2013, ജനുവരി 28, തിങ്കളാഴ്‌ച

വിശ്വരൂപം - ആരുടെ?




 മുസ്ലീംങ്ങളെല്ലാം ഭീകരവാദികളാണോ? അല്ല. അപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ഭീകരവാദി കഥാപാത്രങ്ങള്‍ക്കെല്ലാം മുസ്ലീം പേരുകള്‍ നല്‍കുന്നത് ശരിയാണോ? തീര്‍ച്ചയായും അല്ല. ഇതൊരു തെറ്റായ പ്രവണത തന്നെയാണ്. ഇത്തരം ഒട്ടനവധി തെറ്റായ പ്രവണതകളുടെ ആകെത്തുകയാണ് ഇന്ത്യയിലെ കച്ചവട സിനിമ. നായകന്മാരെല്ലാം വെളുത്ത് ഭംഗിയുള്ളവര്‍. വില്ലന്മാരാകട്ടെ കറുത്തവരോ, ഇരു നിറത്തിലുള്ളവരോ. ഹിന്ദി ഫിലിമുകളില്‍ തെക്കേ ഇന്ത്യക്കാര്‍ കോമാളികളോ വില്ലന്മാരോ ആയി ചിത്രീകരിക്കാറുണ്ട്. തെന്നിന്ത്യന്‍ സിനിമകളില്‍ അപൂര്‍വ്വമായിട്ടാണെങ്കിലും ഉത്തരേന്ത്യക്കാരും വില്ലന്‍ കഥാപാത്രങ്ങളായിട്ടുണ്ട്. 

നായികമാരാണെങ്കിലോ വെളുത്ത സുന്ദരിമാര്‍. കറുത്ത ഒരു നായിക (തകഴിയുടെ ചെമ്മീനിലെ ‘കറുത്തമ്മ’ പോലും വെളുത്തതായിരുന്നു എന്ന വിവാദം ഓര്‍ക്കുക) പേരിനു പോലും കാണാന്‍ വഴിയില്ല. കറുത്തവരൊന്നും നായികമാരാവാന്‍ ജനിച്ചവരല്ല എന്നു തോന്നും ഇത്തരം സിനിമകള്‍ കണ്ടാല്‍. പ്രേമിക്കാനും, സെക്സിയായിരിക്കാനും, ബലാത്സംഗം ചെയ്യപ്പെടാനും, കരയാനും വേണ്ടി സൃഷ്ടിക്കപ്പെട്ട വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങള്‍. 

ഭീകരവാദത്തെ കേന്ദ്ര ബിന്ദുവാക്കി ഒരു പാട് ചിത്രങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങിയിട്ടുണ്ട്.  പഞ്ചാബിലെ സിഖ് വിഘടനവാദത്തിന്റെ പശ്ചാത്തലത്തില്‍ ‘ഗുല്‍‌സാര്‍‘ സംവിധാനം ചെയ്ത് ‘മാച്ചീസ്’‘ എന്ന ഹിന്ദി ചിത്രം (1996) ഇത്തരുണത്തില്‍ വളരെ സ്മരണീയമാണ്. ഈ ചിത്രത്തില്‍ ഒരു വില്ലന്‍ എന്നു പറയാന്‍ ഒരാളില്ല. ഭീകര വാദവും ഭരണ കൂടവും കൂടി സാധാരണ ജീ‍വിതത്തെ എത്ര മാത്രം പിച്ചിക്കീറുന്നുവെന്നതിന്റെ നേര്‍ക്കാഴ്ചയാണീ ചിത്രം. ഭീകരവാദത്തോടൊപ്പം ഭരണ കൂടവും ഇവിടെ പ്രതിനായക സ്ഥാനത്തു വരുന്നു.  

