2010, നവംബർ 10, ബുധനാഴ്‌ച

മണ്ടനായ കരോട്പതി

സോണി ടെലിവിഷന്‍ ചാനലില്‍ ഇന്നലെ (നവംബര്‍ 9, 2010) “കോന്‍ ബനേഗാ കരോട്പതി“ കണ്ടവരാരും പ്രശാന്ത് ബാടാര്‍ എന്ന ചെറുപ്പക്കാരനെ പെട്ടെന്ന് മറക്കാനിടയില്ല.

 
താനൊരു മണ്ടനാണെന്ന് കൂട്ടുകാര്‍ കളിയാക്കാറുണ്ടെന്നും, സമ്മാനത്തുകയായ ഒരു കോടി ലഭിച്ചാല്‍ ബോളിവുഡ് താരം ദീപിക പഡ്കോണുമായി അന്റാര്‍ട്ടിക്കയിലേക്ക് യാത്ര പോവുകയാണ് അഭിലാഷമെന്നും തുടക്കത്തിലേ തന്നെ തുറന്നു പറഞ്ഞപ്പോള്‍ പ്രശാന്തില്‍ മറ്റാരിലും സാധാരണ കണ്ടു വരാത്ത  ഒരു നിഷ്കളങ്കത ദൃശ്യമായിരുന്നു.


കളിയിലെ സമ്മാനത്തുകയായ ഒരു കോടി രൂപ, അനായാസം നേടിയെടുക്കുമ്പോള്‍, പ്രശാന്തിന്റെ കൈയില്‍ ഒരു ലൈഫ് ലൈന്‍ കൂടി ബാക്കിയുണ്ടായിരുന്നു. ജാക്പോട്ട് സമ്മാനമായ അഞ്ചു കോടിക്കു വേണ്ടി വേണമെങ്കില്‍ അയാള്‍ക്കു കളിക്കാം, അവസാനത്തെ ചോദ്യവും, ഉത്തരങ്ങളുടെ ലിസ്റ്റും പരിശോധിച്ചതിനു ശേഷം ശരിയുത്തരം അറിയില്ലെങ്കില്‍ ഇതു വരെ നേടിയ ഒരു കോടി രൂപയുമായി കളിയില്‍ നിന്നും പുറത്തു വരാം. 


 ഇത്ര വരെ കളിച്ചെത്തുമ്പോള്‍ പ്രശാന്തില്‍ തികഞ്ഞ ആത്മവിശ്വാസവും, ഉത്തരങ്ങള്‍ കണ്ടെത്തുന്നതില്‍ അസാമാന്യമായ യുക്തിബോധവും വ്യക്തമായിരുന്നു. ഒരിടത്ത് ലൈഫ് ലൈന്‍ വഴി കിട്ടിയ ഉത്തരം തെറ്റാണെന്നു മനസ്സിലായപ്പോള്‍ ശരിയായ ഉത്തരം സ്വയം നല്‍കുകയും, ഉറപ്പില്ലാത്ത മറ്റൊരുത്തരത്തിനായി ലൈഫ് ലൈനിന്റെ സഹായം ഉപയോഗിക്കുകയും ചെയ്തു. കൂട്ടുകാര്‍ മണ്ടനെന്നു പറഞ്ഞു കളിയാക്കുന്ന ഒരാള്‍ തന്നെയാണോ ഇതെന്ന് കാണികള്‍ അയാളുടെ ഓരോ ഉത്തരത്തിലും ഓര്‍ത്തു കാണും. 


ശരിയുത്തരം ഏതെന്ന് നിശ്ചയമില്ലെങ്കില്‍ ജാക്പോട്ട് കളിക്കരുതെന്നായിരുന്നു പ്രശാന്തിന്റെ അച്ഛനും, കളിയിലെ ലൈഫ് ലൈന്‍ സഹായിയും, സാക്ഷാല്‍ അമിതാഭ് ബച്ചന്‍ പോലും ഉപദേശിച്ചത്. പക്ഷേ സ്വതസിദ്ധമായ നിഷ്കളങ്കതയോടെ പ്രശാന്ത് പറഞ്ഞു - “മനസ്സില്‍ രണ്ടഭിപ്രായം വരുമ്പോഴെല്ലാം ഞാന്‍ ഗണപതി ഭഗവാനെ ധ്യാനിക്കുകയാണ് പതിവ്. എനിക്ക് ധ്യാനിക്കുവാന്‍ ഒരു മിനിറ്റു തരണം". “ഒന്നല്ല, അഞ്ചു മിനിറ്റെടുത്തോളൂ, പക്ഷേ നല്ലവണ്ണം ചിന്തിച്ചതിനു ശേഷം മാത്രം തീരുമാനമെടുക്കുക” - സൂപ്പര്‍സ്റ്റാര്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. 


