2011, ഒക്‌ടോബർ 26, ബുധനാഴ്‌ച
ഉറക്കം കെടുത്തുന്ന എഴുത്തുകള്‍
ചിലര്‍ക്ക് സത്യത്തെ ഭയവും വെറുപ്പുമാണ്. എപ്പോഴും അതിനെ തമസ്കരിക്കുവാനോ മൂടിവയ്ക്കുവാനോ ആയിരിക്കും അവരുടെ ശ്രമങ്ങളെല്ലാം. ചരിത്രത്തിലുടനീളം ഇത്തരം ഗൂഢശ്രമങ്ങളുടെ കറുത്ത അടയാളങ്ങള്‍ കാണാം.
രാമായണം നമ്മുടെ ആദ്യകാല ക്ലാസ്സിക്ക് കൃതികളില്‍ ഒന്നാണ്. ആദ്യകവി വാത്മീകിയാല്‍ വിരചിതം എന്നു പരക്കെ വിശ്വസിക്കപ്പെടുന്നു. രാമായണത്തിലെ കഥാപാത്രങ്ങള്‍ക്കും, കഥകള്‍ക്കും, കഥാസന്ദര്‍ഭങ്ങള്‍ക്കും നിരവധി വ്യാഖ്യാനങ്ങളും പുനരാഖ്യാനങ്ങളുമുണ്ടായിട്ടുണ്ട്. ചെറുപ്പം മുതലേ ഹിന്ദു കുടുംബങ്ങളില്‍ നിത്യപാരായണത്തിനുപയോഗിക്കുന്ന ഒരു കൃതി എന്നതിനാല്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് രാമായണത്തിന്റെ വേരുകള്‍ ആഴത്തില്‍ ഇറങ്ങിച്ചെന്നിട്ടുണ്ട്. ഭാരതം വിട്ട് പുറം രാജ്യങ്ങളിലും രാമായണം ചെലുത്തിയ സ്വാധീനം നിസ്സാരമല്ല.
അങ്ങിനെ പല ദേശങ്ങളില്‍, പല കാലങ്ങളില്‍ വാമൊഴിയായും, വരമൊഴിയായും പടര്‍ന്ന രാമായണത്തിന് നിരവധി ഭാഷ്യങ്ങളുമുണ്ടായിട്ടുണ്ട് എന്നത് തികച്ചും സ്വാഭാവികം മാത്രം. പ്രശസ്തനായ ഏ.കെ. രാമാനുജം എഴുതിയ ‘Three Hundred Ramayana’s: Five Examples and Three Thoughts on Translations” ( ‘300 രാമായണങ്ങള്‍ - അഞ്ച് ഉദാഹരണങ്ങളും വിവര്‍ത്തനങ്ങളെപ്പറ്റിയുള്ള മൂന്ന് ചിന്തകളും)” എന്ന ലേഖനത്തില്‍ ഇക്കാര്യം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഈ ലേഖനം കഴിഞ്ഞ ഇരുപതോളം വര്‍ഷങ്ങാളായി ദില്ലി യൂണിവേഴ്സിറ്റിയുടെ ബി.ഏ. പാഠ്യപദ്ധയില്‍ ഉള്‍പ്പെടുത്തി പഠിപ്പിച്ചു വരുന്നുണ്ട്.
