച്ചെന്ന് അവരുടെ കൈകളില്‍ കയറി പിടിക്കാനായിരിക്കും ശ്രമം.  ഈ പബ്ലിക്കായിട്ടുള്ള കൈ പിടുത്തം അത്ര പന്തിയല്ലാത്തതിനാല്‍ പെണ്ണുങ്ങളെല്ലാവരും ഒഴിഞ്ഞു മാറുകയുമാണ്.  തന്റെ ഭാര്യയെപ്പോലും ഇയാള്‍ വിടാന്‍ ഭാവമില്ലെന്നു വന്നപ്പോള്‍ ഭൈരോന്‍ സിംഗ് കക്ഷിയുടെ ഞരമ്പു രോഗം എന്താണെന്നൂഹിക്കുകയും, അതു മാറ്റാനുള്ള ഒറ്റമൂലിക്കായി ഭൂള്‍ഝഡിയ എന്നു പേരുള്ള ഒരഭിസാരികയുടെ അടുത്തെത്തിക്കുകയും ചെയ്യുന്നു. തന്റെ രണ്ടു കൈകളും പിടിച്ച് ആറു മണിക്കൂര്‍ ഒരേ ഇരിപ്പിലിരിക്കുന്ന കസ്റ്റമറെ ഭൂല്‍ഝഡിയയും ആദ്യമായിട്ടായിരിക്കണം കണ്ടിരിക്കുക. പ്രേക്ഷകരാകട്ടെ ഇത്രമാത്രമുള്ളോ അന്യഗ്രഹത്തിലെ കാര്യങ്ങളെന്നോര്‍ത്ത് നെടുവീര്‍പ്പിട്ടു തുടങ്ങുമ്പോഴാണ് മനസ്സിലാകുന്നത് കക്ഷി അവരില്‍ നിന്നും അവരുടെ ഭാഷ മുഴുവന്‍ തന്നിലേക്ക് കോപ്പിയടിക്കുകയായിരുന്നു എന്ന കാര്യം. അങ്ങിനെ നമ്മുടെ കക്ഷി. രാജസ്ഥാനി ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ പ്രാപ്തനാവുകയും, സംവിധായകനും, സ്ക്രിപ്റ്റ് റൈറ്റര്‍ക്കും എന്നു വേണ്ട ബാക്കി യൂണിറ്റിലുള്ള സകലമാന പേര്‍ക്കും കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. പെണ്ണുങ്ങളുടെ കൈകള്‍ കാണുമ്പോള്‍ കക്ഷിയ്ക്കു തോന്നിയിരുന്ന ബലഹീനത ഇതിനായിരുന്നോ എന്ന് , അമിത പ്രതീക്ഷകളോടെയെത്തിയ പ്രേക്ഷകരില്‍ ചിലര്‍ക്കൊക്കെ തോന്നിക്കാണണം.



സിനിമയില്‍ കാര്യങ്ങള്‍ എളുപ്പത്തിലായാല്‍ പോരല്ലോ. ഒന്നു മുറുകുകയും അഴിയുകയും ഒക്കെ ചെയ്യേണ്ടെ. റിമോട്ട് കട്ടവനെ പിടിച്ചു തരാന്‍ പറഞ്ഞു കക്ഷിയതാ പോലീസ് സ്റ്റേഷനിലെത്തുന്നു. റിമോട്ട് കട്ടവനെ ദില്ലിയില്‍ തപ്പേണ്ടതിനു പകരം ലോക്കല്‍ മാര്‍ക്കറ്റിലാണോ തപ്പുന്നതെന്ന പരിഹാസത്തിന്റെ മുനയേറ്റ കക്ഷി ദില്ലിയിലെത്തുന്നു. റിമോട്ടിന്റെ കഥ കേട്ടവരൊക്കെ പറഞ്ഞു - ഇനി നിന്നെ രക്ഷിക്കുവാന്‍ ഭഗവാനു മാത്രമേ കഴിയൂ. വേഗം ഭഗവാനെ ചെന്നു കണ്ടോളൂ. അങ്ങനെയാണ് കക്ഷി ഭഗവാന്മാരെ ഒന്നൊന്നായി തിരയാന്‍ തുടങ്ങിയത്. പക്ഷെ കക്ഷിയുടെ സാക്ഷാല്‍ കഷ്ടകാലം ഇവിടെ നിന്നാണ് തുടങ്ങുന്നത്. ഏത്രയെത്ര ഭഗവാന്മാര്‍, എത്രയെത്ര ആരാധനാലയങ്ങള്‍, എത്രയെത്ര പൂജാക്രമങ്ങള്‍. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. ഒരിടത്ത് പൂജ്യമായത് വേറൊരിടത്ത് വര്‍ജ്ജ്യം. ഒരിടത്തു പാപമായത് വേറൊരിടത്തു പുണ്യം. ഒരിടത്ത് കറുത്ത വസ്ത്രമിട്ടാല്‍ വിധവ. മറ്റൊരിടത്ത് വിധവകളണിയുന്നത് വെള്ള വസ്ത്രം. (വെളുത്ത വസ്ത്രമിട്ട് പാട്ടും പാടി നടക്കുന്ന യക്ഷി കഥാപാത്രങ്ങളെ കാണാതിരുന്നതു ഭാഗ്യം)  എവിടേയ്ക്കു പോകും? ആരു പറയുന്നതു കേള്‍ക്കും? അന്യഗ്രഹത്തില്‍ നിന്നും വരുന്നൊരാള്‍ തെണ്ടിപ്പോകുകയല്ലേ ഉള്ളു.  ഭൂമിയിലുള്ളവരാകട്ടെ ജനിക്കും നാള്‍ മുതല്‍ ഇതൊക്കെ കണ്ടും കേട്ടും വളരുന്നതിനാല്‍ യാതൊരു കണ്‍ഫ്യൂഷനുമില്ലാതെ എല്ലാത്തരം ‘ഫാഷനുകളുടെയും ഒരു വലിയ ഫ്യൂഷനായിത്തന്നെ’ ഇതിനെയൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന കാര്യം കക്ഷിക്കുണ്ടോ അറിയുന്നു?

പക്ഷേ തന്റെ റിമോട്ടു കണ്ടു പിടിച്ചു തരാന്‍ കെല്പുള്ള ഭഗവാന്മാരെയൊന്നിനെയും കണ്ടെത്താന്‍ കഴിയാത്ത ദു:ഖത്തില്‍ നിഷ്കളങ്കനായ ടിയാന്‍ ഭഗവാന്മാരെ കാണ്മാനില്ല എന്ന് ഓരോ ദൈവങ്ങളുടേയും ഫോട്ടോ വച്ച് നോട്ടീസുകള്‍ അടിച്ചിറക്കുകയും കണ്ടെത്തിയാല്‍ തന്നെ അറിയിക്കാനുള്ള അഡ്രസ്സ് കൊടുക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. നോട്ടീസിലുള്ളതൊക്കെ പക്ഷേ ഹിന്ദു ഭഗവാന്മാരായിപ്പോയി എന്നതാണ് തിരക്കഥാ കൃത്തിന്റെയും, സംവിധായകന്റേയും, അമീര്‍ ഖാന്റേയും മേല്‍ ഹൈന്ദവ സംഘടനകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍. ഹിന്ദുക്കള്‍ക്കു ഭൂരിപക്ഷമുള്ള, ഹിന്ദു രാജ്യമെന്ന പ്രശസ്തിയുള്ള ഇന്ത്യയില്‍ വച്ചെടുക്കുന്ന ചിത്രത്തില്‍ ഹൈന്ദവ ദൈവങ്ങളെപ്പറ്റിയല്ലാതെ വേറെ ആരെപ്പറ്റിയാണ് പറയുക എന്നാണ് സംവിധായകന്‍ ഒരു ടി.വി. അഭിമുഖത്തില്‍ പറഞ്ഞു കേട്ടത്.

എന്തു കൊണ്ട് മുസ്ലീം ക്രിസ്ത്യന്‍ ദൈവങ്ങളെയൊന്നും ഇതേ പോലെത്തന്നെ കാണിക്കുന്നില്ല? താടിയുള്ള അപ്പനെ പേടിയുണ്ട് എന്നല്ലേ അതിനര്‍ത്ഥം? അപ്പോള്‍ ഹിന്ദുക്കളും താടിയുള്ള അപ്പന്മാരാകേണ്ടത് അത്യാവശ്യമല്ലേ?  ഒന്നോര്‍ക്കുമ്പോള്‍ സംഗതി ശരിയല്ലെ. പക്ഷേ എന്തു ചെയ്യാം.  ഹൈന്ദവര്‍ക്കാകട്ടെ മുപ്പത്തിമുക്കോടി ദൈവങ്ങളടങ്ങുന്ന വലിയൊരു പട തന്നെയുണ്ട്. ക്രിസ്ത്യാനികള്‍ക്കാകട്ടെ, ആകെപ്പാടെയുള്ളത് ഒരു യേശുക്രിസ്തുവും.  മൂപ്പരാണെങ്കില്‍ “ഉയിര്‍ത്തെഴുന്നേറ്റു, സ്വര്‍ഗ്ഗാരോഹണം ചെയ്തു” എന്നൊക്കെ പറയുന്നുണ്ടെങ്കിലും എല്ലായ്പ്പോഴും കുരിശ്ശില്‍ത്തന്നെ കിടക്കുന്നതായിട്ടാണു കാണുന്നത്. അങ്ങനെയുള്ള ഒരാളോട് എന്തു സഹായം ചോദിക്കാനാണ്. പിന്നെ, മുസ്ലീങ്ങളാണെങ്കിലോ, പ്രവാചകന്റെ ഫോട്ടോ കൂടി വരയ്ക്കാന്‍ അനുവദിക്കില്ല, പിന്നെയല്ലെ ദൈവത്തിന്റെ. ഈഗോള വാസിയാണോ,  അന്യഗോള വാസിയാണോ അതോ ഇനി സാക്ഷാല്‍ ദൈവം തന്നെയാണോ എന്നൊന്നും നോക്കില്ല. വെട്ടൊന്ന്, മുറി രണ്ട്. (ഹൂറികള്‍ കാത്തു നില്‍ക്കുമ്പോള്‍ അമ്പത്തൊന്നു വെട്ടിന്റെ മണ്ടത്തരത്തിനൊന്നും നില്‍ക്കാല്‍ സമയമില്ല ഭായീ, ക്ഷമി). അപ്പോള്‍ പതിവു പോലെ നറുക്കു വീണത് ഹിന്ദു ദൈവങ്ങള്‍ക്കായിപ്പോയി എന്നേയുള്ളു. ഇതും ഇതിലും വലുതുമെല്ലാം ഉള്‍ക്കൊള്ളുവാനുള്ള വിശാലവീക്ഷണവും, വിവേകവും, സഹിഷ്ണുതയുമെല്ലാം ഹിന്ദുക്കളിലും ഉണ്ടായിരുന്നു അടുത്ത കാലം വരെ എന്നൊക്കെ പറയപ്പെടുന്നുണ്ട്. പക്ഷേ ഇപ്പോള്‍ വിവേകാനന്ദന്മാരല്ല, വികാരാനന്ദന്മാരാണ് നമുക്കുള്ളത്. അവരുടെ കയ്യിലാണിപ്പോള്‍ വികാരങ്ങളുടെ റിമോട്ട്.

