2010, ഡിസംബർ 30, വ്യാഴാഴ്‌ച

അഭയ, ലാവ്‌ലിന്‍, 2G

ദിവസേനെയെന്നോണം വിവാദങ്ങള്‍ കൊടിയേറിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍, എന്നത്തേയും പോലെ നിരവധി വിവാദങ്ങളെ അതാതിന്റെ വിധിക്കു വിട്ടു കൊണ്ട് ഒരു വര്‍ഷം കൂടി അവസാനിക്കുന്നു.


2010യില്‍ വന്‍ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ അവസാനത്തെ വിവാദമായ 2G സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളിലെ ഐറ്റം നമ്പരുകളുമായി പ്രത്യക്ഷപ്പെട്ടത് നീരാറാഡിയ, ബര്‍ഘാ ദത്ത് എന്നീ പെണ്‍ സിംഹങ്ങളാണെന്നുള്ളതായിരുന്നു വിസ്മയകരമായ കാര്യം. അതു കൊണ്ടു തന്നെ കൂടുതല്‍ എരിവും, പുളിയും, മസാലയുമൊക്കെയായി മേള കൊഴുത്തു.


സ്പെക്ട്രം അഴിമതി മേളയിലേക്ക് ഒടുവിലെത്തിയിരിക്കുന്നത് എന്നും വളരെ നീതിമാന്‍ എന്നറിയപ്പെട്ടിരുന്ന മുന്‍ സുപ്രീം കോടതി ജഡ്ജി ശ്രീ കെ.ജി.ബാലകൃഷ്ണനും.


അഴിമതിയില്‍പ്പെടുന്നവര്‍ സാധാരണക്കാരോ അധികം പിടിപാടുകള്‍ ഇല്ലാത്തവരോ ആണെങ്കില്‍ ചോദ്യം ചെയ്യലുകളും, ഉടനടി അറസ്റ്റുകളും ശിക്ഷയുമെല്ലാം ഉറപ്പാണ്. അല്ലെങ്കില്‍ അന്വേഷണങ്ങളും, അന്വേഷണ ഉദ്യോഗസ്ഥരും മുട്ടില്‍ക്കിടന്ന് ഇഴഞ്ഞു കൊണ്ടിരിക്കും. അങ്ങിനെ വളരെക്കാലമായി മുട്ടില്‍ക്കിടന്ന് ഇഴഞ്ഞു കൊണ്ടിരിക്കുന്ന രണ്ട് വിവാദ കേസുകളുണ്ട് -


ഒന്ന് നിരപരാധിയായ ഒരു കന്യാസ്ത്രീയുടെ മരണത്തിനിടയാക്കിയ അഭയ കൊലക്കേസ്. അഭയ കേസ്സിലെ സുപ്രധാന വഴിത്തിരിവിന് ഇടയാക്കിയ നാര്‍കോ അനാലിസ്സിസ് പോലുള്ള ടെസ്റ്റുകള്‍ ഇനി മുതല്‍ ആരോപണ വിധേയരായവരുടെ സമ്മതം കൂടാതെ ചെയ്യുവാനുള്ള അധികാരം അന്വേഷണ ഏജന്‍സികളുടെ കയ്യില്‍ നിന്നും എടുത്തു കളയുക വഴി വിദഗ്ധരായ കുറ്റവാളികള്‍ക്ക് രക്ഷപ്പെടുവാനുള്ള ഒരു വലിയ പഴുതു തുറന്നു കൊടുക്കുക തന്നെ ചെയ്തു. ഇനി കുറ്റം തെളിയിക്കാന്‍ നടത്തുന്ന ദേഹോപദ്രവം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ കാര്യങ്ങളും മനുഷ്യാവകാശത്തിന്റെ പേരില്‍ കുറ്റവാളികളുടെ സമ്മതത്തോടു കൂടി മാത്രമേ നടത്തുവാന്‍ പറ്റൂ എന്നു കൂടി ആയാല്‍ മുഴുവനുമായി. ചുരുക്കിപ്പറഞ്ഞാല്‍ വേണമെങ്കില്‍ കുറ്റവാളി സ്വമേധയാ കുറ്റമേറ്റു പറഞ്ഞ് കുമ്പസാരിക്കുകയും ഒളിപ്പിച്ചു വച്ച തെളിവുകള്‍ സംശയ ലേശമെന്യേ ഹാജരാക്കുകയും ചെയ്താല്‍ പോലീസ്സിന് കേസ്സു തെളിയിക്കാം.