അങ്ങിനെയിരിക്കെ ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ല എന്ന് ബി.ജെ.പി. എന്ന രാഷ്ട്രീയപ്പാര്‍ട്ടിക്ക് തോന്നാന്‍ തുടങ്ങുകയും, ബി.ജെ.പി തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി.യിലൂടെ പ്രസ്തുത ലേഖനം പാഠ്യപദ്ധതിയില്‍ നിന്നു തന്നെ നീക്കം ചെയ്യണമെന്നു കാണിച്ച് പ്രക്ഷോഭം അഴിച്ചു വിടുകയുമുണ്ടായി. പ്രശ്നം സുപ്രീം കോടതിയുടെ പരിഗണയ്ക്ക്
വരികയും കോടതി ഒരു 4 അംഗ കമ്മിറ്റിയെ വച്ച് പ്രശ്നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഏല്‍പ്പിക്കുകയുമുണ്ടായി. പ്രശ്നം പഠിച്ച 4 കമ്മിറ്റിക്കാരില്‍ മൂന്നു പേര്‍ക്കും ലേഖനത്തില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെ. സംഗതികള്‍ ഇങ്ങിനെയായിരിക്കെ ലേഖനം പാഠ്യപദ്ധതിയില്‍ നിന്നും നീക്കുവാന്‍ കമ്മിറ്റിയുടെ തീരുമാനത്തെ മറികടന്ന് യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൌണ്‍സില്‍ തീരുമാനിച്ചിരിക്കുന്നു എന്നതാണ് കൌതുകകരമായ വാര്‍ത്ത. http://www.tehelka.com/story_main50.asp?filename=Ws241011RAMAYANA_RUCKUS.asp
രാമായണം എന്ന സീരിയല്‍ പുറത്തു വന്നതിനു ശേഷമായിരുന്നു ബി.ജെ.പി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടം ഉറപ്പിച്ചതെന്നത് ചരിത്രമാണ്. (രാമാനന്ദ് സാഗറിന്റെ ടി.വി.സീരിയലും അതിനു ശേഷം അദ്വാനി നടത്തിയ രഥയാത്രയും ഈ ഇടം ഉറപ്പിക്കലിന്റെ മുന്നോടിയായിരുന്നു എന്ന കാര്യം ഓര്‍മ്മപ്പെടുത്തുകയാണിവിടെ). തങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിനുതകിയ രാമായണത്തില്‍ നിന്നും ഭിന്നമായി വേറൊരു രാമായണമോ? അതു പാടില്ല എന്നതാണ് ബി.ജെ.പി. ഭാഷ്യത്തിന്റെ രത്നച്ചുരുക്കം.
രാമായണത്തിലെ പല ഭാഗങ്ങളും പല ആളുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന പ്രബലമായ വാദങ്ങള്‍ നിലനില്‍ക്കെ, രാമായണത്തിനു തന്നെ മുന്നൂറില്‍പ്പരം ഭാഷ്യങ്ങള്‍ നിലവിലുണ്ട് എന്ന സത്യം എന്തു കൊണ്ട് ഹൈന്ദവ മതത്തിന്റെ അനുയായികള്‍ക്ക് അനഭിമതമാകണം. ഇവിടെയും സത്യം നിലനില്‍ക്കണം എന്നതിനേക്കാള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമാകുന്നത് ഏതാണോ, സത്യമല്ലെങ്കില്‍പ്പോലും അത് സത്യമാണെന്ന് അംഗീകരിക്കപ്പെടണം എന്ന ബാലിശമായ വാദഗതിയാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നു കാണാം. രാമാനുജത്തിന്റെ ലേഖനം താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
http://www.sacw.net/IMG/pdf/AKRamanujan_ThreeHundredRamayanas.pdf
ഈയടുത്ത് കേരളത്തില്‍ ഉണ്ടായ സമാനമായ ഒരു സംഭവം ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. പത്താം ക്ലാസ്സിലെ സാമൂഹ്യപാഠ പുസ്തകത്തിലെ ചരിത്ര സത്യങ്ങളില്‍ ക്രൈസ്തവ സഭയ്ക്ക് മ്ലേച്ഛമെന്നു തോന്നിയ ഭാഗങ്ങള്‍ മുറിച്ചു മാറ്റുവാന്‍ നടത്തിയ ശ്രമങ്ങള്‍. യൂറോപ്പിലെ നവോത്ഥാന കാലഘട്ടത്തെത്തുടര്‍ന്നു സമൂഹത്തിലുണ്ടായ വന്‍ മാറ്റങ്ങളെക്കുറിച്ചുള്ള പാഠത്തില്‍ ക്രിസ്തുമത അധികാരികളുടേയും, പ്രഭുക്കന്മാരുടേയും ദുര്‍ഭരണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഉണ്ടെന്നതാണ് സഭയ്ക്ക് തലവേദനയുണ്ടാക്കുന്നത്. ഏറ്റവും രസകരമായ കാര്യം വളരെക്കാലങ്ങളായി പ്രസ്തുത പാഠപുസ്തകത്തില്‍ പറയുന്ന ഭാഗങ്ങള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പഠിച്ചു കൊണ്ടിരുന്നവയാണെന്നും ഇപ്പോഴാണ് അതുണ്ടാക്കുന്ന പ്രതിഛായാ നഷ്ടത്തെപ്പറ്റിയും സഭയ്ക്ക് ബോധം വന്നതും എന്നതാണ്. കുട്ടികള്‍ യഥാര്‍ത്ഥത്തിലുള്ള ചരിത്രം പഠിക്കുന്നത് സഭയെ വല്ലാതെ സംഭ്രമിപ്പിക്കുന്നുണ്ട് എന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. ഇതിനെക്കുറിച്ചു പഠിക്കുവാന്‍ നിയോഗിക്കപ്പെട്ട ബാബു പോള്‍ കമ്മിറ്റി സഭയുടെ ദുരാഗ്രഹങ്ങള്‍ക്കു മുന്നില്‍ മെഴുകുതിരി പോലെ ഉരുകി സഭയോടു ചേര്‍ന്നത് ചരിത്രബോധം എന്നത് ചിന്തിക്കുവാനുള്ള മനുഷ്യന്റെ കഴിവിനെ വന്ധീകരിച്ചു കൊണ്ടുള്ളതാണ് എന്ന് അടിവരയിട്ടു സ്ഥാപിച്ചു.
