2013, ഡിസംബർ 31, ചൊവ്വാഴ്ച

ചൂലിന്റെ വഴി

   

2011-ല്‍ അണ്ണാ ഹസാരെയുടെ ലോക് പാല്‍ ബില്ലിനു വേണ്ടിയുള്ള സമരമായിരുന്നെങ്കില്‍, 2012 പടിയിറങ്ങിയപ്പോള്‍ തണുത്തു വിറങ്ങലിച്ചിരുന്ന ദില്ലിയെ ചൂടു പിടിപ്പിച്ചത് മനുഷ്യമനസ്സാക്ഷിയെ സ്തബ്ധമാക്കും വിധം അതിക്രൂരമായ പീഢനത്തിനു വിധേയയായ പെണ്‍കുട്ടിക്കു വേണ്ടി തെരുവുകളില്‍ സാധാരണക്കാരായ മനുഷ്യര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളായിരുന്നു. ഉറങ്ങിക്കിടന്നിരുന്ന ഒരു പാട് സമസ്യകള്‍ക്കു മീതെ അതിന്റെ ചൂടു പടര്‍ന്നു. ആലസ്യത്തില്‍ നിന്നും ഒരു ജനത പൊടുന്നനെ ഉണരുന്നതും കൂ‍ട്ടായ ഒരു ദൌത്യത്തിലേക്ക് വളരുന്നതും നാം കണ്ടു. ആ പ്രതിഷേധം ആളിക്കത്തിച്ച തീയിനെ വളരെ പണിപ്പെട്ടാണെങ്കിലും തണുപ്പിക്കുവാന്‍ അധികാരത്തിന്റെ ജലപീരങ്കികള്‍ക്കും അവരുടെ ദല്ലാളര്‍ക്കും കഴിഞ്ഞുവെന്നത് നേര്. 


എന്നിരുന്നാലും 2013 പടിയിറങ്ങുമ്പോള്‍ വീണ്ടും ഒരുണര്‍വ്വിന്റെ നിറവിലാണ് ദില്ലി. ലോക് പാല്‍ ബില്‍ സമരത്തിലൂടെ അണ്ണാ ഹസാരെയ്ക്കൊപ്പം ജനശ്രദ്ധ നേടിയ അരവിന്ദ് കേജരിവാള്‍ എന്ന മനുഷ്യന്‍ നല്‍കുന്ന പ്രതീക്ഷകളുടെ ഊര്‍ജ്ജമാണ് ആ ഉണര്‍വ്വിന്റെ ചാലകമായി വര്‍ത്തിക്കുന്നത്. എന്തൊക്കെ പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും ഹസാരെയുടെ സമരത്തിന് അഴിമതിയില്‍ മുങ്ങിനീരാടുന്ന ദുര്‍ഭരണത്തിനെതിരെ സാധാരണക്കാരുടെ മനസ്സില്‍ വളരെക്കാലമായി അടക്കിനിര്‍ത്തിയിരുന്ന കടുത്ത അമര്‍ഷത്തിന്റെ പിന്തുണയുണ്ടായിരുന്നു. ഹസാരെയുടെ സമരത്തിനെ തുരങ്കം വയ്ക്കുന്നതിലും ദിശമാറ്റി വിടുന്നതിലും ഭരണപ്രതിപക്ഷ രാഷ്ട്രീയ പ്രഹസനങ്ങള്‍ക്കും മത അരാജകത്ത ഹിജഡകള്‍ക്കും കഴിഞ്ഞുവെങ്കിലും അരവിന്ദ് കേജരിവാളിന്റെ ഇച്ഛാശക്തിയെ തളര്‍ത്തുവാന്‍ അവര്‍ക്കായില്ല എന്നത് വളരെ ആശാവഹമായ കാര്യം തന്നെ. 


