2008, ഓഗസ്റ്റ് 31, ഞായറാഴ്‌ച

ദൈവം തിരിച്ചു മേടിച്ച കണ്ണ്


കണ്ണുകളില്ലാത്ത ഒരു ലോകത്തെപ്പറ്റി നമുക്കു സങ്കല്‍പ്പിക്കാന്‍ കഴിയും. അതു കാഴ്ചയെന്തെന്ന് അറിവുള്ളതിനാലാണ്. അന്ധനായ ഒരാളോട് വര്‍ണ്ണശബളമായ ഈ ലോകത്തെപ്പറ്റി ചോദിച്ചാലോ? കുരുടന്‍ ആനയെ വിവരിക്കുന്ന കഥ നമുക്കെല്ലാവര്‍ക്കുമറിയാം.


മനുഷ്യസൃഷ്ടിയില്‍ കാഴ്ച എന്ന പ്രതിഭാസത്തെ ഉള്‍പ്പെടുത്തിയത് ദൈവം തന്നെ എന്നു കരുതുന്നവരാണ് എല്ലാ വിശ്വാസികളും. ഈ വിധത്തില്‍ എന്തിനെന്നെ ജനിപ്പിച്ചു എന്ന് പരിതപിക്കാത്തവനും എനിക്കു കാഴ്ച തരണേ എന്ന് ഈശ്വരനോട് നൊന്തു പ്രാര്‍ത്ഥിക്കാത്തവനും ആയ ഒരന്ധനും ഈ ലോകത്ത് ഉണ്ടാകില്ല. അപ്പോള്‍പ്പിന്നെ കണ്ണു തന്ന ദൈവം തന്നെ കണ്ണ് തിരിച്ചു ചോദിച്ചാലോ? അങ്ങിനെ സംഭവിച്ചാല്‍ പാവപ്പെട്ട ഒരു ഭക്തന്‍ എന്തു ചെയ്യും? കൊടുക്കാതിരിക്കാന്‍ പറ്റുമോ? അങ്ങിനെയാണ് കര്‍ണ്ണാടകത്തിലെ ബാഗല്‍കോട്ട് ജില്ലയിലുള്ള അദ്ഗല്‍ ഗ്രാമ നിവാസിയായ മുതുകപ്പ യെല്ലപ്പാ എന്ന 41 കാരനു തോന്നിയതും വിശ്വസിച്ചതും. സ്വപ്നത്തിലൂടെ വന്നാണ് ദൈവം മുതുകപ്പയോട് കണ്ണുകള്‍ ആവശ്യപ്പെട്ടത്. ഭക്തനായ മുതുകപ്പയ്ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. ‘ജയ് വീരഭദ്രാ’ എന്നുറക്കെ പ്രാര്‍ത്ഥിച്ച് ഞൊടിയിടയിലാണ് കണ്ടു നില്‍ക്കുന്നവരെ സ്ത്ബ്ധരാക്കിക്കൊണ്ട് കത്തിയെടുത്ത് സ്വന്തം വലതുകണ്ണു ചൂഴ്ന്നെടുത്ത് വിഗ്രഹത്തിനു മുമ്പിലയാള്‍ അര്‍പ്പിച്ചത്. രണ്ടാമത്തെ കണ്ണു കൂടി ചൂഴ്ന്നെടുക്കാനുള്ള ശ്രമം ബന്ധുക്കളെത്തി പരാജയപ്പെടുത്തി എന്നും വിഗ്രഹത്തിനു മുന്നിലര്‍പ്പിച്ച കണ്ണിലേക്ക് ഉച്ചയായപ്പോഴേക്കും എറുമ്പുകള്‍ കയറാന്‍ തുടങ്ങിയെന്നും പത്രറിപ്പോര്‍ട്ടുകള്‍. (അവലംബം: മാതൃഭൂമി, ഡെക്കാന്‍ ഹെറാള്‍ഡ്,ദീപിക)