ഗോവിന്ദ് നിഹലാനിയുടെ ‘ദ്രോഹ് കാല്‍’ (1994) എന്ന ഹിന്ദി ചിത്രവും ഭീകരവാദത്തിനെതിരേ പൊരുതുവാന്‍ ജീവിതം ഹോമിക്കേണ്ടി വരുന്ന ഒരു പറ്റം പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്നു. ഇവിടെ ഭീകരവാദിയായി വരുന്ന കഥാപാത്രത്തിന്റെ പേര്‍ - കമാന്റര്‍ ഭദ്ര എന്നാണ്. കമാന്റര്‍ ഭദ്ര ഒരു മതത്തിന്റേയും വക്താവല്ല. പോലീസ് ഫോഴ്സിന്റെ ഭാഗമായി അണി നിരക്കുന്ന തുല്യ പ്രധാനമുള്ള കഥാ പാത്രങ്ങളില്‍ ഒരാള്‍ അബ്ബാസ് ലോധി എന്ന മുസ്ലീമാണ്,  മറ്റെയാള്‍ അഭയ് സിംഗ് എന്ന ഹിന്ദുവും.

മണി രത്നത്തിന്റെ തമിള്‍ / ഹിന്ദി ചിത്രം ‘റോജാ’ (1992)യിലാകട്ടെ വില്ലന്‍ കഥാപാത്രത്തിന്റെ പേര് ലിയാഖത്ത് . അതിര്‍ത്തി പ്രദേശമായ കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നയാള്‍ മുസ്ലീമാവാതെ തരമില്ല‍. അയാള്‍ക്കയാളുടേതായ വിശ്വാസങ്ങളും ലക്ഷ്യവുമുണ്ട്. ഇവിടെയും ഭീകരവാദം സാധാരണ ജനജീവിതത്തെ എത്ര മാത്രം താറുമാറാക്കുന്നു എന്നു നാം കാണുന്നു.  

‘ദില്‍ സേ’ (1998) എന്ന മണി രത്നം ചിത്രത്തിലെ നായിക മേഘ്ന ഭീകരവാദിഗ്രുപ്പിലെ അംഗമാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ക്രൂരത മൂലം ഭീകരവാദത്തിന്റെ പാത തിരഞ്ഞെടുത്തവള്‍. അവളെ തീവ്രവാദത്തില്‍ നിന്നും വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന നായകനോടൊപ്പം ശരീരത്തിലണിഞ്ഞിരുന്ന ബോംബു പൊട്ടി രണ്ടു പേരും മരിക്കുന്നതാണ്  ചിത്രത്തിന്റെ അന്ത്യം. ഭീകരവാദം സ്നേഹത്തെ എങ്ങിനെ ഭൂമിയില്‍ നിന്നും തുടച്ചു നീക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതിലെ കഥയും കഥാ പാത്രങ്ങളും. രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട എല്‍.ടി.ടി.ഇ.യിലെ ചാവേറുകളെ ഓര്‍മ്മിപ്പിക്കുന്നു ഈ സ്ത്രീ കഥാപാത്രം.  

മേജര്‍ രവിയുടെ ‘കീര്‍ത്തിചക്ര‘യാകട്ടെ (2006) കശ്മീരില്‍ നേര്‍ക്കു നേര്‍ ഭീകരവാദികളുമായി പൊരുതുന്ന കമാന്റോകളുടെ കഥയാണ്.  ഭീകരവാദികളുടെ ആക്രമണ ശൈലികളും തങ്ങളുടെ ലക്ഷ്യങ്ങള്‍ സഫലീകരിക്കുവാന്‍ ഏതറ്റം വരെ അവര്‍ പോകുമെന്നും ഈ ചിത്രം കാണിച്ചു തരുന്നു. എതിരാളികള്‍ മുസ്ലീം തീവ്രവാദികളാണെന്നത് അസന്നിഗ്‌ദ്ധമായി വ്യകതമാണ്. 