രാഷ്ട്രീയത്തില്‍ മുന്‍ പരിചയം തീരെയില്ലാത്ത ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുക വഴി ദില്ലി വീണ്ടും ഒരു പരീക്ഷണശാലയാവുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ ഉണ്ടായിരുന്ന പ്രതീക്ഷകളുമായിതുലനം ചെയ്യുമ്പോള്‍ ഇതൊരുപക്ഷേ വളരെ ചെറിയ തോതിലുള്ളതാകാമെങ്കിലും യാതൊരു വിധ പ്രത്യയശാസ്ത്രങ്ങളുടെയും ലേബലുകളില്ല്ലാതെ സാധാരണ ജനങ്ങളുടെ ഹൃദയങ്ങളിലേക്കിറങ്ങിച്ചെല്ലുവാന്‍ ആം ആദ്മിയുടെ ചൂലിനു കഴിഞ്ഞിരിക്കുന്നു എന്ന വസ്തുത തഴമ്പുവീണ രാഷ്ട്രീയ പൃഷ്ഠങ്ങളില്‍ ഓര്‍ക്കാപ്പുറത്തു സൂചിക്കുത്തു കിട്ടുമ്പോഴുണ്ടാകുന്നതുപോലെയുള്ള ഞെട്ടലുകളുണ്ടാക്കിയത് നാം കണ്ടു കഴിഞ്ഞു. അപ്രതീക്ഷിതമായുണ്ടായ ഈ ആഘാതത്തില്‍ നിന്നും മുഖം രക്ഷിക്കുവാനുള്ള തീവ്രയജ്ഞത്തിലാണ് ഇടതു വലതു പാര്‍ട്ടികളിപ്പോള്‍. കോണ്‍ഗ്രസ് ഒരഴിച്ചുപണി ആരംഭിച്ചു കഴിഞ്ഞു. കാലിത്തീറ്റ കുംഭകോണകമുടുത്ത് ജയിലിലായിരുന്ന ലാലുപ്രസാദ് യാദവ്, ജാമ്യത്തില്‍ പുറത്തു വന്നപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മഹിമയ്ക്കു മുന്നില്‍ കേജരിവാള്‍ ആരുമല്ല എന്ന് പ്രഖ്യാപിച്ച് തന്റെ മണ്ടത്തരങ്ങളുടെ വെടിക്കെട്ടിനു തിരി കൊളുത്തിയിട്ടുമുണ്ട്. ആണ്ടവസാനമല്ലേ - സഹിക്കാം. അഴിമതിപ്പാര്‍ട്ടികള്‍ക്ക് അഴിമതിക്കെതിരേ ചൂലെടുക്കുന്നവരെ തീണ്ടപ്പാടകലെ നിര്‍ത്തേണ്ടത് അത്യാവശ്യമാണല്ലോ.  

ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പാഠം പഠിക്കാനുണ്ടെന്ന് ആദ്യം പ്രതികരിച്ചവരില്‍ പ്രമുഖന്‍ രാഹുല്‍ ഗാന്ധിതന്നെയായിരുന്നു. അത്രയൊന്നും രാഷ്ട്രീയ അനുഭവ സമ്പത്തില്ലാത്ത അമൂല്‍ ബേബിയെ സംബന്ധിച്ചിടത്തോളം അതൊരു നല്ല കാര്യം തന്നെയാണ്. ഇന്ത്യയൊട്ടാകെ അഴുക്കുചാല്‍ പോലെ പടര്‍ന്നു കിടക്കുന്ന അഴിമതി സംസ്കാരത്തില്‍ പുഴുക്കളെപ്പോലെ നുരയ്ക്കുന്ന കൊണ്‍ഗ്രസ്സിന്റെ അനുയായികള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണങ്ങള്‍ സ്വീകാര്യമാവണമെന്നില്ല. പക്ഷേ അതല്ല കര്‍ശനമായ സ്വയം വിമര്‍ശനങ്ങളും, തെറ്റു തിരുത്തലുകളും പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയായിട്ടുള്ള കെട്ടുറപ്പുള്ള പാര്‍ട്ടികളെന്നഭിമാനിക്കുന്നവരുടെ കാര്യം.  വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുണ്ടായിരുന്നിട്ടു കൂടി സ്വന്തം തെറ്റുകളില്‍ നിന്നു കാര്യമായൊന്നും പഠിക്കാതെ ധാര്‍ഷ്ഠ്യത്തിനു സിന്ദാബാദ് വിളിച്ച് അനുദിനം ക്ഷയിക്കുകയും, ജനങ്ങളില്‍ നിന്നും ബഹുദൂരം അകന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന നേതാക്കളുടെ മാത്രം പാര്‍ട്ടിയായി അധപതിച്ചു കൊണ്ടിരിക്കുന്നൊരു പാര്‍ട്ടിയുണ്ട് നമുക്ക്.  അരിവാള്‍ ചുറ്റിക ചിഹ്നമായുള്ള പ്രസ്തുത പാര്‍ട്ടിയുടെ, ലണ്ടനില്‍ നിന്നും വിദ്യാഭ്യാസം നേടി വന്ന നേതാവാകട്ടെ ഇപ്പോഴിതാ പിഞ്ചുശിശുവായ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പലതും പഠിക്കാനുണ്ടെന്ന ബോധോദയവുമായി വന്നിരിക്കുന്നു. ഇതെല്ലാം ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തിയെ കൃത്യമായി എടുത്തു കാണിക്കുന്നവയാണ്.


പണ്ട് സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജിയുടെ കോണ്‍ഗ്രസ്സ് ജനങ്ങളുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച ഒരു ചിഹ്നമുണ്ടായിരുന്നു. സ്വന്തം നഗ്നത മറയ്ക്കുവാന്‍, സ്വയം നൂല്‍ നൂറ്റ്, സ്വയം വസ്ത്രമുണ്ടാക്കി ധരിച്ച് സ്വയം പര്യാപ്തത നേടാന്‍ ഒരു ജനതയ്ക്ക് ആവേശവും കരുത്തും പകര്‍ന്ന ആ ചിഹ്നം ലളിതമായ ചര്‍ക്കയായിരുന്നു. ഗാന്ധി വധത്തിനു ശേഷമുണ്ടായ ശൂന്യതയില്‍ രാഷ്ട്രീയപ്പാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ച കോണ്‍ഗ്രസ്സ് ചര്‍ക്കയില്‍ നിന്നും അകന്നു. നുകം പൂട്ടിയ കാളയായിരുന്നു കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പു ചിഹ്നം. വിദേശിയരുടെ നുകത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ജനതയുടെ പ്രതീക്ഷകള്‍ക്കും ആവേശങ്ങള്‍ക്കും മീതെ മറ്റൊരു നുകമായിത്തീരാനായിരുന്നു കോണ്‍ഗ്രസ്സ് ശ്രമിച്ചതു മുഴുവന്‍. പിന്നെക്കിട്ടിയ പശുവിനേയും കിടാവിനേയും തൊഴുത്തില്‍ കെട്ടേണ്ടതായും വന്നു. ഒടുവില്‍ ഇന്ദിരാഗാന്ധിയുടെ സമയത്തു കണ്ടു പിടിച്ച ആശീര്‍വദിക്കുന്ന കൈപ്പത്തിയാകട്ടെ ഫലത്തില്‍, എന്തിലും ഏതിലും ഇട്ടു വാരാവുന്ന ഒരു ഭീകര യന്ത്രമായി പരിണമിക്കുകയായിരുന്നു.