ഇനി നമ്മുടെ കക്ഷി ചെന്നു പെട്ട പ്രശ്നത്തിലേക്കു വന്നാലാകട്ടെ ‘കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ’ എന്ന് പാട്ടു പാടി പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ അന്യഗ്രഹജീവി നമ്മുടെ ജയറാമേട്ടന്‍ അല്ലല്ലോ. അതിനാല്‍ കക്ഷി നൂറു ശതമാനവും സീരിയസ്സ് എന്നതിനോട് നീതി പുലര്‍ത്തി നേരെ വാ നേരേ പോ എന്ന മട്ടില്‍ മുന്നോട്ടു പോകുമ്പോഴാണ് സാക്ഷാല്‍ പരമശിവന്റെ വേഷം കെട്ടിയ നാടക നടന്‍ മൂത്രമൊഴിക്കാനായി ബാത്ത് റൂമിലേയ്ക്കു കയറുന്നത്. കാലക്കേടു നോക്കണേ. (കാലനാണെങ്കിലും കാലക്കേടിന്റെ കാര്യത്തില്‍ പരമശിവന്‍ ഒട്ടും പിന്നിലല്ല. ഒന്നും ആലോചിക്കാതെ ഭസ്മാസുരനു വരം കൊടുത്തതും, ഒടുവില്‍ ജീവനും കൊണ്ടോടേണ്ടി വന്നതുമെല്ലാം പ്രസിദ്ധമാണല്ലോ)  സാക്ഷാല്‍ പരമേശ്വരനേയും നാടക നടനേയും തമ്മില്‍ തിരിച്ചറിയാന്‍ അന്യഗ്രഹ ജീവിക്കു കഴിയുന്നില്ല എന്നതിനാലാണ് അയാള്‍ തന്റെ റിമോട്ടു കണ്ടു പിടിച്ചു തരാത്ത പരമശിവനെ ബാത് റൂമില്‍ പൂട്ടിയിടുന്നത്. നമുക്കത് മനസ്സിലാക്കാം. പക്ഷേ പി.കെ. എന്ന ചിത്രത്തിനെതിരേ ത്രിശൂലവുമേന്തി നില്‍ക്കുന്ന റിമോട്ടുകള്‍ക്കൊന്നിനും സാക്ഷാല്‍ പരമ ശിവനേത് നാടകത്തിലെ ശിവനേത് എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരമായ അവസ്ഥ. അതിനാല്‍ അവര്‍ ദൈവങ്ങളുടെ രക്ഷകരുടേയും കാവല്‍ക്കാരുടേയും സ്ഥാനങ്ങള്‍ സ്വയമേറ്റെടുക്കുക എന്ന ക്രൂര കൃത്യം നിരന്തരം ചെയ്തു കൊരിക്കുന്നു. അങ്ങനെ ദൈവങ്ങളെല്ലാം തങ്ങളേക്കാള്‍ ശക്തിയും കഴിവും കുറഞ്ഞവരാണെന്ന് സ്ഥാപിച്ചു കൊണ്ടേയിരിക്കുന്നു.

എടുത്തു പറയാന്‍ ഈ സിനിമയില്‍ നിരവധി കാര്യങ്ങളുണ്ടെങ്കിലും അതിനിവിടെ മുതിരുന്നില്ല. നിരവധി ഹാസ്യാത്മക മുഹൂര്‍ത്തങ്ങള്‍ക്കു ശേഷം, തന്റെ റിമോട്ട് പ്രബലനായൊരു ആള്‍ ദൈവത്തിന്റെ കയ്യില്‍ നിന്നും കണ്ടെടുക്കുകയും, പി.കെ. എന്ന അന്യഗ്രഹ ജീവി സ്വന്തം ഗ്രഹത്തിലേക്ക് മടങ്ങിപ്പോകുകയും ചെയ്യുന്നുണ്ടെകിലും ചിത്രാന്ത്യത്തില്‍ മറ്റൊരു സഹചാരിയുമായി പി.കെ. ഭൂമിയിലേയ്ക്കു തിരിച്ചു വരുന്നതോടെ കഥയവസാനിക്കുന്നു.

പത്തൊമ്പതാം ശതകത്തില്‍ ബനാറസില്‍ ജീവിച്ച,  ഭക്തി പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന സന്ത് കബീര്‍ ദാസ് എന്ന കവിയുടെ പേര്‍ ഇത്തരുണത്തില്‍ സ്മരിക്കേണ്ടതാണ്. ഒരു ബ്രാഹ്മണ വിധവയുടെ പുത്രനായിരുന്നു കബീറെന്നും, ഇക്കാര്യം പുറത്തറിഞ്ഞാലുണ്ടാകാന്‍ പോകുന്ന വിപത്തുകളെ ഭയന്ന്, അമ്മ ഉപേക്ഷിച്ച കുട്ടിയെ, കുട്ടികളില്ലാതിരുന്ന ഒരു മുസ്ലീം നെയ്ത്തുകാരനും ഭാര്യയും സ്വന്തം മകനായി വളര്‍ത്തി എന്നുമാണ് കബീറിന്റെ ജനനത്തെ ചുറ്റിപ്പറ്റിയുള്ള ഒരു കഥ. കബീറിന്റെ കൃതികള്‍ ഇന്ത്യന്‍ സാഹിത്യത്തിലെ അമൂല്യസമ്പത്തായി ഗണിക്കപ്പെടുന്നു. മലയാളത്തിലടക്കം വിവിധ ഭാഷകളിലേയ്ക്ക് അദ്ദേഹത്തിന്റെ രചനകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ‘കബീറിന്റെ ഗീതങ്ങള്‍‘ എന്ന പേരില്‍ അദ്ദേഹത്തിന്റെ കവിതകള്‍ കൂത്താട്ടുകുളം മേരി ജോണ്‍ മലയളത്തിലേയ്ക്കു വിവര്‍ത്തനം ചെയ്ത് എ.ബി.എസ്. വഴി വളരെ മുമ്പു തന്നെ (1966-ല്‍) പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

“ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകള്‍ക്കു പുറത്തു കടന്ന്, ഈശ്വരനെ തേടിയ സത്യാന്വേഷിയാണ് ഗായകനും കവിയുമായ കബീര്‍”   “താടി മീശകള്‍ വളര്‍ത്താതെ, ജടാമകുടം ചൂടാതെ, ഏതാന്തത്തില്‍ കണ്ണും ചെവിയുമടച്ചിരിക്കാതെ, അംഗഭംഗം വരുത്തി സ്വയം പീഢനമേല്ക്കാതെ ഈശ്വരനെ മുഖത്തോടു മുഖം കാണാന്‍ കഴിയുമെന്നു കബീര്‍ ഉല്‍ഘോഷിച്ചു. കാണുന്ന സഹോദരനെ സ്നേഹിക്കാന്‍ കഴിയാത്തവര്‍, കാണാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കുമെന്നു ചോദിച്ചു. ദൈവം നമ്മില്‍ത്തനെയുള്ളപ്പോള്‍ കൈലാസത്തിലും, കാബായിലും ഒക്കെ അദ്ദേഹത്തെ തേടിപ്പോകുന്നതെന്തിനെന്നു സംശയിച്ചു.“  - എന്ന് മേരി ജോണ്‍ തന്റെ കൃതിയുടെ മുഖവുരയില്‍ പറയുന്നു.

കബീറിന്റെ ചിന്തകള്‍ പി.കെ. എന്ന ചിത്രം നിര്‍മ്മിക്കുന്ന അവസരത്തില്‍ തന്നെ വളരെ സ്വാധീനിച്ചിട്ടുണ്ടെന്ന് സംവിധായകനായ രാജ് കുമാര്‍ ഹീരാനി വെളിപ്പെടുത്തുകയുണ്ടായി.  “മോ കെ കഹാം ഡൂംഠൂരേ ബന്ധേ... മേം തോ തേരെ പാസ് മേം” (എവിടെയെല്ലാമാണ് നീയെന്നെ തേടുന്നതെന്റെ ബന്ധൂ, ഞാനാണെങ്കില്‍ നിന്റെ ചാരത്തു തന്നെയുണ്ടല്ലോ)  എന്ന് ഈശ്വരന്‍ പറയുന്നതായ വിധത്തിലുള്ള കബീറിന്റെ വരികള്‍ വളരെ പ്രസിദ്ധമാണ്.

