2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

സത്യത്തില്‍ എന്താണയോദ്ധ്യ?അയോദ്ധ്യാ തര്‍ക്കത്തില്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെച്ചൊല്ലിയുള്ള
വാദങ്ങളും പ്രതിവാദങ്ങളും അടുത്തെങ്ങും കെട്ടടങ്ങാനുള്ള സാധ്യത കാണുന്നില്ല. വിധി നീതി
പുര്‍വ്വകമാണെന്നും അല്ലെന്നും രണ്ടു പക്ഷമുണ്ടെങ്കിലും  ഈ വിധി ഉയര്‍ത്താന്‍ പോകുന്ന പ്രശ്നങ്ങള്‍ ഇന്ത്യയുടെ ദുര്‍വിധിയാകുവാന്‍ പോകുന്ന കാലം വിദൂരമല്ല. 

ഇത്രമാത്രം കോലാഹലങ്ങളുണ്ടാക്കി, ഇത്രയധികം ധനവും, സമയവും, അധികാരവും ദുര്‍വ്യയം ചെയ്ത്, ഇത്രമാത്രം മനുഷ്യജീവനുകളെ ബലിയര്‍പ്പിച്ച്, സമാധാനത്തോടെ ജീവിക്കേണ്ട ജനങ്ങളില്‍ പര്‍സ്പര സ്പര്‍ദ്ധ വളര്‍ത്തി, പരസ്പരം പൊരുതുവാന്‍ പടക്കളത്തിലേക്കിറക്കി
വിട്ട്,  നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ഈ തര്‍ക്കം എന്തിന്റെ പേരിലാണ്.

ഒരു ദൈവത്തിന്റെ സ്ഥലം മറ്റൊരു ദൈവത്തിന്റെ ആള്‍ക്കാര്‍ ബലം പ്രയോഗിച്ച് പിടിച്ചെടുത്തെന്നും പിടിച്ചെടുത്ത ദൈവത്തിന്റെ ആള്‍ക്കാര്‍ അവരുടെ ദൈവത്തിന്റെ ആരാധനാലയം പിടിച്ചെടുക്കപ്പെട്ട ദൈവത്തിന്റെ ആരാധാനാലയത്തിനു മീതെ പണിതുയര്‍ത്തി കൈവശം വച്ചിരിക്കുന്നു എന്നും അങ്ങിനെ പിടിച്ചെടുത്തവര്‍ അതു തിരിച്ചു തരണമെന്നും ഒരു കൂട്ടര്‍. അതു നടക്കില്ലെന്ന് മറ്റേ കൂട്ടര്‍. നാടന്‍ ഭാഷയില്‍ വെറും ഒരു വസ്തു തര്‍ക്കം.

സത്യത്തില്‍ ഏതു ദൈവമാണ് തന്നെ ഒരു ആരാധാനാലയത്തിനകത്ത് മറച്ചിരുത്തി പൂജിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത് എന്നു ചോദിച്ചാല്‍ കുഴങ്ങും. ദൈവമെന്തെന്നും, ദൈവത്തിന്റെ മഹത്വമെന്തെന്നും സത്യത്തില്‍ മനസ്സിലാക്കാത്തവരാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നു മാത്രമേ ഇതിനുത്തരം പറയാനാവൂ.

ഈ ബ്രഹ്മാണ്ഡത്തിന്റെ ഉല്‍പ്പത്തിയോ, ഉദ്ദേശമോ, പരിധിയോ, നിലനില്‍പ്പോ മനസ്സില്‍ പോലും നിറച്ചെടുക്കാന്‍ കഴിവില്ലാത്ത കേവലം ഒരണു മാത്രമായ മനുഷ്യന്, ഇതിന്റെയെല്ലാം കാരകനും, സംരക്ഷകനുമാണെന്ന് അവന്‍ വിശ്വസിക്കുന്ന ദൈവത്തിന് ഭൂമിയിലെ ഒരു പ്രത്യേക സ്ഥലത്ത് ഒരു ഇരിപ്പിടത്തിന്റെ ആവശ്യമുണ്ടെന്നും, അതു നഷ്ടപ്പെട്ടെങ്കില്‍ തിരിച്ചു പിടിച്ച് സരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും വിശ്വസിച്ച് യുദ്ധം ചെയ്യാന്‍ ഇറങ്ങി പുറപ്പെടുന്നതില്‍പ്പരം ഈശ്വര നിന്ദ മറ്റെന്താണുള്ളത്.  ഒരു ദൈവത്തിന്റെ പേരിലുള്ള ആരാധനാലയം തകര്‍ത്ത് അതിനു മീതെ മറ്റൊരു ദൈവത്തിന്റെ ആരാധനാലയം തീര്‍ത്തവരും ചെയ്യുന്നത് സാക്ഷാല്‍ ദൈവ നിന്ദ തന്നെ.

ഈ പിടിച്ചെടുക്കലും തിരിച്ചെടുക്കലും ഇവിടം കൊണ്ടു തീരുമെന്നു കരുതുന്നുണ്ടെങ്കില്‍ നമ്മള്‍ വിഡ്ഡികള്‍. ഇതില്‍ നിന്നും രാഷ്ട്രീയ ലാഭം കൊയ്യാനിറങ്ങിത്തിരിച്ചവരുടെ കൈയില്‍ ഇനിയുമുണ്ട് തിരിച്ചു പിടിക്കേണ്ടതായ ദൈവസ്ഥാനങ്ങളുടെ ലിസ്റ്റുകള്‍.   ചുരുക്കത്തില്‍ മനുഷ്യനെ സമാധാനത്തോടെ ജീവിക്കുവാന്‍ ഈ ഈശ്വര സംരക്ഷകര്‍ സമ്മതിക്കാന്‍ പോകുന്നില്ല എന്നര്‍ത്ഥം. മനുഷ്യന്‍ തീര്‍ത്ത മതങ്ങളും, അവര്‍ തീര്‍ത്ത ദൈവങ്ങളും കൂടി ഏതെല്ലാം വിധത്തില്‍ മനുഷ്യജീവിതത്തെത്തന്നെ ദുര്‍ഘടമാക്കുന്നു എന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം മാത്രമാണ് എന്നതല്ലേ സത്യത്തില്‍ അയോദ്ധ്യ?
ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്