സ്വയം പര്യാപ്തതയുടെ പ്രതീകമായിരുന്ന ചര്‍ക്കയുടെ സ്ഥാനം കയ്യാളാന്‍ തൊഴിലാളിപ്പാര്‍ട്ടികളെന്ന ലേബലില്‍ വന്നവര്‍ക്കാര്‍ക്കും സാധ്യമായില്ലെന്ന ദയനീയത ചരിത്രമായി നമുക്ക് മുന്നിലുണ്ട്. കതിരു കൊയ്യുന്ന തൊഴിലാളികളുടെ അരിവാള്‍ ഉയിരു കൊയ്യുന്ന ഗുണ്ടകളുടെ ആയുധമായപ്പോള്‍ വിപ്ലവം കൈവിട്ട പാര്‍ട്ടിയുടെ പോക്കു കണ്ട് നാം അമ്പരന്നു. ഇന്ത്യയിലെ സാധാരണക്കാരുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുവാന്‍ കെല്പുള്ള ഒരു രാഷ്ട്രീയ ചിഹ്നത്തിന്റെ ആവശ്യകത ഇന്നുണ്ട്. ആ സ്ഥാനം ആം ആദ്മിയുടെ ചൂല്‍ ഏറ്റെടുക്കുമോ? ചര്‍ക്കയേക്കാള്‍ പ്രാധാന്യമുണ്ട് അഴുക്കു വൃത്തിയാക്കുന്നതിനു വേണ്ടി നമ്മുടെ ദൈനം ദിന ജീവിതത്തിലെ അത്യാവശ്യ ഉപകരണങ്ങളിലൊന്നായി നാം കയ്യാളുന്ന ചൂലിന്. ചര്‍ക്കയുടെ അത്ര കുലീനത്വമില്ലെങ്കിലും കാര്യങ്ങള്‍ അനിയന്ത്രിതമാകുമ്പോള്‍ ‘ചൂലെടുത്തടിക്കുക‘ എന്ന കൃത്യം വളരെ പ്രയോജനം ചെയ്യാറുണ്ട്. ഇപ്പോള്‍ ചൂലിനാണു പ്രസക്തി. ചൂലാണ് വേണ്ടത്. അജീര്‍ണ്ണം ബാധിച്ചവരുടെ പൂരീഷം കൊണ്ട് അത്രമേല്‍ വൃത്തിഹീനമായിരിക്കുന്നു നമ്മുടെ രാഷ്ട്രീയ പരിസരം.  


ദില്ലിയില്‍ തുടങ്ങിയ തൂപ്പ് മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കുമോ? കേരളത്തില്‍ അക്കൌണ്ടു തുറക്കുവാന്‍ നേര്‍ച്ചകള്‍ നേര്‍ന്ന് ചേറില്‍ നോമ്പും നോറ്റിരിക്കുന്ന താമരപ്പാര്‍ട്ടിക്കു മുമ്പേ ആം ആദ്മി അക്കാര്യം സാധിച്ചെടുക്കുമോ? നിരവധി രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് അരങ്ങൊരുക്കിയ കേരളത്തില്‍ വര്‍ഷങ്ങളായി മാറി മാറി ഭരിച്ച് ജനങ്ങളെയൊട്ടാകെ പമ്പര വിഡ്ഡികളാക്കിത്തീര്‍ത്ത കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റ് കക്ഷികളും അവരുടെ മൂടു താങ്ങിപ്പാര്‍ട്ടികളും അവരറിയാതെ തന്നെ അങ്ങിനെയൊരു സാധ്യതയ്ക്കുള്ള വളം ഇട്ടു വച്ചിട്ടുണ്ട്. ദില്ലിയില്‍ നാമ്പെടുത്ത മാറ്റത്തിന്റെ വിത്തുകള്‍ ഇന്ത്യയിലൊട്ടാകെ മുളച്ചു വളരട്ടെ എന്നും മേല്‍ക്കൂര നഷ്ടപ്പെട്ടു നര്‍കിക്കുന്ന ജനതയ്ക്കൊരു തണലായി ഭവിക്കട്ടെ എന്നും നമുക്കാശിക്കാം. 2014 പ്രത്യാശകള്‍ നിറവേറ്റപ്പെടുന്ന വര്‍ഷമാകട്ടെ എന്നാശംസിക്കാം.    

(ചിത്രങ്ങള്‍ക്ക് ‘ഇന്റര്‍നെറ്റിനോട് കടപ്പാട്)