പി.കെ. എന്ന സിനിമയും പറയാന്‍ ശ്രമിക്കുന്നത് ഇക്കാര്യം തന്നെയാണ്. ഇന്നു കാണുന്ന വിധത്തിലുള്ള ദൈവ വിശ്വാസങ്ങളേയും, മതങ്ങളിലെ പരസ്പര വിരുദ്ധമായ ആചാരാനുഷ്ഠാനങ്ങളേയുമാണ് പ്രധാനമായും ചിത്രത്തിലെ പരാമര്‍ശങ്ങള്‍ക്കു വിധേയമാക്കിയിട്ടുള്ളത്. അതാണെങ്കിലോ വളരെ ചിന്തോദീപകവും, മൌലികത്വമുള്ളതും. യഥാര്‍ത്ഥത്തില്ല്‍ ആരാണ് ദൈവം? പല വേഷങ്ങളില്‍, പല രൂപങ്ങളില്‍ മതങ്ങളാലും, പുരോഹിതന്മാരാലും, ആള്‍ ദൈവങ്ങളാലും നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്നവരാണോ യഥാര്‍ത്ഥ ദൈവം? അതോ, നമ്മുടെ പരിമിതമായ അറിവുകള്‍ക്ക് ഇനിയും പൂര്‍ണ്ണമായി കണ്ടെത്തുവാനോ മനസ്സിലാക്കുവാനോ കഴിയാത്തത്ര മാത്രം വിശാലമായ ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിക്കുന്നതോ, സംരക്ഷിക്കുന്നതോ ആയ പരമമായ ഒരു ശക്തിയുണ്ടെങ്കില്‍ അതാണോ ദൈവം? ഇത്തരം ചോദ്യങ്ങളെല്ലാം പി.കെ. എന്ന ചിത്രത്തിലൂടെ പുറത്തു വന്നതല്ല. മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയ കാലത്തോളം പഴക്കമുള്ളവയാണവയെല്ലാം. ഈ ചിത്രത്തിലൂടെ അതെല്ലാം ഒന്നു കൂടി ഓര്‍മ്മപ്പെടുത്തുന്നുവെന്നേയുള്ളു.  പിന്നെ എന്തിനീ കോലാഹലങ്ങള്‍ എന്നു ചോദിച്ചാല്‍ അതിനു പിന്നിലുള്ള രാഷ്ട്രീയ ലാഭമെന്നേ കണക്കാക്കാനാകൂ.

ദൈവം ഉണ്ടെന്നോ ഇല്ലെന്നോ അസന്ദിഗ്‌ദ്ധമായി സ്ഥാപിക്കണെമെങ്കില്‍ ഇനിയും ഒരു പാടു ദൂരങ്ങള്‍ താണ്ടേണ്ടതുണ്ട്. അതിനിനിയും ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരിക്കുന്നു. ഉത്തരങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനു കുറുക്കു വഴികളില്ല. പക്ഷേ മിനക്കെടാന്‍ താല്പര്യമില്ലാത്ത മനുഷ്യര്‍ക്കെന്നും കുറുക്കുവഴികളോടാണു പഥ്യം.  ഇന്നു നില നില്‍ക്കുന്ന വിശ്വാസങ്ങളെല്ലാം ഇത്തരം കുറുക്കു വഴികളാണ്. ആള്‍ ദൈവങ്ങളുടെ ആലിംഗനങ്ങളിലും, കാല്‍ക്കീഴിലും, ധ്യാന കേന്ദ്രങ്ങളിലും, തങ്ങള്‍മാരുടെയും, ബാബമാരുടെയും മന്ത്രച്ചരടുകളിലും  തലച്ചോര്‍ അടിയറവു വച്ച് ഭയ ഭക്തി പുരസ്സരം അലിഞ്ഞു ചേരുന്നവരില്‍ നിരവധി ഉന്നതന്മാരുണ്ട്. അതിനാല്‍ നമ്മള്‍ ചെയ്യുന്നതെല്ലാം ശരിയോ തെറ്റോ എന്ന് മനസ്സിലാക്കുക എന്നതും, മനസ്സിലാകാത്ത കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുക എന്നതും വളരെ ദുര്‍ഘടം പിടിച്ച കര്‍ത്തവ്യമാണ്. ആ ദുര്‍ഘടം പിടിച്ച  കര്‍ത്തവ്യം പി.കെ. എന്ന ചിത്രം ഏറ്റെടുക്കുന്നു എന്നിടത്താണ് ഈ ചിത്രത്തിന്റെ പ്രസക്തി. ചിത്രം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് എല്ലാ മതസ്ഥര്‍ക്കു നേരെയും നീളുന്നതാണ്.

ഹിന്ദു മതത്തോടൊപ്പം മറ്റു മതങ്ങളിലെ ആചാരങ്ങളെക്കൂടി എന്തു കൊണ്ട് തുല്യ പ്രാധാന്യത്തോടെ ചിത്രത്തില്‍ എടുത്തു കാട്ടിയില്ല എന്ന  ചോദ്യവുമായി നില്‍ക്കുന്നവരോട് ഒന്നു ചോദിച്ചോട്ടെ. ഇനി അഥവാ അങ്ങിനെ തന്നെ കാണിച്ചിരുന്നെങ്കിലോ, നിങ്ങള്‍ പ്രതിഷേധിക്കാതിരിക്കുമായിരുന്നുവോ?  എല്ലാ മതക്കാരും കൂടി ഐലേസ്സാ വിളിച്ച് നാടാകെ കുട്ടിച്ചോറാക്കുമായിരുന്നു എന്ന കാര്യത്തില്‍ വല്ല സംശയവുമുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ വൈകാരികമായ തലത്തിലേയ്ക്ക് വിശ്വാസികളെ തിരിച്ചു വിടുവാന്‍ വേണ്ടിയുള്ള തന്ത്രങ്ങളാണ്. അതാണ് പ്രതിഷേധത്തിനു തീ കൊളുത്തുന്നവരുടെ കരുത്തും. തീര്‍ച്ചയായും ഇത്തരമൊരു ചോദ്യമായിരുന്നിരിക്കണം തിരക്കഥാകൃത്തിനു നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത്തരം വെല്ലു വിളികള്‍ ഒരു ചിത്രത്തിന്റെ തിരക്കഥാകൃത്തിനു മാത്രമല്ല, സര്‍ഗ്ഗാത്മക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ഏതൊരു മനുഷ്യനു മുന്നിലും വന്നു നില്‍ക്കുന്ന പ്രതിബന്ധമാണ്. ഏതെങ്കിലും ബാഹ്യ ശക്തികള്‍ വരയ്ക്കുന്ന സീമകള്‍ക്കുള്ളില്‍ നിന്നു കൊണ്ടു മാത്രമേ ഒരാള്‍ക്ക് സര്‍ഗ്ഗാത്മക രചനകളിലേര്‍പ്പെടാനാവൂ എന്നു വരുന്നത് ആത്മഹത്യാപരമാണ്, അത് സര്‍ഗ്ഗാത്മകതയുടെ നാശമാണ്, സമൂഹത്തിലെ തിന്മകളെ ചൂണ്ടിക്കാണിക്കേണ്ട എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന്റെ നാശമാണ്. അനാചാരങ്ങളെ തുറന്നു കാട്ടുവാന്‍ ആരുമില്ലാതെ വരിക എന്നത് ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ തന്നെ നാശമാണ്.

------------
“പി.കെ. ചിരിക്കുമ്പോള്‍ വേദനിക്കുന്നതാര്‍ക്ക് “ എന്ന പേരില്‍ 4PMന്യൂസില്‍ 19-1-2015 നു ചില മാറ്റങ്ങളോടെ പ്രസിദ്ധീകരിച്ചു. 

2013 മാർച്ച് 18, തിങ്കളാഴ്‌ച

കൂമന്‍ കാവും വിഷപ്പാമ്പുകളും


കൂമന്‍ കാവ് വിവാദവും, ഓ.വി. വിജയന്റെ പ്രതിമ തകര്‍ക്കലും എല്ലാം ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന കൃതിയെ ഒന്നു കൂടി വായിക്കുവാന്‍ നിമിത്തമാക്കി.

ഓ.വി. വിജയന്റെ മാസ്റ്റര്‍ പീസായി എല്ലാവരും വിലയിരുത്തിയിട്ടുള്ള ഖസാക്കിന്റെ ഇതിഹാസം തുടങ്ങുന്നതിങ്ങനെയാണ്.

“കൂമന്‍ കാവില്‍ ബസ്സു ചെന്നു നിന്നപ്പോള്‍ ആ സ്ഥലം രവിയ്ക്കപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ച് ഏറുമാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം.“


നോവലിന്റെ അവസാന ഭാഗത്ത് രവി തിരിച്ചു പോകാനുള്ള യാത്ര തുടങ്ങുമ്പോള്‍ കൂമന്‍ കാവിലെത്തുന്ന രംഗം വര്‍ണ്ണിക്കുന്നതിങ്ങനേയും.

“കൂമന്‍ കാവിലെത്തിയപ്പോഴും ആ വെളുത്ത മഴ നിന്നു പെയ്തു. കൂമന്‍കാവങ്ങാ‍ടിയുടെ ഏറുമാടങ്ങളത്രയും കൊടുങ്കാറ്റില്‍ നിലം പൊത്തിയിരുന്നു. അപ്പുറത്ത് ബസ്സുകാര്‍ ഉപയോഗിച്ചിരുന്ന ഒരു മണ്‍പുര ഇടിഞ്ഞുവീണിരുന്നു“.

‘കാവ്‘ എന്ന വാക്കിന് മരക്കൂട്ടം, വൃക്ഷലതാദികള്‍ ഇട തൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന സ്ഥലം, തോപ്പ്, ഉദ്യാനം എന്നെല്ലാം അര്‍ത്ഥങ്ങളുണ്ട്. കൂടാതെ കേരളത്തിലെ പ്രാചീനദവതകളായ കാളി, വേട്ടക്കരന്‍, അയ്യപ്പന്‍, നാഗത്താന്മാര്‍ മുതാലയവരെ കുടിവച്ച സ്ഥലങ്ങള്‍ക്കു പൊതുവേ കാവ് എന്നു പറയുന്നു എന്നും വിവരിക്കുന്നു ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി.  കാവെന്ന പേരില്‍ അവസാനിക്കുന്ന സ്ഥലനാമങ്ങള്‍ കേരളീയര്‍ക്ക് സുപരിചിതമാണ്  മുളങ്കുന്നത്തു കാവ്, വട്ടിയൂര്‍ക്കാവ് എന്നിവ ഉദാഹരണങ്ങള്‍. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ് കാവുകള്‍.