മേല്പറഞ്ഞ ഉദാഹരണങ്ങളില്‍ നിന്നും, ചലച്ചിത്ര കലയെ ഗൌരവമായെടുക്കുന്നവരാരും തന്നെ തങ്ങളുടെ സിനിമകളിലൂടെ  മുസ്ലീം വിരോധത്തില്‍ നിന്നുമുടലെടുത്തതെന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയൊന്നും സൃഷ്ടിച്ചിട്ടില്ല എന്നു കാണാവുന്നതാണ്. 


ഇപ്പറഞ്ഞവയല്ലാതെ നൂറു ശതമാനവും കച്ചവട ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു കൊണ്ടെടുത്ത നിരവധി ചിത്രങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഷകളിലായുണ്ട്. അവയിലൊക്കെ ചിലപ്പോഴായി കള്ളക്കടത്തുകാരനെയും, ഭീകരവാദിയെയുമെല്ലാം മുസ്ലീം മതക്കാരായി ചിത്രീകരിക്കുന്ന പ്രവണത നാം കണ്ടിട്ടുമുണ്ട്. ഇതെല്ലാം കച്ചവട സിനിമയുടെ ചേരുവകള്‍ മാത്രമാണ്. ഇത്തരം ചിത്രങ്ങളുടെയെല്ലാം അണിയറ പ്രവര്‍ത്തകരിലും,  എന്തിന് അഭിനേതാക്കളില്‍ പോലും നല്ലൊരു വിഭാഗം മുസ്ലീം മതത്തില്‍ വിശ്വസിക്കുന്നവരുണ്ട് എന്നതാണ് വസ്തുത.  അധോ ലോക നായകന്മാരായ ഹാജി മസ്താനും, കരീം ലാലയും, ദാവൂദ് ഇബ്രാഹിമുമെല്ലാം തീര്‍ത്ത വലിയൊരു ‘ഹീറോ’ പരിവേഷത്തെ വിറ്റു കാശാക്കാന്‍ ഇത്തരം കഥാപാത്ര സൃഷ്ടിയിലൂടെ ബോധപൂര്‍വ്വം കച്ചവട സിനിമാക്കാര്‍ ശ്രമിക്കുന്നതു കൊണ്ടായിരുന്നിരിക്കാം ഇത്തരം സിനിമകള്‍ നിരവധിയായി വന്നത്.  അധോലോകവും സിനിമാ ലോകവുമായുള്ള  രഹസ്യവും പരസ്യവുമായുള്ള ബാന്ധവങ്ങള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണല്ലോ? ‘ദാവൂദ് ഇബ്രാഹിമും’, വരദരാജ മുതലിയാരു’മടക്കം പല അധോലോക രാജാക്കന്മാരുടേയും ജീവിതത്തിലെ ഏടുകള്‍ ഇത്തരം കഥാപാത്ര സൃഷ്ടികള്‍ക്ക് പ്രചോദനമായിട്ടുണ്ട്. 