“ചരിത്രപഠനം ചരിത്രത്തെ ആക്ഷേപിക്കലല്ല; ചരിത്രത്തെ വികലമാക്കുന്ന പ്രവൃത്തിയുമല്ല. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കില്‍ അതുമാത്രം കണ്ടെത്തുന്നതും പൊതുജനസമക്ഷം അവതരിപ്പിക്കുന്നതും ചരിത്രപഠനമല്ല. ചരിത്രപഠനം എന്നതു ചരിത്രത്തിൽനിന്നു പാഠം പഠിക്കുകയാണ്. അതിനു സത്യസന്ധമായ സമഗ്രവീക്ഷണം കൂടിയേ തീരൂ.“ - സഭയെ ആക്ഷേപിക്കാന്‍ ചരിത്ര ദുര്‍വ്യാഖ്യാനം - എന്ന തന്റെ ലേഖനത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലാര്‍റങ്ങാട്ട് ചരിത്രമെന്താണെന്ന് എഴുതിവിടുന്നത് കേട്ടാല്‍ നാം മൂക്കത്തു വിരല്‍ വച്ചുപോകും. http://mym.smcnews.com/2011/05/blog-post_19.html ചരിത്രം നടന്ന കാര്യങ്ങളുടെ സത്യസന്ധമായ രേഖപ്പെടുത്തലുകളാണെന്നിരിക്കെ കഴിഞ്ഞതെന്തായിരുന്നുവോ അതാണ് ചരിത്രം. അതില്‍ മുറിച്ചു മാറ്റലുകളോ, വെള്ള പൂശലുകളോ നടത്തിയാല്‍ ചരിത്രമാകില്ല. ചരിത്രത്തെ അംഗീകരിക്കാനുള്ള ആര്‍ജ്ജവം പോലുമില്ലാത്തവര്‍ ചരിത്രത്തില്‍ നിന്നും എന്താണ് പഠിക്കുക.
പിറകോട്ടു നോക്കിയാല്‍ ഇനിയും കാണാം ഇത്തരം സംഭവങ്ങള്‍. റോഹിന്റണ്‍ മിസ്തിരിയുടെ “സച് എ ലോംഗ് ജേണി” (such a long journey - by Rohinton Mistry) എന്ന പുസ്തകം മുംബെ യൂണിവേഴ്സിറ്റിയുടെ രണ്ടാം വര്‍ഷ ബി.എ. സിലബസ്സില്‍ നിന്നും 20 വര്‍ഷത്തെ പഠിപ്പിക്കലിനു ശേഷം ഇതേ പോലെ തന്നെ പിന്‍വലിക്കപ്പെടാനിടയായത് കഴിഞ്ഞ സെപ്തംബറില്‍. ഇതിനു പിന്നിലാകട്ടെ ശിവസേനയുടെ വിദ്യാര്‍ത്ഥി സംഘടന (ഭാരതീയ വിദ്യാര്‍ത്ഥി സേന) യായിരുന്നു. കാരണം ശിവസേനയെ പ്രസ്തുത പുസ്തകത്തില്‍ മോശമായി ചിത്രീകരിച്ചിട്ടുണ്ടത്രെ. ഇവിടേയും തങ്ങള്‍ക്കിഷ്ടമല്ലാത്തത് ചരിത്രമായാലും കഥയായാലും സഹിഷ്ണുതയോടെ പ്രതികരിക്കാനുള്ള കഴിവ് ഇത്തരം സംഘടനകള്‍ക്കു നഷ്ടമായി എന്നതാണ്.