കൂമന്‍ കാവാകട്ടെ,  ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ ഒരു സാങ്കല്പിക സ്ഥലം മാത്രമാണെന്നും,  ഇതിനു ദൈവങ്ങളെ കുടിയിരുത്തിയ കാവുമായി യാതൊരു ബന്ധവുമില്ലെന്നു നോവല്‍ വായിച്ചവര്‍ക്കൊക്കെ മനസ്സിലാകുമെന്ന കാര്യം ഒരു പാട് പേര്‍ ഇതിനകം ചൂണ്ടിക്കാണിച്ചു കഴിഞ്ഞു.  ഈ സ്ഥലത്തിന്റെ ഒരു പ്രതീകാത്മക രൂപം ഇപ്പോള്‍ കോട്ടക്കല്‍ രാജാ ഹൈസ്കൂളില്‍ പുന:സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന കാര്യം എല്ലാവരുടേയും ശ്രദ്ധയിലേക്കു വന്നത് അതൊരു വിവാദമായപ്പോഴാണ്. 

തങ്ങളുടെ സ്കൂളിലെ  പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന എഴുത്തുകാരന്റെ ഓര്‍മ്മ നില നിര്‍ത്താനുള്ള ഒരു സ്മാരകമായാണ്  ‘കൂമന്‍ കാവെന്ന’ സ്മൃതി വനമൊരുക്കാനും അതില്‍ വിജയന്റെ പ്രതിമ സ്ഥാപിക്കുവാനുമുള്ള തീരുമാനമുണ്ടായത്. ഏതൊരു സ്ഥാപനത്തിനും,  ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പ്രത്യേകിച്ചും,  അഭിമാനിക്കാവുന്നതാണ് ലോകനിലവാരത്തിലുള്ള ഒരെഴുത്തുകാരനുമായുള്ള  ഇത്തരമൊരു പൂര്‍വ്വ ബന്ധം. വിദ്യാര്‍ത്ഥികളും, പി.ടി.ഏ. യും ചേര്‍ന്നു നടത്തിയത് വളരെ ശ്ലാഘനീയമായ ഉദ്യമം എന്നതിനു രണ്ടു പക്ഷമുണ്ടാകില്ല. എന്നിരുന്നിട്ടും, സ്കൂളിനും, ദേശത്തിനും, രാജ്യത്തിനുമെല്ലാം മാതൃകയാകേണ്ടിയിരുന്ന ഈ ശ്രമം എങ്ങിനെ വിവാദങ്ങളുടെ കാറ്റിലകപ്പെട്ടു എന്നറിയുമ്പോഴാണ് നാം സാക്ഷര കേരളത്തിലാണോ അതോ അതിപുരാതനമായ ഏതോ അപരിഷ്കൃത ദ്വീപിലാണോ ജീവിക്കുന്നത് എന്ന സംശയം ബലപ്പെടുന്നത്.

വിവാദങ്ങള്‍ എന്നും ചുഴലിക്കാറ്റു പോലെ വിജയനെ പിന്തുടര്‍ന്നിരുന്നു എന്നു കാണാവുന്നതാണ്. എല്ലാ വിവാദങ്ങളേയും ഋഷിതുല്യമായ ശാന്തതയോടെ നേരിടാനുള്ള കെല്‍പ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. മരിച്ചു കിടക്കുമ്പോഴും വിവാദം കൂടെയുണ്ടായിരുന്നു. ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യത്തില്‍ ഒരു കൊടുങ്കാറ്റു തന്നെ സൃഷ്ടിച്ചത് ചരിത്രം. ഇകഴ്ത്തിയും പുകഴ്ത്തിയും ഒട്ടനവധി പേര്‍.  ഇതിഹാസം മോഷണമാണെന്നു വരെയുള്ള ചന്ദ്രഹാസങ്ങളുയര്‍ന്നു. അര്‍ഹതപ്പെട്ടെ ‘ജ്ഞാനപീഠ’ പുരസ്കാരം ലഭിക്കാതെ പോയപ്പോഴും വിവാദങ്ങളുണ്ടായി. നിരോധിക്കപ്പെട്ട മുസ്ലീം സംഘടനായായ സിമിയുടെ സമ്മേളനത്തില്‍ പങ്കെടുത്തതു വലിയൊരു വിവാദമായി കത്തിപ്പടര്‍ന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്മാരകത്തിനെതിരേ ഉയര്‍ന്നു വന്നിരിക്കുന്നത് മുസ്ലീങ്ങളുമായി ബന്ധപ്പെട്ട ഒരു തര്‍ക്കമാണെന്നത് വിചിത്രമായി തോന്നാം.


പ്രതിമകള്‍ എപ്പോഴും ചരിത്രത്തെ ഓര്‍മ്മപ്പെടുത്തുകയും വര്‍ത്തമാനത്തെ പഴമയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. മരിച്ചു പോയ മഹാരഥന്മാരില്‍ തുടങ്ങി പ്രതിമാ വിവാദത്തിലകപ്പെട്ട ജീവിച്ചിരിക്കുന്ന മായാവതിക്കു വരെയുണ്ട് ഇന്ത്യാ‍ മഹാരാജ്യത്ത് പ്രതിമകള്‍.  

പ്രതിമകളോട് വിരോധമുള്ളവര്‍ക്ക് അത് സ്ഥാപിക്കാതിരിക്കാം. സ്ഥാപിക്കണമെന്നുള്ളവര്‍ക്ക് അതുമാവാം. അതിനാണല്ലോ ജനാധിപത്യം എന്നു പറയുന്നത്.  ഒരു വിഭാഗം ജനങ്ങളുടെ മത വിശ്വാസത്തില്‍ പ്രതിമകള്‍ക്കു സ്ഥാനമില്ല എന്നതിനാല്‍ അവര്‍ക്കു പ്രാമുഖ്യമുള്ള സ്ഥലങ്ങളില്‍ ഒരാളെക്കൊണ്ടും പ്രതിമകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല എന്ന മര്‍ക്കടമുഷ്ടി ന്യായീകരിക്കാനാവാത്തതാണ്.   മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പ്രതിമ മലപ്പുറത്തു സ്ഥാപിക്കുന്ന കാര്യത്തില്‍ പോലും ചിലര്‍ പ്രതിമ പോലെ നിന്നതിനു പിറകില്‍ ഇത്തരം ഇടുങ്ങിയ ചിന്താഗതിയായിരുന്നെന്ന കാര്യം സുവിദിതമാണല്ലോ. 

ഓ.വി.വിജയന്റെ പ്രതിമ മാറ്റിയാല്‍ മാത്രമേ സ്മൃതിവനത്തിന് അംഗീകാരം നല്‍കൂ എന്ന നിലപാടുമായി  മുനിസിപ്പാലിറ്റി രംഗത്തെത്തി എന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. വിഗ്രഹാരാധനയ്ക്കുള്ള സ്ഥലമാണ് കാവുകള്‍ എന്നോ മറ്റോ ഉള്ള മിഥ്യാ ധാരണ കൊണ്ടാവം കൂമന്‍ കാവ് എന്ന പേരിനോടുമുണ്ടായിരുന്നത്രെ വിരോധം. സംഗതി പുറത്തറിഞ്ഞ് വിവാദമായപ്പോള്‍ ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടാവുകയും മുനിസിപ്പാലിറ്റി വാക്കുകള്‍ മാറ്റുകയും ചെയ്തതാണത്രെ. പ്രതിമ സ്ഥാപിക്കുവാന്‍ മുനിസിപ്പാലിറ്റിയുടെ സമ്മതം മുന്‍ കൂട്ടി വാങ്ങിയിരുന്നില്ല എന്ന സാങ്കേതിക കാരണത്തിലേക്ക് ശാഠ്യങ്ങള്‍ ലോപിച്ചു.   

അബ്ദുസമദ് സമദാനി തുടങ്ങിയ പ്രമുഖരുടെ ഇടപെടല്‍ ഉണ്ടായിട്ടു പോലും പ്രതിമ വികൃതമാക്കപ്പെട്ടു. ഇപ്പോള്‍ പ്രതിമ പുനര്‍ നിര്‍മ്മിക്കുവാനും സ്മൃതി വനം സംരക്ഷിക്കുവാനുമായി ഒരു പ്രത്യേക കമ്മറ്റിയെ തിരഞ്ഞെടുത്തതായാണ് ഒടുവില്‍ വായിച്ച വാര്‍ത്തകള്‍. പുതുതായുണ്ടാക്കുന്ന പ്രതിമയും തകര്‍ക്കപ്പെടുകയില്ല എന്നാരെങ്കിലും ഉറപ്പു കൊടുത്തിണ്ടോ ആവോ? ഏതായാലും മനുഷ്യരെപ്പോലെത്തന്നെ പ്രതിമകളും ‘നോട്ടപ്പുള്ളി’കളുടെ ലിസ്റ്റില്‍ അകപ്പെട്ടു കഴിഞ്ഞു. തങ്ങള്‍ക്കിഷ്ടപ്പെടാത്തതൊന്നും ഈ ഭൂമുഖത്തു നില നില്‍ക്കാന്‍ പാടില്ലെന്നു കുറേപ്പേരെങ്കിലും വിശ്വസിക്കുന്നു എന്നു സാരം.

“അന്നു രാത്രി കൊടുങ്കാറ്റു വീശി. ഇളവില്ലാതെ രണ്ടു ദിവസം തുടര്‍ന്നു വീശി. പനകള്‍ കട പുഴങ്ങി. പുളിങ്കൊമ്പുകള്‍ പൊട്ടി, മഴ ചൊരിഞ്ഞു”.  

കാറ്റിന്റെ സാന്നിദ്ധ്യം ഖസാക്കിന്റെ ഇതിഹാസത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നുണ്ട്. കൂമന്‍ കാവെന്നെ സ്മൃതിവനത്തിലേക്കു വീശിയ അസുഖകരമായ കാറ്റിന്റെ ഉറവിടം എവിടെ നിന്നായിരുന്നാലും അതു നമ്മുടെ നാടിനു യോജിച്ചതല്ല‍. നാം ജീവിക്കുന്ന ഈ ലോകത്ത് മനുഷ്യര്‍ ഒരു പാട് മതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.  ലോക ജനതയെ ആകമാനം ഒരൊറ്റ മതത്തിന്റെ ചിറകിന്‍ കീഴിന്‍ കൊണ്ടു വരാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ എത്രകാലം നടത്തിയിട്ടും ഒരു മതത്തിനും ഇതു വരെ അതിനു കഴിഞ്ഞിട്ടില്ല എന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്.  മഹത്തായൊരു ആശയമാണെങ്കിലും അതേപോലെത്തന്നെ ദുഷ്കരമാണ് മതരഹിതമായൊരു സമൂഹത്തിലേക്കുള്ള പരിവര്‍ത്തനവും.