ഇങ്ങനെ പോയിക്കൊണ്ടിരുന്ന സിനിമാ രംഗത്തേക്ക് സെപ്തംബര്‍ 11-ലെ അമേരിക്കന്‍ ആക്രമണത്തിനു ശേഷമാണ് അധോലോക നായകന്മാര്‍ക്കു പകരം ഭീകര വാദികളായ കൂടുതല്‍ കഥാപാത്രങ്ങള്‍ കടന്നു വരാനും രംഗം കയ്യടക്കാനും തുടങ്ങിയതെന്നു കാണാം.   അമേരിക്കന്‍ ആക്രമണം അതിനു മുമ്പെങ്ങുമുണ്ടാകാത്ത വിധത്തിലുള്ള ഒരു ഭീതി ലോകത്തെമ്പാടുമുള്ള മുസ്ലീങ്ങളല്ലാത്ത ജനതയുടെ മനസ്സില്‍ വിതച്ചു എന്നതിന്റെ പ്രാധാന്യം ആര്‍ക്കും കുറച്ചു കാണാനാകില്ല. മുസ്ലീം പേരിനെപ്പോലും സംശയത്തോടെയല്ലാതെ വീക്ഷിക്കാന്‍ പറ്റാത്ത ഒരു സാഹചര്യമാണ് പ്രസ്തുത സംഭവം സൃഷ്ടിച്ചത്. അഫ്ഘാനിസ്ഥാനിലെ താലിബാന്‍ അതിക്രമങ്ങളും, മുംബൈ ഭീകരാക്രമണവും, എഴുത്തുകാര്‍ക്കും പുരോഗമനാശയക്കാര്‍ക്കും എതിരേ മുസ്ലീം മത നേതൃത്വങ്ങള്‍ നിരന്തരം പുറപ്പെടുവിച്ചു കൊണ്ടിരുന്ന ഫട്‌വകളും ഈ സാഹചര്യത്തെ രൂക്ഷമാക്കി എന്നു പറയാതെ വയ്യ.  കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘മൈ നെയിം ഈസ് ഖാന്‍’ എന്ന ചിത്രം,  ഇതിലൊന്നും പങ്കില്ലാത്ത ഒരു മുസ്ലീമിനെ ഇത്തരം ഒരു സാഹചര്യം എങ്ങിനെ വേട്ടയാടുന്നു എന്നു കാട്ടിത്തരുന്നു.  

പ്രേതത്തെ ഭയപ്പെടുന്ന മനുഷ്യന് പ്രേത കഥാപാത്രങ്ങളെ എളുപ്പം തിരിച്ചറിയാന്‍ സാധിക്കുന്നതു പോലെ, ഭീകരവാദത്തെ പേടിക്കുന്ന മനുഷ്യര്‍ക്ക് ഭീകരവാദികളായ കഥാപാത്രങ്ങളുമായി എളുപ്പം ഒത്തു പോകാനാകുന്നു എന്നതൊരു വസ്തുതയാണ്. വില്ലന്‍ ഭീകര വാദിയാകുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്ന ഭീകര സംഭവങ്ങളുമായി അതിനെ പെട്ടെന്ന് ഇഴ ചേര്‍ക്കുവാന്‍ സാധിക്കുമെന്നതായിരിക്കാം ഇതിനു പറയാവുന്ന ഒരു കാരണം. തന്നെയുമല്ല ആക്‍ഷന്‍ സീനുകള്‍ കൂടുതല്‍ വിപുലമായിത്തന്നെ ചിത്രീകരിക്കുകയുമാവാം എന്ന ലക്ഷ്യം കൂടി ഇത്തരം സിനിമകള്‍ നിറവേറ്റിയിരിക്കാം. സ്ത്രീകളുടെ മേനിക്കൊഴുപ്പു കാണിച്ചും, അമിത ലൈംഗികത ചിത്രീകരിച്ചും, അതി വൈകാരികത കാഴ്ച വച്ചും, എളുപ്പത്തില്‍ കാണികളെ സതൃപ്തരാക്കി ലാഭം കൊയ്യുക എന്നതിന്റെ ഭാഗമായി നടക്കുന്ന ഒരു പ്രക്രിയ എന്നതില്‍ക്കവിഞ്ഞ് ബോധ പൂര്‍വ്വം ഒരു മതത്തെ ഇകഴ്ത്തുവാന്‍ വേണ്ടി ഇത്തരം കഥകള്‍ ആരെങ്കിലും മിനഞ്ഞെടുക്കുന്നു എന്ന് പറയാന്‍ കഴിയില്ല. ഇതാകട്ടെ കാലാകാലം നില നില്‍ക്കാന്‍ പോകുന്ന ഒരു ട്രെന്റാണെന്നും തോന്നുന്നില്ല. 