http://www.indianexpress.com/news/after-20-years-such-a-long-journey-hits-sen/691700/
(Reading of excerpts from Rohinton Mistry’s book - 18 Oct 2010 Mumbai) http://www.sacw.net/article1626.html
മുകളില്‍ പറയുന്ന മൂന്നു സംഭവങ്ങളും കാണിക്കുന്നത് തങ്ങള്‍ക്ക് അനഭിമതമെന്നു തോന്നുന്നത് സമൂഹത്തിന്റെ മസ്തിഷ്കത്തില്‍ നിന്നും മായ്ച്ചു കളഞ്ഞ് അഭിമതമായതു ഏകപക്ഷീയമായി കുത്തി നിറക്കാനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമാണ്. ഇത്തരം നീക്കങ്ങള്‍ക്കു പിറകില്‍ വര്‍ത്തിക്കുന്ന ശക്തികള്‍ ഭൂരിപക്ഷ ഇന്ത്യന്‍ ജനതയുടെ സ്വരമല്ലാതിരിക്കുമ്പോഴും, അവരെടുക്കുന്ന തീരുമാനങ്ങള്‍ ഭൂരിപക്ഷത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ അവര്‍ക്കു കഴിയുന്നു എന്ന കാഴ്ച വളരെയധികം ഭീതിതമാണ്. ഇത്തരം അടിപ്പെടലുകള്‍ വിജ്ഞാനത്തെ വികലമാക്കുകയാണ് ചെയ്യുന്നത്.
മതാതിഷ്ഠിത രാഷ്ട്രങ്ങളില്‍ തങ്ങളുടേതില്‍ നിന്നും ഭിന്നമായ ചിന്തകള്‍ക്കു വിലങ്ങിട്ടിരിക്കുന്നതു പോലെ, ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്നഭിമാനിക്കുന്ന ഭാരതത്തില്‍ സ്വതന്ത്ര ചിന്തകളുടെ ജിഹ്വകള്‍ക്ക് അടിക്കടി വിലങ്ങു വീണു കൊണ്ടിരിക്കുന്നു. എഴുത്തുകാര്‍ എന്തെഴുതണമെന്നും, വിദ്യാര്‍ത്ഥികള്‍ എന്തു പഠിക്കണമെന്നും മനുഷ്യരെ പരസ്പരം ലേബലുകളിട്ട് മാറ്റി നിര്‍ത്തുന്ന മാതാധിപന്മാരും, ഗുണ്ടാ രാഷ്ട്രീയക്കാരും തീരുമാനിക്കുന്ന ആസുരകാലത്തിലേക്ക് അതിവേഗം തള്ളിമാറ്റപ്പെട്ടു കൊണ്ടിരിക്കുകയാണു നാം.
അറിവ് വെളിച്ചമാണ്. അറിവാണ് നമ്മുടെ നിലനില്‍പ്പിന്റെ ആധാരം. അത് കലര്‍പ്പില്ലാത്തതാവണം. ആ അറിവില്‍ അന്ധകാരത്തിന്റെ വിഷം കലര്‍ത്തുന്നവര്‍ വലിയൊരു സാമൂഹ്യദ്രോഹമാണ് ചെയ്യുന്നത്. തമസ്സോ മാ ജ്യോതിര്‍ഗമയ ... ഇരുളില്‍ നിന്നും വെളിച്ചത്തിലേക്കു നയിച്ചാലും എന്ന പ്രാര്‍ത്ഥനയാണ് ഭാരതീയ പാരമ്പര്യം. പക്ഷെ വെളിച്ചത്തെ ഇരുളാക്കുന്ന കാര്യത്തില്‍ തങ്ങളുടേതു മാത്രമാണ് തദ്ദേശീയ മതം എന്നഹങ്കരിക്കുന്ന ബി.ജെ.പി. - ശിവസേനാ കക്ഷികളും, വിദേശമണ്ണില്‍ നിന്നും ഇറക്കുമതിചെയ്യപ്പെട്ട മതത്തിന്റെ വക്താക്കളെന്ന് ആക്ഷേപിക്കപ്പെടുന്ന ക്രിസ്തുമത വിശ്വാസികളും തമ്മിള്‍ യാതൊരു വ്യത്യാസവുമില്ല.
ലേബലുകള്‍:
ക്രിസ്ത്യാനി,
പാഠപുസ്തകം,
പുതിയ പോസ്റ്റ്,
ബി.ജെ.പി,
രാമായണം,
ഹിന്ദു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)