അതിനാല്‍ എല്ലാ മതങ്ങള്‍ക്കും മറ്റു മതങ്ങളിലുള്ളവരുമായും, മതരഹിതരുമായും സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നതിനുള്ള സാഹചര്യം നിലനിര്‍ത്തേണ്ട ബാധ്യതയുണ്ട്.  സ്വന്തം മത വിശ്വാസങ്ങള്‍ ഹനിക്കപ്പെടും എന്ന മിധ്യാ ധാരണയില്‍ ഒരു രാജ്യത്തിന്റെ സംസ്കാരത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള വിശ്വാസങ്ങളോട് മുഖം തിരിക്കുമ്പോള്‍ സമൂഹത്തില്‍ നില നില്‍ക്കുന്ന സന്തുലിതാവസ്ഥയ്ക്ക് മുറിവേല്‍ക്കുകയാണ്. ഈ മുറിപ്പാടുകള്‍ അടുത്ത കാലത്തായി കൂടിക്കൂടി വരുന്നു എന്നതിന് ഒരു പാട് തെളിവുകള്‍ നമുക്കു മുന്നിലേക്ക് ദിവസേനെ കടന്നു വരുന്നുണ്ട്.

ഏതൊരു മതവും മനുഷ്യന്റെ കണ്ണു തുറപ്പിക്കുന്നതിനു പകരം കണ്ണു മൂടിക്കെട്ടാന്‍ തുടങ്ങുമ്പോഴാണ് അബദ്ധങ്ങളിലേക്കു വഴുതുവാന്‍ തുടങ്ങുന്നത്. മതവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ അധികാരകേന്ദ്രങ്ങളുടെ ചതുപ്പിലൂടെ ഇത്തരം ഒരു പാട് വഴുക്കുന്ന പാതകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട് . ഇതിലൂടെയൊക്കെ അന്ധരായി നീങ്ങുന്നവര്‍ക്ക് തങ്ങള്‍ സ്ഥലകാല ബോധവും, ചിന്താശക്തിയും നഷ്ടപ്പെട്ട അതി വൈകാരികതയുടെ ചതുപ്പുകളിലൂടെയാണ് നീങ്ങുന്നതെന്ന ബോധം ഉണ്ടായിരിക്കില്ല. ഇത്തരം ചതുപ്പുകളില്‍ നിന്നും സ്വന്തം അനുയായികളെ നേര്‍വഴിക്കു നടത്തേണ്ട ഉത്തരവാദിത്വം ഓരോ മതത്തിന്റെയും തലപ്പത്തിരിക്കുന്നവര്‍ക്കുണ്ടാകേണ്ടതുണ്ട്. അതിനവര്‍ തുനിയുന്നില്ലെന്നു മാത്രമല്ല അണികള്‍ക്കായി കൂടുതല്‍ ദുസ്സഹമായ പാതകള്‍ ഒരുക്കുന്ന മത്സരങ്ങളിലാണ് നേതാക്കള്‍. ഇത്തരം ബുദ്ധിശുന്യതകള്‍ തത്തുല്യമായ ചതുപ്പുകളേയും, വഴുക്കുന്ന പാതകളേയും മറ്റു മതങ്ങളിലും വളര്‍ത്തും എന്നതിന് ഉദാഹരണങ്ങള്‍ തേടി ദൂരെ പോകേണ്ടതില്ല.    

ബി.ജെ.പി എന്ന ജാതിപാര്‍ട്ടിയുടെ (പേരില്‍ ജാതിയില്ലെങ്കിലും പോരില്‍ ഉണ്ടെന്നത് ഏവര്‍ക്കുമറിയാം) ഉദയവും, സ്വാതന്ത്ര്യത്തിനു ശേഷം വളരെയൊന്നും പച്ച പിടിക്കാതിരുന്ന ആര്‍.എസ്.എസ്സിന്റെ ഉയിര്‍ത്തെഴുന്നേല്ക്കലും, ശ്രീരാമ സേന, ബജരംഗ് ദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ മുള പൊട്ടലും, ശിവസേന പോലുള്ള പ്രാദേശിക പാര്‍ട്ടികളുടെ ഊര്‍ജ്ജ സംഭരണവുമെല്ലാം ഇത്തരം കിടമത്സരങ്ങളുടേയും വൈരങ്ങളുടെയും വിത്തുകളില്‍ നിന്നായിരുന്നു എന്നതല്ലെ സത്യം?

മതമേതായാലും ‘മനുഷ്യന്‍’ നന്നായാല്‍ മതി എന്നതിനു പകരം മനുഷ്യനെങ്ങനെയായാലും  ‘മതം’ നന്നായാല്‍ മതി എന്ന പുതിയ സൂക്തത്തിന്റെ ലഹരിയിലാണെല്ലാവരും‍. എല്ലാ മതങ്ങള്‍ക്കും, മതരഹിതര്‍ക്കും തുല്ല്യതയോടെ നിലനില്‍ക്കുവാന്‍ ഇന്ത്യയിലെ ജനാധിപത്യ സംവിധാനം നല്‍കിയിട്ടുള്ള സ്വാതന്ത്ര്യം ഇങ്ങിനെ ദുരുപയോഗപ്പെടുത്തുന്നവരെല്ലാം‍, ഇന്ത്യയുടെ മതേതരത്വത്തിലൂന്നിയ സവിശേഷ സ്വത്വത്തെത്തന്നെ കീറി മുറിക്കുകയാണ് ചെയ്യുന്നത്.  

ഓ.വി. വിജയനെപ്പോലെയുള്ള ഒരെഴുത്തുകാരന്റെ മഹത്വം മനസ്സിലാക്കാന്‍ കഴിയാത്തവരും, കൂമന്‍ കാവെന്ന സ്മൃതിമവനത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ വിറളി പിടിക്കുന്നവരും ഇന്ത്യന്‍ മതേതരത്വത്തിന്റെ സത്തയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ്.  എഴുത്തുകാരന്റെ കൈകളില്‍ വിലങ്ങുകളണിയിക്കാന്‍ തത്രപ്പെടുന്നവരും, വിരലുകളറുക്കാന്‍ വാളോങ്ങി നില്‍ക്കുന്നവരും, പ്രതിമകളെ വികൃതപ്പെടുത്തുന്നവരും സമാധാനത്തിന്റെ ആരാച്ചാര്‍മാരാണ്.

ഖസാക്കിന്റെ ഇതിഹാസം അവസാനിക്കുന്നിടത്ത് രവിക്കു സര്‍പ്പദംശമേല്‍ക്കുന്ന ഒരു രംഗമുണ്ട്. പാമ്പിന്റെ വരവ് വിജയന്‍ വര്‍ണ്ണിക്കുന്നതിങ്ങനെ -

“നീലനിറത്തിലുള്ള മുഖമുയര്‍ത്തി അവന്‍ മേല്പോട്ടു നോക്കി. ഇണര്‍പ്പു പൊട്ടിയ കറുത്ത നാക്കു പുറത്തേയ്ക്കു വെട്ടിച്ചു. പാമ്പിന്റെ പത്തി വിടരുന്നതു രവിയും കൌതുകത്തോടെ നോക്കി. വാത്സല്യത്തോടെ. കാല്പടത്തില്‍ പല്ലുകള്‍ അമര്‍ന്നു. പല്ലു മുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയാണ്. കാല്പടത്തില്‍ വീണ്ടും വീണ്ടും അവ പതിഞ്ഞു.“

ഖസാ‍ക്കിലെ ഗന്ധങ്ങളറിഞ്ഞ തന്റെ മൂക്കിന്റെ നേര്‍ക്ക്, ജീവിതങ്ങളുടെ പൊരുളുകളെ സുക്ഷമതയോടെ ദര്‍ശിക്കാനുപകരിച്ച കണ്ണുടയുടെ നേര്‍ക്ക്, വാക്കുകളുടെ തീരാമഴ പൊഴിച്ച ചുണ്ടുകളുടെ നേര്‍ക്ക് - കോട്ടക്കല്‍ രാജാ ഹൈസ്കൂളിലെ അഭിശപ്തമായ ഒരു രാത്രിയിലെ കൂരിരുട്ടിലൂടെ നീണ്ടു വന്ന മതഭ്രാന്തന്മാരുടെ കരങ്ങളില്‍ അവര്‍ തകര്‍ത്ത ചുണ്ടുകളുരസ്സി ഒരു പക്ഷേ വിജയനെന്ന മനുഷ്യസ്നേഹി പറയുമായിരിക്കും  - “വികൃതിയാണ്, സാരമില്ല“.

വിജയനങ്ങനെയാണ്. ദ്രോഹിച്ചവരെയെല്ലാം സ്നേഹിച്ചിട്ടേയുള്ളു. പക്ഷേ ഇത്തരം ദ്രോഹങ്ങള്‍ മലയാളക്കരയ്ക്കു താങ്ങാനാവുമോ അല്ലെങ്കില്‍ താങ്ങേണ്ടതുണ്ടോ എന്നതാണ് കാതലായ പ്രശ്നം.