'ദീവാറി'ലൂടെ അമിതാഭ് ബച്ചന്റെ രൂപത്തില്‍ അവതരിച്ച ആന്റി ഹീറോ പരിവേഷം പ്രചുരപ്രചാരം നേടിയതു പോലെ, ഷോലെയിലെ ഗബ്ബര്‍ സിംഗിനു നിരവധി പതിപ്പുകള്‍ ഉണ്ടായതു പോലെ, കിന്നാരത്തുമ്പികള്‍ക്ക് പുറകേ നിരവധി ഇക്കിളിത്തുമ്പികള്‍ പാറിക്കളിച്ചതു പോലെ അനുകരണകല കൈമുതലാക്കിയ കച്ചവടക്കാരുടെ വികലഭാവനയുടെ ജാരസന്തതികള്‍ മാത്രമാണ്  ഇത്തരം കഥാപാത്രങ്ങളെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഹാജി മസ്താന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം എന്നറിയപ്പെട്ട ദീവാറിലാകട്ടെ മസ്താനെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തിന്റെ പേര് വിജയ് എന്നായിരുന്നുവെന്നു കൂടി ഓര്‍ക്കുക. ഇന്നാണ് ഈ പടമെടുത്തതെങ്കില്‍ പ്രസ്തുത കഥാപാത്രത്തെ ഒരു പക്ഷേ സിനിമാ മുതലാളിമാര്‍ ഒരു മുസ്ലീമാക്കിയേനെ. 

ഇത്തരം ഘടകങ്ങളായിരിക്കാം, പറഞ്ഞ് കേട്ടിടത്തോളം കമലാഹാസന്റെ ചിത്രമായ ‘വിശ്വരൂപം’ എന്ന സിനിമയുടെ കാര്യത്തിലും സ്വാധീനിച്ചിരിക്കുക എന്നു വിശ്വസിക്കുവാനാണ് സാഹചര്യങ്ങള്‍ പഠിപ്പിക്കുന്നത്. മുസ്ലീം സംഘടനയായ അല്‍ ഖായിദയുടെ നടുപ്പിക്കുന്ന ഓര്‍മ്മകള്‍ ഇന്നും പച്ച പിടിച്ചു നില്‍ക്കുന്ന അമേരിക്കന്‍ സാഹചര്യങ്ങളില്‍  ഭീകരവാദത്തിനെതിരേ പൊരുതുന്ന ഒരാളിന്റെ കഥയില്‍ ‘ടെറ-റിസ്റ്റ്‘ ആകുന്ന കഥാപാത്രം മുസ്ലീം വംശജനാകുക എന്നതിനെ വളരെ സ്വാഭാവികമായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു. ഈ ചിത്രത്തിനെതിരേ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള രോഷം കച്ചവട സിനിമയെപ്പോലെത്തന്നെ നിലവാരം കുറഞ്ഞു പോയതിനും കാരണം മറ്റൊന്നല്ല. മുസ്ലീം കഥാപാത്രങ്ങളെ നെഗറ്റീവ് ഷേഡില്‍ അവതരിപ്പിച്ച നിരവധി സിനിമകള്‍ ഇതിനു മുമ്പുണ്ടായിട്ടും, കമാ എന്നൊരക്ഷരം ഉരിയാടാതിരുന്നവര്‍ ഇപ്പോള്‍ വന്‍ പ്രതിഷേധവുമായി ഇറങ്ങുവാനുണ്ടായ സാഹചര്യം എന്തെന്ന് ആരായേണ്ടതായിട്ടാണിരിക്കുന്നത്.  