വാര്‍ത്തകേട്ട് ഓടിക്കൂടിയ ഭക്തര്‍ മുതുകപ്പയുടെ പ്രവര്‍ത്തിയെ വാഴ്ത്തുവാനും ദൈവത്തെയെന്ന പോലെ അയാളെ ഭക്തിപൂര്‍വ്വം തൊഴുവാനും, നമസ്കരിക്കുവാനും ശ്രമിക്കുകയാണുണ്ടായതെന്ന് പറയുന്നു. ചികിത്സക്കായ് വിസമ്മതിച്ച ഇയാളെ പോലീസ്സെത്തിയാണ് ആശുപത്രിയിലെത്തിച്ചതത്രെ. വരും നാളുകളില്‍ ഇയാള്‍ വലിയൊരു ദിവ്യനോ മനുഷ്യദൈവമോ ആയിത്തീര്‍ന്നാല്‍ അത്ഭുതപ്പെടാനില്ല. വിവരമറിഞ്ഞ മുതുകപ്പയുടെ ഭാര്യയും ഭര്‍ത്താവിനെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നു. “ദൈവം ആവശ്യപ്പെട്ടാല്‍ എന്തു ചെയ്യാനാവുമെന്നും, അതിലെന്താണ് തെറ്റ് എന്നും അവര്‍ ചോദിക്കുന്നു.” ഇയാളെ ആരാധിക്കുവാന്‍ അവിടെ തടിച്ചു കൂടിയ ഗ്രാമവാസികളില്‍ മിക്കവര്‍ക്കും ഇതു തന്നെയായിരുന്നിരിക്കണം അഭിപ്രായം.

പുറം ലോകം ഇത്തരം വാര്‍ത്തകള്‍ കേട്ട് ചിരിച്ചേക്കാം. അന്ധവിശ്വാസമെന്നു പുച്ഛിച്ചു തള്ളിയേക്കാം. പക്ഷേ എട്ടു മക്കളുടെ പിതാവായ മുതുകപ്പ എന്ന ഗ്രാമീണകര്‍ഷകന് ഇത് തന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. കിനാവില്‍ വന്ന ദൈവം അയാളെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യമാണ്. വിശ്വാസത്തിന്റെ പേരില്‍ സ്വയം ബലിയാകുന്നതിനെ അയാള്‍ തന്റെ കര്‍ത്തവ്യമായി കാണുന്നു, വിശ്വസിക്കുന്നു, തന്റെ പ്രവര്‍ത്തിയില്‍ അഭിമാനം കൊള്ളുന്നു, അതേല്‍പ്പിച്ച ശാരീരിക വേദനയില്‍ സന്തോഷിക്കുന്നു. ഇതയാളുടെ മാത്രം കാര്യമല്ലേ എന്തിനതില്‍ തലയിടുന്നു എന്ന് നമ്മള്‍ സ്വാഭാവികമായും ചോദിച്ചേക്കാം. വിശ്വാസത്തിന്റെ പേരില്‍ സ്വയം പീഢനങ്ങള്‍ ഏറ്റുവാങ്ങി എളുപ്പം സ്വര്‍ഗ്ഗത്തിലെത്താം എന്നു വിശ്വസിക്കുന്നവരുടെ ലോകം വളരെ വലുതാണ്. ഇത്തരക്കാര്‍ ദൈവപ്രീതിക്കായി മറ്റുള്ളവരെക്കൂടി കുരുതി കൊടുക്കാന്‍ മടിക്കില്ലെന്നു നമുക്കു വിശ്വസിക്കാമോ.
കണ്ണിനു പകരം സ്വന്തം മക്കളിലൊരാളെയായിരുന്നു ബലിയായി ദൈവം മുതുകപ്പയോട്ആവശ്യപ്പെട്ടിരുന്നതെങ്കിലോ ? (അബ്രഹാമിന്റെ കഥ നമ്മുടെ മനസ്സിലേക്ക് പൊടുന്നനെ കയറി വരുന്നുവോ?) അല്ലെങ്കില്‍ ഒരു ശിശുവിനേയോ, കന്യകയേയോ, ബാലനെയോ ആയിരുന്നെങ്കിലോ? കുറച്ചുകൂടി മുന്നോട്ടു കടന്നു ചിന്തിച്ചാല്‍ ഒരു ഗ്രാമത്തേയോ, ഒരു പ്രത്യേക മതവിഭാഗക്കാരെയോ ആയിരുന്നുവെങ്കിലോ? അതിനുള്ള പ്രാപ്തിയോ പണമോ ഒന്നും പാവപ്പെട്ട ഒരു കര്‍ഷകനുണ്ടാവില്ല എന്നു നമുക്കു സമാധാനിക്കാമെന്നു വയ്ക്കാം. പക്ഷേ ചെയ്യാന്‍ മനസ്സും ധൈര്യവുമുള്ള ആള്‍ക്കാരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുവാനും പടക്കോപ്പുകളണിയിക്കാനും സന്നദ്ധരായി നില്‍ക്കുന്നവരുടെ നിരകള്‍ ശക്തമായിത്തന്നെ നമുക്കു
ചുറ്റും വളര്‍ന്നു നില്‍ക്കുന്നുണ്ടല്ലോ. വിശ്വാസമാണല്ലോ മനുഷ്യനെ ശക്തനാക്കുന്നതും നമ്മള്‍ക്കു ചിന്തിക്കാന്‍ പോലും സാധിക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യിക്കുന്നതും.