(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)


2012 മേയ് 22, ചൊവ്വാഴ്ച

ലാല്‍‌സലാം, മോഹന്‍ലാല്‍


ഞാന്‍ മോഹന്‍ലാലിന്റെ ആരാധകനല്ല. ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവുകളോട് മതിപ്പു തോന്നിയ അവസരങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ നടനില്‍ നിന്നും മനുഷ്യനിലേക്കിറങ്ങി വന്ന് അദ്ദേഹം പലപ്പോഴും പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയെക്കുറിച്ചുള്ള മതിപ്പ് കുറക്കുവാനേ ഉതകിയിട്ടുള്ളു. ഇതില്‍ നിന്നെല്ലാം വിഭിന്നമായി ഇക്കഴിഞ്ഞ ദിവസം തന്റെ ബ്ലോഗില്‍ ‘ഓര്‍മ്മയില്‍ രണ്ട് അമ്മമാര്‍‘ എന്ന തലക്കെട്ടില്‍ അദ്ദേഹമെഴുതിയ ലേഖനത്തിലൂടെ രോഗ ശയ്യയിലായ സ്വന്തം അമ്മയേയും, കാപാലികരാല്‍ കശാപ്പു ചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ അമ്മയേയും ഒരുമിച്ച് സ്മരിക്കുക വഴി ഇതാ അദ്ദേഹം നല്ലൊരു കാര്യം ചെയ്തിരിക്കുന്നു എന്ന തോന്നലുളവാക്കുന്നു. 
http://www.thecompleteactor.com/articles2/

ഇത് തന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഒരു അവസരമായി ഉപയോഗിക്കുകയാണെന്നോ, സ്വന്തം അമ്മ ശയ്യാവലംബിയായതു കൊണ്ട്‍, മാധ്യമശ്രദ്ധ നേടിയ മറ്റൊരമ്മയുടെ സങ്കടത്തെ കൂട്ടു പിടിച്ചതാണെന്നോ ഒക്കെ ആളുകള്‍ക്കു പറയാമെങ്കിലും, തന്റെ അവസരോചിതമായ ഈ പ്രതികരണം വഴി ടി.പി. ചന്ദ്രശേഖരന്റെ കൊലക്കെതിരെയുള്ള പ്രതികരണങ്ങള്‍ക്ക് വലിയൊരു കരുത്തു നല്‍കുവാന്‍ മോഹന്‍ലാലിനു കഴിഞ്ഞിരിക്കുന്നു.  പ്രത്യേകിച്ചും വിവാദ ദാഹികളായ മാധ്യമപ്പട അതിനു വന്‍ പ്രാധാന്യം നല്‍കി ഫ്ലാഷ് ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍.


 ചന്ദ്രശേഖരന്റെ അമ്മയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനു ശേഷം ഒരു പടി കൂടി മുന്നോട്ടു കടന്ന് “കൊല്ലുന്നവരും കൊല്ലിക്കുന്നവരുമുള്ള ഈ കേരളത്തില്‍ ജീവിക്കുവാന്‍ മടി തോന്നുന്നു, മടുപ്പു തോന്നുന്നു പേടി തോന്നുന്നു” എന്നെഴുതുമ്പോള്‍ മോഹന്‍ലാല്‍ കേരള ജനതയുടെ മുഴുവന്‍ നെഞ്ചിടിപ്പുകളും തന്റെ വരികളില്‍ പകര്‍ത്തി വയ്ക്കുന്നു.  തീര്‍ച്ചയായും കേരളത്തില്‍ ജീവിക്കുവാന്‍ മടിയും പേടിയും തോന്നുകയാണ്. വീണു കിട്ടിയ അവസരം മുതലാക്കാന്‍ ഉമ്മന്‍‌ചാണ്ടിയുടെ ‘ചെന്നായ ബുദ്ധി’ യിലൂടെ വന്ന ആഹ്വാനം കേട്ട് അധികം പേരൊന്നും പ്രതികരിക്കാതിരുന്നതിനു കാരണവും ഈ മടുപ്പല്ലാതെ മറ്റൊന്നുമാവാന്‍ കാര്യമില്ല. യാതൊരു പ്രതികരണങ്ങള്‍ക്കും ഫലമുണ്ടാക്കാനാവില്ല എന്ന തിരിച്ചറിവിലേക്ക് മുഖം തിരിക്കുന്ന അവസ്ഥയിലാണ് നാമിന്ന്. (അഴീക്കോട് മാഷിനെപ്പോലെ മുഖം നോക്കാതെ പ്രതികരിക്കാന്‍ കെല്‍പ്പുള്ളവര്‍ ഇന്നില്ലാതായിരിക്കുന്നു).  ഇവിടെ ജീവിതം വെട്ടേറ്റ മുഖം പോലെത്തന്നെ ബീഭത്സമാണ്. “ആത്മഹത്യയ്ക്കും കൊലക്കും ഇടയിലൂടാ‍ര്‍ത്തനാദം പോലെ പായുന്നു ജീവിതം“  എന്ന ചുള്ളിക്കാടിന്റെ വരികള്‍ക്ക്  പൂര്‍വ്വാധികം പ്രസക്തി കൈവരികയാണിപ്പോള്‍. 



ഉപ്പു തിന്നുന്നവര്‍ വെള്ളം കുടിക്കും എന്നതിന്റെ ഗുണപാഠം ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് മനസ്സിലാവുമോ എന്തോ. പക്ഷേ ചില നേതാക്കള്‍ വെള്ളം കുടിക്കുന്നതു കാണുമ്പോള്‍ ജനങ്ങള്‍ക്കു മനസ്സിനുള്ളില്‍ സംതൃപ്തി തോന്നുന്നുണ്ട്. കൊലപാതക രാഷ്ട്രീയം ഒരു പാര്‍ട്ടിയുടെ മാത്രം കുത്തകയല്ല എന്ന കാര്യം ജനങ്ങള്‍ മറന്നു പോകാന്‍ പാടില്ല. സി.പി.എമ്മിനോടൊപ്പം തന്നെ കോണ്‍ഗ്രസ്സും,  ബി.ജെ.പി.യും, ലീഗും, മറ്റനവധി തീവ്രവാദ രാഷ്ട്രീയ / മത സംഘടനകളും കേരളത്തില്‍ ഇന്നു നില നില്‍ക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും കാരണക്കാരാണ്.  അധികാരത്തിലിരിക്കുന്നവരും പുറത്തു നില്‍ക്കുന്നവരുമടങ്ങിയ അവിശുദ്ധ മത രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ സമൂഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നവ തന്നെയാണ്. ഈ അന്തരീക്ഷം പാടേ മാറേണ്ടതുണ്ട്. പാര്‍ട്ടി നേതാക്കളും, മതനേതാക്കളും, സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരും ഇതിനു നേതൃത്വം നല്‍കുകയും ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ ആളുകളെ പ്രേരിപ്പിക്കേണ്ടതുമുണ്ട്. ഇവര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഇത് നിഷ്പ്രയാസം സാധിക്കാനാവുന്നതാണ്. 


ഇത്തരം കാര്യങ്ങള്‍ പ്രശസ്തരായവര്‍ പറയുമ്പോള്‍ അതെത്ര ചെറിയതായാല്‍പ്പോലും വലിയ മാധ്യമശ്രദ്ധ ലഭിക്കാറുണ്ട്.  പ്രശസ്തരായ പലരും മൌനം ഭജിക്കുമ്പോള്‍, വളരെ പ്രയത്നമില്ലാത്ത ലളിതമായ ഒരു ബ്ലോഗ് പോസ്റ്റു കൊണ്ട് മോഹന്‍ലാലിന് വലിയൊരു കാര്യം സാധിക്കാനായി എന്നിടത്താണ് അദ്ദേഹത്തിന്റെ ബ്ലോഗ് പോസ്റ്റിന്റെ പ്രസക്തി. 

(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)

2009 ജൂൺ 9, ചൊവ്വാഴ്ച

അഭയ - ലാവ്‌ലിന്‍ സമാനതകള്‍

കുറ്റകൃത്യങ്ങളിലും അഴിമതികളിലും ആരോപണ വിധേയരായവരെ സംരക്ഷിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ക്ക് കുറച്ചു നാളുകളായി നമ്മള്‍ സക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. അഭയക്കേസില്‍ നാമിതു കണ്ടു കഴിഞ്ഞു. ഒരു വശത്ത് സത്യം ജയിക്കണമെന്ന് ആഗ്രഹമുള്ളവരുടെ ചെറിയൊരു സംഘം. മറുവശത്താകട്ടെ പ്രതിചേര്‍ക്കപ്പെട്ടവരും അവരെ അമിതമായി പിന്താങ്ങുന്നവരുമടങ്ങിയ, തങ്ങളുടെ ഭാഗം മാത്രം ജയിക്കണമെന്ന പിടിവാശിയുള്ള, ബൃഹത്തായ ജനാവലി. ഇടക്കിടെ ചില ചീറ്റലുകളും പൊട്ടിത്തെറികളും നടത്തിക്കൊണ്ടിരിക്കുന്ന ആ കേസ് ഇപ്പോള്‍ നിശ്ശബ്ദമാണ്. എന്തെങ്കിലും കാര്യമായി നടക്കുന്നുണ്ടോ എന്ന് ഊഹിക്കാന്‍ പോലും പറ്റാത്ത തരത്തില്‍ മന്ദ ഗതിയിലാണ്. പ്രതികള്‍ക്കു ജാമ്യം കിട്ടിയതും, പതുക്കെപ്പതുക്കെ ജാമ്യവ്യവസ്തകള്‍ ഉദാരങ്ങളായതും പത്രമാധ്യമങ്ങളിലെ അപ്രധാന വാര്‍ത്തകളായിത്തീര്‍ന്നിരിക്കുന്നു.


ഈ സംഭവങ്ങളോട് വളരെയേറെ സമാനതകള്‍ പുലര്‍ത്തുന്ന ഒരു വിവാദമായി മാറിയിരിക്കുന്നു എസ്.എന്‍.സി. ലാവലിന്‍ അഴിമതിക്കേസിലെ പിണറായി വിജയന്റെ ഭൂമിക. ക്രിസ്തുമത പ്രചാരകരായ വൈദികരെ വിശ്വാസികള്‍ എങ്ങിനെ കാണുന്നു എന്നതു പോലെത്തന്നെയാണ് കമ്മ്യൂണിസ്റ്റ് ആശയ പ്രചാരകരായ നേതാ‍ക്കന്മാരെ അണികള്‍ കാണുന്നതും. അവരുടെ ജീവിതം സമൂഹത്തിനു മാതൃകയായിരിക്കണം, ഭീരുത്വമാര്‍ന്ന ഉള്‍വലിയലല്ല, ധീരതയോടെയുള്ള മുന്നേറ്റമായിരിക്കണം അവരുടെ പ്രവൃത്തികള്‍ എന്നൊക്കെ നാം ആത്മാര്‍ത്ഥമായി വിശ്വസിച്ചു‍. പക്ഷെ വിവാദങ്ങളെ ധീരതയോടെ നേരിടേണ്ടതിനു പകരം ആരോപിതനായ നേതാവ് അണിയറയിലേക്കു പിന്‍‌വലിയുന്നതും, പൊതുമേഖലയ്ക്കു വേണ്ടി നിരന്തരം വാദിക്കുന്ന നേതാക്കള്‍ അനുയായികളെ ഇളക്കി വിട്ട് പൊതുമുതല്‍ നശിപ്പിക്കുന്നതും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു തന്നെ അപമാനകരമായ കാഴ്ചയായി മാറിയിരിക്കുന്നു എന്നത് ഒരു ദു:ഖകരമായ സത്യം മാത്രം.