രണ്ടാമത്തേത് വമ്പന്‍ രാഷ്ട്രീയ നേതാക്കളകപ്പെട്ട ലാവ്‌ലിന്‍ അഴിമതിക്കേസ്. ഇതില്‍ ആരോപണ വിധേയനായ നേതാവിനു വേണ്ടി കേസിലെ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ നേരത്തെയാ‍ക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന ബാലകൃഷ്ണന്‍ ഇട പെട്ടു എന്ന ആരോപണവും വന്നു കഴിഞ്ഞു.


സുപ്രധാനമായ ഈ മൂന്നു കേസ്സുകളിലും ചീഫ് ജസ്റ്റിസ്സായിരുന്ന ബാലകൃഷ്ണന്റെ കൈകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന നിരവധി ആരോപണങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. ബാലകൃഷ്ണനെ മുക്തകണ്ഠം പ്രശംസിച്ചിരുന്ന മാര്‍ക്സിസ്റ്റ് സഹയാത്രികനായ മുന്‍ ജസ്റ്റീസ് കൃഷ്ണയ്യര്‍ ബാലകൃഷ്ണനെ കൈവിടുക മാത്രമല്ല, വളരെയധികം ഗൌരവമര്‍ഹിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരിക്കുന്നു

അഭയക്കേസ്സും, ലാവ്‌ലിന്‍ കേസ്സും, ഇപ്പോള്‍ വന്ന 2G സ്പെക്ട്രവും എന്നെങ്കിലും നിഷ്പക്ഷമായി തെളിയിക്കപ്പെടുമോ എന്ന കാര്യം നമുക്കു തല്‍ക്കാലം മാറ്റി നിര്‍ത്താം. സമൂഹത്തിന്റെ താഴേക്കിടയില്‍ കിടക്കുന്ന, വര്‍ഷങ്ങള്‍ നീണ്ട സംവരണമുണ്ടായിട്ടും മറ്റു ജാതിക്കാരുമായി തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ ഇന്നും കരുത്തു നേടിയിട്ടില്ലാത്ത പട്ടികജാതിയില്‍ നിന്നും ശ്ലാഘനീയമായ രീതിയില്‍ കഴിവുകളാര്‍ജ്ജിച്ച് ഇന്ത്യന്‍ നീതിപീഠത്തിന്റെ പരമോന്നത പദവിയിലെത്തിയ ശ്രീ ബാലകൃഷ്ണനെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ? അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിഛായ കളങ്കപ്പെടുത്തുക വഴി അതോടൊപ്പം സമൂഹത്തിന്റെ മുന്‍ നിരകളില്‍ നിന്നും നിരന്തരം മാറ്റി നിര്‍ത്തപ്പെട്ട ഒരു ജനതയുടെ അത്മാഭിമാനത്തെ ഇല്ലാതാക്കുവാനുള്ള ആസൂത്രിതമായ ഒരു സംഘടിത നീക്കമായിരിക്കുമോ ഇതിനെല്ലാം പിന്നില്‍?

സംഗതികള്‍ എന്തൊക്കെത്തന്നെയായിരുന്നാലും ഇത്തരം സംശയങ്ങള്‍ക്ക് ഉടനെയൊന്നും ഉത്തരം കിട്ടാനുള്ള സാധ്യത തെളിഞ്ഞു കാണുന്നില്ല.