ഒരു മിനിറ്റിന്റെ ധ്യാനത്തിനു ശേഷം പ്രശാന്ത് പറഞ്ഞ മറുപടി പലരേയും അമ്പരപ്പിക്കുന്നതായിരുന്നിരിക്കണം. “ഗണപതി ഭഗവാന്‍ എന്നോടു പറയുന്നത് കളിക്കുവാനാണ്. ഞാന്‍ കളി തുടരാന്‍ തന്നെ തീരുമാനിച്ചു“. പിന്നീടങ്ങോട്ട് കടന്നു പോയ ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കൊടുവില്‍ കണ്ടത് തെറ്റായ ഉത്തരം തിരഞ്ഞെടുത്തതിനാല്‍ ജാക്പോട്ട് നഷ്ടപ്പെട്ട്, കിട്ടിയ ഒരു കോടിയില്‍ നിന്നും കേവലം 3,20,000/- രൂപയിലേക്കു  ദയനീയമായി മൂക്കും കുത്തി വീഴുന്ന പ്രശാന്തിനെയായിരുന്നു. നിരാശയോടെയായിരുന്നു കാഴ്ചക്കാരൊന്നടങ്കം പ്രശാന്തിന്റെ ജാക്പോട്ട് മോഹം പൊലിയുന്നത് ടി.വി. സ്ക്രീനില്‍ വീക്ഷിച്ചത്. മണ്ടന്‍ എന്ന വാക്ക് അറിയാതെ തന്നെ ഏതൊരുവന്റേയും നാവില്‍ വന്നു  പോകുന്ന നിമിഷമായിരുന്നു അത്.

ഇവിടെ കാണാതെ പോകുന്ന ഒരു കാര്യമുണ്ട്. ജാക്പോട്ട് വിജയിച്ചിരുന്നെങ്കില്‍ എല്ലാ വിഘ്നങ്ങളേയും അകറ്റാന്‍ പ്രാപ്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഗണപതിക്കു കൂടി അതിന്റെ ക്രെഡിറ്റു കിട്ടുമായിരുന്നു. ഗണപതിയുടെ ആജ്ഞ പ്രകാരമായിരുന്നല്ലോ എല്ലാ ഉപദേശകരേയും മറി കടന്ന് മുന്നോട്ട് പോകുവാനുള്ള അന്തിമ തീരുമാനം പ്രശാന്തെടുത്തത്. പക്ഷേ കളി തോറ്റപ്പോള്‍ ഗണപതിയെ തന്ത്രപൂര്‍വ്വം ഒഴിവാക്കി എല്ലാവരും പഴി ചാരിയത് കളിക്കാരന്റെ  അതിമോഹത്തെയായിരുന്നു.


ഏതായാലും ഇങ്ങനെയൊരാളുടെ കൂടെ അന്റാര്‍ട്ടിക്കയിലേക്കു പോകേണ്ടി വന്നില്ല എന്ന കാര്യത്തില്‍ ദീപികയ്ക്കു സമാധാനിക്കാം. സത്യത്തില്‍ പ്രശാന്തിനെ ഇത്ര മാത്രം ആത്മഹത്യാപരമായ ഒരു തീരുമാനത്തിലെത്തുവാന്‍ സ്വാധീനിച്ചത് എന്തായിരുന്നു? വെറും മണ്ടത്തരമോ, അതിമോഹമോ അതോ തന്റെ ഇഷ്ടദൈവം തന്നെ ഒരിക്കലും കൈവിടുകയില്ല എന്ന മൂഢ വിശ്വാസമോ?ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്