കുട്ടിക്കുരങ്ങന്മാരായ പാര്‍ട്ടി അണികളെ തെരുവിലേക്കിറക്കി വിട്ടും (ഇത് മുംബെയില്‍ ശിവസേനക്കാര്‍ നടത്തുന്ന ഗുണ്ടാ വിളയാട്ടങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു), തന്റെ അജ്ഞാനുവര്‍ത്തികളായ നേതാക്കന്മാരെ ജിഹ്വകളാക്കിയും, പാര്‍ട്ടിയിലെ ഭൂരിപക്ഷം കാട്ടി കേന്ദ്ര നേതൃത്വത്തെ വരുതിക്കു നിര്‍ത്തിയും നേതാവിന്റെ അശ്വമേധം അരങ്ങേറിക്കൊണ്ടിരിക്കുന്നു. പള്ളികള്‍ ചെയ്തതു പോലെ പാര്‍ട്ടി പത്രം ഇടയലേഖനങ്ങളിറക്കിക്കൊണ്ടിരിക്കുന്നു. ഒരു വശത്ത് അഴിമതിക്കെതിരേയുള്ള പോരാട്ടങ്ങളിലൂടെ ജനപ്രശംസ നേടാനായെങ്കിലും, മുഖ്യമന്ത്രിയായപ്പോള്‍ ബന്ധനസ്ഥനാകേണ്ടി വന്ന അച്ചുതാനന്ദനും ചുരുക്കം അനുയായികളുമടങ്ങുന്ന ചെറിയൊരു സംഘം. മറുവശത്ത്, മന്ത്രിമാരുടേയും, നേതാക്കളുടേയും, ബുദ്ധിജീവികളുടേയും, കോടീശ്വരന്മാരായ അഭ്യുദയകാംക്ഷികളുടേയും വലിയൊരു നിര.

കുരിശ്ശിലേറ്റപ്പെട്ടവന്‍ എന്ന പ്രതിഛായ നേതാവിനു വേണ്ടി മന:പൂര്‍വ്വം ഉണ്ടാക്കിയെടുക്കുവാന്‍ കിണഞ്ഞു ശ്രമിക്കുന്ന പരിചാരകവൃന്ദം. അനുയായികളില്‍ നിന്നു പരിചാരകര്‍ എന്ന നിലയിലേക്ക് തരം താണ സഖാക്കള്‍ക്ക് മറ്റെന്താണ് ചെയ്യാനാവുക? സത്യം എന്തായിരുന്നാലും, നേതാവിന്റെ ഇമേജ് നഷ്ടപ്പെടാതെയിരിക്കണം. SALUTE THE LEGEND .

അഭയക്കേസില്‍ സഭയുടെ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞ പാര്‍ട്ടി ഇപ്പോള്‍ അതേ നയങ്ങള്‍ തന്നെ നേതാവിനു വേണ്ടി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ തന്റേതായ ഒരു അജണ്ട നടപ്പിലാക്കാന്‍ നേതാവ് പാര്‍ട്ടി സംവിധാനത്തെ വിദഗ്‌ധമായി ദുരുപയോഗം ചെയ്യുന്നു. "രാഷ്ടീയമായും, നിയമപരമായുമുള്ള നേരിടല്‍” ഇപ്പോള്‍ മാന്യതയുടെ എല്ലാ സീമകളേയും ലംഘിച്ചു കൊണ്ടിരിക്കുന്നു. ഇതെല്ലാം ജനകീയ അടിത്തറയുണ്ടെന്നു പറയുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു വന്നു ഭവിച്ചു കൊണ്ടിരിക്കുന്ന ഗുരുതരമായ രോഗാവസ്ഥയുടെ ബാഹ്യലക്ഷണങ്ങളാണ്. ഈ അപചയം തിരിച്ചറിയാനോ, തിരുത്താനോ ഔദ്യോഗിക പക്ഷത്തിനു കഴിയുന്നില്ലെന്നു മാത്രമല്ല, തങ്ങളുടെ നിലപാടാണു ശരി എന്ന് സമര്‍ത്ഥിക്കുവാന്‍ ഏതറ്റം വരെ പോകാനും തങ്ങള്‍ തയ്യാറാണെന്ന് അവര്‍ അനുദിനം തെളിയിച്ചു കൊണ്ടുമിരിക്കുന്നു

പരസ്പരം പോരാടിക്കൊണ്ടിരുന്ന മതസ്ഥാപനങ്ങളും, തൊഴിലാളി പ്രസ്ഥാനങ്ങളും പൊടുന്നനെ ഒരേ സ്വരത്തില്‍, ഒരേ രാഗത്തില്‍, ഒരേ താളത്തില്‍ പാടാന്‍ തുടങ്ങുന്ന ആസുരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നു എന്നത് തികച്ചും ഭീതിജനകമാണ്. ഈ അപചയം തിരിച്ചറിയാനോ, തിരുത്താനോ ഔദ്യോഗിക പക്ഷത്തിനു കഴിയുന്നില്ലെന്നു മാത്രമല്ല, തങ്ങളുടെ നിലപാടാണു ശരി എന്ന് സമര്‍ത്ഥിക്കുവാന്‍ ഏതറ്റം വരെ പോകാനും തങ്ങള്‍ തയ്യാറാണെന്ന് അവര്‍ അനുദിനം തെളിയിച്ചു കൊണ്ടുമിരിക്കുന്നു. അതുകൊണ്ടു തന്നെ മറുപക്ഷത്തിന്റെ എല്ലാ കുതന്ത്രങ്ങളും പാളുന്നതു കാണുമ്പോഴുള്ള അച്യുതാനന്ദന്റെ ചിരിക്ക് വളരെയേറെ മാനങ്ങളുണ്ട്. അഴീക്കോടിനെപ്പോലുള്ളവര്‍ക്ക് അത് വഞ്ചകന്റെ ചിരിയാകുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അപചയം സാംസ്കാരിക മേഖലയിലേക്കു കൂടി പടര്‍ന്നു പിടിച്ചിരിക്കുന്നു എന്നതിന്റെ പ്രകടമായ തെളിവാണ്. എന്തു ത്യാഗം സഹിച്ചും മുഖ്യനെ പുകച്ചു പുറത്തു ചാടിക്കണം എന്നതു മാത്രമാണ് ലക്ഷ്യം. മറ്റു മന്ത്രിമാരെയൊക്കെ രാജിവെപ്പിച്ചാണെങ്കില്‍പ്പോലും.

പാണ്ഡവരുടെ എണ്ണം എന്നത്തേയും പോലെ ശുഷ്കം, കൌരവരോ കളം നിറച്ചും. ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കയണ് സത്യത്തിനും നീതിക്കും വേണ്ടി പോരാടാനിറങ്ങിത്തിരിച്ചവര്‍. ഒരു പക്ഷേ അവരുടെ ഹൃദയമിടിപ്പുകളെ രണാശ്വങ്ങളുടെ കുളമ്പടികള്‍ ചവിട്ടിയമര്‍ത്തിയേക്കാം. അക്ഷൌഹിണികളുടെ പെരുങ്കാലുകള്‍ക്കു കീഴെ ഒരു കവിള്‍ രക്തമായി അവരുടെ ആത്മവീര്യം പുറത്തേക്കു വീണ് തണുത്തുപോയേക്കാം. അല്ലെങ്കില്‍ മറ്റൊരഭയ കേസ്സു പോലെ ഇഴഞ്ഞു നീങ്ങുന്ന അന്വേഷണമായി ഇതും മാറിയേക്കാം. അങ്ങിനെയൊന്നും സംഭവിക്കാതെയിരിക്കട്ടെ എന്ന് നമുക്കാശിക്കാം.

2008 നവംബർ 23, ഞായറാഴ്‌ച

കുരിശ്ശിലേറ്റേണ്ടത് ആരെ?

വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുമണ്ണടിഞ്ഞ കന്യാസ്ത്രീയായ അല്‍‌ഫോണ്‍സാമ്മയെ ദിവ്യയാക്കി ഉയര്‍ത്തുകയും, അതിന്റെ സ്മരണയ്ക്കായി ഇന്ത്യയുടെ ഭരണാധികാരികള്‍ പോസ്റ്റല്‍ സ്റ്റാമ്പിറക്കുകയും ചെയ്തതിന്റെ ആഹ്ലാദത്തിലൂടെ തെന്നി നടക്കുമ്പോഴാണ് കുറച്ചു നാളത്തെ മൌനത്തില്‍ നിന്നും അപ്രതീക്ഷിതമായി ഉണര്‍ന്ന് സി.ബി.ഐ. ഒരു സ്ഫോടനം നടത്തിയത് - “അഭയകേസില്‍ പ്രതികളെ കണ്ടെത്തി. രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും അറസ്റ്റില്‍“.