ഇത്തരുണത്തില്‍ പ്രതിഷേധം എന്നതും കച്ചവട സിനിമയിലെ ചേരുവ പോലെ വ്യക്തമായ ഉദ്ദേശ ലക്ഷ്യത്തോടെ അരങ്ങേറ്റപ്പെടുന്ന ഒരു തന്ത്രം മാത്രമാണെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ജനങ്ങളുടെ വികാരത്തെ എളുപ്പം ഇളക്കി വിട്ട് ലാഭം (ഇത് രാഷ്ട്രീയമോ മതപരമോ ആകാം) കൊയ്യുന്ന ഒരു വില കുറഞ്ഞ പ്രക്രിയ മാത്രമായിട്ടാണ് ഇത് ഉരുത്തിരിഞ്ഞു വരുന്നത്. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം ആളുകള്‍ ഇത്തരം അടിമത്തത്തിലേക്ക് അറിയാതെ തങ്ങളുടെ ബൌദ്ധികത അടിയറ വച്ചുകൊടുക്കുകയും ചെയ്യുന്നു എന്നത് ആ സുമുദായത്തിന്റെ ദുര്യോഗമാണ്. കേവല വൈകാരികതയ്ക്കപ്പുറം ബുദ്ധിയുടെ തലത്തില്‍ ഇത്തരം  ഗിമ്മിക്കുകള്‍ക്ക് നിലനില്‍പ്പില്ല. ഇത്തരം വില കുറഞ്ഞ പ്രകടനങ്ങള്‍ മുസ്ലീം എന്നു കേട്ടാല്‍ ഒരു ഭീകര ജീവിയെപ്പോലെ പേടിക്കേണ്ട ഒരു വര്‍ഗ്ഗമാണ് എന്ന, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നു നില നില്‍ക്കുന്ന, ഒരു ഭയപ്പാടിനെ കൂടുതല്‍ ശക്തിപ്പെടുത്തുവാനേ ഉപകരിക്കൂ. ഈ പ്രവണത നയിക്കുന്നത് അവിശ്വാസത്തിന്റേയും അരക്ഷിതത്വത്തിന്റേയുമായ വളരെ  അപകടകരമായ ഒരു ഭാവിയിലേക്കായിരിക്കും എന്നത് ഇതിന്റെ പ്രയോക്താക്കള്‍ മനസ്സിലാക്കുന്നുവോ ആവോ?

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരു അംഗീകൃത ഭരണ വ്യവസ്ഥയുണ്ട്. ആ ഭരണ വ്യവസ്ഥ ഒരു പൌരന് ഉറപ്പു നല്‍കുന്ന  ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. അത്തരം സ്വാതന്ത്ര്യങ്ങള്‍ അതിരു കടക്കുന്നുവോ എന്നു ശ്രദ്ധിക്കുവാന്‍ പോലും സംവിധാനങ്ങളുണ്ട്. അങ്ങിനെയുള്ളൊരു സംവിധാനത്തിന്റെ മേല്‍ നോട്ടത്തിനു കീഴില്‍ സൃഷ്ടിക്കപ്പെടുന്ന സിനിമയായാലും, പുസ്തകമായാലും, ചിത്രകലയായാലും, നാടകമായാലും അതിനെ സ്വീകരിക്കേണ്ടതും തള്ളേണ്ടതും എല്ലാ വിധ മതവിഭാഗങ്ങളും, മതരഹിത വിഭാഗങ്ങളും അടങ്ങുന്ന പൊതു സമൂഹമാണ്.  

‘വിശ്വരൂപം‘ പോലുള്ള സിനിമകള്‍ ജനങ്ങള്‍ കണ്ടു വിധിയെഴുതട്ടെ. ജനങ്ങളാണല്ലോ ഒരു സിനിമ 'ഹിറ്റ് ' ആക്കുന്നതും 'ഫ്ലോപ്പ് ' ആക്കുന്നതും. ജനങ്ങളുടെ ഈ സ്വാതന്ത്ര്യത്തിനു മുന്നില്‍ തങ്ങളുടെ ‘വിശ്വരൂപം’ കാട്ടുവാന്‍ ഒരു സംഘടനയ്ക്കും അധികാരമില്ല എന്ന കാര്യം എല്ലാവരും ഓര്‍മ്മിക്കേണ്ടതാണ്. 

 4PM പ്രസ്സ് ഫോം

(ബഹറിനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘4PM പ്രസ്സ്ഫോം’ എന്ന പത്രത്തില്‍ 28/02/2013-ല്‍ പ്രസിദ്ധികരിച്ചു.)

ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്.