അനുബന്ധ സ്ഫോടനങ്ങളുടെ ഒരു പരമ്പര പുറകേ -
“പയസ് കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍ക്ക് വഴി വിട്ട ബന്ധം ഉണ്ടായിരുന്നതായി സാക്ഷിയായ സഞ്ജു“
“ കേസൊതുക്കാന്‍ ശ്രമിച്ചവരില്‍ പ്രമുഖരായ രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നുവെന്ന് കെ. എം. മാണിയുടെ പേരെടുത്തു പറഞ്ഞു കൊണ്ട് ജോമോന്‍”
“അഭയ കേസുമായി ബന്ധപ്പെട്ട് വൈദികരേയും കന്യാസ്ത്രീയേയും അറസ്റ്റു ചെയ്തതില്‍ ദുരൂഹതയുണ്ടെന്നെ ക്നാനായ കത്തോലിക്കാ സഭാ കോട്ടയം അതിരൂപത ജാഗ്രതാസമിതി“

ദുരൂഹതകളുടെ മറകള്‍ നീക്കി ഒടുവില്‍ സത്യം പുറത്തു വരുമെന്ന് പ്രതീക്ഷിക്കാനുള്ള വക നല്‍കുന്നുണ്ട് ഈ സംഭവ വികാസങ്ങള്‍. അതിനിടയില്‍ ഇത് സി.ബി.ഐയുടെ മുഖം രക്ഷിക്കാനുള്ള ഒരു തന്ത്രം മാത്രമാണെന്ന പ്രത്യാരോപണങ്ങള്‍. പ്രതികളെ എത്രയും വേഗം പിടി കൂടണമെന്നും, എല്ലാ അന്വേഷണവുമായും സഹകരിക്കുന്നുണ്ടെന്നും പറയുന്ന സഭ അന്വേഷണം ശരിയായ വിധത്തിലല്ല മുന്നേറുന്നതെന്നും, പിടിക്കപ്പെട്ടവരല്ല യഥാര്‍ത്ഥ പ്രതികളെന്നും വരുത്തിത്തീര്‍ക്കുവാന്‍ മന:പൂര്‍വ്വം പാടുപെടുന്നതായാണ് വ്യക്തമാ‍യിക്കൊണ്ടിരിക്കുന്നത്.

അതേ സമയം സി.ബി.ഐ നടത്തിയ പോളിഗ്രാഫ് ടെസ്റ്റിങ്ങെന്ന ‘നിര്‍ബ്ബന്ധ
കുമ്പസാരത്തിലൂടെ‘ അച്ചനില്‍ നിന്നും ചോര്‍ത്തിയെടുത്തതെന്നു പറയപ്പെടുന്ന വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളിലൂടെ കറങ്ങുന്നുണ്ട്. പയസ് ടെന്‍‌ത് കോണ്‍‌വെന്റിലെ തന്നെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ സെഫിയുടേയും ഫാദര്‍ കോട്ടൂരിന്റേയും ലൈംഗികവേഴ്ചകള്‍ക്കു ദൃക്‌‌സാക്ഷിയാകേണ്ടി വന്നതിനാലാണ് സിസ്റ്റര്‍ അഭയയ്ക്ക് ഈ ദുര്‍വ്വിധി സംഭവിച്ചതെന്നാണ് ഭാഷ്യം. (http://kungikka.blogspot.com/2008/11/blog-post.html)

പരിപാവനമെന്നു കരുതപ്പെടുന്ന ഇടങ്ങളില്‍ ദൈവത്തിനും പച്ചമനുഷ്യര്‍ക്കും നടുവില്‍ വഴികാട്ടികളായി നില്‍ക്കുന്നവര്‍ക്കിടയില്‍ വഴി വിട്ട ബന്ധങ്ങള്‍ എന്തു കൊണ്ടുണ്ടാകുന്നു? വഴിവിട്ട ബന്ധങ്ങള്‍ കൊണ്ടുണ്ടാകുന്ന നാണക്കേടില്‍ നിന്നും, വിശ്വാസരാഹിത്യത്തില്‍ നിന്നും മുഖം രക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ശ്രമിക്കുന്നതിലും നല്ലത് തുമ്മിയാല്‍ തെറിക്കുന്ന ഈ മൂക്ക് അങ്ങോട്ട് വേണ്ടെന്നു വയ്ക്കുകയല്ലേ? ദൈവം ശരീരത്തിനു കനിഞ്ഞു നല്‍കിയത് ധര്‍മ്മങ്ങള്‍
അമര്‍ത്തി വയ്ക്കാന്‍ ശ്രമിക്കുന്നത് എന്തു മാത്രം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് എന്തു കൊണ്ട് സഭ ഇനിയും തിരിച്ചറിയുന്നില്ല?

പ്രായപൂര്‍ത്തിയെത്തിയ ഒരാണും പെണ്ണും ലൈംഗിക ബന്ധത്തിലേര്‍പ്പെടരുതെന്ന് ഒരു ദൈവമോ, ഒരു ദൈവ പുത്രനോ വിലക്കിയിട്ടില്ല. അതു വിലക്കിയത് മനുഷ്യപുത്രന്മാര്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയ സഭയാണ്. മനുഷ്യപുത്രന്മാരെഴുതിയ സഭാ നിയമങ്ങളാണ്. അതു പരമ കാരുണികനായ ദൈവത്തിന്റെ ഇച്ഛയായിരുന്നില്ല. ഒരു കൂട്ടം മനുഷ്യരുടെ ഇച്ഛ മാത്രമായിരുന്നു.

ളോഹ ധരിച്ചതു കൊണ്ടോ, സഭാ വസ്ത്രം അണിഞ്ഞതു കൊണ്ടോ ദൈവം നല്‍കിയ വിശപ്പും ദാഹവും മനുഷ്യനില്‍ ഇല്ലാതാകുന്നില്ല എന്നതു പോലെ സ്വാഭാവികമായുണ്ടാകുന്ന ലൈംഗിക ചോദനകളും ഇല്ലാതാകുന്നില്ല. പകരം അതിനെ ക്രൂരമായി അടിച്ചമര്‍ത്തി ഇല്ല എന്നു ഭാവിക്കുകയാണ് ചെയ്യുന്നത്. ഓരോ അടിച്ചമര്‍ത്തലുകളിലും, അകത്തു കിടന്ന് ശ്വാസം മുട്ടുന്ന, പുറത്തു വരാന്‍
നിഗൂഢമായ മാര്‍ഗ്ഗങ്ങള്‍ തേടുന്ന ഒരു അസ്വസ്ഥതയായി അത് വളരും. സാഹചര്യങ്ങള്‍ ഒത്തു വരുമ്പോള്‍ വീണു കിട്ടുന്ന അപൂര്‍വ്വാവസരങ്ങളില്‍ ചിലതെല്ലാം അതുപയോഗപ്പെടുത്തുകയും ചെയ്യും എന്നതിന് ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലേറെ.

സ്വന്തം പാപം മനസ്സിലൊളിപ്പിച്ചു വച്ച് അച്ചന്മാര്‍ക്ക് മറ്റുള്ളവര്‍ ചെയ്ത പാപങ്ങളുടെ കുമ്പസാരം കേള്‍ക്കാം. അവരെ പാപമോചിതരാക്കാന്‍ ദൈവത്തോടപേക്ഷിക്കാം. കൈകളില്‍ നിന്നും രക്തക്കറകള്‍ വീഞ്ഞൊഴിച്ചു കഴുകിക്കളയാം.

ക്രിസ്തീയ പുരോഹിതന്മാരുടെ അവിഹിത ബന്ധങ്ങളെക്കുറിച്ചും, ബാല പീഠനങ്ങളെ ക്കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇപ്പോള്‍ നിത്യ സംഭവമായിട്ടുണ്ട്. ആദ്യമെല്ലാം സഭ അത് കണ്ടില്ലെന്നു നടിക്കുകയോ, പൂഴ്ത്തി വയ്ക്കുകയോ ചെയ്യാറാണ് പതിവ്. അടുത്തയിടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ ദത്തെടുത്ത കേസ്സില്‍ അകപ്പെട്ട വൈദികന്റെ കാര്യത്തിലും ഇതു തന്നെ ചെയ്തു സഭ. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോളായിരുന്നു അച്ചനെതിരേ നടപടിയെടുക്കാന്‍ തുനിഞ്ഞത്.

ഈ കേസ് ഒരു പക്ഷേ ഇനിയും തെളിയിക്കപ്പെടാതെ തേച്ചു മാച്ചു കളയാന്‍ ഇതിനുപിന്നിലെ ശക്തികള്‍ക്കു കഴിഞ്ഞെന്നു വരാം. എന്നിരുന്നാലും പ്രധാനപ്പെട്ട ഒരു ചോദ്യം എന്നും ഉയര്‍ന്നു കൊണ്ടിരിക്കും. എന്തു കൊണ്ടിതെല്ലാം സംഭവിക്കുന്നു എന്നത്. തങ്ങളെപ്പോലെ തങ്ങളുടെ മാതാപിതാക്കളും, പൌരോഹിത്യം തിരഞ്ഞെടുത്തിരുന്നെങ്കില്‍ ക്രിസ്തുവിന്റെ ശുശ്രൂഷകരായി
സഭാവസ്ത്രമണിയാന്‍ നിങ്ങളുണ്ടാകുമായിരുന്നില്ല എന്ന സത്യം അച്ചന്മാരും കന്യാസ്ത്രീകളും എന്തേ മറക്കുന്നു. പച്ച മനുഷ്യരായി, കല്യാണം കഴിച്ച്, തങ്ങളുടെ ഇഷ്ടാനുസരണം ഇരുട്ടത്തും വെളിച്ചത്തും ആരെയും പേടിക്കാതെ ഇണചേര്‍ന്ന് (അടുക്കളയാണ് ഇനി പത്ഥ്യമെങ്കില്‍ അവിടെയും), സന്തതി പരമ്പരകളെ സൃഷ്ടിച്ച് ജീവന്റെ ലക്ഷ്യം നിറവേറ്റേണ്ട ദൈവമക്കള്‍ എന്തിനാണ് ഈ അരമനകളുടെയും, മഠങ്ങളുടേയും തടവറകളില്‍ സ്വയം തളച്ചിടപ്പെടുന്നത്?

വീടും കുടുംബവുമായി ജീവിക്കുന്ന എത്രയോ പേര്‍ നല്ല രീതിയില്‍ മതപ്രചരണങ്ങള്‍ നടത്തി ജീവിക്കുന്നു. മനുഷ്യത്തപരമായ സ്വാതന്ത്ര്യങ്ങള്‍ പോലും ഇല്ലാതാക്കുന്ന സഭ തന്നെയല്ലേ സത്യത്തില്‍ തെറ്റുകളുടെ പ്രതിരൂപമായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്? ആരെയാണ് നാം കുരിശ്ശിലേറ്റേണ്ടത്?